ഖുര്‍ആന്‍-പഠനങ്ങള്‍

പരിഹാസം മുഖമുദ്രയാക്കിയവര്‍ (യാസീന്‍ പഠനം – 22)

 ‏وَإِذَا قِيلَ لَهُمْ أَنفِقُوا۟ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَنُطْعِمُ مَن لَّوْ يَشَآءُ ٱللَّهُ أَطْعَمَهُۥٓ إِنْ أَنتُمْ إِلَّا فِى ضَلَلٍۢ مُّبِينٍۢ

47- ‘നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍നിന്ന് ചെലവഴിക്കുക ‘ എന്നാവശ്യപ്പെട്ടാല്‍ സത്യനിഷേധികള്‍ വിശ്വാസികളോടുപറയും: ‘അല്ലാഹു വിചാരിച്ചിരുന്നെങ്കില്‍ അവന്‍ തന്നെ ഇവര്‍ക്ക് അന്നം നല്‍കുമായിരുന്നല്ലോ. പിന്നെ ഞങ്ങളിവര്‍ക്ക് എന്തിന് അന്നം നല്‍കണം? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെ ‘.

അല്ലാഹു തങ്ങള്‍ക്ക് നല്‍കിയ വിഭവങ്ങളില്‍നിന്ന് നിരാലംബര്‍ക്കും ദരിദ്രര്‍ക്കുമായി ചെലവഴിക്കാന്‍ ബഹുദൈവവിശ്വാസികളായ ആളുകളോട്പറയുമ്പോള്‍ അവരുടെ മറുപടി തികഞ്ഞ പരിഹാസം മാത്രമായിരിക്കും. അതായത്, അല്ലാഹു ദരിദ്രര്‍ക്കും അഗതികള്‍ക്കും കൊടുക്കുന്നില്ല. പിന്നെ ഞങ്ങളെന്തിന് കൊടുക്കണം? അവനിച്ഛിച്ചിരുന്നുവെങ്കില്‍ അവനുതന്നെ കൊടുക്കാമായിരുന്നല്ലോ. മക്കയില്‍ മുഹമ്മദ് നബി പ്രബോധനം ചെയ്തഘട്ടത്തില്‍ ഖുറൈശിപ്രമാണികളായ നിഷേധികളുടെയും പ്രതികരണം മറ്റൊന്നായിരുന്നില്ല. അവരോട് ചെലവഴിക്കാന്‍ പറഞ്ഞപ്പോള്‍ പാവങ്ങള്‍ക്ക് കൊടുക്കുന്ന തുച്ഛമായ ദാനങ്ങളില്‍ പരിമിതപ്പെടുത്തി ‘ഇന്‍ഫാഖി’നെ കാണുകയാണുണ്ടായത്.

പാവങ്ങള്‍ക്ക് എത്രമാത്രം കൊടുത്താലും തീരാത്തത്ര സമ്പത്ത് അല്ലാഹു അവര്‍ക്ക് നല്‍കിയിരിക്കെയാണ് അവരുടെ ഈ പിശുക്കെന്നോര്‍ക്കണം. ഏതാനും കാരക്കകള്‍ അല്ലെങ്കില്‍ ഒരുപിടി ഗോതമ്പ് ഇതൊന്നും കൊടുക്കാന്‍ അവരുടെ മനസ്സ് സന്നദ്ധമായിരുന്നില്ല. അക്കാരണംകൊണ്ടുതന്നെ അവരുടെ പിശുക്ക് കൊടുക്കുന്നതില്‍ മാത്രമല്ല, അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതിലും സ്വാഭാവികമായും ഉണ്ടാകുമെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം റാസി(റ) അഭിപ്രായപ്പെടുന്നത് ഇത്തരുണത്തിലാണ്. ഈ സൂക്തത്തിന്റെ അവസാനം ‘നിങ്ങള്‍ വ്യക്തമായ വഴികേടില്‍ ആണ്’ എന്ന പരാമര്‍ശത്തിന് രണ്ട് സാംഗത്യങ്ങളുണ്ടെന്ന് ഇമാം ത്വബരി നിരീക്ഷിക്കുന്നുണ്ട്.

