അനന്തരാവകാശം-ലേഖനങ്ങള്‍

ഭിന്നലിംഗ മനുഷ്യര്‍ – ഇസ്‌ലാമികവീക്ഷണം

എഴുപതുകളില്‍ അത്‌ലറ്റിക് രംഗത്ത് ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായിരുന്ന ബ്രൂസ് ജെന്നര്‍ രണ്ടായിരത്തോടെ പൂര്‍ണവനിതയായി മാറിയതിന്റെ നാള്‍വഴികള്‍ വിശദീകരിച്ചുകൊണ്ട് അമേരിക്കന്‍ ചാനലില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഒരു അഭിമുഖം മുമ്പ് വരികയുണ്ടായി. അതില്‍ താന്‍ പുരുഷനായിരിക്കെ അനുഭവിച്ച അപരലിംഗസമ്മര്‍ദ്ദങ്ങളെയും അതില്‍നിന്നുള്ള മോചനത്തെയും കുറിച്ച് അവര്‍ വാചാലയാവുന്നുണ്ട്. ആ അഭിമുഖം സമൂഹത്തില്‍ ഒട്ടേറെ വാദകോലാഹലങ്ങളുയര്‍ത്തിവിടുകയുണ്ടായി. ലിംഗഅസംതൃപ്തി സ്വാംശീകരിക്കണമോ അതോ ചികിത്സിച്ചുഭേദമാക്കണോ? സ്ത്രീ-പുരുഷ സ്വഭാവവൈജാത്യങ്ങള്‍ സമൂഹം അടിച്ചേല്‍പിച്ചതോ അതോ ജൈവപ്രകൃതിയില്‍ തന്നെയുള്ളതോ? ലിംഗഭേദവും ലൈംഗികതയും ഒന്നുതന്നെയാണോ? സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് ഇടം നല്‍കേണ്ടതുണ്ടോ? തുടങ്ങി പലതും മുമ്പെന്നപോലെ ഇന്നും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു.

ബ്രൂസ് ജെന്നര്‍ എന്ന പുരുഷന്‍ കാതലീന്‍ ആയി മാറിയ പ്രസ്തുത സംഭവം രാഷ്ട്രീയ -സാമൂഹികതലങ്ങളില്‍ വമ്പിച്ച കോളിളക്കം ഉണ്ടാക്കി. ജനനസമയത്ത് ആണോ പെണ്ണോ എന്നതായിരിക്കും പൊതു ശൗചാലയങ്ങളില്‍ സ്ത്രീ-പുരുഷ പ്രവേശനയിടങ്ങള്‍ തീരുമാനിക്കപ്പെടുന്നതിനുള്ള മാനദണ്ഡം എന്ന വിവാദപരമായ ബില്‍ പോലും നോര്‍ത് കരോലിനയില്‍ പാസാക്കുകയുണ്ടായി. കടുത്ത എതിര്‍പ്പുകള്‍ അതെത്തുടര്‍ന്നുണ്ടായി. സെലിബ്രിറ്റികളും രാഷ്ട്രീയനേതാക്കളും, സാംസ്‌കാരികപ്രവര്‍ത്തകരും ഭിന്നലിംഗക്കാര്‍ക്കെതിരെയുള്ള ബില്ലിനെതിരെ രംഗത്തുവന്നു. ഒടുവില്‍ നോര്‍ത്ത് കരോലിന സ്‌റ്റേറ്റിന് ഒരു വര്‍ഷത്തിനുള്ളില്‍തന്നെ പ്രസ്തുതനിയമം പിന്‍വലിക്കേണ്ടിവന്നു.

ഇന്നും ലോകസമൂഹത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഭിന്നലിംഗസമൂഹത്തെക്കുറിച്ച ഇസ്‌ലാമികവീക്ഷണമെന്തെന്ന് പരിശോധിക്കുകയാണിവിടെ. ‘മുഖന്നഥ് ‘(സ്‌ത്രൈണപുരുഷന്‍, ഭിന്നലിംഗമനുഷ്യന്‍) എന്ന വാക്കാണ് ഹദീസുകളില്‍ ഇത് സംബന്ധിയായി ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യയിലും പാകിസ്താനിലും ചിലപ്രദേശങ്ങളില്‍ ‘ഹിജഡ’കളെന്നും ഇന്ത്യോനേഷ്യയില്‍ ‘വരിയ’ എന്നും സുപരിചിതരായ ഇക്കൂട്ടര്‍ സമൂഹത്തിന് മുമ്പില്‍ ജിജ്ഞാസയുണര്‍ത്തി നിലകൊള്ളുന്നു. അവരെ സംബന്ധിച്ച മതവിധികളെന്തെന്നതുസംബന്ധിച്ച് വിവിധ പണ്ഡിതവീക്ഷണമാണ് ചുവടെ കൊടുക്കുന്നത്.
ഖ ന ഥ എന്ന മൂലാക്ഷരങ്ങളില്‍ നിന്ന് ഉത്ഭൂതമായ ചുറുചുറുക്കില്ലാത്ത, വിധേയപ്പെടുന്ന എന്ന അര്‍ഥം നല്‍കുന്ന തഖന്നുഥില്‍നിന്നാണ് മുഖന്നഥ്, ഖുന്‍ഥാ എന്ന പ്രയോഗങ്ങള്‍ ഭാഷയില്‍ കാണാനാവുന്നത്. ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം:’ആഇശ(റ)ല്‍ നിന്ന്: നബിയുടെ അവസാനനാളുകളില്‍ അദ്ദേഹം ആഇശയുടെ മടിയില്‍ കൈവെച്ച് അതിന്‍മേല്‍ ചാരിക്കിടന്ന് വിശ്രമിക്കുമായിരുന്നു.’ ഇവിടെ ഇന്‍ഖനഥ ഫീ ഹിജ്‌രി എന്ന പ്രയോഗം താങ്ങാനുള്ള കരുത്തില്ലാതെ പരിക്ഷീണനായി ചാഞ്ഞു എന്നാണ്. പ്രകൃതത്തെയും അവസ്ഥയെയും കീഴ്‌മേല്‍ മറിക്കുക എന്ന അര്‍ഥപരികല്‍പനയും അതിനുണ്ട്. കുടിവെള്ളം ശേഖരിക്കാനുപയോഗിക്കുന്ന മൃഗത്തോലിന്റെ വായ്മുഖം മാറ്റിമറിക്കുന്നത്(കീറിവലുതാക്കുന്നതോ, തുന്നിച്ചെറുതാക്കുന്നതോ) നബി(സ) വിലക്കിയിരുന്നതായി റിപോര്‍ട്ടുകളില്‍ കാണാം.

ആണോ, പെണ്ണോ എന്ന് വേര്‍തിരിച്ചുമനസ്സിലാക്കാന്‍ കഴിയാത്ത വിധമുള്ളത് എന്ന ആശയം സമ്മാനിക്കുന്ന മുഖന്നഥ് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഒരു റിപോര്‍ട്ടനുസരിച്ച് സ്ത്രീകളെ പുരുഷന്‍മാരാക്കുന്നതും പുരുഷന്‍മാരെ സ്ത്രീകളാക്കുന്നതും നബിതിരുമേനി(സ) ശപിച്ചിരിക്കുന്നു. എത്രത്തോളമെന്നാല്‍ അവ്വിധം സ്ത്രീ- പുരുഷ രൂപം സ്വീകരിച്ചവരെ വീട്ടില്‍നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം കല്‍പിച്ചിട്ടുള്ളതായി ചില റിപോര്‍ട്ടുകളിലുണ്ട്. ത്വബറാനിയില്‍നിന്ന് റിപോര്‍ട്ടുചെയ്യുന്ന ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു:’ പുരുഷപ്രകൃതിയില്‍ സൃഷ്ടിക്കപ്പെട്ട ഒരാള്‍ സ്വമേധയാ സ്ത്രീയാകുകയും സ്‌ത്രൈണസ്വഭാവം അനുകരിക്കുകയും ചെയ്താല്‍ അവന്‍ ഈ ലോകത്ത് ശപിക്കപ്പെട്ടിരിക്കുന്നു.’ മറ്റൊരു റിപോര്‍ട്ടിലുള്ളത് ഇങ്ങനെയാണ്:’മൂന്നുകൂട്ടര്‍ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ അക്കൂട്ടത്തില്‍ ഒന്ന്’പുരുഷനായിത്തീര്‍ന്ന സ്ത്രീ’യാണ്. മറ്റൊരു റിപോര്‍ട്ടില്‍ സ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയ ആള്‍ക്ക് അയാളുടെ പെരുമാറ്റം സ്ത്രീസമാനമല്ലെന്ന് വന്നാല്‍, സ്ത്രീകളുടെ പൊതുസദസ്സില്‍ പങ്കുകൊള്ളണമെങ്കില്‍ അനുവാദം വാങ്ങിയിരിക്കണം എന്ന് കാണാം. പലപ്പോഴും അവരെ പട്ടണത്തില്‍നിന്ന് വിലക്കിയതായി ചില റിപോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. ബുഖാരിയില്‍ വന്നിട്ടുള്ള ഒരു ഹദീസില്‍ അവരെ തുടര്‍ന്ന് നമസ്‌കരിക്കുന്നത് വിലക്കിയിട്ടുണ്ട്. കൈയ്യിലും കാലിലും മൈലാഞ്ചിയണിഞ്ഞുവന്ന ‘മുഖന്നഥി’നോട് പ്രവാചകതിരുമേനി (സ) കയര്‍ത്തുസംസാരിച്ചത് സംബന്ധിച്ച വിവരണം സുനനു അബീദാവൂദിലുണ്ട്. ചുറ്റുമുള്ളവരോട് ‘ഇയാളെന്തിനാണ് ഇങ്ങനെ മൈലാഞ്ചിയിട്ടതെന്ന’ ചോദിച്ചപ്പോള്‍ അയാള്‍’സ്ത്രീകളെ അനുകരിക്കുന്നു’വെന്നായിരുന്നു ലഭിച്ച മറുപടി . ഒട്ടുംവൈകാതെ നബിതിരുമേനി അയാളെ നഖിയ് ഗ്രാമത്തിലേക്ക് നാടുകടത്താന്‍ കല്‍പിക്കുകയുംചെയ്തു. മറ്റൊരാളെക്കുറിച്ച് മുഖന്നഥാണെന്ന് ആരോപണം നടത്തിയയാളെ തിരുമേനി 20 ചാട്ടവാറടിക്ക് വിധേയനാക്കിയത് ഇബ്‌നു മാജഃയും തിര്‍മിദിയും എടുത്തുദ്ധരിച്ചിട്ടുണ്ട്.

മേല്‍ ഹദീസ് ഉദ്ധരണികളില്‍നിന്ന് 3 രീതിയിലുള്ള ഭിന്നലിംഗക്കാരെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു.

1. അവ്യക്ത സ്‌ത്രൈണപുരുഷന്‍

2. പിറവിതൊട്ടേ സ്‌ത്രൈണപുരുഷന്‍

3. പരിവര്‍ത്തിത സ്‌ത്രൈണപുരുഷന്‍. ഈ വിഭജനങ്ങള്‍ എങ്ങനെയെന്നതാണ് തുടര്‍ന്ന് വിവരിക്കുന്നത്.

1. അവ്യക്ത സ്‌ത്രൈണപുരുഷന്(ഭിന്നലിംഗമനുഷ്യന്‍) സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങള്‍ ഉണ്ടാവും. ആണായും പെണ്ണായും ഇണകളായി മനുഷ്യനെ സൃഷ്ടിച്ചു(അന്നജ്മ് 45) എന്ന് അല്ലാഹു പറഞ്ഞിരിക്കെ ആണും പെണ്ണുമല്ലാതെ മറ്റൊരു കൂട്ടരില്ലെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ ഭിന്നലിംഗക്കാരെ അവര്‍ യഥാര്‍ഥത്തില്‍ ആണോ പെണ്ണോ എന്ന് മനസ്സിലാക്കാനായി പലതരം രീതികള്‍ പൗരാണിക കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ വിവരിക്കുന്നുണ്ട്. ഏത് മൂത്രാവയവമാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കി ആണോ പെണ്ണോ എന്ന് നിജപ്പെടുത്തുന്നതാണ് അതിലേറ്റവും എളുപ്പവും കൂടുതല്‍ സ്വീകാര്യവുമായ മാര്‍ഗം. ലിംഗത്തിലൂടെയാണ് മൂത്രം പോകുന്നതെങ്കില്‍ പ്രസ്തുത വ്യക്തി ആണും യോനിമൂത്രനാളിയിലൂടെയാണ് മൂത്രം വിസര്‍ജ്ജിക്കുന്നതെങ്കില്‍ അത് പെണ്ണും എന്ന് ഉറപ്പിക്കാം. ഇനി ആ മാര്‍ഗം നിര്‍ണയത്തിന് പ്രയാസമുണ്ടാക്കുന്നുവെങ്കില്‍(ജനനേന്ദ്രിയങ്ങള്‍ ബാഹ്യമായി ദൃശ്യമാകാത്ത അവസ്ഥ) ശരീരത്തില്‍ മീശ-താടി രോമങ്ങള്‍ , മാസമുറ, സ്തനവളര്‍ച്ച തുടങ്ങി സ്ത്രീ-പുരുഷ വൈജാത്യത്തിന്റെ അടയാളങ്ങള്‍ പരിശോധിച്ച് വേര്‍തിരിച്ചറിയാം. അങ്ങനെ ആണോ പെണ്ണോ എന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെയൊരിക്കലും അയാള്‍ ഭിന്നലിംഗക്കാരനായിരിക്കുകയില്ല. ഇത്തരം അവ്യക്ത ഭിന്നലിംഗാവസ്ഥ വളരെ അപൂര്‍വമായാണ് ഉണ്ടാവുന്നത്.

ജനനേന്ദ്രിയങ്ങളുടെ അഭാവം: മനുഷ്യരില്‍ സ്വാഭാവികമായി കാണുന്ന ജനനേന്ദ്രിയങ്ങള്‍ ബാഹ്യമായി ദൃശ്യമാകാത്ത അവസ്ഥയാണിത്. എങ്കിലും ആണിന്റെയോ പെണ്ണിന്റെയോ ശാരീരികപ്രത്യേകതകള്‍ അവരില്‍ ഉണ്ടായിരിക്കും. ആ പ്രത്യേകതകളെ മുന്‍നിര്‍്ത്തി ആണോ പെണ്ണോ എന്നത് നിര്‍ണയിക്കാനാണ് ഇസ്‌ലാമിന്റെ നിര്‍ദ്ദേശം. ജനനേന്ദ്രിയവളര്‍ച്ചാമുരടിപ്പും ശരീരത്തിലെ സ്ത്രീ- പുരുഷ ഹോര്‍മോണുകളുടെ അഭാവവും ശാരീരികസവിശേഷതകളുടെ അസാന്നിധ്യവുമായി ഒത്തുചേരുന്നുവെങ്കില്‍ താഴെ വിവരിക്കുന്ന ഏത് ഗണത്തില്‍ പെടുമെന്നാണ് നമുക്ക് പരിശോധിക്കാനുള്ളത്.

ആണ്‍-പെണ്‍ ലൈംഗികാവയവങ്ങളുടെ സാന്നിധ്യം

അവ്യക്ത ഭിന്നലിംഗമനുഷ്യരുടെ ഗണത്തില്‍ വരുന്ന രണ്ട് വിഭാഗത്തിലൊന്നാണ് ഇത്. ആണ്‍പെണ്‍ സവിശേഷതകള്‍ ഉണ്ടായിരിക്കെ പ്രസ്തുത സവിശേഷതകളെ ഊട്ടിയുറപ്പിക്കുംവിധമുള്ള ജനനേന്ദ്രിയങ്ങള്‍ ബാഹ്യമായി കാണപ്പെടാതിരിക്കുന്ന അവസ്ഥയാണതിലൊന്ന്. സ്ത്രീ-പുരുഷ സമ്മിശ്രാവസ്ഥ എന്ന് വിളിക്കാവുന്ന ഈ സവിശേഷാവസ്ഥയെ വളരെ സൂക്ഷ്മമായി കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ വിശകലനം ചെയ്യുന്നുണ്ട്. നേരത്തേ പറഞ്ഞിട്ടുള്ളതുപോലെ, ആണ്‍- പെണ്‍ ലൈംഗികാവയവങ്ങളുണ്ടെങ്കില്‍ തന്നെയും ഏത് ലിംഗാവസ്ഥയാണ് പ്രസ്തുത വ്യക്തിക്കുള്ളതെന്ന് ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യം. പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പ് അവ്യക്ത ഭിന്നലിംഗാവസ്ഥയുള്ള വ്യക്തി മൂത്രവിസര്‍ജ്ജനം നടത്തുന്നത് ഏത് അവയവത്തിലൂടെ(ലിംഗം/യോനി)യാണോ അതനുസരിച്ച് സ്ത്രീയെന്നോ പുരുഷനെന്നോ ഉറപ്പാക്കുകയാണ്. ഇത് ഏകോപിതപണ്ഡിതാഭിപ്രായമാണെന്ന് ഇബ്‌നു ഖുദാമ (മരണം:620/1223) പറയുന്നുണ്ട്. ഇതുസംബന്ധിച്ച് രണ്ട് ഹദീസുകള്‍ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങള്‍ ഉള്ള ആള്‍ക്ക് അനന്തരസ്വത്തിന്റെ പങ്ക് എത്രയെന്ന് നിര്‍ണയിക്കാന്‍ ആ വ്യക്തി ഏത് അവയവത്തിലൂടെയാണ് മൂത്രമൊഴിക്കുന്നതെന്ന് പരിശോധിക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ച സംഭവമാണ് അതിലൊന്ന്. രണ്ടാമത്തേത് അലി(റ)ന്റെ നിര്‍ദ്ദേശത്തെ വിവരിച്ചുകൊണ്ടുള്ളതാണ്. അനന്തരസ്വത്തിന്റെ ഓഹരിനിര്‍ണയം എങ്ങനെയെന്ന ആഗതന്റെ ചോദ്യത്തിന് പ്രസ്തുതവ്യക്തിയുടെ മൂത്രവിസര്‍ജ്ജനാവയവം ഏതെന്ന് ഉറപ്പിക്കാനായിരുന്നു അലി(റ)യുടെ നിര്‍ദ്ദേശം. എന്നാല്‍ പ്രവാചകനില്‍നിന്നുള്ള ഉദ്ധരണിയുടെ ആധികാരികത പരിശോധിച്ച് പ്രസ്തുത ഹദീസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രസിദ്ധ ഹദീഥ് പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനി വ്യക്തമാക്കുന്നുണ്ട്. രണ്ട് നിവേദനങ്ങളുടെയും പരമ്പരകളില്‍ ദൗര്‍ബല്യമുണ്ടെന്ന് ഇമാം ബൈഹഖി നിരീക്ഷിക്കുന്നു.

ലിംഗനിര്‍ണയവിഷയത്തില്‍ മൂത്രവിസര്‍ജ്ജനം ബോധ്യംവരാത്ത ഘട്ടത്തില്‍ മറ്റുമാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെക്കുറിച്ച് മദ്ഹബുകള്‍ക്ക് വ്യത്യസ്തകാഴ്ചപ്പാടുകളുണ്ട്. സ്ത്രീലൈംഗികാവയവത്തിലൂടെയാണോ പുരുഷലൈംഗികാവയവത്തിലൂടെയാണോ ആദ്യം അല്ലെങ്കില്‍ കൂടുതല്‍ മൂത്രം വരുന്നതെന്ന പരിശോധനാരീതികള്‍ സ്വീകരിക്കാമെന്ന നിലപാടും അതില്‍പെടുന്നു. ആദ്യം എന്ന അവസ്ഥ മനസ്സിലാക്കാന്‍ പ്രയാസമുണ്ടെങ്കില്‍ അളവില്‍ കൂടുതലായി വരുന്നത് പരിഗണിച്ച് ലിംഗനിര്‍ണയം നടത്താം എന്ന ചിലരുടെ വീക്ഷണത്തെ ഇമാം അബൂ ഹനീഫ തള്ളിപ്പറയുന്നു. എന്നാല്‍ ‘ഇരട്ടചങ്ങാതിമാര്‍’ എന്ന വിശേഷണമുള്ള അബൂയൂസുഫ്, മുഹമ്മദ് ശൈബാനി എന്നീ ശിഷ്യന്‍മാര്‍ ഈ വീക്ഷണത്തിനെതിരാണ്. അവരുടെ എതിര്‍വീക്ഷണത്തെക്കുറിച്ച് ഗുരുവിനോട് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം ‘മൂത്രം അളന്നുനോക്കുന്ന ഏതെങ്കിലും ന്യായാധിപനെ കണ്ടിട്ടുണ്ടോ’ എന്ന് തിരിച്ചുചോദിക്കുകയാണുണ്ടായത്. രണ്ട് ഘട്ടത്തിലും ലിംഗനിര്‍ണയത്തിന് മൂത്രത്തിന്റെ അളവ് പരിശോധിക്കുന്നത് ദ്വിതീയപരിഗണനയില്‍ മാത്രം വരുന്ന സംഗതിയാണ്. അവ്യക്തഭിന്നലിംഗക്കാര്‍ പ്രായപൂര്‍ത്തിയെത്തിവരാണെങ്കില്‍ അരുടെ ലിംഗനിര്‍ണയം ഏത് ശാരീരികപ്രകൃതത്തെ അടിസ്ഥാനമാക്കിവേണം നടത്താന്‍ എന്നതില്‍ പണ്ഡിതന്‍മാര്‍ വ്യത്യസ്താഭിപ്രായക്കാരാണ്. ചിലരുടെ അഭിപ്രായം ലൈംഗികോത്തേജനമുണ്ടാകുമ്പോള്‍ സ്രവം ഏത് അവയവത്തിലൂടെ പുറത്തുവരുന്നു എന്ന് നോക്കി ലിംഗനിര്‍ണയം സാധ്യമാണെന്നാണ്. എന്നാല്‍ താടിരോമവളര്‍ച്ച, സ്തനം, ആര്‍ത്തവത്തിന്റെ സാന്നിധ്യം തുടങ്ങി ലിംഗവൈജാത്യസവിശേഷതകളോടൊപ്പമേ പ്രസ്തുത സ്രവവിസര്‍ജ്ജനവും കണക്കിലെടുക്കേണ്ടതുള്ളൂ എന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ആരോടാണ് ലൈംഗികാകര്‍ഷണം തോന്നുന്നത് എന്ന കാര്യവും പരിഗണിക്കാമെന്ന് വേറെ ചിലര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഒരേസമയം ആണിനോടും പെണ്ണിനോടും അഭിനിവേശം വെച്ചുപുലര്‍ത്തുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം ഈ നിര്‍ണയം അവലംബനീയമല്ല.

മേല്‍രീതിയിലൊന്നും ഒരു ഭിന്നലിംഗസ്വഭാവ പ്രകടനങ്ങളുള്ള വ്യക്തിയുടെ ലിംഗനിര്‍ണയം സാധ്യമായില്ലെങ്കില്‍ അയാള്‍ വിവാഹിതനാകരുതെന്നാണ് ഭൂരിപക്ഷപണ്ഡിതന്‍മാരുടെയും അഭിപ്രായം. എന്നാല്‍ ശാഫിഈ പണ്ഡിതരിലെ ഒരു ന്യൂനവിഭാഗം പ്രസ്തുത വ്യക്തിക്ക് ഏതെങ്കിലും ഒരു ലിംഗം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും വിവാഹജീവിതം നയിക്കാനും അനുവാദമുണ്ടെന്ന രീതിയില്‍ സൂക്ഷ്മമല്ലാത്ത അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. മേല്‍പറഞ്ഞ രീതിയില്‍ ലിംഗനിര്‍ണയം സാധ്യമാകുകയാണെങ്കില്‍ അധികപറ്റായ ജനനേന്ദ്രിയം സര്‍ജറിയിലൂടെ ഒഴിവാക്കാമെന്ന് ആധുനികകര്‍മശാസ്ത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു.

ചുരുക്കത്തില്‍ ആണിനെയും പെണ്ണിനെയും സവിശേഷമായി വേര്‍തിരിക്കുന്ന ശാരീരികപ്രത്യേകതകളെ തന്നെയാണ് ഭിന്നലിംഗസ്വഭാവമുള്ള വ്യക്തികളുടെ ലിംഗനിര്‍ണയം നടത്താന്‍ അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്‍മാരും മാനദണ്ഡമാക്കുന്നത്. ആദ്യകാലങ്ങളില്‍ മൂത്രവിസര്‍ജനരീതിയാണ് ലിംഗനിര്‍ണയത്തിന് ആദ്യകാലങ്ങളില്‍ അവര്‍ സ്വീകരിച്ച മാര്‍ഗം. രണ്ട് ജനനേന്ദ്രിയങ്ങളിലൂടെയും വിസര്‍ജ്ജിച്ചാല്‍ ലിംഗനിര്‍ണയം എങ്ങനെയെന്നതില്‍ മദ്ഹബുകള്‍ക്ക് വ്യത്യസ്തഅഭിപ്രായമുണ്ട്. പ്രായപൂര്‍ത്തിയായതിന് ശേഷം ഭിന്നലിംഗസ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയുടെ ലിംഗനിര്‍ണയത്തിന് മറ്റൊരു മാര്‍ഗവും കൂടി അവര്‍ സ്വീകരിച്ചു. അതായത്, ശാരീരികപ്രകൃതങ്ങളെയും അതിന്റെ വിവിധഘട്ടങ്ങളിലെ പ്രതികരണങ്ങളെയും നിരീക്ഷിച്ചുകൊണ്ടുള്ളതാണത്. ഇങ്ങനെയെല്ലാമാര്‍ഗങ്ങളും സ്വീകരിച്ചിട്ടും ലിംഗനിര്‍ണയം പ്രയാസകരമാണെങ്കില്‍ അയാളെ അവ്യക്തഭിന്നലിംഗവ്യക്തിയായി കണ്ട് വിവാഹത്തിന് വിലക്കേര്‍പ്പെടുത്തി.

2. ജന്‍മനാല്‍ സ്‌ത്രൈണപുരുഷന്‍: അവ്യക്ത സ്‌ത്രൈണപുരുഷനെ അപേക്ഷിച്ച് ശാരീരികമായി ലിംഗ ഭിന്നതയില്‍ ആശയക്കുഴപ്പമോ സംശയമോ ദൃശ്യമാകാത്ത വ്യക്തികളാണ് ഇക്കൂട്ടര്‍. ശബ്ദം, നടപ്പ്, താടി-മീശരോമങ്ങളുടെ അഭാവം എന്നിങ്ങനെ തുടങ്ങി സ്‌ത്രൈണ സവിശേഷതകളുള്ള എന്നാല്‍ തീര്‍ത്തും പുരുഷ പ്രകൃതത്തോടുകൂടിയവരായിരിക്കും അവര്‍. എന്നാല്‍ സ്‌ത്രൈണപ്രകൃതത്തോടുള്ള പെരുമാറ്റങ്ങളില്‍നിന്ന് ഇവര്‍ക്ക് രക്ഷപ്പെടാന്‍കഴിയില്ല. അതിനാല്‍ അവര്‍ ജന്മംകൊണ്ട് സ്‌ത്രൈണപുരുഷന്‍ ആയതുകൊണ്ട് ആ സവിശേഷവ്യതിയാനത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തതിനാല്‍ ശപിക്കപ്പെട്ട വിഭാഗത്തില്‍പെടുന്നില്ലെന്ന് പണ്ഡിതന്‍മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു.

ഇമാം നവവി(676/1277) പറയുന്നത് കാണുക: ‘ഇത് അവര്‍ സ്വയം വരുത്തിവെച്ചതല്ലാത്തതിനാലും അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ ഉള്ളതായതിനാലും അവര്‍ക്കെതിരെ കുറ്റപ്പെടുത്തലോ ശാപമോ പാപമോ പിഴയോ ഉണ്ടാവുകയില്ല. ‘
ശാഫിഈ പണ്ഡിതനായ ശിര്‍ബീനി(മരണം 977/1569-70) പറയുന്നു:’ആരെങ്കിലും സ്ത്രീകളെ അനുകരിച്ച് ശബ്ദമുണ്ടാക്കുകയോ നടക്കുകയോ പെരുമാറുകയോ ചെയ്താല്‍ അത് ദീനില്‍ അനുവദിക്കപ്പെട്ടിട്ടുള്ളതല്ല. എന്നാല്‍ അത് അവന്റെ ജന്‍മനാലുള്ള പ്രകൃതമാണെങ്കില്‍ അതില്‍ കുറ്റമില്ല.’
ഇബ്‌നു ബത്താല്‍(മരണം 449/1057) അഭിപ്രായപ്പെടുന്നത് കാണുക:’ജന്മനാലുള്ള സ്‌ത്രൈണപ്രകൃതിയുടെ പേരില്‍ ആരെയെങ്കിലും കുറ്റക്കാരനായി മുദ്രകുത്തുന്നത് തൊലിനിറത്തിന്റെ പേരിലോ ശരീരാകൃതിയുടെ പേരിലോ ആളുകളെ കുറ്റക്കാരനാക്കുന്നതുപോലെയാണ് ‘

പണ്ഡിതനായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി(മരണം 852/1449) പറയുന്നു: ഭാഷണത്തിലും നടപ്പിലും ആരെങ്കിലും മനഃപൂര്‍വം സ്ത്രീയെ അനുകരിച്ചാലാണ് അവരുടെ മേല്‍ ശാപമുള്ളത്. എന്നാല്‍ ഒരാളുടെ ജന്‍മപ്രകൃതിയില്‍ അത് ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് സാധ്യമാവുന്നത്ര ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കണമെന്ന് നിര്‍ദ്ദേശിക്കണം. എന്നാല്‍ അതിനുള്ള ആത്മാര്‍ഥശ്രമം അയാളില്‍നിന്നുണ്ടാകുന്നില്ലെങ്കില്‍ അയാള്‍ തെറ്റുകാരനാകും.ഇമാം നവവിയില്‍നിന്ന് വ്യത്യസ്തനായി ഇദ്ദേഹം സ്‌ത്രൈണപ്രകൃതിയെ അത്തരം ന്യൂനതയുള്ള വ്യക്തി നിയന്ത്രിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. ഉദാഹരണത്തിന് നടത്തത്തില്‍ സ്‌ത്രൈണത കലരുന്നുണ്ടെങ്കില്‍ അത് ദീര്‍ഘകാലമെടുത്താണെങ്കിലും പുരുഷഭാവത്തിലേക്ക് പരിവര്‍ത്തിപ്പിക്കണം. മാറ്റാന്‍കഴിയാത്ത സ്വഭാവപ്രകൃതികളുണ്ടെന്ന് കരുതി മാറ്റിയെടുക്കാന്‍ കഴിയുന്നവയെ അവഗണിക്കുന്നത് ശരിയല്ല. ശബ്ദം മാറ്റാന്‍ കഴിയില്ലെന്ന് വന്നാല്‍ പോലും വസ്ത്രധാരണരീതി മാറ്റിയേ തീരൂ. അതുപോലെ ജന്‍മനാ സ്‌ത്രൈണപ്രകൃതികളോടെ ജനിച്ചയാള്‍ സ്ത്രീകളുടെ വസ്ത്രധാരണം സ്വീകരിക്കുന്നത് വിലക്കപ്പെട്ടതുപോലെ പുരുഷപ്രകൃതിയോടെ ജനിച്ചവള്‍ പുരുഷവസ്ത്രധാരണം സ്വീകരിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ശപിക്കപ്പെട്ടവരെക്കുറിച്ച് വിവരിക്കുന്ന ഹദീസുകള്‍ കിതാബുല്ലിബാസ് എന്ന് അധ്യായത്തില്‍ കൊടുത്തതിന്റെ കാരണമതാണ്. വിവിധസംസ്‌കാരങ്ങളുടെ കൂട്ടത്തില്‍ സ്ത്രീ-പുരുഷ വസ്ത്രങ്ങള്‍ തമ്മില്‍ വ്യത്യാസം ഇല്ലാത്ത സംസ്‌കാരങ്ങളുമുണ്ടാവാം എന്നത് മുന്‍നിര്‍ത്തി ഇബ്‌നു ഹജര്‍ സ്‌ത്രൈണപുരുഷന്‍ ഹിജാബ് അണിയരുതെന്ന് അഭിപ്രായപ്പെടുന്നുണ്ട്. അതേപോലെ പണ്ഡിതനായ അല്‍ ശൈസരി (മരണം 590/1194) വിപണിപരിശോധനയെക്കുറിച്ച കുറിപ്പില്‍ സ്‌ത്രൈണപുരുഷന്‍ താടിരോമങ്ങള്‍ വടിച്ചുകളയരുതെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇബ്‌നു അബ്ദില്‍ ബര്‍റ് (മരണം 463/1071) എഴുതുന്നു:
ഈ ഹദീസില്‍ നിന്ന് നിര്‍ധാരണംചെയ്യുന്ന നിയമമനുസരിച്ച് സ്‌ത്രൈണസ്വഭാവമുള്ള പുരുഷന്‍മാര്‍ക്ക് സ്ത്രീകള്‍ മാത്രമുള്ള സദസ്സില്‍ പ്രവേശനമുണ്ട്. സ്ത്രീകളോട് വികാരംതോന്നാത്ത, അല്ലെങ്കില്‍ സ്ത്രീകളുടെ മാത്രമായ കാര്യങ്ങള്‍ മറ്റുള്ളവരോട് പങ്കുവെക്കാത്ത ആളുകളായിരിക്കും അവര്‍. അവരെ ‘മുഅന്നസ് മുഖന്നഥ് ‘ എന്നാണ് വിശേഷിപ്പിക്കുന്നത്. അവര്‍ സ്ത്രീസദസ്സുകളില്‍ ഇരിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. അതേസമയം ആ സ്‌ത്രൈണപുരുഷന്‍ പുരുഷന്റെതായ വികാരവിചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ വ്യക്തിക്ക് സ്ത്രീസദസ്സില്‍ പ്രവേശനമനുവദിക്കാവതല്ല. ഖുര്‍ആന്‍ വിശേഷിപ്പിച്ച സ്ത്രീതാല്‍പര്യമില്ലാത്ത(വികാരങ്ങളില്ലാത്ത) പുരുഷജോലിക്കാരുടെ(അന്നൂര്‍ 31) ഗണത്തിലല്ല ഇവര്‍ പെടുന്നത് എന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. അപഥസഞ്ചാരം നടത്തുന്നവരെയല്ല അല്ലാഹു മുഖന്നഥ് എന്ന് വിശേഷിപ്പിച്ചത്. മറിച്ച്, തന്റെ നടപ്പിലും ശബ്ദത്തിലും മറ്റുള്ളവരിലേക്കുള്ള നോട്ടത്തിലും പെരുമാറ്റത്തിലും ചിന്തയിലും സ്ത്രീകളെപ്പോലെ പെരുമാറുന്ന പുരുഷനാണ് അയാള്‍. അയാള്‍ മറ്റുള്ളവരുമായി അവിഹിതവേഴ്ചക്ക് ശ്രമിച്ചാലും ഇല്ലെങ്കിലും ശരി.

