മുഹമ്മദ്‌

മിഅ്‌റാജ്

ഗോവണി, കോണി/ ഏണി കയറുക എന്നിങ്ങനെയാണ് ‘മിഅ്‌റാജ്’ എന്ന അറബിവാക്കിന്റെ ഭാഷാര്‍ഥങ്ങള്‍. പ്രവാചകന്റെ വാനയാത്രക്കാണ് സാങ്കേതികമായി ‘മിഅ്‌റാജ് ‘ എന്നുപറയുന്നത്. ഖുര്‍ആനിലെ അത്തക്‌വീര്‍ (19-26) എന്ന അധ്യായത്തില്‍ ഈ സംഭവത്തിലേക്ക് സൂചനയുണ്ട്. ‘തന്റെ ദാസനെ(നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. ‘(അല്‍ ഇസ്‌റാഅ് 1). ഇതില്‍ ‘മസ്ജിദുല്‍ അഖ്‌സ്വാ’ ജറുസലമിലെ ദേവാലയമേതെന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഹദീസുകളില്‍ മിഅ്‌റാജിനെ സംബന്ധിച്ച ഏതാനും വിവരങ്ങള്‍ കാണാം. എന്നാല്‍ ഇസ്‌റാഉം മിഅ്‌റാജും ഒരേ ദിവസമാണോ നടന്നത്, പ്രവാചകന്റെ വാനയാത്ര ശരീരത്തോടെയായിരുന്നോ, ‘റൂഹ് ‘മാത്രമാണോ വാനയാത്ര നടത്തിയത് തുടങ്ങിയ സംശയങ്ങള്‍ക്ക് ഹദീസില്‍നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ല. എന്നാല്‍ മിഅ്‌റാജ് കേവലം ആത്മീയാനുഭവമാണെന്ന വാദത്തിന് ഖുര്‍ആന്റെ പ്രതിപാദനശൈലി പിന്തുണ നല്‍കുന്നില്ല.

