അന്ത്യകര്‍മങ്ങള്‍-ലേഖനങ്ങള്‍

മസ്തിഷ്‌കമരണം: ആധുനിക പണ്ഡിതരുടെ വീക്ഷണം

തലച്ചോറിന്റെ മരണം യഥാര്‍ഥ മരണമായി പരിഗണിക്കാമോ ? ഈ വിഷയത്തില്‍ ഡോക്ടര്‍മാരെപ്പോലെത്തന്നെ സമകാലിക കര്‍മശാസ്ത്രജ്ഞന്‍മാരും ഭിന്നാഭിപ്രായക്കാരാണ്. ചില ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ മരണത്തെ സാക്ഷാല്‍ മരണമായി കാണുന്നു. ഇക്കൂട്ടത്തില്‍ ഈജിപ്തിലെ ഡോക്ടേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ ഡോ. ഹംദി അസ്സയ്യിദുമുണ്ട്. അദ്ദേഹം പറയുന്നു: വൈദ്യശാസ്ത്രത്തിലും ചികിത്സോപകരണങ്ങളിലും കഴിഞ്ഞ കാലങ്ങളെക്കാള്‍ ഒട്ടേറെ പുരോഗതി ഇക്കാലത്തുണ്ടായിട്ടുണ്ട്; പ്രത്യേകിച്ചും കൃത്രിമ ശ്വാസോച്ഛാസം, ഇന്റന്‍സീവ് കെയര്‍, ചൈതന്യവത്കരണ മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍. ശരീരാവയവങ്ങളുടെ മരണത്തിന് മുമ്പ് തലച്ചോര്‍ മരിക്കുമെന്ന് ഈ ഉപകരണങ്ങള്‍ വെളിപ്പെടുത്തുന്നു. തലച്ചോര്‍ മരിച്ചാല്‍ അതെത്തുടര്‍ന്ന് ശരീരാവയവങ്ങളും മരണമടയും. തലച്ചോറാണ് ശരീരത്തെ നിയന്ത്രിക്കുന്ന അവയവം. രോഗിയുടെ തലച്ചോര്‍ മരിച്ചശേഷം ജീവിതം തിരിച്ചുകിട്ടിയ അനുഭവമേ ഉണ്ടായിട്ടില്ല. അദ്ദേഹം തുടരുന്നു: തലച്ചോറിന്റെ മരണമാണ് സാക്ഷാല്‍ മരണം എന്ന് അംഗീകരിക്കപ്പെട്ടാല്‍ തലച്ചോര്‍ മരിക്കുകയും അവയവങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ ഹൃദയം, കിഡ്‌നി, ലിവര്‍ എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയകളെ അത് സഹായിക്കും.
ഡോ. സയ്യിദ് പറയുന്നു: തലച്ചോര്‍ പൂര്‍ണമായും നശിക്കുന്ന ആളുകളെ മരിച്ചവരുടെ ഗണത്തിലാണ് പരിഗണിക്കുന്നത്. ഐസിയുവില്‍ അയാളുടെ ചില അവയവങ്ങള്‍ പ്രവര്‍ത്തനനിരതമാകുമെങ്കിലും , കൃത്രിമ ഉപകരണങ്ങള്‍ ചില ശാരീരികാവയവങ്ങളെ പ്രവര്‍ത്തനസജ്ജമാക്കിക്കൊണ്ടിരിക്കുമെങ്കിലും അവ നീക്കംചെയ്താല്‍ അവ നിശ്ചലമാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവ നീക്കം ചെയ്യപ്പെടുന്നത് കൊലയായി പരിഗണിക്കപ്പെടുകയില്ല. കാരണം, തലച്ചോറിന്‍െര മരണത്തോടെ യഥാര്‍ഥത്തില്‍ മരണം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഹൃദയം ഒരു പക്ഷേ മിടിക്കുന്നുണ്ടെങ്കിലും.

