കുരിശുയുദ്ധങ്ങള്‍

രണ്ടാം കുരിശുയുദ്ധം (1147 – 1150)

1144 ല്‍ ക്രൈസ്തവരാജ്യത്തിന്റെ മുഖ്യകേന്ദ്രമായ റൂഹാ പട്ടണം സല്‍ജൂഖി ഭരണാധികാരിയായ ഇമാദുദ്ദീന്‍ സെന്‍ഗി നിയന്ത്രണത്തിലാക്കി. ഈ നഷ്ടം ക്രൈസ്തവസമൂഹത്തെ അലോസരപ്പെടുത്തി. മുസ്‌ലിംകള്‍ക്കെതിരില്‍ പോരാടാന്‍ ആഹ്വാനംചെയ്തുകൊണ്ട് സിറിയന്‍ പ്രദേശത്തെ മുഴുവന്‍ കുരിശുപോരാളികള്‍ക്കും ജോസ്‌ലിന്‍ കത്തെഴുതി. ഇതിനിടയില്‍ ഇമാദുദ്ദീന്‍ സെന്‍ഗി മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ നൂറുദ്ദീന്‍ സെന്‍ഗിയാണ് തുടര്‍ന്ന് നേതൃത്വത്തില്‍ വന്നത്. അദ്ദേഹം ജോസ്‌ലിനെ 1146-ല്‍ പരാജയപ്പെടുത്തി.നൂറുദ്ദീന്‍ സെന്‍ഗിയുടെ വിജയം കിഴക്ക് അവശേഷിക്കുന്ന തങ്ങളുടെ ആധിപത്യംകൂടി നഷ്ടപ്പെടുത്തുമോ എന്ന് ക്രൈസ്തവര്‍ ആശങ്കിച്ചു. അവര്‍ യൂറോപിലെ എല്ലാ രാജാക്കന്‍മാരോടും പോപ്പിനോടും സഹായമാവശ്യപ്പെട്ടു. പ്രസ്തുത ആവശ്യാര്‍ഥം പോപ്പ് യൂജിനിന്റെ അഭ്യര്‍ഥന മാനിച്ച് പടിഞ്ഞാറന്‍ ക്രൈസ്തവ ചര്‍ച്ചിനുമേല്‍ വലിയ സ്വാധീനമുള്ള ക്ലെയര്‍വോയിലെ സെന്റ് ബര്‍ണാഡ് കുരിശുയുദ്ധ കാമ്പയിന്‍ ആരംഭിച്ചു.

1146-ല്‍ ഫ്രാന്‍സില്‍ ലൂയി ഏഴാമനും ജര്‍മനിയില്‍ കോണ്‍റാഡ് മൂന്നാമന്‍ ചക്രവര്‍ത്തിയും പുതിയൊരു യുദ്ധത്തിന് തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. 1147 നവംബറില്‍ കുരിശുസേന കോണ്‍സ്റ്റാന്റിനോപ്പഌലെത്തി.ബൈസാന്തിയന്‍ചക്രവര്‍ത്തി ഇമ്മാനുവേലിന് പക്ഷേ കുരിശുസേനയുടെ വരവ് ഒട്ടും സുഖിച്ചില്ല. അവരെ തന്റെ സാമ്രാജ്യത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ കുതന്ത്രത്തിലൂടെ അദ്ദേഹം കോണ്‍റാഡിനെ ഏഷ്യാമൈനറിലേക്ക് മുന്നേറാന്‍ പ്രേരിപ്പിച്ചു. അങ്ങനെ മലഞ്ചരിവിലൂടെ പോയ ആ സേനയെ മുസ്‌ലിംകള്‍ തോല്‍പിച്ചു. സമാനമായ രീതിയില്‍ ലൂയി ഏഴാമന്റെ സൈന്യത്തെയും അവിടേക്ക് വഴികാട്ടി. സല്‍ജൂഖികളെ അഭിമുഖീകരിക്കാതെ അഡാലിയയിലെ റെയ്മണ്ടിനോടൊപ്പം ചേര്‍ന്നെങ്കിലും രണ്ടുകൂട്ടര്‍ക്കും ഭിന്ന ലക്ഷ്യങ്ങളായിരുന്നു.കുരിശുപടയുമായി സഖ്യത്തിലായിരുന്ന ദമസ്‌കസിനെ കീഴടക്കാന്‍ ഖുദ്‌സില്‍വെച്ച് അവിടത്തെ രാജാവും ജര്‍മന്‍ചക്രവര്‍ത്തിയും ലൂയി ഏഴാമനും ചര്‍ച്ചനടത്തി. ദമസ്‌കസുകാര്‍ ഖുദ്‌സ് രാജാവുമായി സംഭാഷണം നടത്തിയതോടെ കുരിശുസേനയുടെ തലവന്‍മാര്‍ക്കിടയില്‍ അനൈക്യം ഉടലെടുത്തു. അതോടെ ലക്ഷ്യം കണ്ടെത്താനാകാതെ കുരിശുപട പിന്‍വാങ്ങി.

കുരിശുപടയോട് ചായ്‌വുകാട്ടിയിരുന്ന ദമസ്‌കസ് പിടിച്ചെടുക്കാന്‍ നൂറുദ്ദീന്‍ സെന്‍ഗി ശ്രമിച്ചതിനെത്തുടര്‍ന്ന് 1154-ല്‍ ആ നാട് കീഴടങ്ങി. നൂറുദ്ദീന്റെ മരണശേഷം മന്ത്രിയായിരുന്ന സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കരങ്ങളിലേക്ക് രാജ്യത്തിന്റെ അധികാരം വന്നെത്തി. മുസ്‌ലിംരാജ്യങ്ങളില്‍നിന്ന് കുരിശുസേനയെ പുറത്താക്കി ആഭ്യന്തരഭദ്രത ഉറപ്പുവരുത്താനാണ് അദ്ദേഹം നടപടികള്‍ കൈക്കൊണ്ടത്. കര്‍ക് പ്രവിശ്യയുടെ അധികാരിയായിരുന്ന അര്‍നാത്വ് മുസ്‌ലിംകച്ചവടക്കാരെ ആക്രമിച്ചതിനെത്തുടര്‍ന്ന് 1187 -ല്‍ സ്വലാഹുദ്ദീന്‍ യുദ്ധത്തിനൊരുങ്ങി. കുരിശുസൈന്യം ഒന്നടങ്കം മുന്നോട്ടുവന്ന പ്രസ്തുത ഹിത്വീന്‍ യുദ്ധത്തില്‍ അവരുടെ കോട്ടകള്‍ ഒന്നൊന്നായി സ്വലാഹുദ്ദീന്റെ നേതൃത്വത്തിലുള്ള സൈന്യം കീഴടക്കി.

Topics