ക്രോഡീകരണം

ഹദീസുകള്‍ രേഖപ്പെടുത്തേണ്ടതില്ലെന്ന പ്രവാചകവിലക്കിന്റെ താല്‍പര്യം

ഹദീസുകള്‍ രേഖപ്പെടുത്തുന്നത് നബിതിരുമേനി (സ) വിലക്കിയതായി പറയുന്ന ചില ഹദീസുകള്‍ കാണാം. അബൂസഅ്ദില്‍ ഖുദ്‌രിയില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു റിപോര്‍ട്ട് അത്തരത്തില്‍ പെട്ടതാണ്.’ഖുര്‍ആനല്ലാതെ മറ്റൊന്നും എന്നില്‍നിന്ന് എഴുതിയെടുക്കരുത്. ഖുര്‍ആനല്ലാതെ മറ്റുവല്ലതും എന്നില്‍നിന്ന് എഴുതിയെടുത്തവന്‍ അത് മായ്ച്ചുകളയട്ടെ'(അഹ്മദ്, ദാരിമി). ഈ ഹദീസ് അബൂഹുറയ്‌റയില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.അബൂസഅ്ദില്‍ ഖുദ്‌രിയില്‍നിന്ന് മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ‘ ഹദീസ് രേഖപ്പെടുത്തിവെക്കാന്‍ ഞാന്‍ പ്രവാചകനോട് അനുവാദം ചോദിച്ചു. പക്ഷേ, അദ്ദേഹം വിസമ്മതിച്ചു’. ഇത് സുനനുദ്ദാരിമിയില്‍ കാണാം. അതേസമയം ഖുദ് രിയില്‍നിന്ന് അനുകൂല സ്വഭാവത്തിലുള്ള മറ്റൊരു ഹദീസ് ഇങ്ങനെ:’ഖുര്‍ആനും തശഹ്ഹുദുമല്ലാതെ മറ്റൊന്നും ഞങ്ങള്‍ എഴുതിയെടുത്തിരുന്നില്ല'(അബൂദാവൂദ്). നമസ്‌കാരത്തിന്റെ അവസാനത്തിലുള്ള തശഹ്ഹുദ് ഖുര്‍ആനിലുള്ളതല്ല. പ്രവാചകന്‍ നിര്‍ദ്ദേശിച്ചതായതിനാല്‍ അത് ഹദീസാണ്. ‘തന്റെ ഹദീസുകളൊന്നും എഴുതിയെടുക്കരുതെന്ന് റസൂല്‍ (സ) ഞങ്ങളോട് കല്‍പിച്ചു’ എന്ന സൈദുബ്‌നു സാബിതിന്റെ വചനവും അക്കൂട്ടത്തിലുണ്ട്.