ചില ഡോക്ടര്‍മാര്‍ തലച്ചോറിന്റെ മരണം യഥാര്‍ഥമരണമായി കാണുന്നില്ല. ഡോ. സ്വഫ്‌വത് ഹസന്‍ ലുത്വ്ഫി ഈ ഗണത്തില്‍ പെടുന്നു. അദ്ദേഹം പറയുന്നു; തലച്ചോര്‍ മരിച്ചവര്‍ യഥാര്‍ഥത്തില്‍ മരണമടഞ്ഞവരല്ല. അഗാധമായ ബോധക്ഷയം സംഭവിച്ച ജീവനുള്ള രോഗികളാണ്. തലച്ചോര്‍ മരണമടഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ധാരാളം സംഭവങ്ങളുണ്ട്. അതിനാല്‍ ഇത്തരക്കാരെ മരിച്ചവരായി കണക്കാക്കി അവരുടെ അവയവങ്ങള്‍ നീക്കംചെയ്യുന്നത് സമ്പൂര്‍ണമായ കൊലപാതകം തന്നെയാണ്. അദ്ദേഹം തുടരുന്നു: ലോകത്ത് നടക്കുന്ന ശാസ്ത്രീയഗവേഷണങ്ങള്‍ തലച്ചോറിന്റെ മരണംനിര്‍ണയിക്കുന്നതിന് നടത്തുന്ന ടെസ്റ്റുകള്‍ സൂക്ഷ്മങ്ങളല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. തലച്ചോറിന്റെ സുപ്രധാന സെല്ലുകളുടെ വൈദ്യുതി പ്രവര്‍ത്തനം പരിശോധിച്ചുകൊണ്ടുള്ള ടെസ്റ്റുകളൊന്നും ഖണ്ഡിതമാണെന്ന് പറയാവതല്ല. തെറ്റായ ഫലങ്ങള്‍ അതിലൂടെ ലഭിക്കും. അതുപോലെ രക്തചംക്രമണത്തെ ആസ്പദിച്ചുള്ള ടെസ്റ്റുകളും തെറ്റാവാന്‍ സാധ്യതയുണ്ട്. രക്തം കുറവാണെങ്കില്‍ രക്തസഞ്ചാരം ദുര്‍ബലമാവുകയും പോസിറ്റീവായ ഫലങ്ങള്‍ നല്‍കപ്പെടാതിരിക്കുകയും ചെയ്യാം. ഡോ. സ്വഫ്‌വത് പറയുന്ന സുപ്രധാനമായ മറ്റൊരു വസ്തുത തലച്ചോറിന്റെ മരണം വിധിക്കാന്‍ പറ്റാത്ത പ്രായത്തെക്കുറിച്ച അഭിപ്രായവ്യത്യാസവുമുണ്ടെന്നതാണ്. കുട്ടികളില്‍ ഇത്തരം അഭിപ്രായങ്ങള്‍ അവലംബിക്കാന്‍ പറ്റില്ലെന്നതില്‍ മെഡിക്കല്‍ പ്രോട്ടോക്കോളുകള്‍ യോജിക്കുന്നു. കാരണം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അത്ഭുതാവഹമായ കഴിവുകള്‍ കുട്ടികള്‍ക്കുണ്ട്. ഏതാനും ആഴ്ചകള്‍ക്കുശേഷം പോലും അത് സാധിക്കും. കുട്ടികളുടെ ഈ പ്രായത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ വ്യത്യസ്താഭിപ്രായക്കാരാണ്. ചിലര്‍ രണ്ടുവയസ്സിന് മുമ്പ് മരണം നിര്‍ണയിക്കാന്‍ സാധ്യമല്ലെന്നുപറയുമ്പോള്‍ ചിലര്‍ അഞ്ചുവയസ്സെന്നും മറ്റുചിലര്‍ പത്തുവയസ്സെന്നും പറയുന്നു. മരണം പോലുള്ള ഗുരുതരമായ കാര്യത്തില്‍ ഇങ്ങനെ ഭിന്നാഭിപ്രായമുള്ള വിഷയം മാനദണ്ഡമായി എടുത്തുകൂടാ.

