Home / പ്രമാണങ്ങള്‍ / സുന്നത്ത്‌ / സുന്നത്ത്-പഠനങ്ങള്‍ / പ്രവാചക ചികിത്സ: ഇബ്‌നുല്‍ ഖയ്യിമിന്റെ വീക്ഷണം

പ്രവാചക ചികിത്സ: ഇബ്‌നുല്‍ ഖയ്യിമിന്റെ വീക്ഷണം

രോഗങ്ങള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട് നബിതിരുമേനിയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസുകളിലെ ആജ്ഞകളും നിര്‍ദ്ദേശങ്ങളും എല്ലാ കാലത്തും എല്ലാവര്‍ക്കും ഒരുപോലെ ബാധകമായവയല്ല. നബി(സ)ഏത് സാഹചര്യത്തിലാണോ അവയെപ്പറ്റി സംസാരിച്ചത് സമാനമായ അവസ്ഥയിലുള്ളവര്‍ക്കാണ് അത് ബാധകമാവുക. ഒരു ഹദീസ് കാണുക: ‘ഊരവേദനയ്ക്ക് ചികിത്സയായി നാടന്‍ ആടിന്റെ ഊര വേവിച്ച് സൂപ്പാക്കി മൂന്ന് ഭാഗമാക്കുക. ഓരോ ഭാഗവും എല്ലാദിവസവും വെറും വയറ്റില്‍ കഴിക്കുക.’ ഇബ്‌നുല്‍ഖയ്യിം കുറിക്കുന്നു: ‘നബിയുടെ സംസാരത്തിന് രണ്ടുവശങ്ങളുണ്ട്.

1. സ്ഥല – കാല – വ്യക്തി – അവസ്ഥാന്തരങ്ങള്‍ക്കനുസൃതമായി എല്ലാവര്‍ക്കും സ്വീകരിക്കാവുന്നത്
2. ഹിജാസിലെയും പരിസരത്തിലെയും അറബികളോട്, വിശിഷ്യ മരുഭൂവാസികളായ അറബികളോടുള്ള സംസാരം. ഉപരിസൂചിത ചികിത്സ അവര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. നാടന്‍ ആടുകള്‍ മേയുന്ന മേച്ചില്‍ സ്ഥലങ്ങളുടെ പ്രത്യേകതയും കഴിക്കുന്ന തീറ്റയിലെ ഔഷധഘടകങ്ങളും പ്രധാനഘടകമാണ്.അത്തരം ആടുകളുടെ പാലും മാംസവും ഔഷധജന്യമായിരിക്കും. ഊരയിലെ മാംസത്തില്‍ ഔഷധസാന്നിധ്യം കൂടുതലാണ്. മരുപ്രദേശവാസികളുള്‍പ്പെടെ ഗ്രാമീണസമൂഹങ്ങള്‍ ഒറ്റമൂലിയാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ റോമക്കാരും ഗ്രീക്കുകാരും ഭക്ഷണമാണ് ചികിത്സക്കുപയോഗിക്കുന്നത്. അത് മതിയായില്ലെങ്കില്‍ ഒറ്റമൂലി, അതുപോരെങ്കില്‍ ഏറ്റവും കുറഞ്ഞ തോതിലുള്ള കൂട്ടുമരുന്ന്.

സാധാരണയായി ഗ്രാമീണവാസികളെ നിസ്സാരരോഗങ്ങള്‍ മാത്രമേ ബാധിക്കാറുള്ളൂ. നാടന്‍ ചികിത്സകൊണ്ട് അവ സുഖപ്പെടുത്താനാവും. അവരുടെ ഭക്ഷണത്തിന്റെ ലാളിത്യമാണതിന് കാരണം. എന്നാല്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ പല രുചികളിലും കഴിക്കുന്നവര്‍ക്കുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാന്‍ കൂട്ടുമരുന്ന് പ്രയോഗിക്കേണ്ടിവരും’.