മേല്‍ഹദീസുകളുടെ അവതരണസാഹചര്യം പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. അബൂഹുറയ്‌റയെക്കുറിച്ച പരാമര്‍ശങ്ങള്‍ മുമ്പില്‍വെച്ചുകൊണ്ട് ഏത് കാലത്താണ് ഇവ അവതരിച്ചതെന്ന് മനസ്സിലാക്കാം.ഹി. ഏഴാംവര്‍ഷം ഖൈബര്‍ യുദ്ധസമയത്താണ് അബൂഹുറയ്‌റ ഇസ് ലാം സ്വീകരിക്കുന്നത്. അദ്ദേഹം യമനില്‍നിന്ന് എത്തിയ ഘട്ടമായിരുന്നു അത്. അബൂസഅ്ദില്‍ ഖുദ്‌രിയും സൈദുബ്‌നു സാബിതും ഹിജ്‌റ 3-ാം വര്‍ഷം ഉഹുദുയുദ്ധത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവന്നെങ്കിലും പ്രായക്കുറവ് കാരണം പ്രവാചകന്‍ അവരെ മാറ്റിനിര്‍ത്തിയത് അറിയപ്പെട്ട സംഗതിയാണ്. പത്തിനും പന്ത്രണ്ടിനും ഇടയ്ക്കായിരുന്നു അന്നവരുടെ പ്രായം. അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു സംഭവവും ഇവിടെ സംഗതമാണ്. അദ്ദേഹം പറയുന്നു:’റസൂല്‍ (സ) ഒരു ദിവസം തന്റെ മുറിയില്‍നിന്ന് പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ തിരക്കിട്ട് ഹദീസ് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം ചോദിച്ചു: ‘എന്താണ് നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നത്’. ഞങ്ങള്‍ പറഞ്ഞു: ‘അങ്ങയില്‍നിന്ന് കേള്‍ക്കുന്ന ഹദീസ്.’അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെതല്ലാത്ത മറ്റൊരു ഗ്രന്ഥം ആഗ്രഹിക്കുകയാണോ നിങ്ങള്‍ ? അല്ലാഹുവിന്റെ ഗ്രന്ഥത്തിനുപുറമെ (മതസംബന്ധമായി) മറ്റു ഗ്രന്ഥങ്ങള്‍ എഴുതിയതുകൊണ്ടല്ലാതെ നിങ്ങള്‍ക്കുമുമ്പുള്ള ജനതകള്‍ പിഴച്ചുപോയിട്ടില്ല.”മറ്റൊരു റിപ്പോര്‍ട്ടില്‍ ഇതും കാണാം: ‘അബൂഹുറയ്‌റ കൂട്ടിച്ചേര്‍ത്തു:’ തുടര്‍ന്ന് ആ എഴുത്തുകളെല്ലാം ഞങ്ങള്‍ തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ട് തീയിട്ടു. മറ്റൊരു റിപോര്‍ട്ടിലെ പ്രവാചകവചനം ഇങ്ങനെയാണ്:’അല്ലാഹുവിന്റെ ഗ്രന്ഥത്തോടൊപ്പം സൂക്ഷിക്കാന്‍ മറ്റൊരു ഗ്രന്ഥമോ? അല്ലാഹുവിന്റെ ഗ്രന്ഥം പരിശുദ്ധമായി നിലനിര്‍ത്തുക. അത് കലര്‍പ്പില്ലാതിരിക്കട്ടെ’.

അബൂഹുറയ്‌റ(റ)ല്‍നിന്ന് മറ്റൊരു റിപോര്‍ട്ട്: ‘തന്റെ വചനങ്ങള്‍ ചിലയാളുകള്‍ രേഖപ്പെടുത്തിയതായി നബി(സ)കേട്ടു. തുടര്‍ന്ന് അദ്ദേഹം മിമ്പറില്‍ കയറി. അല്ലാഹുവിനെ സ്തുതിച്ച ശേഷം പറഞ്ഞു:’നിങ്ങള്‍ എഴുതുന്നതായി ഞാന്‍ മനസ്സിലാക്കുന്ന ഈ ഗ്രന്ഥങ്ങള്‍ എന്താണ്? ഞാനൊരു മനുഷ്യനാണ്. ആരുടെയെങ്കിലുമടുത്ത് അത്തരത്തിലുള്ള വല്ലതുമുണ്ടെങ്കില്‍ കൊണ്ടുവരണം.” ഹി. ഏഴാംവര്‍ഷമോ തൊട്ടടുത്തവര്‍ഷമോ പ്രവാചകന്‍ സുപ്രധാനവും അസാധാരണവുമായ ഒരു പ്രസംഗം നടത്തിയതായാണ് മനസ്സിലാവുന്നത്. ഇസ്‌ലാമിന്റെ ഭാവി വിജയങ്ങളെക്കുറിച്ച് അതില്‍ നബി പരാമര്‍ശിക്കുകയുണ്ടായി. അതിന് തൊട്ടുമുമ്പ് യമനില്‍നിന്ന് ഒരു കപ്പല്‍നിറയെ ആളുകള്‍ വന്ന് ഇസ്‌ലാം സ്വീകരിച്ചിരുന്നു. തങ്ങളുടെ നാട്ടില്‍ നിലനിന്നിരുന്ന ഇസ്‌ലാംവിരുദ്ധതയെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും അവര്‍ ആവലാതി പറഞ്ഞു. ആ ഘട്ടത്തില്‍ നബിതിരുമേനി വിശ്വാസം സ്വീകരിക്കാനുള്ള അവരുടെ ആര്‍ജവത്തെയും മറ്റും പുകഴ്ത്തുകയും യമനും മറ്റു രാജ്യങ്ങളും ഇസ്‌ലാമിന്റെ കൊടിക്കൂറയില്‍ വൈകാതെ അണിനിരക്കുമെന്ന് പ്രവചിക്കുകയുംചെയ്തു. യമനികളില്‍ എഴുത്തുംവായനയും അറിയാവുന്ന ചിലര്‍ അവര്‍ക്ക് വായിക്കാനും മനഃപാഠമാക്കാനും നല്‍കിയ ഖുര്‍ആന്‍ ലിഖിതങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളില്‍ പ്രസ്തുത പ്രവചനങ്ങളെ എഴുതിവെച്ചു. അപ്പോഴായിരിക്കണം, നബി ‘അല്ലാഹുവിന്റെ ഗ്രന്ഥം പരിശുദ്ധമായി നിലനിര്‍ത്തുക, അത് കലര്‍പ്പില്ലാതിരിക്കട്ടെ’ എന്ന കല്‍പന നല്‍കിയത്.. ‘മറ്റെല്ലാം നീക്കംചെയ്ത് ഖുര്‍ആന്‍ കാത്തുസൂക്ഷിക്കുക’ എന്ന ഖലീഫാ ഉമര്‍(റ)ന്റെ പ്രസ്താവനയുടെ സന്ദര്‍ഭവും അതിനു സമാനമാണ്.

