രണ്ട് : ഇസ്ലാമികപ്രബോധനത്തോടുള്ള അനുകൂലനിലപാടുമായി മുന്നോട്ടുപോകുന്ന നല്ലവരായ വിശ്വാസികളോട് അടുപ്പം പുലര്‍ത്തണം എന്ന ലക്ഷ്യത്തോടെ സത്യപ്രബോധനം സ്വീകരിച്ചതായി നടിക്കുന്ന അവസരവാദികളെയും കപടവിശ്വാസികളെയും നമുക്ക് എവിടെയും കാണാനാകും. നിക്ഷിപ്ത താല്പര്യങ്ങള് എങ്ങനെയെങ്കിലും സംരക്ഷിക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. സത്യപ്രബോധക സംഘത്തോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്ന നിഷേധി പ്രമുഖരോട് അതേസമയം ഇക്കൂട്ടര്‍ ചങ്ങാത്തം പുലര്‍ത്തുകയും ചെയ്യും. ഇത്തരം പ്രമുഖരുമായി തുടര്‍ന്നുപോരുന്ന സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭയമാണ് ഈയൊരു ചങ്ങാത്തം നിലനിര്‍ത്തുന്നതിന് കാരണം. സത്യപ്രബോധനത്തെ അനുഗമിക്കുന്നവരോട് അവജ്ഞ കാട്ടുക എന്നതും ഈ കപടവിശ്വാസികളുടെ നയമാണ്. പ്രവാചകതിരുമേനിയുടെ കാലത്തുണ്ടായിരുന്ന കപടവിശ്വാസികളുടെ നിലപാടും ഇതുതന്നെയായിരുന്നു. അവരെക്കുറിച്ചാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്: ‘വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ ഞങ്ങള്‍ വിശ്വാസികളാണ് എന്നവര്‍ പറയും. സ്വന്തം ചെകുത്താന്മാരുടെ കൂടെ കൂടുമ്പോഴാകട്ടെ, ഞങ്ങള്‍ നിങ്ങളുടെ കൂടെയാണ് , ഞങ്ങളവരെ പരിഹസിക്കുകയായിരുന്നു എന്നും അവര്‍ പറയും'(അല്‍ബഖറ 14)
ഉള്ളില്‍ നിഷേധം ഒളിപ്പിച്ചുവെക്കുകയും പുറത്ത് വിശ്വാസിയാണ് എന്ന് നടിക്കുകയും ചെയ്യുന്ന കപടവിശ്വാസിയാണ് തുറന്ന നിഷേധിയേക്കാള് ഇസ്ലാമിന് ഏറ്റവുമധികം ദോഷം ചെയ്യുക. അവസരവാദവും നാട്യവും കൊണ്ട് വിശ്വാസികളെ വഞ്ചിക്കുന്ന നിഗൂഢശത്രുവാണവന്. പരസ്യശത്രുവിനെക്കാള് അപകടകാരി. എന്നാല്‍ വിശ്വാസികളെ നേര്‍ക്കുനേരെ ഉപദ്രവിക്കുകയോ രഹസ്യമായി ചതിക്കുകയോ ശത്രുക്കളോടൊപ്പം ചേര്‍ന്ന് ഉപജാപത്തില്‍ പങ്കെടുക്കുകയോ ചെയ്യാത്ത കപടവിശ്വാസികളുടെ ലക്ഷണം കാണിക്കുന്ന ചിലരുണ്ടാകും. അത്തരക്കാരോട് നന്മയിലും അനുനയത്തിലും വര്‍ത്തിക്കേണ്ട ബാധ്യത സത്യപ്രബോധകര്ക്കുണ്ട്. അവരുടെ ഹൃദയങ്ങളില്‍നിന്ന് വിധേയത്വത്തിന്റെ ദൗര്‍ബല്യവും സ്ഥാനനഷ്ടത്തിന്റെ ഭയപ്പാടും ക്രമേണ ഇല്ലാതാകാന്‍ ഈ നിലപാട് സഹായിക്കും. മാത്രമല്ല, അവരില്‍ വിശ്വാസവും ആത്മാര്‍ഥതയും ശക്തിപ്രാപിക്കാനും അത് വഴിയൊരുക്കും. മുന്‍പിന്‍ നോക്കാതെ ആരുടെ മേലും കാപട്യവും മതപരിത്യാഗവും ആരോപിക്കരുത്. ധൃതിപിടിച്ച് ഒരാളെയും വിശ്വാസികളുടെ മുഖ്യധാരയില്‍നിന്ന് പുകച്ചുപുറത്തുചാടിക്കുകയും ചെയ്യരുത്. പുറമെയുള്ളത് കണ്ടിട്ടാണല്ലോ നാം വിധി പറയുന്നത്. ഹൃദയങ്ങളിലുള്ളത് അല്ലാഹു മാത്രമേ അറിയൂ.