ഈ വിഷയം വിവിധരാഷ്ട്രങ്ങളിലെ കര്‍മശാസ്ത്രസെമിനാറുകളില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. അവയിലുണ്ടായ അഭിപ്രായങ്ങളെ രണ്ടായി സംഗ്രഹിക്കാം.

1. തലച്ചോറിന്റെ മരണം യഥാര്‍ഥ മരണമായി പരിഗണിക്കുന്നില്ല.
ഹൃദയത്തിന്റെ മിടിപ്പ് പൂര്‍ണമായി നിലച്ചെങ്കിലേ ഒരാള്‍ മരിച്ചെന്ന് വിധിക്കാവൂ. ഈ അഭിപ്രായമാണ് ഈജിപ്തിലെ ഫത്‌വാ ബോര്‍ഡിനും കുവൈത്തിലെ ഫത്‌വാ സമിതിക്കുമുള്ളത്. മുന്‍ശൈഖുല്‍ അസ്ഹറായ ശൈഖ് ജാദല്‍ ഹഖ് അലി ഡോ. ബക്ര്‍ അബൂസൈദ് (ജിദ്ദ ഫിഖ്ഹ് അക്കാഡമി അധ്യക്ഷന്‍), പ്രസിദ്ധകര്‍മശാസ്ത്രപണ്ഡിതനായ ഡോ. മുഹമ്മദ് റമദാന്‍ അല്‍ ബൂത്വി തുടങ്ങിയവര്‍ക്കും ഇതേ വീക്ഷണമാണുള്ളത്. ഡോ. റമദാന്‍ അല്‍ ബൂത്വിയുടെ അഭിപ്രായത്തില്‍ തലച്ചോറിന്റെ മരണം മാത്രം മരണം സംഭവിച്ചുവെന്നതിന്റെ തെളിവായി ഇസ്‌ലാമികശരീഅത്തില്‍ പരിഗണിക്കപ്പെടുകയില്ല. പ്രത്യുത അത് മിക്കപ്പോഴും ഉറപ്പായും സംഭവിക്കാന്‍ പോകുന്ന മരണത്തിന്റെ മുന്നറിയിപ്പുകാരനാണ്. എന്നാല്‍ ഇത് തന്നെയും വൈദ്യശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളനുസരിച്ചേ ശരിയാകൂ.ഇസ്‌ലാമിക ശരീഅത്ത് പ്രകാരമല്ല. ഇത് ഇസ്‌ലാമികശരീഅത്ത് പരിഗണിക്കാതിരിക്കാന്‍ രണ്ട് കാരണമുണ്ട്:

1. മരണം സംഭവിച്ചുവെന്ന് തീര്‍പ്പുകല്‍പിക്കണമെങ്കില്‍ അത് പൂര്‍ണമായും യഥാര്‍ഥത്തില്‍തന്നെ സംഭവിച്ചിരിക്കണം. സംഭവിക്കുമെന്ന പ്രതീക്ഷ ഉണ്ടായാല്‍ പോരാ.
2. മരണം എത്രകണ്ട് ഉറപ്പാണെങ്കിലും രോഗി ജീവിതത്തിലേക്ക് തന്നെ തിരിച്ചുവരികയെന്നത് ബുദ്ധിപരമായി അസാധ്യമായ കാര്യമല്ല. അതിനാല്‍ ശര്‍ഇലും അത് അസാധ്യമല്ല.