പ്രവചനസ്വഭാവത്തിലുള്ള പ്രവാചകവചനങ്ങള്‍ രേഖപ്പെടുത്തുന്നതിനാണ് നബിതിരുമേനി വിലക്കേര്‍പ്പെടുത്തിയതെന്ന് കരുതുകയാണെങ്കില്‍ ചില കാര്യങ്ങള്‍ക്ക് വ്യക്തത വരും. അദൃശ്യലോകത്ത് കാണിക്കപ്പെടുന്ന ഭാവിയെക്കുറിച്ച മുന്നറിയിപ്പുകള്‍ സാധാരണജനതയെ അപ്പടി അറിയിച്ചാല്‍ അവര്‍ കര്‍മോത്സുകത നഷ്ടപ്പെട്ട് ദൈവവിധി പ്രതീക്ഷിച്ച് കഴിയും. മറ്റൊന്നുള്ളത്, ദൈവികവെളിപെടുത്തലും ദൈവികവിധികളുടെ അഭൗതികലോകത്തേക്ക് ആത്മാവിന്റെ കണ്ണുകൊണ്ട് ദൃഷ്ടിയൂന്നുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. എല്ലാവര്‍ക്കുമത് ഗ്രഹിക്കാന്‍ കഴിയില്ല. അഭൗതികലോകത്ത് പ്രവാചകന്‍ കാണുന്ന എല്ലാ കാര്യങ്ങളും സത്യമാണെങ്കിലും അവ അക്ഷരാര്‍ഥത്തില്‍ എടുക്കാനാവില്ല. സ്വപ്‌നത്തില്‍ ദര്‍ശിക്കുന്ന സവിശേഷഅര്‍ഥവും ഗുപ്തമായപൊരുളുമുള്ള സംഗതികള്‍ക്ക് വ്യാഖ്യാനങ്ങളും പ്രവചനങ്ങളും ആവശ്യമാണ്. ഈ നിരീക്ഷണങ്ങളെ ബലപ്പെടുത്തുന്ന വസ്തുതയും ഇവിടെ വശദമാക്കാം. ഹദീസ് രേഖപ്പെടുത്തുന്നത് വിലക്കുന്ന നബിവചനം റിപോര്‍ട്ട്‌ചെയ്ത അബൂഹുറയ്‌റ തന്നെ ഹദീസുകള്‍ ധാരാളം രേഖപ്പെടുത്തി ഗ്രന്ഥങ്ങള്‍ തയ്യാറാക്കിയ മഹാനാണ്. വിട്ടുവീഴ്ചയില്ലാത്ത ധര്‍മനിഷ്ഠയുടെ പേരില്‍ പ്രസിദ്ധനാണദ്ദേഹം. പ്രവാചകവചനങ്ങള്‍ അവയുടെ അക്ഷരാര്‍ഥത്തില്‍പോലും പാലിക്കാന്‍ കര്‍ശനബുദ്ധി പുലര്‍ത്തിയാളാണ്. അങ്ങനെയിരിക്കെ ഹദീസ് രേഖപ്പെടുത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് ശാശ്വതവും ഔദ്യോഗികവും ആയിരുന്നുവെങ്കില്‍ അദ്ദേഹം ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കുമെന്ന് ചിന്തിക്കാന്‍ കഴിയില്ല.