ഇസ്‌റാഅ് നടന്നത് റബീഉല്‍ അവ്വല്‍ 17 നാണെന്നും റമദാന്‍ 17 നാണ് ആകാശാരോഹണം നടന്നതെന്നും ഇബ്‌നു സഅദ് പറയുന്നു. റജബ് 27ന് രാത്രിയാണ് പ്രസ്തുത സംഭവമുണ്ടായതെന്നാണ് വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസം. മക്കയിലെ പ്രവാചകദൗത്യത്തിന്റെ 12-ാം വര്‍ഷം റബീഉല്‍ അവ്വലിലാണ് ‘മിഅ്‌റാജ്’ സംഭവിച്ചത് എന്ന പ്രബലമായ നിഗമനവുമുണ്ട്. മിഅ്‌റാജ് സംഭവത്തെ നബി(സ) ഇങ്ങനെ വിവരിച്ചതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം: ‘ഞാന്‍ ചരിഞ്ഞുകിടക്കുകയായിരുന്നു. അപ്പോള്‍ ജിബ്‌രീല്‍ വന്ന് എന്റെ നെഞ്ചുപിളര്‍ന്ന് ഹൃദയം പുറത്തെടുത്തു. അത് സംസം ജലം കൊണ്ട് കഴുകി. എന്നിട്ടതില്‍ വിശ്വാസവും തത്ത്വജ്ഞാനവും നിറച്ചു. അതിനുശേഷം എനിക്ക് യാത്രചെയ്യാന്‍ ഒരു വെളുത്ത മൃഗത്തെ കൊണ്ടുവന്നു. ബുറാഖ് എന്നാണ് അതിന്റെ പേര്. കഴുതക്കും കോവര്‍കഴുതക്കും മധ്യേയാണതിന്റെ വലിപ്പം. ഞാന്‍ മൃഗത്തിന്റെ പുറത്തുകയറിയിരുന്നു. അങ്ങനെ ഏറ്റവും അടുത്ത ആകാശത്തിലെത്തുന്നതുവരെ ഞങ്ങള്‍ കയറി. കവാടം തുറക്കാന്‍ ജിബ്‌രീല്‍ ആവശ്യപ്പെട്ടു. ചോദിക്കപ്പെട്ടു: ‘ആരാണത്’? അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ജിബ്‌രീല്‍’. അപ്പോള്‍ അവര്‍ ചോദിച്ചു:’ആരാണ് കൂടെയുള്ളത്?’ അദ്ദേഹം പറഞ്ഞു:’മുഹമ്മദ്’അവര്‍ ചോദിച്ചു: ‘മുഹമ്മദിനെ പ്രവാചകദൗത്യനിര്‍വഹണത്തിനായി ക്ഷണിച്ചിരിക്കുന്നുവോ? ‘അദ്ദേഹം പറഞ്ഞു:’ഉവ്വ്’. അവര്‍ പറഞ്ഞു:’മുഹമ്മദേ! സ്വാഗതം. അവന്റെ ആഗമനമെത്ര ഉത്തമം’. തുടര്‍ന്ന് വാതില്‍ തുറക്കപ്പെട്ടു. ഞാന്‍ സ്വര്‍ഗത്തില്‍ ചെന്ന് നോക്കിയപ്പോള്‍ ആദമിനെക്കണ്ടു. ജിബ്‌രീല്‍ എന്നോട് പറഞ്ഞു: ‘ഇത് താങ്കളുടെ പിതാവ് ആദം. അദ്ദേഹത്തെ ആദരിക്കൂ’. ഞാന്‍ ആദമിനെ ആദരിച്ചു. അദ്ദേഹം എന്നോടുപറഞ്ഞു: ‘ശ്രേഷ്ഠനായ പുത്രാ താങ്കള്‍ക്ക് സ്വാഗതം. ശ്രേഷ്ഠനായ പ്രവാചകരേ, ‘. തുടര്‍ന്ന് ജിബ്‌രീല്‍ എന്നെ മുകളിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ രണ്ടാം വാനത്തിലെത്തി. വാതില്‍ തുറക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു……

വാതില്‍ തുറക്കപ്പെട്ടു. ഞാന്‍ രണ്ടാം വാനത്തിലെത്തിയപ്പോള്‍ അവിടെ ഈസായെയും യഹ്‌യയെയും കണ്ടു. ജിബ്‌രീല്‍ എന്നോട് പറഞ്ഞു: ‘ഇത് യഹ്‌യ, ഇത് ഈസാ രണ്ടുപേരോടും സലാം പറയൂ.’ ഞാന്‍ സലാം പറഞ്ഞു. അവര്‍ മടക്കി. അവര്‍ പറഞ്ഞു:’ശ്രേഷ്ഠനായ സഹോദരാ, പ്രവാചകരേ, സ്വാഗതം’.
ഞങ്ങള്‍ മൂന്നാംവാനത്തിലേക്ക് പോയി……. ഞാന്‍ മൂന്നാംവാനത്തിലെത്തിയപ്പോള്‍ അവിടെ യൂസുഫിനെ കണ്ടു….
ഞങ്ങള്‍ നാലാം വാനത്തിലെത്തി. അവിടെ യൂനുസിനെകണ്ടു.
ഞങ്ങള്‍ അഞ്ചാം വാനത്തിലെത്തി. അവിടെ ഹാറൂന്നെ കണ്ടു.