രോഗിയില്‍ ഉപയോഗിക്കുന്ന കൃത്രിമഉപകരണങ്ങളുടെ സഹായത്തോടെ സംഭവിക്കുന്ന ഹൃദയമിടിപ്പുകളും ശ്വാസവും ഇസ്‌ലാമികശരീഅത്തില്‍ എത്രകണ്ട് പരിഗണനീയമാണെന്ന് പല ഡോക്ടര്‍മാരും ചോദിക്കുന്നു. അവ നീക്കംചെയ്താല്‍ മരണം സംഭവിക്കുന്നു. ഈ ഉപകരണങ്ങള്‍ എത്രകാലം വെച്ചുകൊണ്ടിരിക്കണം? അതിനുള്ള മറുപടി ഇതാണ്: ഹൃദയത്തിന്റെ ചലനം തുടരുന്ന കാലത്തോളം മരിച്ചുവെന്ന് വിധികല്‍പിക്കാന്‍ പറ്റില്ല. ഈ ചലനം സ്വാഭാവികമാകട്ടെ, കൃത്രിമമാകട്ടെ. എന്നാല്‍ ഈ ഉപകരണങ്ങള്‍ വേര്‍പെടുത്തുകയാണെങ്കില്‍ അത് കൊലയായി എണ്ണപ്പെടാവതല്ല; ഉപകരണങ്ങള്‍ വേര്‍പെടുത്തിയാല്‍ ഹൃദയം നിലക്കുമെന്നും മരണം സംഭവിക്കുമെന്നും എത്ര ഉറപ്പാണെങ്കിലും. കാരണം, യഥാര്‍ഥ ജീവന്‍ ഈ ഉപകരണങ്ങളിലൂടെയല്ലല്ലോ ലഭ്യമാവുന്നത്. രോഗിയുടെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാനുള്ള ഏകമാര്‍ഗം ഉപകരണങ്ങള്‍ എടുത്തുമാറ്റുക എന്നതാണ്. അതിനുശേഷം മരണത്തിന്റെ ശര്‍ഇയായ തെളിവുകള്‍ ബോധ്യമായാല്‍ മരിച്ചുവെന്ന് തീരുമാനിക്കണം. അല്ലെങ്കില്‍ ജീവനുള്ളതായി പരിഗണിക്കപ്പെടണം.

ഈ അഭിപ്രായത്തിന് പിന്‍ബലമേകാന്‍ നല്‍കുന്ന തെളിവുകള്‍ ഇവയാണ്:
1. ഗുഹാവാസികളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘അപ്പോള്‍ നാം അവരെ , അതേ ഗുഹയില്‍ നിരവധി സംവത്സരങ്ങള്‍ ഗാഢനിദ്രയിലാഴ്ത്തി. പിന്നീട് നാം അവരെ ഉണര്‍ത്തി. അവരിരു കക്ഷികളില്‍ ആരാണ് തങ്ങളുടെ ഗുഹാവാസകാലം കൃത്യമായി തിട്ടപ്പെടുത്തുന്നതെന്ന് നോക്കേണ്ടതിന്ന്'(അല്‍കഹ്ഫ് 11,12)
ബോധവും അറിവും ഇല്ലാതാവുകയെന്നത് മനുഷ്യന്‍ മരിച്ചുവെന്നതിന് മതിയായ തെളിവല്ലെന്ന് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. തലച്ചോറിന്റെ മരണം സാക്ഷാല്‍ മരണമായി പരിഗണിക്കുന്നത് രോഗിക്ക് ബോധവും ധാരണയും ഇല്ലാത്തതുകൊണ്ടാണല്ലോ.
2. കര്‍മശാസ്ത്രത്തിന്റെ പൊതുതത്ത്വങ്ങളില്‍ പെട്ടതാണ്.

‘ഉറപ്പായ കാര്യം സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇല്ലാതാവുകയില്ല.’അഥവാ, രോഗിക്ക് ജീവനുണ്ടായിരുന്നുവെന്നത് അനിഷേധ്യമാണ്. തലച്ചോറിന്റെ മരണംമൂലം യഥാര്‍ഥമരണം സംഭവിച്ചുവെന്നത് സംശയാസ്പദവും. അപ്പോള്‍ ഉറപ്പായതാണ് സ്വീകരിക്കേണ്ടത്. കൂടാതെ ഇസ്തിസ്ഹാബ് അനുസരിച്ചും അതുതന്നെയാണ് ശരി. അതായത്, നേരത്തേ ഉണ്ടായിരുന്ന അതേ അവസ്ഥ പുതുതായി ഉണ്ടായതിനും നല്‍കുക. ആത്മാവ് ഉണ്ട് എന്നത് നേരത്തേ ഉറപ്പായ കാര്യമാണ്. മസ്തിഷ്‌കാഘാതത്തിനുശേഷവും അതേ അവസ്ഥ അംഗീകരിക്കുകയെന്നതാണ് ഇതിന്റെ താല്‍പര്യം.
