ഖുര്‍ആന്‍-പഠനങ്ങള്‍

സഹായത്തിനായി ഇനി ആര്‍ത്തുവിളിച്ചിട്ടെന്ത് ? (യാസീന്‍ പഠനം – 20)

وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ 

43. നാമിച്ഛിച്ചിരുന്നുവെങ്കില്‍ നാമവരെ മുക്കിക്കൊല്ലും. അപ്പോഴിവരുടെ നിലവിളി കേള്‍ക്കാനാരുമുണ്ടാവില്ല. ഇവര്‍ രക്ഷപ്പെടുകയുമില്ല

തന്റെ സൃഷ്ടിവൈവിധ്യവും അവയ്‌ക്കൊരുക്കിയ പരിസ്ഥിതിതാളവും എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിച്ചശേഷം ആ അനുഗ്രഹങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നീക്കിക്കളയാനാകും എന്ന് ഓര്‍മപ്പെടുത്തുകയാണ്. വലിയ വലിയ കപ്പലുകളെ ജലോപരിതലത്തില്‍ താങ്ങിനിര്‍ത്തുന്ന സമുദ്രജലത്തിന്റെ സ്വഭാവസവിശേഷതയെ ഇല്ലാതാക്കിയാല്‍ കപ്പല്‍ മുങ്ങി യാത്രക്കാര്‍ മരണപ്പെടുമെന്നതില്‍ യാതൊരു സംശയവും വേണ്ട. അല്ലാഹുവിന്റെ ആധിപത്യശക്തിയുടെ മറ്റൊരു ഭാവമാണ് ഇവിടെ അനാവരണംചെയ്യുന്നത്. അവന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ കഴിയുംവിധമാണ് പ്രകൃതിയെ അവന്‍ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. മനുഷ്യന് ഉപകാരപ്രദമായ അനുഗ്രഹങ്ങളാകുന്ന സേവനങ്ങള്‍ നൊടിയിടയില്‍ സമൂലനാശത്തിന് വഴിമാറുന്ന അമ്പരപ്പിക്കുന്ന സംവിധാനമായിമാറുന്നു. ഈ യാഥാര്‍ഥ്യം ഇന്ന് നമുക്ക് മുമ്പില്‍ ഏറ്റവും കൂടുതലായി അനാവരണംചെയ്യപ്പെട്ടിരിക്കുകയാണ് ഇക്കാലത്ത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി അസംഖ്യം വെള്ളപ്പൊക്കങ്ങളും ഗര്‍ത്തങ്ങളും കൊടുങ്കാറ്റുകളും ഫിലിപ്പീന്‍സിലും, ഭൂമികുലുക്കങ്ങള്‍ ഹെയ്തിയിലും അഫ്ഗാനിലും പാകിസ്താനിലും, ചുഴലിക്കാറ്റുകള്‍ ആസ്‌ത്രേലിയയിലും , അഗ്നിപര്‍വതസ്‌ഫോടനങ്ങള്‍ ഇന്ത്യോനേഷ്യയിലും നാം കണ്ടുകൊണ്ടിരിക്കുന്നു. ശാന്തമായ ജലസ്രോതസ്സുകളും നിശ്ചലമായ പാറകളും രൗദ്രഭാവംകൈക്കൊള്ളാന്‍ അല്ലാഹുവിന്റെ തീരുമാനം മാത്രംമതി.