അതിലൊന്ന്, വിശ്വാസികളോട് അവര്‍ അസത്യത്തിലും മാര്‍ഗഭ്രംശത്തിലുമാണെന്ന് സത്യനിഷേധികള്‍ പറയുന്നതാവാം. അതല്ലെങ്കില്‍ വിശ്വാസികളോട് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ ദരിദ്രരെ സഹായിക്കുമായിരുന്നു എന്ന പരിഹാസമുന്നയിച്ച സത്യനിഷേധികളെ അല്ലാഹു തിരുത്തുന്നതാവാം. എന്നാല്‍ വിശ്വാസികളോടുതന്നെയാണ് അല്ലാഹുവിന്റെ അഭിസംബോധനയെന്നാണ് ഇബ്‌നുകസീറിന്റെ വീക്ഷണം.

ഇമാം ഖുര്‍ത്വുബിയുടെ കാഴ്ചപ്പാടില്‍ ‘അന്‍ഫിഖൂ’ എന്ന കല്‍പന മക്കാമുശ്‌രിക്കുകളോടോ ജൂതന്മാരോടോ ഉള്ള കല്‍പനയാണ്. അതായത്, പാവങ്ങളുടെ പ്രശ്‌നപരിഹാരാര്‍ഥം അവര്‍ക്കായി ആളും അര്‍ഥവും ചെലവിടുക എന്നാണ് ഉപദേശിക്കുന്നത്. അതിന് അവരുടെ പരിഹാസംനിറഞ്ഞ മറുപടി, ആ പാവങ്ങള്‍ തങ്ങളുടെ മതത്തിലേക്ക് തിരിച്ചുവരുന്നതുവരെ യാതൊരു സഹായവും ചെയ്യില്ലെന്നാണ്.

ഇമാം ഖുര്‍ത്വുബി അവരുടെ പ്രസ്താവന ഇങ്ങനെ വിശദീകരിക്കുന്നു: ‘അല്ലാഹു ദരിദ്രനാക്കിയവനെ ഞങ്ങളെങ്ങനെ സ്വയംപര്യാപ്തനാക്കും. ഇനി, അല്ലാഹു ഞങ്ങളെ സമ്പത്തുനല്‍കി സഹായിച്ചെങ്കില്‍ ആ ദരിദ്രരെയും അപ്രകാരംതന്നെ സമ്പന്നരാക്കാമല്ലോ’. എന്നാല്‍ അവരുടെ ഈ യുക്തി അടിസ്ഥാനമില്ലാത്തതാണ്. കാരണം, ഒരാളുടെ കൈവശം അല്ലാഹു സമ്പത്തേല്‍പിക്കുന്നത് അതിന്റെ ഒരു ഭാഗം ദരിദ്രര്‍ക്കായി നല്‍കണമെന്ന നിര്‍ദേശത്തോടെയാണ്. അങ്ങനെ ദരിദ്രര്‍ക്കും ആലംബഹീനര്‍ക്കുമായി നല്‍കിയ പണം കഴിച്ചുള്ളതാണ് യഥാര്‍ഥത്തില്‍ അതിന്റെ ഉടമക്ക് അര്‍ഹതപ്പെട്ടത്. അങ്ങനെ ദരിദ്രരെയും ദുര്‍ബലരെയും അല്ലാഹു സമ്പന്നര്‍ക്ക് നല്‍കിയ സമ്പത്തിലൂടെ സഹായിക്കാന്‍ വ്യവസ്ഥയുണ്ടാക്കിയിരിക്കുകയാണ്.

‘അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ആ ദരിദ്രരെ അന്നമൂട്ടുമായിരുന്നു’ എന്ന പ്രസ്താവന തത്ത്വത്തില്‍ അല്ലാഹുവിന്റെ നടപടിക്രമവുമായി യോജിക്കുന്നതാണ് പക്ഷേ, സത്യനിഷേധികള്‍ അവരുടെ ന്യായീകരണത്തിനായി ഉപയോഗിച്ചുവെന്ന് മാത്രം. മറ്റൊരിടത്ത് ഇത്തരത്തില്‍ മുടന്തന്‍ ന്യായം അവരുന്നയിക്കുന്നുണ്ട്:’അവര്‍ പറയുന്നു, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ അവനെയല്ലാതെ ആരാധിക്കുമായിരുന്നില്ല'(അസ്സുഖ്‌റുഫ് 20). ഇതിലൂടെയെല്ലാം അല്ലാഹുവിന് അവനുദ്ദേശിക്കുന്ന ആരെയും സഹായിക്കാന്‍ കഴിയുമെന്ന വസ്തുതയും, പാവങ്ങള്‍ക്കുവേണ്ടി സമ്പാദ്യത്തിന്റെ ഒരു വിഹിതം നല്‍കണമെന്ന കല്‍പനയും സത്യനിഷേധികള്‍ തള്ളിക്കളയുകയാണ്.