3. ആത്മാവിന്റെ സംരക്ഷണം ശരീരത്തിന്റെ മൗലികലക്ഷ്യങ്ങളില്‍ പെട്ടതാണ്. രോഗിയെ ഈ സാഹചര്യത്തില്‍ ജീവനുള്ളതായി പരിഗണിക്കുകയെന്നതാണ് ഈ ലക്ഷ്യത്തിന് കൂടുതല്‍ സഹായകം.
4. ഇമാം റാഫിഈ പറഞ്ഞു: മരണം ഉറപ്പായാല്‍ ഉടനെ കുളിപ്പിക്കാനും മയ്യിത്ത് സംസ്‌കരിക്കാനും ഏര്‍പ്പാടുചെയ്യണം. രോഗമുണ്ടാവുകയും മരണത്തിന്റെ അടയാളങ്ങള്‍ പ്രകടമാവുകയുംചെയ്യുമ്പോഴാണ് മരണം സ്ഥിരീകരിക്കാന്‍ കഴിയുക. സംശയം ഉണ്ടാവുമ്പോള്‍ ഉറപ്പാകുന്നതുവരെ കാത്തിരിക്കണം.

രണ്ടാമത്തെ അഭിപ്രായം ഇതാണ്: തലച്ചോറിന്റെ മരണം സാക്ഷാല്‍ മരണമായി കാണുന്നു. ഹൃദയമിടിപ്പ് നിന്നെങ്കിലേ മരണം സ്ഥിരീകരിക്കാവൂ എന്ന് ഉപാധിയില്ല. ജിദ്ദയിലെ ഫിഖ്ഹ് അക്കാദമി, കുവൈത്തിലെ ഇസ്‌ലാമിക് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍, ഡോ. മുഹമ്മദ് നഈം യാസീന്‍ തുടങ്ങിയവരുടെ അഭിപ്രായം അതാണ്. ഡോ. മുഹമ്മദ് നഈം യാസീന്‍ പറയുന്നു: ആത്മാവും ശരീരവും തമ്മില്‍ പൊതുവെയും തലച്ചോറുമായി പ്രത്യേകിച്ചും ഉള്ള ബന്ധത്തെക്കുറിച്ച് മുസ്‌ലിം പണ്ഡിതന്‍മാരില്‍നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്‌പെഷ്യലിസ്റ്റുകള്‍ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലും എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം ഇപ്രകാരമാണ്: ജീവനുള്ള മനുഷ്യന്റെ ശരീരം -തലച്ചോറും അവയവങ്ങളുമെല്ലാം- വിസ്മയാവഹമായ രീതിയില്‍ പരസ്പരം കോര്‍ത്തിണക്കപ്പെട്ട ഉപകരണങ്ങളുടെ സൂക്ഷ്മസമുച്ചയമാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും ഭാഷയില്‍ ‘റൂഹ് ‘എന്ന് വിളിക്കപ്പെടുന്ന വസ്തുവെ ഇതില്‍ അല്ലാഹു നിക്ഷേപിക്കുന്നു. തലച്ചോറിലൂടെ ജീവനുള്ള മനുഷ്യശരീരത്തില്‍ ‘റൂഹ്’ ആണ് ആധിപത്യം വാഴുന്നത്. അതു പ്രവര്‍ത്തിപ്പിക്കുന്നതിനനുസരിച്ച് ശരീരം പ്രവര്‍ത്തിക്കുകയും അതിന്റെ നിര്‍ദ്ദേശപ്രകാരം പ്രതികരിക്കുകയുംചെയ്യും. ശരീരാവയവങ്ങളിലൂടെ റൂഹ് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അയക്കാനും സ്വീകരിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ സ്വീകരിക്കാനും കഴിയുന്നു. തലച്ചോറില്‍ ഒരുമിച്ചുകൂടുന്ന വിവരങ്ങളും വസ്തുതകളും ‘റൂഹ്’ വായിക്കുകയും അതനുസരിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ മനുഷ്യചലനങ്ങളായി പ്രത്യക്ഷപ്പെടുകയുംചെയ്യുന്നു. തലച്ചോറിന് ഭാഗികമായ കേട് സംഭവിച്ചാല്‍ റൂഹിന്റെ കല്‍പനകള്‍ക്ക് പ്രതികരിക്കാന്‍ ഭാഗികമായി കഴിയാതെ പോകും. പ്രസ്തുത കഴിവുകേട് ചില അവയവങ്ങളില്‍ പ്രകടമാകുകയും ചെയ്യും. തന്‍മൂലം പ്രതികരണങ്ങള്‍ പ്രകടിപ്പിക്കുന്നതും ഭാഗികമായി നിലക്കും. തലച്ചോര്‍ പൂര്‍ണമായി കേടുവന്നാല്‍ റൂഹിന്റെ ഉദ്ദേശ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ തലച്ചോറും പൂര്‍ണമായി അശക്തമാകും. തന്‍മൂലം ശരീരമാസകലം അശക്തമായി മാറും. ഈ ശക്തിഹീനത മാറ്റമില്ലാത്ത രീതിയില്‍ അന്തിമമായാല്‍ ശരീരത്തില്‍നിന്ന് റൂഹ് വേര്‍പെടും. തലച്ചോര്‍ അതിന്റെ പ്രവര്‍ത്തനം നിര്‍വഹിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെടുന്ന സമയം ഖണ്ഡിതമായി അറിയാന്‍ ബന്ധപ്പെട്ട വിദഗ്ധര്‍ക്ക് സാധിക്കുകയും അത് ചികിത്സിക്കാന്‍ ഒരു വഴിയുമില്ലെന്നവര്‍ അറിയിക്കുകയുംചെയ്താല്‍ ഈ സാഹചര്യത്തില്‍ മനുഷ്യന്റെ മരണം നിഷേധിക്കുന്നതിന് ന്യായീകരണമില്ല.
മേല്‍ അഭിപ്രായത്തിന് പിന്‍ബലമേകാന്‍ അവര്‍ ഉന്നയിക്കുന്ന തെളിവുകള്‍ ഇവയാണ്:

മനുഷ്യശരീരം ആത്മാവിന് സേവനം ചെയ്യാന്‍ അശക്തമാവുകയും അതിനോട് പ്രതികരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യജീവിതം അവസാനിക്കുന്നു എന്നകാര്യം പണ്ഡിതന്‍മാര്‍ അംഗീകരിക്കുന്നു. ഇബ്‌നുല്‍ ഖയ്യിം ആത്മാവിനെക്കുറിച്ച് പറയുന്നു: ശരീരവുമായി വേറിട്ടുനില്‍ക്കുന്ന ഒന്നാണ് റൂഹ്. അത് ചലിക്കുന്നതും സൂക്ഷ്മവും പ്രകാശമുള്ളതുമായ വസ്തുവാണ്. അവയവങ്ങളുടെ സത്തയില്‍ അത് ഇഴുകിച്ചേരുന്നു. പനിനീര്‍പൂവിന്റെ നീരുപോലെ ,കല്‍ക്കരിയിലെ തീപോലെ അത് അവയവങ്ങളില്‍ വ്യാപിക്കുന്നു. ഈ മൃദുലമായ വസ്തുവില്‍ നിന്നുല്‍ഭവിക്കുന്ന പ്രതികരണങ്ങള്‍ സ്വീകരിക്കാന്‍ അവയവങ്ങള്‍ക്ക് സാധിക്കുന്നിടത്തോളം കാലം അത് ഈ അവയവങ്ങളോട് ചേര്‍ന്നുകിടക്കും. തല്‍ഫലമായി അനുഭവവും ചലനവും സംഭവിക്കും. അവയവങ്ങള്‍ക്ക് ഈ പ്രതികരണങ്ങള്‍ സ്വീകരിക്കാന്‍ കഴിയാതായാല്‍ റൂഹ് ശരീരവുമായി വേര്‍പെടുകയും ആത്മാവുകളുടെ ലോകത്തേക്ക് പിരിഞ്ഞുപോവുകയുംചെയ്യും.

