ഇനങ്ങള്‍

വ്യവസായങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമുള്ള സകാത്ത്

ഏറെ പൈസചെലവഴിച്ച് ഫാക്ടറിയും വ്യവസായശാലകളും സ്ഥാപിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുക, ഹെവിഡ്യൂട്ടി ട്രക്കുകള്‍ തുടങ്ങി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ വാടകക്ക് നല്‍കുക, പീടികമുറികള്‍ , ഗോഡൗണുകള്‍ , ഫഌറ്റുകള്‍ തുടങ്ങിയവ പണിത് വാടകക്ക് കൊടുക്കുക എന്നിങ്ങനെ വരുമാനത്തിനായി നവംനവങ്ങളായ രീതികള്‍ സമ്പത്തുണ്ടാക്കാനായി ഇന്ന് ആളുകള്‍ അവലംബിക്കുന്നു. ഇവയെക്കുറിച്ച് പഴയ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ഇല്ലെന്ന് പറഞ്ഞ് സകാത്ത് കൊടുക്കേണ്ടതില്ലെന്ന് ധരിച്ചുവശായ ആളുകള്‍ വിശ്വാസികള്‍ക്കിടയിലുണ്ട്.

എന്നാല്‍ ഇസ്‌ലാം സകാത്ത് ചുമത്തിയിട്ടുള്ള വസ്തുവകകള്‍ രണ്ട് വിധത്തിലുണ്ട്:
1. വരുമാനോപാധികളായ മൂലധനത്തിന് കൊടുക്കാതെ വരുമാനത്തിന് മാത്രം സകാത്ത് ബാധകമായവ. (5-10%)
2. മൂലധനത്തിനും അതിനുള്ള വരുമാനത്തിനും ഒരുമിച്ച് സകാത്ത് ബാധകമായവ (രണ്ടരശതമാനം)

ആധുനികപണ്ഡിതന്‍മാര്‍ വ്യവസായത്തെ കൃഷിയോടാണ് സാമ്യപ്പെടുത്തുന്നത്. അതിനാല്‍ രണ്ടര ശതമാനത്തിന് പകരം കാര്‍ഷികോല്‍പന്നങ്ങളിലെന്നതുപോലെ പത്തുശതമാനം വ്യവസായികഉല്‍പന്നങ്ങള്‍ക്ക് സകാത്ത് നല്‍കണം എന്നവര്‍ പറയുന്നു. എന്നാല്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം കാര്‍ഷികഭൂമിയില്‍നിന്ന് വ്യത്യാസമുണ്ട്. വ്യവസായത്തില്‍ കെട്ടിടത്തിനും യന്ത്രങ്ങള്‍ക്കും പഴക്കവും തേയ്മാനവും ഉണ്ടാകാറുണ്ട്. അതിനാല്‍ ആ തേയ്മാനത്തെ വര്‍ഷാവര്‍ഷം ചിലവിന്റെ ഗണത്തില്‍ എഴുതി ബാക്കിയുള്ള വരുമാനത്തിന് സകാത്ത് നല്‍കണം. ഫാക്ടറികളെ സംബന്ധിച്ചിടത്തോളം കാര്‍ഷികവിളകളെപ്പോലെ ഉല്‍പന്നങ്ങളെയല്ല നിസാബിന് പരിഗണിക്കേണ്ടത്. മറിച്ച്, വരുമാനമായി ലഭിക്കുന്ന നാണയങ്ങളിന്‍മേലാണ്.

Topics