ചോ: ദൈവികവിധിയും മനുഷ്യന്റെ കഠിനാധ്വാനവും എത്രമാത്രം ജീവിതത്തില്‍ നിര്‍ണായകമാണ് എന്ന സംശയമാണ് എനിക്കുള്ളത്. ആളുകള്‍ പറയുന്നു നിങ്ങള്‍ക്കുള്ള ജീവിതവിഭവങ്ങള്‍ മുമ്പേ തീരുമാനിക്കപ്പെട്ടിരിക്കുന്നുവെന്ന്. അങ്ങനെയെങ്കില്‍ ഒരാള്‍ അത്യധ്വാനംചെയ്യുന്നു അയാള്‍ക്ക് അതിന് തത്തുല്യമായത് കിട്ടുന്നില്ല, വെറുതെയിരിക്കുന്ന മറ്റൊരാള്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും ലഭിക്കുന്നു. രണ്ടാമതുപറഞ്ഞയാള്‍ക്ക് വിധിയനുസരിച്ച് എല്ലാം കിട്ടിയെന്ന് വരുന്നത് അനീതിയല്ലേ. അധ്വാനിച്ചവന് കിട്ടുകയില്ലെന്നത് അധ്വാനത്തിന്റെ മൂല്യം നഷ്ടപ്പെടുത്തലല്ലേ ?
ഉത്തരം: ജീവിതത്തില്‍ സംഭവിക്കുന്ന ഗുണ-ദോഷഫലങ്ങളെല്ലാം അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്ന വിശ്വാസം ഈമാന്‍കാര്യങ്ങളില്‍ പെട്ടതാണ്. ഖദ്‌റിലുള്ള വിശ്വാസം എന്ന് അതിനെ വ്യവഹരിക്കാം. വിധിവിശ്വാസം എന്നും തര്‍ക്കവിഷയമായിരുന്നുവെന്നത് നാം മറക്കരുത്. എല്ലാ കാര്യങ്ങളുടെയും ആത്യന്തികനിയന്ത്രണം അല്ലാഹുവിങ്കലാണ്. അവന്റെ അറിവോ സമ്മതമോ കൂടാതെ യാതൊന്നും സംഭവിക്കുന്നില്ല. എന്നിരിക്കിലും ഒരു പരിധിയോളം നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാകും. അതുകൊണ്ടാണ് ഭൂമിയില്‍ കുറ്റകൃത്യങ്ങള്‍ നടമാടുന്നത്. അത്തരംചെയ്തികള്‍ ആഗ്രഹിക്കുന്ന ആളുകളുണ്ട്. അല്ലാഹു അതനുവദിക്കുകയുംചെയ്യുന്നു.
‘ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറ്റവും എളുപ്പമുള്ള കാര്യമാണല്ലോ'(അല്‍ഹദീദ് 22).
പരലോകത്ത് സ്വര്‍ഗമാണോ അതോ നരകമാണോ നാം ലക്ഷ്യമിടുന്നത് ? അതാകട്ടെ, അല്ലാഹുവില്‍നിന്നുള്ള ഹിദായത്തിനെ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുമ്പോഴാണ് ലഭിക്കുക. രണ്ടിലൊരു മാര്‍ഗം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് നാമാണ്. സന്‍മാര്‍ഗത്തില്‍ മുന്നേറണമെന്ന് നാമാഗ്രഹിക്കുമ്പോള്‍ മാത്രമാണ് അല്ലാഹു നമുക്ക് ഹിദായത്ത് നല്‍കുന്നത്.
വിഭവങ്ങളും നമ്മുടെ പരിശ്രമങ്ങളും
നമുക്ക് വിധിച്ചിട്ടുള്ള വിഭവങ്ങളും അതിനായുള്ള അത്യധ്വാനവും തമ്മിലുള്ള ബന്ധമാണ് നാം വിശകലനം ചെയ്യുന്നത്. വാസ്തവത്തില്‍ സൃഷ്ടികള്‍ക്കെല്ലാം വിഭവങ്ങള്‍ നല്‍കുന്നത് അല്ലാഹു മാത്രമാണ്.’ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആഹാരം അല്ലാഹുവിന്റെ ചുമതലയിലാണ്. അവ എവിടെക്കഴിയുന്നുവെന്നും അവസാനം എവിടേക്കാണെത്തിച്ചേരുന്നതെന്നും അവനറിയുന്നു. എല്ലാം സുവ്യക്തമായ ഒരു ഗ്രന്ഥത്തിലുണ്ട്.’