മാറിമറിയുന്ന ഒരു ദൃശ്യപശ്ചാത്തലം മനസ്സിലിട്ടുതരികയാണ് അല്ലാഹു ഈ സൂക്തത്തിലൂടെ. കടലില്‍ ഒരു സംഘം ആളുകളോടൊപ്പം കപ്പലില്‍ യാത്രചെയ്തുകൊണ്ടിരിക്കുകയാണ് നിങ്ങളെന്ന് സങ്കല്‍പിക്കുക. സമയം എല്ലാവരും നിദ്രപ്രാപിക്കുന്ന നിശാന്ധകാരം. അങ്ങനെയിരിക്കെ കൊടുങ്കാറ്റിന്റെ ആരവം കേള്‍ക്കുകയായി. അതോടൊപ്പം കൂറ്റന്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങുന്നത് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. അത് നിങ്ങളുടെ നേരെ അതിവേഗം പാഞ്ഞടുത്തുകൊണ്ടിരിക്കുന്നു. അപകടാവസ്ഥ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. കപ്പല്‍ ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് ആടിയുലഞ്ഞുകൊണ്ടിരിക്കുന്നു. ഏതുനിമിഷവും അത് വെള്ളത്തില്‍ താഴ്ന്നുപോകാം. മരണത്തെ നിങ്ങള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് അടിയന്തിരസഹായം അത്യാവശ്യമാണ്. കപ്പലിലെ എല്ലാവരും പരസ്പരം സഹായിക്കുന്നതുപോയിട്ട് , സ്വന്തത്തെ രക്ഷിക്കാന്‍ കഴിയാത്തത്ര നിസ്സഹായരാണ്. ഈ ഘട്ടത്തില്‍ നിങ്ങളുടെ ആര്‍ത്തനാദംകേട്ട് സഹായിക്കുന്ന മറ്റൊരാളും (സ്വരീഖ്) ഉണ്ടാവില്ലെന്ന് അല്ലാഹു പറയുന്നു. വാവിട്ട് നിലവിളിക്കുക, സഹായത്തിനായി കേഴുക, അലറുക എന്നീ അര്‍ഥപരികല്‍പനയുള്ള ‘സ്വറഖ’ എന്ന വാക്കില്‍നിന്നാണ് ‘സ്വരീഖ് ‘നിഷ്പന്നമായിട്ടുള്ളത്. സഹായത്തിനുവേണ്ടിയുള്ള നിങ്ങളുടെ കരച്ചിലോ ആര്‍ത്തനാദമോ കൊണ്ട് യാതൊരു കാര്യവുമില്ല. നിങ്ങളെ രക്ഷിക്കാന്‍ ഒരാളുമുണ്ടാവുകയുമില്ല.

സ്ഥിതി വഷളാവുന്ന ഘട്ടത്തില്‍ ഉപകാരപ്പെട്ടേക്കും എന്ന് കരുതുന്ന സാധനം കൈക്കലാക്കി വെള്ളത്തിലേക്ക് ചാടാനായിരിക്കും നിങ്ങളുടെ ശ്രമം. അലയടിച്ചുയരുന്ന തിരമാലകളില്‍പെട്ട് വെള്ളം തൊണ്ടക്കുഴിയില്‍ എത്തുന്നതോടെ മുങ്ങിമരണത്തിന് അടുത്തെത്തിക്കഴിഞ്ഞു നിങ്ങള്‍. ജീവിതത്തിന്റെ പലഘട്ടത്തിലും നിങ്ങളെ രക്ഷപ്പെടുത്തിയവര്‍ക്ക് നിങ്ങള്‍ പലതും സമ്മാനമായിട്ട് നല്‍കിയിട്ടുണ്ടാവാം. എന്നാല്‍ ഇവിടെ തന്റെ സ്വന്തമായതെല്ലാം പകരം നല്‍കാം എന്നുപറഞ്ഞാല്‍ പോലും ആരും രക്ഷയ്ക്ക് ഉണ്ടാവുകയില്ല. ‘വലാ യുന്‍കദൂന്‍’ എന്നാല്‍ അവര്‍ രക്ഷിക്കപ്പെടുകയില്ല. അതോടൊപ്പം മറ്റൊരു ആശയവും വെളിപ്പെടുന്നുണ്ട്: ഇവിടെ മുങ്ങിമരണത്തില്‍നിന്ന് മാത്രമല്ല, നാളെ പരലോകശിക്ഷയില്‍നിന്നും അവര്‍ രക്ഷപ്പെടുകയില്ല. അതിനാല്‍
-അത്തരമൊരു ദുരന്തത്തില്‍നിന്ന രക്ഷപ്പെടുത്തുന്ന യാതൊരുവിധ സഹായിയും നിങ്ങള്‍ക്കുണ്ടാവുകയില്ല
-മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കെ നിങ്ങള്‍ രക്ഷപ്പെടുത്തപ്പെടുകയില്ല.