‏وَيَقُولُونَ مَتَىٰ هَذَا ٱلْوَعْدُ إِن كُنتُمْ صَدِقِينَ
48: ഇക്കൂട്ടര്‍ ചോദിക്കുന്നു: ‘ഈ വാഗ്ദാനം എപ്പോഴാണ് പുലരുക- നിങ്ങള്‍ സത്യവാന്‍മാരെങ്കില്‍?’

സൂക്ഷ്മത കൈക്കൊള്ളുകയെന്ന നിര്‍ദ്ദേശത്തെ ബഹുദൈവവിശ്വാസികള്‍ ആദ്യം തള്ളിക്കളഞ്ഞു. ദൈവം നല്‍കിയ വിഭവങ്ങളില്‍നിന്ന് ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കുമായി ചെലവഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിശ്വാസികളെ അവര്‍ കുറ്റപ്പെടുത്തി. ഇപ്പോഴിതാ അവര്‍ മരണാനന്തരവിചാരണയ്ക്ക് തെളിവ് ചോദിച്ച് പരിഹസിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ മുന്നറിയിപ്പിനെയും മരണാനന്തരജീവിതത്തെയും ബഹുദൈവവിശ്വാസികള്‍ തള്ളിപ്പറയുകവഴി ശിക്ഷ ക്ഷണിച്ചുവരുത്തുകയാണ് അവരെന്നാണ് ഇമാം ത്വബരിയുടെ അഭിപ്രായം.

ഭാഷാമുത്തുകള്‍

സൂക്തത്തിലെ ‘ലില്ലദീന ആമനൂ(വിശ്വാസികളോട്)’എന്നതിലെ ‘ലാമ്’ അവിശ്വാസികളുടെ പ്രസ്താവന വിശ്വാസികളോടാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും വിശ്വാസികളല്ലാത്ത അവിശ്വാസികള്‍ എന്ന വീക്ഷണവിശാലത നല്‍കുംവിധം ലാമിന് ഇല്ലാ(ഒഴികെ) എന്ന പരികല്‍പന കൂടിയുണ്ടെന്ന് ഇബ്‌നു ആശൂര്‍ അഭിപ്രായപ്പെടുന്നു.

‘അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന്’ എന്ന പ്രസ്താവനയില്‍ ചില യാഥാര്‍ഥ്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി ഇമാം റാസി നിരീക്ഷിക്കുന്നു. അതായത്, സമ്പത്ത് അത് കൈവശമുള്ളവരുടേതല്ലെന്നും മറിച്ച് അല്ലാഹുവിന്റെതാണെന്നുമുള്ള വസ്തുതയാണ് അതിലൊന്ന്. എന്നിരിക്കെ മനുഷ്യന്‍ കൊടുക്കാന്‍ വിസമ്മതിക്കുന്നത് അങ്ങേയറ്റത്തെ പിശുക്കാണെന്ന യഥാര്‍ഥ്യമാണ് മറ്റൊന്ന്. അതായത്, തന്റെതല്ലാത്ത സാധനം പിടിച്ചുവെക്കുന്നതിനേക്കാള്‍ നീചമായ കാര്യം മറ്റെന്തുണ്ട്? വിശാലമായി പറഞ്ഞാല്‍ ഒരു മഹാമനസ്‌കന്‍ നിര്‍ലോഭം നല്‍കിയ വിഭവങ്ങള്‍ അടിയന്തിരമായി ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് കൊടുക്കണമെന്നാവശ്യപ്പെടുമ്പോള്‍ ദയാരഹിതമായി പെരുമാറുന്നതിനെ എന്തുപറഞ്ഞാണ് വിശേഷിപ്പിക്കുക?

