കുരിശുയുദ്ധങ്ങള്‍

അഞ്ചാം കുരിശുയുദ്ധം(1216-1221)

കുരിശുയുദ്ധങ്ങള്‍ കടുത്ത സാമ്പത്തിക ബാധ്യതയാണ് യൂറോപ്യന്‍രാജ്യങ്ങള്‍ക്ക് ഉണ്ടാക്കിത്തീര്‍ത്തത്. നാലാംകുരിശുയുദ്ധത്തിന്റെ അവമതിയില്‍നിന്ന് രക്ഷപ്പെടാന്‍ പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ മറ്റൊരു കുരിശുയുദ്ധത്തിന് മുറവിളികൂട്ടി. അഞ്ഞൂറ് സഭാമേധാവികളുള്‍പ്പെടെ വിവിധരാജാക്കന്‍മാരും പ്രഭുക്കന്‍മാരുമുള്‍പ്പെടുന്ന ക്രൈസ്തസഭ വിളിച്ചുകൂട്ടി പോപ്പ് ഫലസ്തീന്‍ ക്രൈസ്തവരനുഭവിക്കുന്ന ‘പീഡന’ങ്ങളെക്കുറിച്ച് വാചാലനായി. എന്നാല്‍ ഇംഗ്ലണ്ടിലെ റിച്ചാര്‍ഡ് രാജാവ് പോപ്പിന്റെ ആഹ്വാനത്തിന് പരിഹാസപൂര്‍വമാണ് പ്രതികരിച്ചത്.

ബൈത്തുല്‍മഖ്ദിസ് മോചിപ്പിക്കുക, ഈജിപ്തിനെ കീഴടക്കുക എന്നിവയായിരുന്നു അഞ്ചാംകുരിശുയുദ്ധത്തിന്റെയും ലക്ഷ്യം. കുരിശുപട അക്കായിലേക്ക് തിരിച്ചു. അന്ന് അയ്യൂബി ഈജിപ്ത് ഭരണാധികാരി ആദില്‍ അയ്യൂബ് ആയിരുന്നു. അക്കായില്‍ കുരിശുപട കൊലയും കൊള്ളിവെയ്പും നടത്തിയശേഷം ആദില്‍രാജാവിന്റെ തൂര്‍ കോട്ടയെ ലക്ഷ്യമിട്ട് മുന്നോട്ടുനീങ്ങി. 17 ദിവസം അവര്‍ ഉപരോധിച്ചുനോക്കിയെങ്കിലും കോട്ട കീഴടക്കാനായില്ല. അതിനിടെ ലക്ഷ്യം വൈകുന്നതുകണ്ട് ഹംഗറിരാജാവ് സ്വദേശത്തേക്ക് തിരിച്ചു. തൂര്‍കോട്ട ഉപരോധത്തിനിടെ സൈപ്രസ് രാജാവ് മരണമടഞ്ഞു. ഫ്രാന്‍സില്‍നിന്നും ഇറ്റലിയില്‍നിന്നും കൂടുതല്‍ സൈന്യം അക്കായിലെത്തി. കുരിശുസൈന്യം ദ്വിംയാത്വില്‍ തമ്പടിച്ച് അവിടത്തെ കോട്ട ഉപരോധിച്ചു. ഭക്ഷണംകിട്ടാതെ ദിംയാത് നിവാസികള്‍ അവശരായി. അങ്ങനെ 1219ല്‍ ദിംയാത്വ് കുരിശുപോരാളികള്‍ക്ക് കീഴടങ്ങി. അവര്‍ തദ്ദേശീയരെ കൂട്ടക്കൊല നടത്തി. കൈറോ ആക്രമിക്കാന്‍ മുന്നോട്ടുനീങ്ങിയ കുരിശുപോരാളികള്‍ക്കുമുമ്പാകെ അധികാരമേറ്റെടുത്ത കാമില്‍ രാജാവ് ബൈതുല്‍മഖ്ദിസ് വിട്ടുതരാമെന്ന ഓഫര്‍ നല്‍കി. എന്നാല്‍ അവര്‍ കര്‍ക് കോട്ടയും 3 ലക്ഷം ദീനാറും നഷ്ടപരിഹാരം ആവശ്യപ്പെട്ടു. കൈറോ കീഴടക്കാനുറച്ച് അവിടെ നിലയുറപ്പിച്ച അവരെ നൈല്‍നദിയിലെ വെള്ളപ്പൊക്കം ആട്ടിപ്പായിച്ചു.യാതൊരു നഷ്ടപരിഹാരവുംകൊടുക്കാതെതന്നെ കുരിശുസൈന്യം വിടവാങ്ങി. 1221 ല്‍ മുസ്‌ലിംസേന ദിംയാത്വില്‍ പ്രവേശിച്ചു. കാമില്‍രാജാവ് നല്‍കിയ ഓഫര്‍ നിരസിച്ചതും ഈജിപ്തിലേക്കുള്ള സൈനികനീക്കത്തിന് തെരഞ്ഞെടുത്ത പാത ദുര്‍ഘടമായിരുന്നുവെന്നതുമാണ് ഈ കുരിശുമുന്നേറ്റം പരാജയപ്പെടാനുണ്ടായ കാരണം.

Topics