മദീനയിലെ ഈത്തപ്പഴത്തെ ക്കുറിച്ച നബിവചനത്തെക്കുറിച്ചും ഇബ്‌നുല്‍ ഖയ്യിമിന് മറ്റൊരു വ്യാഖ്യാനമാണുള്ളത്.’അല്‍ ആലിയ ഈത്ത പ്പഴം രാവിലെ ഏഴെണ്ണം കഴിക്കുന്നയാള്‍ക്ക് വിഷമോ മാരണമോ ഏല്‍ക്കുകയില്ല'(ബുഖാരി, മുസ്‌ലിം).
‘മദീനയിലെ കറുത്ത കല്ലുകള്‍ക്കിടയിലുണ്ടാകുന്ന ഈത്തപ്പനയിലെ പഴം രാവിലെ കഴിച്ചാല്‍ വൈകുന്നേരം വരെ ഒരുതരം വിഷവും അയാളെ ഏല്‍ക്കുകയില്ല.’ഇവിടെ ഈ വിഷയം അഭിസംബോധനചെയ്യുന്നത് മദീനാവാസികളെയും സമീപപ്രദേശക്കാരെയുമാണ്. ചില പ്രദേശങ്ങളിലെ മരുന്നുകള്‍ക്ക് ഇതരസ്ഥലങ്ങളിലെ മരുന്നുകളെക്കാള്‍ ഫലപ്രാപ്തിയുണ്ട്. ഇത്തരം സ്ഥലങ്ങളിലെ ചെടികള്‍ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോയി നട്ടുപിടിപ്പിച്ചാലും അവ ചികിത്സക്കുപയുക്തമാകണമെന്നില്ല. മണ്ണിന്റെ പോഷണവ്യത്യാസവും കാലാവസ്ഥാസ്വാധീനവും പ്രധാനഘടകങ്ങളാണ്. ആളുംതരവും മാറുന്നതുപോലെ മണ്ണിന്റെ ഗുണമേന്‍മകളും മാറുന്നുണ്ട്. ചിലതരം സസ്യങ്ങള്‍ ചിലനാടുകളിലെ ഭക്ഷ്യപദാര്‍ഥമായിരിക്കാം. അത് പക്ഷേ മറ്റുചിലര്‍ക്ക് വിഷമയമാകാം. മറിച്ചുമുണ്ടാകാം. ഒരു നാട്ടുകാര്‍ക്ക് ഉപകാരപ്രദമായ മരുന്ന് മറ്റുനാട്ടുകാര്‍ക്ക് പറ്റിയതായിക്കൊള്ളണമെന്നില്ല. തന്നെയുമല്ല, ചിലപ്പോള്‍ ഹാനികരവുമായേക്കാം.
നബിയുടെ വൈദ്യവിധികളെ പൊതുവായ നിര്‍ദ്ദേശമായി സ്വീകരിക്കേണ്ടതില്ലെന്നാണ് ഇത്രയുംകൊണ്ട് നാം മനസ്സിലാക്കേണ്ടത്. നിര്‍ണിതമായ സന്ദര്‍ഭങ്ങളിലും പ്രത്യേകസാഹചര്യങ്ങളിലുമാണ് അത് പ്രയോജനപ്പെടുക. ചില വിധികളൊക്കെ നബിതിരുമേനിയുടെ അഭിപ്രായവും മാനുഷികാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഉരുത്തിരിച്ചതുമായിരിക്കാം.

About islam padasala

Check Also

നബിചര്യയിലെ നിയമവും നിയമേതരവും: ഇബ്‌നു ഖുതൈബയുടെ വീക്ഷണം

നബിചര്യയുടെ നിയമനിര്‍മാണപരം നിയമനിര്‍മാണേതരം എന്നിങ്ങനെയുള്ള വിഭജനം, വിഭജനത്തിന്റെ അടിസ്ഥാനം, പ്രയോഗവത്കരണത്തില്‍ അതിന്റെ സ്വാധീനം എന്നിവ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ ധാരാളം ചര്‍ച്ചകള്‍ …