മൂന്ന്: തെറ്റുകുറ്റങ്ങളില്‍ ഏര്‍പ്പെടുകയും മതകല്പനകള്ക്കെതിര് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുണ്ട്. രണ്ട് ‘ശഹാദത്ത് ‘വചനങ്ങള്‍ ആവര്‍ത്തിച്ചുരുവിട്ട് അല്ലാഹുവിലും പ്രവാചകനിലും വേദഗ്രന്ഥങ്ങളിലുമുള്ള വിശ്വാസം പരസ്യപ്പെടുത്തിയിട്ടുള്ള കൂട്ടരായിരിക്കും ഇവര്‍. വിശ്വാസത്തിന്റെയോ ശഹാദത്തിന്റെയോ ധര്‍മങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പക്ഷേ ഇവര്‍ വിമുഖരായിരിക്കും. ഇസ്ലാമിനെ തള്ളിപ്പറയുംമട്ടിലുള്ള പ്രതികരണമോ നിഷേധാത്മകമായ സംസാരമോ വിശ്വാസികള്‍ക്കെതിരായ നീക്കമോ ഇവരില്നിന്നുണ്ടായെന്ന് വരില്ല. ഇത്തരക്കാരെ പ്രത്യേകം പരിഗണിക്കാന്‍ സത്യപ്രബോധകര്‍ ശ്രദ്ധിക്കണം.
എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ തെറ്റുകുറ്റങ്ങളില്‍ വീണുപോകുന്നത്, ഈ ഗര്‍ത്തത്തില്‍നിന്ന് എങ്ങനെയാണവരെ കരകയറ്റാനാകുക എന്നത് മുഖ്യവിഷയമാകണം. ഉദാത്തമായ ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി അവരെ നിന്ദിക്കുകയോ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യാത്തവിധം സൗമ്യമായ നിലപാടെടുക്കേണ്ടതുണ്ട്. അവരെ സന്മാര്ഗത്തിലേക്ക് പ്രചോദിപ്പിക്കുകയും സംസ്കരിക്കുകയും അപരര്‍ക്ക് വേണ്ടി നല്ലതുമാത്രം ചെയ്യുന്ന ഇസ്ലാമികസമൂഹത്തിന്റെ അംഗങ്ങളായി മാറ്റിയെടുക്കുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. നിന്ദയും അധിക്ഷേപവുമെല്ലാം കുറ്റകൃത്യങ്ങളുടെ ബീജങ്ങള്‍ക്ക് വീര്യം പകരുകയും അതുവഴി സത്യപ്രബോധകര്‍ക്ക് ദ്രോഹവും ശല്യവും വരുത്തിവെക്കുകയും ചെയ്യും.
