Global

ഇസ്രയേല്‍ ജൂതരാഷ്ട്രമാകുന്നു; രാജ്യത്ത് ഫലസ്തീനികളുടെ ദുരിതകാലം

തെല്‍അവീവ്: ഇസ്രയേലിനെ പൂര്‍ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന നിയമത്തിന്റെ അന്തിമ രൂപത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം. പാര്‍ലമെന്റിന്റെ ജസ്റ്റിസ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.

ഭരണഘടനയനുസരിച്ച് ഇസ്രയേല്‍ ഒരു ജനാധിപത്യ രാഷ്ട്രമാണ്. എന്നാല്‍, ജൂതരാഷ്ട്രം എന്ന ഇസ്രയേലിന്റെ സ്ഥാപിത ലക്ഷ്യം നിയമപരമായി അരക്കിട്ടുറപ്പിക്കുകയാണ് ഈ നിയമനിര്‍മാണത്തിലൂടെ. ഇസ്രയേലില്‍ പതിനെട്ടു ലക്ഷത്തോളം ഫലസ്തീന്‍ വംശജരുണ്ട്. പുതിയ നിയമനിര്‍മാണത്തിലൂടെ ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും ജൂതന്മാര്‍ക്ക് മാത്രമായിരിക്കും. ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ ഇസ്രയേല്‍ ഭരണകൂടം ഫലസ്തീന്‍ വംശജരോട് കാണിക്കുന്ന വിവേചനവും മനുഷ്യാവകാശ ലംഘനവും കോടതികളില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനെ മറികടക്കുകയാണ് നിയമനിര്‍മാണത്തിലൂടെ ഉദ്ദേശിക്കുന്നത്.

പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ ഇസ്രയേല്‍ നെസറ്റിലെ അറബ്ഫലസ്തീന്‍ വംശജരായ സാമാജികരുടെ അവകാശങ്ങള്‍ കോടതികളില്‍ പോലും ഹനിക്കപ്പെടും. ഇസ്രയേലില്‍ നിലവില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കോടതികളില്‍ പ്രതിരോധിക്കുക മാത്രമാണ് ഈ നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. കിഴക്കന്‍ ജറുസലേമില്‍ നിന്ന് ഫലസ്തീന്‍ വംശജരെ പുറത്താക്കാനുള്ള ഒരു നിയമം കഴിഞ്ഞ മാസം നെസറ്റ് പാസാക്കിയിരുന്നു. ഈ നിയമം പോലും പുതിയ നിയമനിര്‍മാണത്തോടെ കോടതികളില്‍ ചോദ്യം ചെയ്യാന്‍ കഴിയാതെ വരും. ഇസ്രയേലില്‍ തന്നെയുള്ള ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവരുടെ വാദമുഖങ്ങള്‍ക്ക് നിയമപ്രാബല്യമില്ലാതാവുന്നു എന്നതാണ് പുതിയ നിയമനിര്‍മാണത്തിന്റെ അനന്തരഫലം.

Topics