‘സത്യനിഷേധികളായ ആളുകള്‍ വിശ്വാസികളോട് പറയും ‘ എന്ന ഭാഗത്തിനുപകരം ‘അവര്‍ പറയും’ എന്നാണ് വന്നിരുന്നതെങ്കില്‍ സൂക്തത്തിന്റെ ആശയം സുവ്യക്തമാകുമായിരുന്നില്ല.. അപ്പോള്‍ എന്തുകൊണ്ടാവാം സത്യനിഷേധികള്‍ക്കുള്ള മറുപടിയില്‍ പ്രസ്തുതഭാഗം കൂടി ഉള്‍പ്പെടുത്തിയത്? അതിന് ഇമാം റാസിയുടെ വിശദീകരണം ഇതാണ്: ദരിദ്രരെയും പാവങ്ങളെയും ഭക്ഷണമൂട്ടുന്നതില്‍ അറബ് മുശ്‌രിക്കുകള്‍ പ്രത്യേകം പൊങ്ങച്ചം നടിച്ചിരുന്നു. അത് മഹനീയകൃത്യമായി അവര്‍ മനസ്സിലാക്കിയിരുന്നു. അതിഥികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുംവിധം ഞങ്ങള്‍ ഭക്ഷണംകൊടുക്കുന്നു. അങ്ങനെയിരിക്കെ ‘നിങ്ങള്‍ പറയുന്നു നിങ്ങളുടെ ദൈവമാണ് എല്ലാവര്‍ക്കും നല്‍കുന്നതെന്ന് , പിന്നെന്തിനാണ് പാവങ്ങള്‍ക്ക് കൊടുക്കാന്‍ ഞങ്ങളോട് കല്‍പിക്കുന്നത്?’ എന്ന ചോദ്യമുയര്‍ത്തുന്നത്. യഥാര്‍ഥത്തില്‍ സത്യനിഷേധികളുടെ ലക്ഷ്യം വിശ്വാസികളുടെ കല്‍പനകളെ നിഷേധിക്കുകയെന്നതാണ്. അതിലേക്കുള്ള സൂചന നല്‍കിയാണ് ‘അവിശ്വാസികളായവര്‍ വിശ്വാസികളായവരോട് ചോദിക്കുന്നു’ എന്ന വിശദാംശത്തെ ഈ സൂക്തത്തിലുള്‍പ്പെടുത്തിയത്. അതിന് തൊട്ടുമുമ്പിലുള്ള സൂക്തത്തില്‍ സൂക്ഷ്മത(തഖ്‌വ) കൈക്കൊള്ളാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെ അവര്‍ നിഷേധിച്ചിരുന്നില്ല.

പരലോകവിചാരണ എപ്പോഴാണുണ്ടാവുകയെന്ന അവരുടെ പരിഹാസത്തിലുള്‍ച്ചേര്‍ന്ന തിടുക്കത്തെ ദ്യോതിപ്പിക്കുന്നതാണ് ഈ സൂക്തത്തിലെ ‘ഹാദ’ എന്ന പദം. അറബിഭാഷയില്‍ ഇത് പരിഹാസ്യവ്യക്തിത്വത്തെ അഭിസംബോധനചെയ്യാന്‍ ഉപയോഗിക്കാറുണ്ട്. അപ്പോള്‍ സത്യനിഷേധികള്‍ പരലോകനിഷേധം എത്രമാത്രം പരിഹാസ്യമാക്കിയാണ് കൊണ്ടുനടന്നിരുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