പ്രവാചകന്റെ കാലത്ത് കൗമാരത്തിലെത്തിയ ഇബ്‌നുഅബ്ബാസിന്റെ കാര്യവും അതുപോലെത്തന്നെ. ഹദീസ് എഴുതിവെക്കാന്‍ പാടില്ലെന്ന വചനം അദ്ദേഹവും ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹവും ഹദീസുകള്‍ സമാഹരിച്ച് പുസ്തകങ്ങളാക്കുന്നതില്‍ മറ്റെല്ലാവരെയും കവച്ചുവെക്കുകയുണ്ടായി.
അക്കാലത്ത് അറബികളില്‍ കയ്യെഴുത്ത് പ്രചാരത്തിലുണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ ആഗമനത്തോടെയാണ് എഴുത്തുംവായനയും കരഗതമാക്കണമെന്ന ചിന്ത അവരില്‍ അങ്കുരിക്കുന്നത്. മദീനയിലെ ജൂതന്‍മാരാണ് അറബിക്കുട്ടികളെ എഴുത്ത് പഠിപ്പിച്ചിരുന്നതെന്ന ചരിത്രനിരീക്ഷണവുമുണ്ട്. ആ ജനതയില്‍ അറബിയില്‍ ആദ്യമായി വന്ന സമാഹാരമായിരുന്നു ഖുര്‍ആന്‍. അറബികളാകട്ടെ, ഇസ്‌ലാം സ്വീകരിച്ചുവരുന്നതേയുള്ളൂ. ഖുര്‍ആന്‍ അവരുടെ മനസ്സില്‍ ആഴത്തില്‍ ഉറച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ആ ഘട്ടത്തില്‍ മറ്റു എഴുത്തുകള്‍ ഖുര്‍ആന്‍ സൂക്തങ്ങളുമായി കലര്‍ത്തുകയാണെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് വേര്‍തിരിക്കാന്‍ ഇന്നത്തെപ്പോലെ അവര്‍ക്ക് കഴിയുമായിരുന്നില്ല.

ചുരുക്കത്തില്‍ ഖുര്‍ആന്റെ സമഗ്രതയും കൃത്യതയും നിലനിര്‍ത്താന്‍ സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് പ്രവാചകന്‍തിരുമേനി (സ) മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നതിന്റെ ഭാഗമായിരുന്നു തുടക്കത്തിലുള്ള ഹദീസ് രേഖപ്പെടുത്താനുള്ള വിലക്ക് എന്ന് മനസ്സിലാക്കാം.
അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് ഹദീസ് രേഖപ്പെടുത്തിയതിന്റെ ചരിത്രം അദ്ദേഹം ഇപ്രകാരം വിവരിക്കുന്നത് കാണാം:’ ഞങ്ങള്‍ പ്രവാചകന്റെ അടുത്ത് ചെന്ന് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, അങ്ങ് പറയുന്നത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ എന്റെ മനസ്സിന്റെയും ഒപ്പം എന്റെ കയ്യെഴുത്തിന്റെയും സഹായം തേടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അങ്ങയുടെ അഭിപ്രായവും അതുതന്നെയാണെങ്കില്‍.’ പ്രവാചകന്‍ പറഞ്ഞു:’അങ്ങനെയെങ്കില്‍ എന്റെ ഹദീസ് മനഃപാഠമാക്കിക്കൊള്ളുക. അതിനുശേഷം താങ്കളുടെ മനസ്സിനോടൊപ്പം കൈയിന്റെ സഹായവും തേടിക്കൊള്ളുക'(ദാരിമി). വ്യാജമോ അബദ്ധമോ മുഹമ്മദ് നബിയിലേക്ക് ചേര്‍ത്തുപറയാന്‍ ഇടയായിക്കൂടാ എന്നതാണ് ഇവയിലൂടെ വെളിവാകുന്ന ആശയം.

About the author

padasalaadmin

Add Comment

Click here to post a comment

Topics