ജിബ്‌രീല്‍ എന്നെ ആറാം വാനത്തിലേക്ക് കൊണ്ടുപോയി. അവിടെ മൂസായെ കണ്ടു. ഞാന്‍ അദ്ദേഹത്തിന് സലാം പറഞ്ഞു. അദ്ദേഹം പ്രത്യഭിവാദനം ചെയ്തു. ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍/ പിന്നിട്ടപ്പോള്‍ അദ്ദേഹം കരഞ്ഞു. ഞാന്‍ ചോദിച്ചു:’താങ്കളെ എന്താണ് കരയിപ്പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘ആരുടെ ജനത എന്റെ ജനതയെക്കാള്‍ കൂടുതല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ അത്തരം ഒരാളെ എനിക്കുശേഷം നിയോഗിച്ചിരിക്കുന്നു’.
തുടര്‍ന്ന് ജിബ്‌രീല്‍ ഏഴാം വാനത്തിലേക്ക് കൊണ്ടുപോയി. വാതില്‍ തുറക്കാനാവശ്യപ്പെട്ടു. ചോദിക്കപ്പെട്ടു:’ആരാണത്?’ അദ്ദേഹം പറഞ്ഞു: ‘ജിബ്‌രീല്‍’. അവര്‍ ചോദിച്ചു:’ആരാണ് കൂടെ?’ അദ്ദേഹം പറഞ്ഞു:’മുഹമ്മദ്’ . ‘അദ്ദേഹത്തെ വിളിച്ചുവോ?’അവര്‍ ചോദിച്ചു. ജിബ് രീല്‍ പറഞ്ഞു:’ഉവ്വ്’ . അവര്‍ പറഞ്ഞു: ‘മുഹമ്മദേ, സ്വാഗതം അവിടുത്തെ ആഗമനം എത്രയോ ശ്രേഷ്ഠം’ ഞാന്‍ ഏഴാം വാനത്തില്‍ പ്രവേശിച്ചു. അവിടെ ഇബ്‌റാഹീമിനെ കണ്ടു. ജിബ്‌രീല്‍ പറഞ്ഞു: ‘ഇത് ഇബ്‌റാഹീം’. അദ്ദേഹത്തിന് സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കി. അദ്ദേഹം തുടര്‍ന്നു:’ശ്രേഷ്ഠനായ പുത്രാ, പ്രവാചകരേ, സ്വാഗതം’. തുടര്‍ന്നെന്നെ ‘സിദ്‌റതുല്‍ മുന്‍തഹാ’എന്ന വൃക്ഷത്തിനടുത്തേക്ക് കൊണ്ടുപോയി. കേള്‍ക്കൂ! അതിന്റെ പഴങ്ങള്‍ ജലം നിറച്ച തോല്‍സഞ്ചി പോലെ (പെരുത്തത്) അതിന്റെ ഇലകളോ ആനയുടെ ചെവിപോലെ. ജിബ്‌രീല്‍ എന്നോട് പറഞ്ഞു. ‘ഇതാണ് സിദ്‌റത്തുല്‍ മുന്‍തഹാ'(അറ്റത്തെ ഇലന്തവൃക്ഷം). ഞാന്‍ അവിടെ നാലുനദികള്‍ കണ്ടു. രണ്ടെണ്ണം ഗുപ്തവും രണ്ടെണ്ണം ഗോപ്യവുമാണ്. ഞാന്‍ ജിബ്‌രീലിനോട് ചോദിച്ചു:’ഇവ എന്ത്?’ അദ്ദേഹം പറഞ്ഞു: ‘ഒളിപ്പിച്ചുവെച്ചത് സ്വര്‍ഗത്തിലെ രണ്ട് നദികളാകുന്നു. പ്രത്യക്ഷമായത് നൈലും ഫുറാത്വും (യൂഫ്രട്ടീസ്‌നദി). ‘ അതിനുശേഷം എനിക്ക് ‘ബൈതുല്‍ മഅ്മൂര്‍ ‘കാണിച്ചു. തുടര്‍ന്ന് ഒരു പാത്രം നിറയെ തേനും ഒരു പാത്രം നിറയെ വീഞ്ഞും ഒരു പാത്രം നിറയെ പാലും എനിക്ക് വേണ്ടി കൊണ്ടുവന്നു. ഞാന്‍ പാല്‍ കുടിച്ചു. ജിബ്‌രീല്‍ എന്നോട് പറഞ്ഞു: ‘പാല്‍ മതമാകുന്നു. താങ്കള്‍ക്കും താങ്കളുടെ ജനങ്ങള്‍ക്കും അത് ലഭിക്കും.’

Topics