ചില സൃഷ്ടികള്‍ക്ക് യാതൊരു പ്രയാസവുമില്ലാതെ അധ്വാനിക്കുന്നവരേക്കാള്‍ കൃത്യമായി ജീവിതവിഭവങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം നിഷേധിക്കാനാവില്ല. അതായത്, അവര്‍ക്ക് നല്ലആരോഗ്യം, വീട്, ഭക്ഷണം, സംതൃപ്തകുടുംബം എന്നിവയുണ്ടായിരിക്കും. എന്നാല്‍ കഠിനാധ്വാനം നടത്തുന്ന മറ്റൊരാള്‍ക്ക് അന്നന്നത്തെ പശിയടക്കാനുള്ള വിഭവങ്ങള്‍ കഷ്ടിച്ചാണ് ലഭിക്കുക. അയാളെ ഏകാന്തതയും വിശപ്പും, രോഗങ്ങളും , ദാരിദ്ര്യാവസ്ഥയും സദാ പിടികൂടുന്നു. അയാള്‍ അവയില്‍പെട്ട് വലയുന്നു. അങ്ങനെ നോക്കുമ്പോള്‍ സൗഭാഗ്യവാന്‍മാരും ദൗര്‍ഭാഗ്യവാന്‍മരാരും ഉണ്ടെന്ന് വരുന്നു. ഈ അസമത്വം ഉപരിതലത്തില്‍ നോക്കുമ്പോള്‍ കടുത്ത അനീതിയായി നമുക്ക് അനുഭവപ്പെടാം. അതെന്തുതന്നെയായാലും അല്ലാഹുവാണ് ഈ വ്യത്യാസം പ്രകൃതിയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. അത് നമുക്കൊന്നും ഗ്രഹിക്കാനാകാത്ത അവന്റെ യുക്തിയുടെയും ആസൂത്രണത്തിന്റെയും ഭാഗമാണ്.
നാം പ്രയോജനപ്പെടുത്തുന്ന അതിലെ ഒരു യുക്തി സൂചിപ്പിക്കാം: സൗഭാഗ്യവാന്‍മാരായ ആളുകള്‍ക്ക് ദുര്‍ബലരായ ആളുകളെ സഹായിക്കാനും അതിലൂടെ പരലോകത്ത് അളവറ്റ പ്രതിഫലം നേടാനും അവസരം ലഭിക്കുന്നു. വിഭവങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടായിരുന്നില്ലെങ്കില്‍ ആരും സഹായിക്കപ്പെടുന്ന അവസ്ഥയുണ്ടാകുകയില്ല. എങ്ങും ജീവകാരുണ്യപ്രവൃത്തികളോ ദാനധര്‍മങ്ങളോ ഉണ്ടാകുകയില്ല.
കൃഷിനിയമം
കഠിനാധ്വാനത്തെക്കുറിച്ച് നിങ്ങള്‍ പറഞ്ഞല്ലോ. പ്രകൃതിയില്‍ കൃഷിനിയമം എന്നൊന്നുണ്ട്. ‘താന്‍പാതി ദൈവം പാതി’ എന്ന ചൊല്ലും കേട്ടിട്ടുണ്ടാകും. പ്രകൃതിയില്‍ കാര്യകാരണ നിയമത്തെ അടിസ്ഥാനമാക്കി ഒട്ടേറെ പ്രതിഭാസങ്ങളുണ്ട്. അല്ലാഹു ഭൂഗുരുത്വാകര്‍ഷണബലത്തെ സംവിധാനിച്ചു. ആ ബലത്തിന് എല്ലാ ജീവജാലങ്ങളും വിധേയരാണ്. അതുപോലെ കൃഷിനിയമത്തിന്റെ പ്രതിഫലവും പ്രതിഫലനവും പ്രകൃതിനിയമമാണ്. ആ കൃഷിനിയമമനുസരിച്ച് കര്‍ഷകന്‍ കഠിനാധ്വാനം ചെയ്‌തേ മതിയാവൂ. ഒരു നിശ്ചിതകാലത്തേക്ക് കൃത്യനിഷ്ഠയും ക്ഷമയും അവന്‍ മുറുകെപ്പിടിച്ചാല്‍ മാത്രമേ തന്റെ അധ്വാനത്തിന്റെ സദ്ഫലം അവന് അനുഭവിക്കാനാകൂ(ദൈവാനുഗ്രഹമുണ്ടെങ്കില്‍).