‘ഫലാ സ്വരീഖ ലഹും’ എന്നും ‘വ ലാ യുന്‍ഖദൂന്‍ ‘ എന്നും രണ്ട് ആശയങ്ങള്‍ ഒന്നിച്ചുപയോഗിച്ചതിന്റെ യുക്തിയെക്കുറിച്ച് ഇബ്‌നു ആശൂറിന്റെ വ്യാഖ്യാനം ഇങ്ങനെയാണ്: കടുത്ത മാനസിക-ശാരീരിക പ്രയാസങ്ങളുടെ നീര്‍ച്ചുഴിയില്‍ പെട്ട് ദുഃഖിതനായ ഒരാള്‍ക്ക് അല്ലാഹുവല്ലാതെ മറ്റൊരാളും സഹായിയായി ഉണ്ടാവുകയില്ല. നമ്മുടെ വിഷമാവസ്ഥയും പ്രയാസങ്ങളും നന്നായി അറിയുന്നയാള്‍ക്കുപോലും നമ്മെ സഹായിക്കാനാവില്ല.

إِلَّا رَحْمَةً مِّنَّا وَمَتَاعًا إِلَىٰ حِينٍ

44. അങ്ങനെയൊന്ന് സംഭവിക്കാത്തത് നമ്മുടെ കാരുണ്യം കൊണ്ട് മാത്രമാണ്. ഇവര്‍ നിശ്ചിത പരിധിവരെ ജീവിതസുഖം അനുഭവിക്കാനും.

ഭൗമോപരിതലത്തില്‍ നാം ജീവിച്ചുകൊണ്ടിരിക്കുന്നതും വിഘ്‌നങ്ങളേതുമില്ലാതെ കടല്‍യാത്രകള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അല്ലാഹുവിന്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ്. ദുര്‍ഘടമായ പാതകളും ഗിരിശൃംഗങ്ങളും താണ്ടാനുള്ള ശേഷി നല്‍കിയതും അവന്‍ തന്നെ.’അല്ലാഹു നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കിയിരിക്കുന്നു. നിങ്ങള്‍ അതിലെ വിശാലമായ വഴികളിലൂടെ സഞ്ചരിക്കാന്‍ .'(നൂഹ് 19-20)

