പോപ്പ് അര്‍ബന്‍ നടത്തിയ ആഹ്വാനമനുസരിച്ച് പീറ്റര്‍ ദ ഹെര്‍മിറ്റും വാള്‍ട്ടര്‍ ദ പെനിലെസ്സും നയിച്ച സഖ്യസേനയിലുണ്ടായിരുന്നവര്‍ ബഹുഭൂരിപക്ഷവും ദരിദ്രരായിരുന്നു. അവരോട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ സന്ധിക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. അങ്ങനെ അവര്‍ 1096- ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെത്തി. പീറ്ററിന്റെ കീഴിലുള്ള കുരിശുപട വഴിയിലുടനീളം കൊലയും കൊള്ളിവെയ്പും നടത്തിയാണ് മുന്നോട്ടുനീങ്ങിയത്. ഫ്യൂഡല്‍ പ്രഭുക്കള്‍ക്ക് കീഴില്‍ അണിനിരന്ന ചെറുചെറുസൈന്യങ്ങള്‍ ഇറ്റലിയില്‍നിന്നും ഫ്രാന്‍സില്‍നിന്നും പുറപ്പെട്ട് ജര്‍മനി,ക്രൊയേഷ്യ, ബള്‍ഗേറിയ, അല്‍ബേനിയ ,മാസിഡോണിയ തുടങ്ങി രാജ്യങ്ങളിലൂടെയെല്ലാം കടന്നാണ് നിശ്ചയിക്കപ്പെട്ട ദേശത്ത് എത്തിച്ചേര്‍ന്നത്. 1097ജൂണ്‍ 18 ന് അവര്‍ നിക്കാഷ്യന്‍ നഗരംകീഴടക്കി. ജൂലൈ 1 ന് ദോറിലായൂം കൈക്കലാക്കി. ഒക്ടോബറില്‍ ബൊഹിമണ്ട് ഒന്നാമന്റെ നേതൃത്വത്തിലുള്ള കുരിശുപോരാളികള്‍ 9 മാസം അന്തോഖ്യയെ ഉപരോധിക്കുകയും അതിനെ കീഴടക്കുകയുംചെയ്തു. 1098 ജൂണ്‍ 28 ന് മ്യൂസിലിലെ അത്താബേഗ് കാര്‍ബുഖായുടെ നേതൃത്വത്തിലെത്തിയ തുര്‍ക്കിസൈന്യം കുരിശുപോരാളികളെ ഉപരോധിച്ചെങ്കിലും അവസാനം തുര്‍ക്കികളെയും തോല്‍പിച്ച് കുരിശുപോരാളികള്‍ മുന്നേറി.
കുരിശുപോരാളികള്‍ക്കിടയില്‍ ഐക്യമുണ്ടായിരുന്നില്ല. അതിനാല്‍തന്നെ സൈനികവിജയങ്ങളെ അവര്‍ക്ക് പൂര്‍ണമായും ഉപയോഗപ്പെടുത്താനായില്ല. കുരിശുപോരാളികളെ അനുഗമിച്ചിരുന്ന മാര്‍പ്പാപ്പയുടെ പ്രതിപുരുഷന്‍ അഥീമര്‍ ഓഫ് ലെപൂയ് അന്തോക്യയില്‍ വെച്ച് മരണപ്പെട്ടതിനാല്‍ ആത്മീയനേതൃത്വം നഷ്ടപ്പെട്ടു. എന്നിരുന്നാലും ജറൂസലേമിലേക്ക് കുരിശുപോരാളികളുടെ പ്രയാണം തുടര്‍ന്നു. 1099 ജൂലൈ 15 ന് അവര്‍ ജറൂസലേം നഗരം കീഴടക്കി. അന്നവിടെ കുരിശുപോരാളികള്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങളെ മൈക്കാവുഡ് ഇങ്ങനെ വിവരിക്കുന്നു: ‘മുസ്‌ലിംകള്‍ തെരുവുകളിലും വീടുകളിലും വധിക്കപ്പെട്ടു. പരാജയപ്പെട്ടവര്‍ക്ക് അഭയംനല്‍കാന്‍ ജറൂസലേമില്‍ ഇടമുണ്ടായിരുന്നില്ല. ചിലര്‍ മരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ കോട്ടക്കുമുകളില്‍നിന്ന് താഴേക്കുചാടി. ചിലര്‍ സുരക്ഷിതത്വമാഗ്രഹിച്ച് കൊട്ടാരങ്ങളിലും ഗോപുരങ്ങളിലും പള്ളികളിലും ശരണം പ്രാപിച്ചു. ഉമറിന്റെ പള്ളിയില്‍ അഭയംതേടി ആത്മരക്ഷാര്‍ഥം പോരാടിയിരുന്ന മുസ്‌ലിംകളെ ഏറ്റവും ക്രൂരമായ വിധത്തിലാണ് അവര്‍ കൈകാര്യംചെയ്തത്. കാലാള്‍പ്പടയും അശ്വസേനയും മുസ ്‌ലിംകളുടെ ഇടയിലേക്ക് ഇരച്ചുകയറി അവരെ ഛിന്നഭിന്നമാക്കി. തുടര്‍ന്നുണ്ടായ ബഹളത്തില്‍ ഞരക്കങ്ങളും രോദനങ്ങളുമല്ലാതെ ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മരിച്ചുവീണവരുടെ ശവക്കൂമ്പാരത്തില്‍ ചവിട്ടിയാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ കൊല്ലാന്‍ പോരാളികള്‍ നാലുപാടും ഓടിയത്.’
റെയ്മണ്ട് ഡി ആഗ്വില്‍ നല്‍കിയ നല്‍കുന്ന ദൃക്‌സാക്ഷിവിവരണം ഇങ്ങനെ: ‘പള്ളിയുടെ മുറ്റത്ത് തളംകെട്ടിയ രക്തം മുട്ടിനോളം എത്തിയിരുന്നു. കുതിരയുടെ കടിഞ്ഞാണ്‍ സ്പര്‍ശിക്കത്തക്ക ഉയരം ആ രക്തക്കളത്തിനുണ്ടായിരുന്നു.’
ഇബ്‌നുഖല്‍ദൂന്‍ വിവരിക്കുന്നു: ‘ബൈതുല്‍മഖ്ദിസില്‍ കുരിശുപട അഴിഞ്ഞാടി. ഒരാഴ്ചയോളം അവരവിടെ സംഹാരതാണ്ഡവമാടി. മതപണ്ഡിതന്‍മാരും ഭക്തജനങ്ങളും നേതാക്കളും അടക്കം പള്ളിവളപ്പില്‍ കൊല്ലപ്പെട്ടത് 70000ലേറെ വരും’.
ഈജിപ്തുകാര്‍ പരാജയപ്പെട്ടതോടെ മുസ്‌ലിംസൈനികരുടെ ദൗര്‍ബല്യം മനസ്സിലാക്കിയ കുരിശുപട താന്താങ്ങളുടെ നാട്ടിലേക്ക് മടങ്ങി. ഖുദ്‌സ് കീഴടക്കി സിറിയന്‍ പ്രദേശങ്ങളെ വിഴുങ്ങിക്കൊണ്ടിരുന്ന ലാറ്റിന്‍സാമ്രാജ്യത്തിന്റെ ആസ്ഥാനം ബൈത്തുല്‍ മഖ്ദിസ് ആയി മാറി.