Global

ഭിന്നതകള്‍ക്ക് അന്ത്യംകുറിച്ച് ഹമാസും ഫത്ഹും അനുരഞ്ജന കരാറില്‍ ഒപ്പിട്ടു 

കൈറോ: വര്‍ഷങ്ങള്‍നീണ്ട ഭിന്നതകള്‍ക്ക് അന്ത്യംകുറിച്ച് ഹമാസും ഫത്ഹും അനുരഞ്ജന കരാറില്‍ ഒപ്പിട്ടു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കൈറോയില്‍ നടന്ന യോഗത്തിലാണ് ഇരുസംഘടനാ നേതാക്കളും ഒപ്പിട്ടത്.

അനുരഞ്ജന കരാറില്‍ 2011ല്‍ ഒപ്പുവച്ചിരുന്നെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല. നവംബര്‍ ഒന്നുമുതല്‍ ഈജിപ്തിനും ഗസ്സക്കും ഇടയിലുള്ള അതിര്‍ത്തികളുടെ നിയന്ത്രണം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഏറ്റെടുക്കുമെന്ന് ഫലസ്തീന്‍ അതോറിറ്റി തലവന്‍ അസ്സം അല്‍ മുഹമ്മദ് അനുരഞ്ജന കരാറില്‍ ഒപ്പിട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫത്ഹും ഹമാസും പ്രസ്തുത തീരുമാനത്തില്‍ യോജിച്ചിട്ടുണ്ട്. ഐക്യ ഫലസ്തീന്റെ മുഴുവന്‍ പ്രദേശങ്ങളിലും മഹ്മൂദ് അബ്ബാസിന്റെ ഭരണം വ്യാപിപ്പിക്കും. സുരക്ഷാ സജ്ജീകരണങ്ങള്‍ ഇവിടങ്ങളില്‍ വ്യാപകമാക്കും. കരാറില്‍ ഒപ്പുവച്ചതോടെ ദീര്‍ഘകാലമായുള്ള ഭിന്നത അവസാനിച്ചുവെന്നും പരമാധികാരവും സ്വാതന്ത്ര്യവുമുള്ള ഐക്യഫലസ്തീനാണ് ഇപ്പോള്‍ നിലവില്‍വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നത അവസാനിപ്പിക്കാന്‍ ഈജിപ്ത് വഹിച്ച പങ്കിനെ ഹമാസ് ഡെപ്യൂട്ടി തലവന്‍ സാലഹ് അല്‍ അരൂരി അഭിനന്ദിച്ചു. ഫലസ്തീന്‍ വിഷയം ഈജിപ്തിന്റെയും വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
അനുരഞ്ജന കരാര്‍ നിലവില്‍വന്നതോടെ നാഷനല്‍ കൗണ്‍സിലിലേക്കും നിയമനിര്‍മാണ സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുവര്‍ഷത്തിനിടയില്‍ നടക്കും. കരാറിലുള്ള തീരുമാനങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ല. ഹമാസിന്റെയും ഫത്ഹിന്റെയും നേതൃത്വത്തിലുള്ള സംയുക്ത സര്‍ക്കാരാണ് തെരഞ്ഞെടുപ്പുവരെ ഫലസ്തീനില്‍ ഭരണം നടത്തുക.

Topics