വിവേകമുത്തുകള്‍

‘ഇന്‍ കുന്‍തും സ്വാദിഖീന്‍ ‘ (നിങ്ങള്‍ സത്യവാന്‍മാരെങ്കില്‍) എന്ന സത്യനിഷേധികളുടെ വെല്ലുവിളിയില്‍ ബഹുവചനപദമായ കുന്‍തും ഉപയോഗിച്ചത് കാണുക. വിശ്വാസികള്‍ ഒരു സംഘമായി തന്നെ പ്രബോധനപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. പ്രബോധനപ്രവര്‍ത്തനങ്ങള്‍ പണ്ഡിതര്‍ക്കുമാത്രം പറഞ്ഞിട്ടുള്ളതല്ല. മറിച്ച്, ഒരു കൂലിപ്പണിക്കാരന്‍ മുതല്‍ ഉന്നതപദവികള്‍ അലങ്കരിക്കുന്നവര്‍ വരെ പങ്കുകൊള്ളുന്ന മഹത്തായ കര്‍മമത്രെ അത്. പരലോകവിചാരണയെക്കുറിച്ച വിഷയത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഈ ബഹുവചനപദാവലി ഉപയോഗിച്ചിട്ടുള്ളത്. പ്രവാചകസമൂഹങ്ങള്‍ എങ്ങനെ പ്രബോധനം നടത്തിയെന്നതിന്റെ നേര്‍ചിത്രവും ഇതിലുണ്ട്. അതായത്, പ്രബോധനരംഗത്ത് കൂട്ടായ പ്രവര്‍ത്തനം എന്നതിനോടൊപ്പം, വിഷയത്തില്‍ അവര്‍ക്കുള്ള വീക്ഷണവും ഉള്‍ക്കാഴ്ചയും ഏകമായിരുന്നുവെന്ന് ‘നിങ്ങള്‍ സത്യമെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന’ എന്ന നിഷേധികളുടെ വാക്കും വ്യക്തമാക്കുന്നു.

തന്റെ സന്ദേശത്തെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ദൈവദൂതന്‍മാരുടെ സ്വഭാവഗുണങ്ങളെപ്പറ്റി വിശദീകരിക്കുന്നതിന് അവരുടെ സത്യസന്ധത, അര്‍പ്പണമനോഭാവം,വിവേചനശക്തി, ഉത്കൃഷ്ടബോധം എന്നിവയോടൊപ്പം അവരുടെ അത്യധികമായ പരലോകസ്മരണ എന്ന സവിശേഷഗുണത്തെ അല്ലാഹു എടുത്തുപറയുന്നുണ്ട്.’പരലോകസ്മരണ എന്ന വിശിഷ്ടഗുണം കാരണം നാമവരെ പ്രത്യേകം തെരഞ്ഞെടുത്തു. സംശയമില്ല, അവര്‍ നമ്മുടെ അടുത്ത് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട സച്ചരിതരില്‍പെട്ടവരാണ്'(സ്വാദ് 46,47).

സൂക്തത്തിന്റെ അവതരണപശ്ചാത്തലവുമായി ബന്ധപ്പെടുത്തി ചില തഫ്‌സീറുകളില്‍ വിവരിക്കുന്ന സംഭവം ഇങ്ങനെയാണ്: ഒരിക്കല്‍ അബൂബക്ര്‍ (റ) ദരിദ്രരായ ചിലര്‍ക്ക് ഭക്ഷണം നല്‍കുന്നത് അബൂജഹ്ല്‍ കണ്ടു. അതുകണ്ട അയാള്‍ ‘അല്ലാഹുവിന് അവരെ ഭക്ഷിപ്പിക്കാന്‍ കഴിയില്ലേ?’ എന്ന് ചോദിച്ചു. അതിന് അബൂബക്ര്‍’ തീര്‍ച്ചയായും കഴിയും’എന്ന് പ്രത്യുത്തരം ചെയ്തു. അതുകേട്ടപ്പോള്‍ അബൂജഹ്ല്‍ ‘പിന്നെന്തുകൊണ്ടാണ് അവന്‍ അവര്‍ക്ക് ഭക്ഷണം നല്‍കാത്തത്? ‘എന്ന് മറുചോദ്യമുന്നയിച്ചു. ‘അല്ലാഹു വ്യക്തികളുടെ ക്ഷമപരീക്ഷിക്കാനായി ദാരിദ്ര്യവും ഔദാര്യം പരീക്ഷിക്കാനായി സമ്പത്തും നല്‍കുന്നു.’എന്ന് അബൂബക്ര്‍ (റ) വിശദീകരിച്ചു. അതുകേട്ടപ്പോള്‍ അബൂജഹ്ല്‍ ഇങ്ങനെ പരിഹസിച്ചു:’അബൂബക്‌റേ നീ പിഴച്ചുപോയിരിക്കുന്നു.’ അതെത്തുടര്‍ന്നാണ് 47-ാമത്തെ സൂക്തം അവതരിച്ചത്.

Topics