തെറ്റുചെയ്യുന്ന വിശ്വാസിയെ സംബന്ധിച്ച് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട ഒരു കാര്യം ഇത്തരുണത്തില്‍ ഓരോ പ്രബോധകനും ഓര്‍ക്കുന്നത് നല്ലതാണ്:
‘മനുഷ്യര്‍ തെറ്റുചെയ്യുന്നവരാണ്. തെറ്റുചെയ്യുന്നവരില്‍ ഉത്തമന്മാര് പശ്ചാത്തപിക്കുന്നവരാണ്.’
വിശ്വാസികള്‍ ഒരിക്കലും പാപസുരക്ഷിതരല്ല. ദൈവദൂതന്മാരും പ്രവാചകന്മാരും മാത്രമേ ആ ഗണത്തില്‍ പെടുകയുള്ളൂ. ഇനി ഒരാള്‍ തെറ്റുചെയ്തുപോയാല്‍ ഉടനെ പശ്ചാത്തപിക്കുകയും വീണ്ടുമത് ആവര്‍ത്തിക്കുകയില്ല എന്ന് തീരുമാനമെടുക്കുകയുമാണ് വേണ്ടത്. വിശ്വാസത്തിന്റെ ബലഹീനത കൊണ്ടും പൈശാചികപ്രലോഭനങ്ങളുടെ സ്വാധീനവലയത്തില്‍ അശ്രദ്ധയാല്‍ അകപ്പെട്ടും ലൗകികമോഹങ്ങളില്‍ കുടുങ്ങിയും ഒരാള്‍ തെറ്റുചെയ്യാനിടയായേക്കാം. പരിചയസമ്പന്നനായ ഒരു ഭിഷഗ്വരന്റെ രീതിയായിരിക്കണം സത്യപ്രബോധകന് ഇവിടെ സ്വീകരിക്കേണ്ടത്. ആദ്യം രോഗകാരണം നിര്‍ണയിക്കുകയും തുടര്‍ന്ന് ചികിത്സിക്കുകയും ഉചിതമായ മരുന്ന് നിര്‍ദ്ദേശിക്കുകയും രോഗാവസ്ഥയില്‍നിന്ന് രോഗിയെ പൂര്‍ണ ആരോഗ്യത്തിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്യുക എന്നതാണല്ലോ പരിചയസമ്പന്നനായൊരു ഭിഷഗ്വരന്റെ ധര്‍മം. അതിന്റെ ഭാഗമായി ഇടക്കിടെ രോഗിയുടെ സ്ഥിതി പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
നാല്: പൊതുസമൂഹത്തില്‍ ഭൂരിപക്ഷവും സാധാരണക്കാരായിരിക്കും. നേതാക്കളും പ്രമാണിമാരും കുറച്ചേ ഉണ്ടാവൂ. ലോകത്ത് ഏതു സമൂഹത്തെയെടുത്താലും അവരിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ പൊതുവെ ശുദ്ധഗതിക്കാരായിരിക്കും നേതൃമോഹമോ അധികാരക്കൊതിയോ അവരുടെ മനസ്സുകളെ ദുഷിപ്പിക്കാനിടയില്ല. വിവിധതരം കൈവേലകളും തൊഴിലുകളും ചെയ്ത് ഉപജീവനം നടത്തുന്നവരാകും അവര്‍. ദരിദ്രരും അഗതികളും ഇക്കൂട്ടത്തിലുണ്ടാകും. ഇത്തരം സാധാരണക്കാരായിരിക്കും സത്യപ്രബോധനത്തോട് പെട്ടെന്ന് പ്രതികരിക്കുന്നവരും പ്രബോധകര്‍ ക്ഷണിക്കുന്ന നന്മയുടെ സരണിയെ അനുഗമിക്കുന്നവരും.
