സര്‍ക്കാര്‍- പ്രൈവറ്റ് ജോലിക്കാരുടെ ശമ്പളം, നിശ്ചിതജോലികള്‍ കരാറെടുക്കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍, ആര്‍ട്ടിസ്റ്റുകള്‍, ഡോക്ടര്‍-എഞ്ചിനീയര്‍-വക്കീല്‍ തുടങ്ങി പ്രൊഫഷണല്‍ ജോലിയുടെ വരുമാനം എന്നിവയിലുള്ള സകാത്ത് എങ്ങനെയാണ് കണക്കാക്കുന്നത് ? കാര്‍ഷികവിളകളില്‍ വരുമാനത്തിന് സകാത്ത് ചുമത്തുന്നതുപോലെ (300 സാഇന്ന്-653 കി.ഗ്രാം ഭക്ഷ്യധാന്യം ചെലവുകഴിച്ച് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ പത്ത് ശതമാനം) ആളുകളുടെ വരുമാനത്തിനും സകാത്ത് ചുമത്തണമെന്ന് ചില ആധുനികപണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് പക്ഷേ ശരിയല്ല. കൃഷിയില്‍ ഭൂമിയും മരങ്ങളും പോലെ വ്യവസായത്തില്‍ കെട്ടിടവും ഭൂമിയും മെഷീനറികളും മൂലധനമായിരിക്കുകയും അതിന്റെ വരുമാനത്തിന് സകാത്ത് ഈടാക്കുകയുമാണെങ്കില്‍ ഇവിടെ വരുമാനം പൂര്‍ണാര്‍ത്ഥത്തില്‍ മൂലധനമാണ്. അതിനാല്‍ മൂലധനത്തിന് സകാത്ത് ബാധകമാകുന്ന നാണയങ്ങളുമായി ഇതിനെ തുലനംചെയ്യുന്നതായിരിക്കും ഏറ്റവും യുക്തം.
ഇത്തരത്തില്‍ വരുമാനത്തിന് നിസാബ് പരിഗണിക്കേണ്ടത് എപ്പോഴാണ് എന്ന സംശയം ഉയരാം. കാരണം ചിലര്‍ക്ക് ശമ്പളം, പ്രതിഫലം എന്നിവ ദിവസ-ആഴ്ച-മാസ കണക്കിനായിരിക്കും ലഭിക്കുക. വേറെ ചിലര്‍ക്ക് ഒന്നു-രണ്ട് വര്‍ഷം കഴിഞ്ഞായിരിക്കും കിട്ടുന്നത്. അതിനെ വര്‍ഷത്തില്‍ എത്ര കിട്ടുന്നുവെന്ന് കണക്കാക്കി ചെലവുകഴിച്ച് ബാക്കി നിസാബ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ (85 ഗ്രാം സ്വര്‍ണത്തിന്റെ വിലയ്ക്ക് തുല്യമായ തുക) സകാത്ത് കൊടുക്കണം. ഒരിക്കല്‍ സകാത്ത് നല്‍കിയ ധനത്തിന് അടുത്ത വര്‍ഷമേ സകാത്ത് ബാധകമാകുകയുള്ളൂ. ഇബ്‌നു മസ്ഊദ്, മുആവിയ(റ) തുടങ്ങിയ സ്വഹാബികളും ഉമറുബ്‌നു അബ്ദില്‍ അസീസും പട്ടാളക്കാരുടെ ശമ്പളത്തില്‍നിന്ന് സകാത്ത് ഈടാക്കിയിരുന്നത് ഈ തോതിലായിരുന്നു(ഫിഖ്ഹുസ്സകാത്ത് 1/52).
Add Comment