നമ്മുടെ കാല്‍പാദത്തിനുകീഴിലുള്ള മണ്ണോ, നാല്‍പതുകിലോമീറ്റര്‍ താഴ്ചയില്‍, അയ്യായിരം ഡിഗ്രി സെല്‍ഷ്യസില്‍ ഉരുകിക്കിടക്കുന്ന ദ്രവരൂപത്തിലുള്ള കോറിന് മുകളിലൂടെ തെന്നിനീങ്ങിക്കൊണ്ടിരിക്കുന്ന മാന്റിലോ പൊട്ടിപ്പിളരുന്നതോ, എരിഞ്ഞുകൊണ്ടിരിക്കുന്നതോ യാത്രാവേളയില്‍ നാം അനുഭവിക്കുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അത് തണുപ്പാണ്; ദുരന്തങ്ങളില്‍നിന്ന് വിമുക്തവുമാണ്. ‘ഇല്ലാ റഹ്മതന്‍ മിന്നാ’ എന്ന സൂക്തഭാഗത്തിന് പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം ഇബ്‌നു കസീര്‍ നല്‍കുന്ന വിശകലനം ഇപ്രകാരമാണ്: അനന്തമായ ഒരു ആസ്വാദനത്തിന്റെ അവസരം ഉണ്ടാകുന്നതിനുമുമ്പോ അല്ലെങ്കില്‍ ശിക്ഷപിടികൂടും മുമ്പോ ഒരു നിശ്ചിതകാലം വരേക്കും മനുഷ്യന്‍ ഈ ഭൂമിയിലെ വിഭവങ്ങള്‍ ആസ്വദിച്ചുകൊണ്ട് (വ മതാഅന്‍ ഇലാ ഹീന്‍) കരയിലും കടലിലും ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ കാരുണ്യത്താല്‍ മാത്രമാണ്. ഇപ്പോള്‍ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുന്നു എന്നതിനേക്കാള്‍ ശിക്ഷ പിന്തിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.അതാണ് നമ്മുടെ കാരുണ്യം ഇല്ലായിരുന്നുവെങ്കില്‍ അവര്‍ രക്ഷപ്പെടുകയോ നിശ്ചിതകാലംവരേക്ക് നമ്മുടെ അനുഗ്രഹങ്ങള്‍ ആസ്വദിക്കുകയോ ചെയ്യുമായിരുന്നില്ലെന്ന് അല്ലാഹു പറഞ്ഞത്. ‘ഇലാ ഹീന്‍ ‘എന്നതിന് മരണംവരേക്കും എന്ന് ഖതാദഃ വിശകലനംചെയ്യുന്നുണ്ട്. മുഹമ്മദ് നബി(സ)യുടെ സമുദായത്തിന് മുമ്പ് കഴിഞ്ഞുപോയ നൂഹ്, ഹൂദ്, സ്വാലിഹ്, മൂസാ (അ)പ്രവാചകന്‍മാരുടെ സമുദായത്തിലെല്ലാം അല്ലാഹുവിന്റെ ശിക്ഷ വന്നിറങ്ങിയത് നാം കാണുന്നു. എന്നാല്‍ മുഹമ്മദ് നബിയുടെ സമുദായത്തില്‍ നിഷേധികള്‍ക്ക് ശിക്ഷ പരലോകത്താണ് ലഭിക്കുക.
ഇബ്‌നു ആശൂറിന്റെ വീക്ഷണത്തില്‍ ഈ സൂക്തത്തിന്റെ അര്‍ഥം ജീവനുള്ള എല്ലാറ്റിനും അന്ത്യമുണ്ടെന്നാണ്. ഇപ്പോള്‍ അവ ബാക്കിയായിട്ടുണ്ടെങ്കില്‍ അധികംവൈകാതെ അവ മരണത്തെ പുല്‍കുമെന്ന് ചുരുക്കം. ജീവിതത്തിന് അന്ത്യമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും അധികപേരും ദീര്‍ഘകാലം ജീവിക്കാന്‍ കൊതിക്കുന്നുവെന്നതാണ് സങ്കടകരം. ഇന്നത്തെ സമൂഹത്തിന്റെ അശ്രദ്ധയ്ക്ക് കാരണവും അതാണ്. യാതൊരു ശാശ്വതികത്വവുമില്ലാത്ത, നൈമിഷികവും, അസ്ഥിരവും നശ്വരവുമായ ഭൗതികനേട്ടങ്ങള്‍ക്കും സമ്പത്തിനും വേണ്ടി നാം ആയുസ്സ് ഹോമിക്കുന്നു. എന്നാല്‍ ആസന്നമായ മരണത്തിനുമുമ്പായി പരലോകത്തേക്ക് വേണ്ടി സമ്പാദിക്കുന്നതിനുള്ള യാതൊരു പരിശ്രമങ്ങളുമില്ല. പരലോകത്തിനെക്കാള്‍ ഭൗതികലോകവ്യവഹാരങ്ങള്‍ക്കായി അനാവശ്യതാല്‍പര്യം കാട്ടുന്നുണ്ട് താനും.

ഭാഷാമുത്തുകള്‍

മുമ്പ് പറഞ്ഞതുപോലെ ‘സ്വരീഖ് ‘ എന്നാല്‍ അലറുക, ആര്‍ത്തനാദം പുറപ്പെടുവിക്കുക, ആര്‍ത്തട്ടഹസിക്കുക എന്നൊക്കെയാണ് അര്‍ഥം. ഈ വാക്ക് ഖുര്‍ആനില്‍ മറ്റുപല ഇടങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. മൂസാ (അ) ഇസ്‌റാഈലിവംശജനും ഖിബ്തി വംശജനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെട്ട സംഭവം പരാമര്‍ശിക്കുന്ന സൂക്തം അവയിലൊന്നാണ്. ‘അടുത്ത പ്രഭാതത്തില്‍ പേടിയോടെ പാത്തും പതുങ്ങിയും മൂസ പട്ടണത്തില്‍ പ്രവേശിച്ചു. അപ്പോഴതാ തലേന്നാള്‍ തന്നോടു സഹായം തേടിയ അതേയാള്‍ അന്നും സഹായത്തിനായി മുറവിളികൂട്ടുന്നു’ (അല്‍ഖസ്വസ് 18).

