വസിയ്യത്ത്‌

വസ്വിയ്യത്തിന്റെ സാധ്യതകള്‍

സാമ്പത്തിക കേന്ദ്രീകരണത്തിന്റെ അപകടംകുറക്കാന്‍ ഇസ്‌ലാമിലെ ഫലപ്രദമായ മാര്‍ഗമാണ് വസിയ്യത്. സമൂഹനന്‍മ ലക്ഷ്യമാക്കി ബന്ധുക്കള്‍ക്കും പള്ളി, മദ്‌റസ, ആതുരാലയം തുടങ്ങി പൊതുസ്ഥാപനങ്ങള്‍ക്കും വസിയ്യത് ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. കടംവീട്ടല്‍ എത്രമാത്രം നിര്‍ബന്ധമാണോ അതിനോട് തുല്യപ്പെടുത്തി വസിയ്യതിന് ഇസ്‌ലാം നിയമപ്രാബല്യം നല്‍കി. ദായസ്വത്ത് വിഭജിക്കുന്നതിന് മുമ്പ് കടംവീട്ടേണ്ടതുപോലെ വസിയ്യത് വിഹിതവും മാറ്റിവെക്കണം. അതു സംബന്ധിയായ ഖുര്‍ആന്‍ വചനങ്ങളില്‍ ‘ദ്രോഹകരമല്ലാത്ത വസ്വിയ്യതോ കടമോ ഉണ്ടെങ്കില്‍ അത് കഴിച്ചുള്ളതില്‍ എന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. സ്വത്ത് വസിയ്യത് ചെയ്യാം. എന്നാല്‍ അതിന്റെ പേരില്‍ അനന്തരാവകാശികള്‍ ദരിദ്രരാകുന്നത് സൂക്ഷിക്കണം.

വസ്വിയ്യത് നിരുപാധികം ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അനന്തരാവകാശികള്‍ക്ക് വസ്വിയ്യത് ഇല്ല. അനന്തരാവകാശത്തിന്റെയും വസ്വിയ്യതിന്റെയും ഇരട്ടിവിഹിതം ഉടമപ്പെടുത്താതിരിക്കാനാണിത്. അനന്തരാവകാശത്തിന്റെ നിശ്ചിതവിഹിതം മതിയാകാതെ വരികയോ അനന്തരാവകാശത്തില്‍നിന്ന് തന്നെ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന അടുത്ത ബന്ധുക്കള്‍ക്ക് വേണ്ടിയാണ് വസ്വിയ്യത് ഏര്‍പ്പെടുത്തിയത്. പിതാമഹന്‍ ജീവിച്ചിരിക്കെ മരണപ്പെട്ട പുത്രന്റ കുട്ടികള്‍ക്ക് അനന്തരാവകാശ വിഹിതം നിശ്ചയിച്ചിട്ടില്ല- ഇവിടെ വസ്വിയ്യത് നിര്‍ബന്ധമാണ്.

ഒരാള്‍ ജീവിച്ചിരുന്ന കാലത്ത് വസ്വിയ്യത് ചെയ്തിട്ടുണ്ടെങ്കില്‍ ആ വസ്വിയ്യതിനെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കാതെ മറ്റുള്ളവര്‍ നടപ്പിലാക്കേണ്ടതാണ്. എന്നാല്‍ മൂന്നില്‍ ഒരു ഭാഗത്തിലധികം വസ്വിയ്യത് ചെയ്യുകയോ വസ്വിയ്യതിന് ഏറ്റവും അവകാശപ്പെട്ടവരെ ഒഴിവാക്കി വസ്വിയ്യത് ചെയ്യുകയോ, കുറ്റകരമായ കാര്യങ്ങള്‍ക്ക് വസ്വിയ്യത് ചെയ്യുകയോ മറ്റോ ചെയ്താല്‍ വസ്വിയ്യത് ഭേദഗതി ചെയ്യാവുന്നതാണ്. വസ്വിയ്യത് മൊത്തം സ്വത്തിന്റെ മൂന്നിലൊന്നില്‍ കൂടരുത്. മാത്രമല്ല, ആ അനന്തരസ്വത്തിന്റെ മൂന്നില്‍ രണ്ടും അവകാശികള്‍ക്കായി നീക്കിവെച്ചേ മതിയാകൂ എന്നും ഇസ്‌ലാം നിബന്ധനവെച്ചു.
‘അതിനെ (വസ്വിയ്യത്) ശ്രവിച്ചശേഷം വല്ലവനും മാറ്റിമറിച്ചാല്‍ അതിന്റെ കുറ്റം അതിനെ മാറ്റിയവരുടെ മേലത്രേ. നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്നവനും സര്‍വജ്ഞനുമാണ്. എന്നാല്‍ വസ്വിയ്യത് ചെയ്തവന്റെ പക്കല്‍നിന്ന് പക്ഷപാതമോ കുറ്റമോ വല്ലവനും ഭയപ്പെടുകയും എന്നിട്ട് അവര്‍ക്കിടയില്‍ നീതികൊണ്ട് രഞ്ജിപ്പുണ്ടാക്കുകയും ചെയ്താല്‍ അവന്റെ മേല്‍ കുറ്റമില്ല. നിശ്ചയം അല്ലാഹു ഏറ്റവും പൊറുക്കുന്നവനും ദയാലുവുമാണ്'(അല്‍ബഖറ 181-182).
വസ്വിയ്യത് ഭേദഗതി ചെയ്യുന്നതിനെയാണ് നീതികൊണ്ട് രഞ്ജിപ്പുണ്ടാക്കുക എന്നതുകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത്. എന്നാല്‍ ഭേദഗതി ചെയ്യുന്നവരുടെ മനസ്സിലെ ഉദ്ദേശ്യം നന്നായിരിക്കണമെന്നും ഈ വചനം നമ്മെ പഠിപ്പിക്കുന്നു. വസ്വിയ്യത് ചെയ്ത വ്യക്തിക്ക് താന്‍ മരിക്കുന്നതിന് മുമ്പായി വസ്വിയ്യതിനെ ദുര്‍ബലപ്പെടുത്താനും ഭേദഗതിവരുത്താനും അവകാശമുണ്ട്.

പിന്തുടര്‍ച്ചാവകാശി, അല്ലാത്തവന്‍ എന്നൊന്നും നോക്കാതെ ആര്‍ക്കും സ്വത്ത് മുഴുവന്‍ വസ്വിയ്യത് ചെയ്യാന്‍ അനുവദിക്കുന്ന ആധുനികനിയമത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഇസ്‌ലാം. പൂച്ചയ്ക്കും പട്ടിക്കും വരെ വസ്വിയ്യത് ചെയ്യാമെന്ന് അനുശാസിക്കുന്ന നിയമങ്ങള്‍ ഈ ആധുനികയുഗത്തിലും നിലനില്‍ക്കുന്നുണ്ടെന്നറിയുമ്പോഴാണ് സാമ്പത്തികസന്തുലിതാവസ്ഥ നിലനിര്‍ത്താനായി രചനാത്മകമായ ഇത്തരമൊരു നടപടി സ്വീകരിച്ച ഇസ്‌ലാമിന്റെ വ്യതിരിക്തത ബോധ്യപ്പെടുന്നത്.

About the author

padasalaadmin

Add Comment

Click here to post a comment

Topics