ഇമാം സര്‍ക്കശി പറഞ്ഞു: റൂഹ് ശരീരത്തില്‍ ഉണ്ടാകുമ്പോഴാണ് ജീവന്‍ ഉണ്ടെന്ന് ബോധ്യമാവുക. അതോടൊപ്പം സ്വേഛയാലുള്ള ചലനം ഉണ്ടാവണം. നിര്‍ബന്ധമായ ചലനം പോരാ . ഒരാടിനെ ചെന്നായ പിടിക്കുകയും അതിന്റെ ആമാശയവും കുടലും പുറത്തെടുക്കുകയുംചെയ്താല്‍ അതില്‍ നിര്‍ബന്ധിതമായ ചലനം അവശേഷിക്കും. ആ സമയത്ത് അറുത്താല്‍ അത് അനുവദനീയമല്ലല്ലോ. ഇതേ അവസ്ഥയിലുള്ള ഒരാളെ കൊന്നാല്‍ പ്രതിക്രിയ നിര്‍ബന്ധമാകുകയില്ല.
രണ്ടു അഭിപ്രായങ്ങളും മുന്നില്‍വെച്ചാല്‍ തലച്ചോറിന്റെ മരണം യഥാര്‍ഥ മരണമല്ലെന്ന അഭിപ്രായമാണ് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത്. ഇബ്‌നുല്‍ ഖയ്യിമിന്റെയും സമാനമനസ്‌കരുടെയും അഭിപ്രായം മതപരമായ പ്രമാണമായി പരിഗണിക്കുകയില്ല. വ്യക്തമായ രേഖകളില്ലാതെ കേവലം ബുദ്ധിപരമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മതവിധികള്‍ രൂപീകരിക്കാവതല്ല. പ്രത്യേകിച്ചും അവ വ്യക്തമായ മതസിദ്ധാന്തങ്ങള്‍ക്ക് എതിരാവുമ്പോള്‍.
1. ധാരാളം കേസുകളില്‍ തലച്ചോറിന്റെ മരണം മൂലം യഥാര്‍ഥ മരണം സംഭവിച്ചുവെന്ന തീരുമാനത്തിന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ജിദ്ദയിലെ ഫിഖ്ഹ് അക്കാദമി അധ്യക്ഷനായ ഡോ. ബക്ര്‍ അബൂസൈദ് പറയുന്നു: തലച്ചോറിന്റെ മുഖ്യഭാഗം മരിച്ചതിന്റെ പേരില്‍ ഒരു പ്രധാനവ്യക്തിത്വം മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അയാളുടെ ചില അവയവങ്ങള്‍ മറ്റുചിലരിലേക്ക് മാറ്റിവെക്കാനും അവര്‍ ഒരുങ്ങി. എന്നാല്‍ അയാളുടെ അനന്തരാവകാശികള്‍ അത് തടഞ്ഞു. എന്നാല്‍ പിന്നീട് അയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയും ഇതെഴുതുന്നതുവരെ ജീവിച്ചിരിക്കുകയുംചെയ്യുന്നു.
2. തലച്ചോറിന്റെ മരണം സാക്ഷാല്‍ മരണമായി കണക്കാക്കുന്ന ഡോക്ടര്‍മാര്‍ തന്നെ മരണനിര്‍ണയത്തില്‍ തെറ്റുകള്‍ സംഭവിക്കുമെന്ന് അംഗീകരിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മരണം സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാരുടെ ഒരുടീം തന്നെ വേണം. സൂക്ഷ്മമായ പരിശോധനയും സാധ്യമാവണം.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured