Global

പശുവിന്റെ പേരിലുള്ള കൊല: അമേരിക്കയില്‍ പ്രതിഷേധറാലി

വാഷിങ്ടണ്‍: ഇന്ത്യയില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ റാലി. പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി, സാന്‍ഡിയാഗോ, സാന്‍ ജോസ് എന്നിവിടങ്ങളിലാണ് റാലി നടന്നത്. ന്യൂയോര്‍ക്കില്‍ ഈമാസം 23 ന് റാലി നടക്കും.

അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി എന്ന വിവിധ പുരോഗമന സംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ത്യന്‍ നഗരങ്ങളില്‍ ‘Not in my Name’ എന്ന ഹാഷ് ടാഗില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പ്രതിഷേധ റാലി.
ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരില്‍ നിന്നും ചില സംസ്ഥാനങ്ങളിലെ ബീഫ് നിരോധനത്തില്‍ നിന്നുമാണ് ഇവര്‍ പ്രചോദനം നേടുന്നതെന്നും കൂട്ടായ്മ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. ഞായറാഴ്ച വൈകീട്ടാണ് പ്രതിഷേധ കൂട്ടായ്മ നടന്നത്. ജമ്മു കാശ്മീരില്‍ 7 അമര്‍നാഥ് തീര്‍ഥാടകര്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും ബംഗാളില്‍ യുവാവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കുന്നതായും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂയോര്‍ക്കില്‍ പശുസംരക്ഷക ഗുണ്ടാ ആക്രമണത്തിനെതിരേ പ്രതിഷേധം നടത്തുന്നത് സൗത്ത് ഏഷ്യാ സോളിഡാരിറ്റി ഇനീഷ്യേറ്റീവ് (SASI) എന്ന സംഘടനയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പശുവിന്റെ പേരില്‍ മുസ്‌ലിംകളും ദലിതരും വ്യാപകമായി കൊല്ലപ്പെടുന്നുണ്ടെന്നും ആംനെസ്റ്റി നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി സംഘടന പറഞ്ഞു

Topics