കാര്‍ഷികവൃത്തിയില്‍ കുറുക്കുവഴികളില്ല. പാടവും കൃഷിയിടങ്ങളും ഉഴുതുമറിച്ച് തയ്യാറാക്കിയാല്‍ മാത്രമേ നാം വിതച്ചിട്ടുള്ള വിത്തുകളും പാകിയിട്ടുള്ള തൈക്കളും ഒരു നിശ്ചിതകാലം കൊണ്ട് മുളപൊട്ടി വിളനല്‍കുകയുള്ളൂ. അല്ലാഹു നിശ്ചയിച്ച നടപടിക്രമമോ സമയമോ അപ്രസക്തമാക്കുമാറ് ഒരു യന്ത്രമോ,സാങ്കേതികവിദ്യയോ, ബലമോ , അധികാരശക്തിയോ ഇന്നും ഭക്ഷ്യോത്പാദനമേഖലയില്‍ ഉണ്ടായിട്ടില്ല. സമാനരീതിയില്‍ പ്രകൃതിനിയമം മനുഷ്യരുടെ സത്യസന്ധമായ അധ്വാനപരിശ്രമങ്ങളിലും ബാധകമാകുന്നു്.
സദ്കാര്യങ്ങള്‍ക്കുവേണ്ടിയുള്ള അധ്വാനപരിശ്രമങ്ങള്‍ എപ്പോഴും പ്രത്യക്ഷവും പരോക്ഷവുമായ നന്‍മയാണ് പകര്‍ന്നുനല്‍കുക. ഖുര്‍ആന്‍ പറയുന്നു: ‘മനുഷ്യന് താന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല. തന്റെ കര്‍മഫലം താമസിയാതെ അവനെ കാണിക്കും'(അന്നജ്മ് 39,40)
അല്ലാഹുവിന്റെ നീതി
ഒരു കാര്യത്തിനുവേണ്ടി കഠിനാധ്വാനംചെയ്യുന്ന ഏതൊരു മനുഷ്യന്റെയും -അവന്‍ വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ-ഏറ്റവും ചെറിയ ആത്മാര്‍ഥപരിശ്രമത്തെപ്പോലും അല്ലാഹു പാഴാക്കുകയില്ല. നന്‍മചെയ്യുന്ന ഒരു മനുഷ്യന്റെ ആത്മാര്‍ഥശ്രമത്തിന് പകരം നല്ലൊരു നന്‍മയിലൂടെ അവന്‍ പ്രതിഫലം നല്‍കുന്നു. പരലോകത്തില്‍ വിശ്വസിക്കാത്ത ആളാണെങ്കിലും ശരി അവന്റെ എല്ലാ നന്‍മകള്‍ക്കും ഈ ലോകത്തുതന്നെ പ്രതിഫലം നല്‍കുന്നു.
കാര്യമായ അധ്വാനമില്ലാത്തയാള്‍ക്ക് കഠിനാധ്വാനംനടത്തുന്നയാളെക്കാള്‍ ജീവിതവിഭവങ്ങളും സൗകര്യങ്ങളും കിട്ടുന്നുവെന്നത് പക്ഷേ, സര്‍വസാധാരണമല്ല. കാര്യമായ അധ്വാനമില്ലാതെ സൗഭാഗ്യങ്ങള്‍ ആസ്വദിക്കുന്നുവെന്ന് പറയുന്ന ആള്‍ (പൈതൃകസ്വത്തോ , ലോട്ടറിയോ നേടിയ ആളായിരിക്കാം)പക്ഷേ കഠിനാധ്വാനം നടത്തുന്ന ആള്‍ക്ക് ലഭിക്കുന്ന പരോക്ഷനന്‍മകളുടെ(മനസ്സമാധാനം, ജനപ്രിയത, ആദരവ്, ബഹുമാനം, അന്തസ്സ്, സന്തോഷം) നൂറിലൊന്നുപോലും നേടുകയില്ല.
വിധിവിശ്വാസത്തെ സംബന്ധിച്ച് പ്രവാചകതിരുമേനി നല്‍കിയ താക്കീത് ഇത്തരുണത്തില്‍ ഓര്‍ത്തുപോവുകയാണ്. ഈ വിഷയത്തില്‍ തര്‍ക്കവിതര്‍ക്കങ്ങളരുതെന്ന് നബി അരുളിയിട്ടുണ്ട്. മുസ്‌ലിംകളായ നാം അല്ലാഹുവിന്റെ അന്തിമവിധിയില്‍ വിശ്വസിക്കുന്നു. അതിനെ മാനിക്കുന്നു. അതെത്രതന്നെ നമുക്ക് അഹിതകരമായിതോന്നിയാലും വലിയ നന്‍മയാണത് നേടിത്തരിക എന്ന് നാം തിരിച്ചറിയുന്നു.
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍.