കുരിശുയുദ്ധങ്ങള്‍

നാലാം കുരിശുയുദ്ധം(1200-1204)

സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജൈത്രയാത്ര അവസാനിപ്പിക്കാനും ഈജിപ്ത് തിരിച്ചുപിടിച്ച് ഖുദ്‌സിലേക്ക് മുന്നേറാനും കുരിശുയുദ്ധക്കാര്‍ വീണ്ടും കോപ്പുകൂട്ടി. ഈജിപ്ത് മുസ്‌ലിംകളുടെ കയ്യിലിരിക്കുന്നിടത്തോളം കാലം ക്രൈസ്തവലോകത്തിന്റെ അവസ്ഥ അധോഗതിയായിരിക്കുമെന്ന് പോപ്പ് നേതൃത്വം കൊടുത്ത യൂറോപ് തെറ്റുധരിച്ചു.1198-ല്‍ അന്നത്തെ പോപ്പായ ഇന്നസെന്റ് മൂന്നാമന്‍ ഈജിപ്ത് ലക്ഷ്യമാക്കി പുതിയ കുരിശുയുദ്ധത്തിന് ആഹ്വാനംചെയ്തു. എന്നാല്‍ പടയോട്ടം നടത്തി മുന്നേറിയ പോരാളികള്‍ക്കിടയില്‍ അനൈക്യം മൂര്‍ഛിച്ചതോടെ ലക്ഷ്യംമറന്ന് ഈജിപ്തിനെ ആക്രമിക്കാതെ, കോണ്‍സ്റ്റാന്റിനോപ്ള്‍ കിരീടാവകാശിയായ അലക്‌സിസ് ജൂനിയറിന്റെ അഭ്യര്‍ഥനമാനിച്ച് അയാള്‍ക്കുവേണ്ടി യുദ്ധംചെയ്യാനുള്ള ശ്രമങ്ങളില്‍ അവര്‍ വ്യാപൃതരായി. ഇതറിഞ്ഞ പോപ്പ് അവരെയെല്ലാം മതഭ്രഷ്ടരാക്കി. അലക്‌സിസ് ജൂനിയറിന് അധികാരം തിരിച്ചുകിട്ടിയെങ്കിലും അതുമുന്‍നിര്‍ത്തിയുള്ള വാഗ്ദാനങ്ങളും പ്രതിഫലങ്ങളും പൂര്‍ത്തീകരിക്കപ്പെടാതിരുന്നതിനാല്‍ കുരിശുപോരാളികള്‍ കോണ്‍സ്റ്റാന്റിനോപ്ള്‍ ഉപരോധിച്ചു. കീഴടങ്ങിയ ആ നാടിനെ പോരാളികള്‍ കൊള്ളയടിച്ചു. ശേഷം ബോദിന്‍ 9-ാമനെ ബോദിന്‍ ഒന്നാമനായി വാഴിച്ചു.

മതപ്രേരിതമായല്ല കുരിശുപോരാളികള്‍ യുദ്ധത്തിനിറങ്ങിയതെന്ന് തെളിയിക്കുന്ന സംഭവങ്ങളായിരുന്നു ഇതെല്ലാം. ഗ്രീക്കുകാര്‍ മൈക്കലിന്റെ നേതൃത്വത്തില്‍ തങ്ങളുടെ തലസ്ഥാനം പിടിച്ചെടുക്കുന്നതുവരെ ആ നാട് ലാറ്റിന്‍ – ഫ്രഞ്ച് അധീനതയില്‍തന്നെയായിരുന്നു.

Topics