ജന്‍മനാല്‍ സ്‌ത്രൈണപ്രകൃതിയുള്ള പുരുഷനെക്കുറിച്ച് വിവരിക്കുന്ന അബ്ദുല്‍ ബര്‍റിന്റെ കുറിപ്പില്‍ അത്തരക്കാര്‍ നടപ്പിലും ശബ്ദത്തിലും മാത്രമല്ല, ചിന്തയിലും സ്ത്രീകള്‍ ആയിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ ചിന്ത എങ്ങനെയെന്ന് ശാരീരികപ്രത്യേകതകളെ എടുത്തുപറയുന്ന പണ്ഡിതന്‍മാര്‍ വിവരിച്ചിട്ടില്ല. അംഗവിക്ഷേപങ്ങള്‍, ശബ്ദം , നടത്തം തുടങ്ങിയവയാണ് പ്രസ്തുത സ്‌ത്രൈണപ്രകൃതം വിളിച്ചോതുന്ന ശാരീരികപ്രത്യേകതകള്‍. അങ്ങനെനോക്കുമ്പോള്‍ ഇബ്‌നു അബ്ദില്‍ബര്‍റിന്റെ വിവരണം സാമ്പ്രദായികചട്ടക്കൂടിനപ്പുറത്തേക്ക് കടന്നുള്ളതാണെന്ന് മനസ്സിലാക്കാം.

പെരുമാറ്റ ശാരീരിക ഭിന്നതകളില്‍നിന്ന് മുക്തനാകാന്‍ കഴിയാത്ത, ജന്‍മനാ സ്‌ത്രൈണപ്രകൃതിയുള്ള പുരുഷനില്‍നിന്ന് വ്യത്യസ്തമായി, ശപിക്കപ്പെടുംവിധം പെണ്ണിനെ അനുകരിക്കുന്ന ഇതര സ്‌ത്രൈണപുരുഷന്‍മാരെ വേര്‍തിരിക്കാന്‍ കര്‍മശാസ്ത്രകാരന്‍മാര്‍ വല്ലാതെ പ്രയാസപ്പെടുകയുണ്ടായി. തന്റെ പുരുഷസ്വഭാവത്തിന് ഒട്ടുംതന്നെ ചേരാത്ത സ്‌ത്രൈണസ്വഭാവങ്ങളെ ബോധപൂര്‍വം സ്വീകരിക്കുന്ന പുരുഷന്‍മാരാണ് കുറ്റാരോപണത്തിനര്‍ഹരായിട്ടുള്ളതെന്ന് പണ്ഡിതന്‍മാര്‍ നിസ്സംശയം വ്യക്തമാക്കിയിട്ടുണ്ട്. മാലികിപണ്ഡിതനായ ശിഹാബുദ്ദീന്‍ അല്‍ഖറാഫി ജന്‍നാ സ്‌ത്രൈണപുരുഷനെക്കുറിച്ച് എഴുതിയപ്പോള്‍ മാലികിവിശാരദനായ ഇബ്‌നുയൂനുസിനെ ഉദ്ധരിക്കുന്നുണ്ട്: ‘സ്‌ത്രൈണപുരുഷന്‍മാരില്‍ നേരായമാര്‍ഗത്തില്‍ ചരിക്കുന്നവരും ദൈവഭയമുള്ളവരുമുണ്ട്. കാരണം, അത്തരമൊരു സ്‌ത്രൈണപുരുഷന്‍ അക്കാലത്ത് നബി(സ)യുടെ വീട്ടില്‍ പ്രവേശിക്കാറുണ്ടായിരുന്നു’.
(തുടരും)

About the author

padasalaadmin

Add Comment

Click here to post a comment

Topics