പ്രവാചകന്മാരുടെ കഥകള്‍ നമ്മോട് പറയുന്ന ഒരു വസ്തുതയുണ്ട്: അതായത്, ദൈവദൂതന്മാരില് വിശ്വസിക്കാനും അവരുടെ പ്രവാചകത്വത്തെ അംഗീകരിക്കാനും മുന്നോട്ടുവന്നിട്ടുള്ളത് എക്കാലത്തും സാധാരണക്കാരാണ്. നേതാക്കളെയും പ്രമാണിമാരെയും പോലെ സ്ഥാനമോഹമോ അധികാരം നഷ്ടപ്പെട്ടുപോകുമെന്ന ഭയമോ അവരെ അലട്ടുന്നില്ല എന്നതാണ് സത്യസന്ദേശത്തോട് അനുകൂലമായി പ്രതികരിക്കാന്‍ അവരെ സജ്ജമാക്കുന്ന അടിസ്ഥാനഘടകം. അഹന്തയോ അഹങ്കാരമോ നിക്ഷിപ്തതാല്പര്യങ്ങളോ ഒന്നും സത്യദര്‍ശനത്തിന് കീഴടങ്ങുന്നതില്‍നിന്ന് അവരെ വിലക്കാറുമില്ല. നേതാക്കളും പ്രമാണിമാരും പക്ഷേ സത്യപ്രബോധകരെ പിന്തുടരുന്നതില് വിമുഖത കാട്ടും. സത്യസരണി പിന്തുടരുന്നവരില് ഭോഷത്തവും ഹീനത്വവും അവര്‍ ആരോപിക്കുകയുംചെയ്യും.
സമൂദ് ജനതയിലെ പ്രമാണിമാരെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ‘സ്വാലിഹിന്റെ ജനതയിലെ പ്രമാണിമാര്‍ അവരിലെ ദുര്‍ബലരോട് ചോദിച്ചു: നിങ്ങള്‍ വിശ്വാസമര്പ്പിച്ചുകഴിഞ്ഞ സ്വാലിഹ് ദൈവദൂതനാണ് എന്ന അറിവ് നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ? അവര്‍ പറഞ്ഞു: അതെ, തീര്‍ച്ചയായും ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചിരിക്കുന്നു.'(അല്‍അഅ്റാഫ് 75).
അധികാരവും സ്ഥാനമാനങ്ങളും പണവും കയ്യടക്കിവെച്ചിരിക്കുന്ന പ്രമാണിവര്‍ഗം സാധാരണക്കാരായ ആളുകളെ ഭയപ്പെടുത്താനും അവരുടെ ഇഛാശക്തി തകര്‍ക്കാനും പ്രലോഭനവും മര്‍ദ്ദനവും ഭീഷണിയുമുപയോഗിച്ച് അവരെ നിര്വീര്യരാക്കാനുമാണ് ശ്രമിക്കുന്നത്. ഫിര്‍ഔന്റെയും അവന്റെ പ്രഭൃതികളുടെയും കാര്യത്തില്‍ അല്ലാഹു പറഞ്ഞത് ‘മൂസായുടെ ജനതയില്‍നിന്ന് ഏതാനും ചെറുപ്പക്കാര്‍ മാത്രമാണ് അവനില്‍ വിശ്വസിച്ചത്. ഫിര്‍ഔനും അവന്റെ പ്രഭൃതികളും തങ്ങളെ പ്രയാസപ്പെടുത്തുമോ എന്ന ഭയമായിരുന്നു അവരെ അലട്ടിയത്. തീര്‍ച്ചയായും ഫിര്ഔന് നാട്ടിലെ അഹങ്കാരിയും അധികാരം ധൂര്ത്തടിക്കുന്നവനുമായിരുന്നു'(യൂനുസ് 83) എന്നാണ്. ഏതാണ്ടിതുപോലെ മക്കയില്‍ മുഹമ്മദ് നബിയെ അനുഗമിച്ചവരും ഇത്തരം ദുര്‍ബലരും സാധാരണക്കാരുമായിരുന്നു. ബഹുദൈവവിശ്വാസികളായ മുശ്രിക്കുകളില്‍നിന്ന് നിരവധി പീഡനം അവര്‍ സഹിക്കേണ്ടി വന്നു.
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്