ഖിലാഫത്തിനുശേഷം രാജഭരണത്തിലേക്ക് വഴുതിവീണ മുസ്ലിംപ്രവിശ്യകളിലെല്ലാംതന്നെ അധികാരത്തിനുവേണ്ടിയുള്ള കിടമത്സരങ്ങളും പരസ്പരശത്രുതയും സര്‍വസാധാരണമായി. ഇസ്ലാമികരാഷ്ട്രത്തിന്റെ തെക്കുഭാഗം ശീഈ ചിന്താധാര പിന്തുടര്ന്നിരുന്ന ഫാത്വിമികളുടെയും വടക്കുഭാഗം സുന്നികളായ സല്‍ജൂഖികളുടെയും നിയന്ത്രണത്തിലായിരുന്നു. ഇരുകൂട്ടരും മത-രാഷ്ട്രീയവിഷയങ്ങളില്‍ ശത്രുതവെച്ചുപുലര്‍ത്തി.
സല്‍ജൂഖി രാജാവായിരുന്ന മലിക് ഷാ 1092 ല്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ആഭ്യന്തരയുദ്ധമുണ്ടാവുകയും നാല് പുത്രന്മാര്ക്കിടയില് രാഷ്ട്രം വിഭജിക്കപ്പെടുകയും ചെയ്തു. അതോടെ ഇറാഖിലും പേര്‍ഷ്യയിലും കിര്‍മാനിലും ശാമിലും സ്വതന്ത്ര സല്‍ജൂഖി ഭരണകൂടങ്ങളുടലെടുത്തു. ഇസ്ലാമികലോകത്തിന്റെ ഐക്യം നഷ്ടപ്പെട്ടു.ശാമിലെ സല്‍ജൂഖി നേതാവായ തൂതുശ് ഇബ്നു അര്‍സ്ലാന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ ഹലബും ദമസ്കസും തലസ്ഥാനമാക്കി രാജ്യം പങ്കിട്ടെടുത്തു.
ഈജിപ്തില്‍ ഫാത്വിമികള്‍ ആഭ്യന്തരയുദ്ധം മൂലം ദുര്‍ബലമായി. ഹാകിം ബിന്‍ അംരില്ലായുടെ കാലത്ത് തുടങ്ങിയ ഈ പ്രതിസന്ധി പില്ക്കാലത്ത് അദ്ദേഹത്തിന്റെ ബാലനായ പൗത്രന് അല്‍ മുസ്തന്‍സ്വിറിന് അധികാരം ലബ്ധമാക്കുകയും രാജ്യത്തെ കടുത്ത ക്ഷാമത്തിലും അരാജകത്വത്തിലും കൊണ്ടെത്തിക്കുകയുമുണ്ടായി.
സല്‍ജൂഖികളും ഫാത്വിമികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഫലസ്തീന്, ദമസ്കസ്, ഹലബ്, അര്റുഹാ, മൗസ്വില്‍ തുടങ്ങി ശാം പ്രദേശങ്ങളിലായിരുന്നു. ഫാത്വിമികള്‍ തങ്ങളുടെ സുസജ്ജമായ നാവികസേനയുടെ സഹായത്തോടെ തീരപ്രദേശ നഗരങ്ങളായ അസ്ഖലാന്‍, അക്കാ, സ്വുവര് എന്നിവ കൈപ്പിടിയില്‍ നിലനിര്‍ത്തി. ഹി. 492-ല്‍ ഖുദ്സും പിടിച്ചെടുത്തു. കുരിശുയുദ്ധക്കാര്‍ പിടിച്ചെടുക്കുംവരെ അത് ഫാത്വിമികളുടെ കയ്യില്‍തന്നെയായിരുന്നു. സല്‍ജൂഖി- ഫാത്വിമി പോരാട്ടത്തിനുപുറമെ സിറിയന്‍ നാടുകളില്‍ നിരവധി അറബ്നേതാക്കള് പ്രാദേശികസ്വയംഭരണത്തിന് വേണ്ടി കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. സ്പെയിനിലെ ഉമവിഭരണകൂടം ക്ഷയിച്ചപ്പോള്‍ അവിടെ പ്രാദേശികരാജാക്കന്മാര് ഉയര്‍ന്നുവന്നു. അവരെല്ലാം അധികാരം ഉറപ്പിക്കുന്നതിനായി പരസ്പരം സംഘട്ടനത്തിലേര്പ്പെട്ടതോടെ കുരിശുയുദ്ധക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുകയും അവര്‍ സൈനികസന്നാഹങ്ങളുമായി ആക്രമണത്തിനിറങ്ങുകയുമായിരുന്നു.