സ്വരീഖ് എന്ന വാക്ക് സഹായത്തിനായി ആരെങ്കിലും മുറവിളികൂട്ടുമ്പോള്‍ രക്ഷയ്ക്കായി പാഞ്ഞെത്തുന്ന വ്യക്തിയെ സൂചിപ്പിക്കാനാണ്. പുറംകടലിലെ ആഞ്ഞടിച്ചുവീശുന്ന ചുഴലിക്കാറ്റില്‍ തിരമാലകളുടെ താഢനമേറ്റ് തകരുന്ന കപ്പലില്‍നിന്ന് സഹായത്തിനായി മുഴക്കുന്ന നിങ്ങളുടെ അട്ടഹാസത്തിന് പക്ഷേ ഉത്തരംചെയ്യുന്ന ആരുമുണ്ടാകില്ല. കപ്പല്‍തകര്‍ന്ന് നിങ്ങള്‍ ഉപ്പുവെള്ളം കുടിച്ച് ഓളപ്പരപ്പില്‍ കൈകാലുകളിട്ടടിക്കുമ്പോള്‍ എല്ലാ അര്‍ഥത്തിലും നിരാശപ്പെടേണ്ടിവരുന്ന ആ അവസ്ഥയില്‍ നിങ്ങളുടെ രക്ഷ അസാധ്യമാണെന്നാണ് ‘നഖ്ദ്’ എന്ന പ്രയോഗം പകര്‍ന്നുനല്‍കുന്ന ആശയം. ഈ രണ്ട് ആശയങ്ങളും ഒരൊറ്റ വാചകത്തിലൂടെ സന്നിവേശിപ്പിച്ച് നിസ്സംശയം മറ്റൊരു സംഗതി ഊട്ടിയുറപ്പിച്ച് പറയുകയാണിവിടെ. അതായത്,അല്ലാഹുവിങ്കല്‍ നിന്നല്ലാതെ മറ്റൊരു സഹായമോ രക്ഷയോ നിങ്ങള്‍ക്കുണ്ടാവുമെന്ന യാതൊരു പ്രതീക്ഷയും വേണ്ട. ഇവിടെ ‘ഇല്ലാ’ എന്നത് സഹായത്തിനായി ഒരുവിധത്തിലുമുള്ള ആര്‍ത്തനാദത്തിന്റെയും ദയനീയമായ വിളിയുടെയും ആവശ്യമില്ലാതെ അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യത്തെ വേര്‍തിരിച്ചുകാണിക്കാനാണ്. അല്ലാഹു സഹായിക്കുന്നത് കാറ്റിനെ അടക്കിനിറുത്തിയും കടലിനെ ശാന്തമാക്കിയുമാണ്. അത്തരത്തില്‍ സഹായിക്കുന്ന യാതൊരു സൃഷ്ടികളുമില്ല.

വിവേകമുത്തുകള്‍

ഇന്നത്തെ മതനിരാസക്കാലത്ത് പ്രവാചകആഗമനകാലത്തെപ്പോലെ വിഗ്രഹപൂജ ശക്തമല്ല. അതിനര്‍ഥം വിഗ്രഹപൂജ അറേബ്യന്‍ ഉപദ്വീപില്‍ മാത്രം ഒതുങ്ങിനിന്നിരുന്നുവെന്നല്ല. മക്കാമുശ്‌രിക്കുകള്‍ വിഗ്രഹങ്ങളെ വിളിച്ചുപ്രാര്‍ഥിച്ചിരുന്നത് അല്ലാഹുവിന്റെ സത്താഗുണങ്ങളില്‍ ചിലത് അവയിലേക്ക് ചേര്‍ത്തുവിളിച്ചുകൊണ്ടായിരുന്നു. വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ സാഷ്ടാംഗം നമിച്ച് പ്രാര്‍ഥിച്ചാല്‍ മാത്രമേ അവന്‍ വിഗ്രഹാരാധകനാകൂ എന്ന് നിര്‍ബന്ധമില്ല. ഇന്നത്തെ കാലത്ത് അല്ലാഹുവല്ലാത്തവയുടെ മേലും ദൈവികഗുണങ്ങളുണ്ടെന്ന് വാദിക്കുന്നുണ്ട്. പ്രകൃതിദുരന്തങ്ങളുടെ പിന്നില്‍ അത്തരം ശക്തികളാണെന്ന ചിലരുടെ വാദം അതിന് ഉദാഹരണമാണ്. പ്രകൃതിദേവത കോപിച്ചുവെന്നാണ് അതിന് അവര്‍ നല്‍കുന്ന വ്യാഖ്യാനം.

നമ്മുടെ ജീവിതത്തില്‍ ദുരന്തപൂര്‍ണമായ അവസ്ഥകള്‍ ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ, നാം അല്ലാഹുവിന്റെ തണലിലാണ് കഴിഞ്ഞുകൂടുന്നത്. എന്നാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന സ്വഭാവം പലര്‍ക്കുമില്ല. അധികപേരും അവനെ വിസ്മരിക്കുന്നു. എന്നാല്‍ പെട്ടെന്ന് ആപത്തില്‍ പെടുമ്പോഴോ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴോ നാം അവനെ ഓര്‍ക്കുന്നു.

ഇമാം ഹസന്‍ ബസ്വരി പറയുന്നു: ‘മരണത്തെക്കാള്‍ തീര്‍ച്ചയുള്ള ഒരു യാഥാര്‍ഥ്യത്തെ സംശയിക്കുന്നതില്‍ മനുഷ്യനെപ്പോലെ മറ്റൊരു ജീവിയെ കണ്ടിട്ടില്ല. മനുഷ്യന്‍ അങ്ങേയറ്റം നിരാശപ്പെടുന്ന സന്ദര്‍ഭം അവന്റെ മരണവേളയാണ്.’
കാറ്റുംകോളുമില്ലാത്ത ശാന്തമായ സന്ദര്‍ഭങ്ങളില്‍ ‘ജീവിതാനന്ദം നുകരുന്നവര്‍’ മരണമടുക്കുമ്പോള്‍ ആര്‍ത്തനാദം പുറപ്പെടുവിച്ചതുകൊണ്ട് രക്ഷപ്പെടാന്‍ പോകുന്നില്ല. മരണം അനിവാര്യമായും ഉണ്ടാകുന്ന യാഥാര്‍ഥ്യമാണെന്നിരിക്കെ അതിനുവേണ്ട ഒരുക്കം നാമെപ്പോള്‍ തുടങ്ങിവെക്കണം ? അതിന് സ്ഥല-കാല-സമയം ഇല്ലെന്ന് നാം മനസ്സിലാക്കുന്നു. അതിനാല്‍ യഥാര്‍ഥവിശ്വാസി അല്ലാഹുനല്‍കിയ അനുഗ്രഹങ്ങള്‍ ആസ്വദിക്കുമ്പോഴും അവനെ മറന്ന് നിലകൊള്ളുന്നില്ല. അല്ലാഹു അവിശ്വാസികളെക്കുറിച്ച് പറയുന്നു: ‘അങ്ങനെ അവര്‍ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ അറിയുക: നശിച്ച ജനമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരാവുകയില്ല'(അല്‍അഅ്‌റാഫ് 99).
ഈ മുന്നറിയിപ്പ് മനസ്സില്‍വെച്ചുകൊണ്ട് അല്ലാഹുവിലേക്ക് സകലപ്രതീക്ഷയുടെയും ബാലന്‍സിലേറി കപ്പല്‍യാത്ര നടത്തുന്നവനാണ് വിശ്വാസി. അവന്‍ അല്ലാഹുവിനെക്കുറിച്ച പ്രതീക്ഷയില്‍ അമിതആത്മവിശ്വാസംകൊള്ളുകയില്ല. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചോര്‍ത്ത് നിരാശയില്‍ പതിക്കുകയില്ല. അത് രണ്ടും മനുഷ്യനെ നിഷ്‌ക്രിയനും അലസനുമാക്കും. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ‘അല്ലാഹുവിങ്കലേക്ക് അഭയംതേടുന്ന ഹൃദയം ഉയര്‍ന്നുപറക്കുന്ന പക്ഷിയെപ്പോലെയായിരിക്കും. സ്‌നേഹമാണ് അതിന്റെ തല. ഭയവും പ്രതീക്ഷയും അതിന്റെ രണ്ടുചിറകുകളാണ്. തല ആരോഗ്യവത്താണെങ്കില്‍ ചിറകുകള്‍ നന്നായി പറക്കും. തല മുറിഞ്ഞുപോയാല്‍ പക്ഷി ചത്തുപോകുകയേയുള്ളൂ. രണ്ട് ചിറകിലൊന്നിന് മുറിവുപറ്റിയാല്‍ പക്ഷി വേട്ടക്കാരന്റെയോ ജന്തുക്കളുടെയോ ഇരയായിത്തീരും’.

Topics