അനുവാദം - വിലക്ക്‌

നോമ്പ് : അനുവാദങ്ങളും വിലക്കുകളും

അനുവാദങ്ങള്‍

1.കുളി
കുളിക്കുക, മുങ്ങിക്കുളിക്കുക, ചൂടുശമിപ്പിക്കാന്‍ വേണ്ടി ശരീരത്തില്‍ വെള്ളമൊഴിക്കുക തുടങ്ങിയവ നോമ്പുകാര് അനുവദനീയമാണ്. അബൂബക്‌റിബ്‌നു അബ്ദിര്‍റഹ്മാന്‍ സ്വഹാബിമാരില്‍നിന്ന് നിവേദനം ചെയ്യുന്നതിപ്രകാരമാണ്: ‘നോമ്പുകാരനായിരിക്കെ ഉഷ്ണം നിമിത്തം നബി(സ) തലയില്‍ വെള്ളമൊഴിക്കുന്നത് ഞാന്‍ കണ്ടു'(അബൂദാവൂദ്, അഹ്മദ്). നോമ്പുകാലത്ത് രാത്രിയില്‍ ജനാബത്തുകാരനായാല്‍ പ്രസ്തുത അവസ്ഥയില്‍ രാവിലെ നോമ്പനുഷ്ഠിക്കാവുന്നതാണ്. സുബ്ഹ് നമസ്‌കാരത്തിനായി കുളിച്ചാല്‍ മതിയാകും
2. നോമ്പുകാരന്‍ കണ്ണില്‍ സുറുമയിടുന്നതോ, തലമുടി എണ്ണയിടുന്നതോ, സുഗന്ധങ്ങള്‍ പൂശുന്നതോ നബിതിരുമേനി വിലക്കിയിട്ടില്ല.
3. നോമ്പുള്ളയാള്‍ വികാരത്തോടെയല്ലാതെ ചുംബിക്കുന്നതില്‍ വിരോധമില്ല. ഒരിക്കല്‍ ഒരാള്‍ വന്ന് നബിയുടെ അടുക്കല്‍ ഇങ്ങനെ പറഞ്ഞു: ‘നോമ്പിലായിരിക്കെ ഞാന്‍ ചുംബിച്ചുപോയി. അപ്പോള്‍ നബി(സ)ചോദിച്ചു: ‘നിങ്ങള്‍ നോമ്പുകാരനായിരിക്കെ വെള്ളം വായിലാക്കി തുപ്പിയാലോ? അതുകൊണ്ട് ദോഷമില്ല. നബി ചോദിച്ചു: പിന്നെ എന്തിനാണീ ചോദ്യം?'(അഹ്മദ് , അബൂദാവൂദ്).’

4. കുത്തിവെയ്പ്
നോമ്പുകാരന് കുത്തിവെക്കല്‍ അനുവദനീയമാണ്. എന്നാല്‍ അത് രോഗശമനത്തിനുവേണ്ടി മാത്രമുള്ളതായിരിക്കണം. ശരീരത്തിന് ഉന്‍മേഷം പകരുന്നതോ ആഹാരപാനീയങ്ങളുടെ ഫലംചെയ്യുന്നതോ ആകരുത്.
5. വായിലും മൂക്കിലും വെള്ളംകയറ്റി ചീറ്റുന്നതിനും കൊപ്ലിക്കുന്നതിനും വിരോധമില്ല.
6. അതുപോലെ ഉമിനീര്‍ ഇറക്കല്‍, പുകയേല്‍ക്കല്‍(പുകവലിയല്ല), വായുവില്‍ കലര്‍ന്ന പൊടിപടലങ്ങള്‍ ശ്വസിക്കല്‍, സുഗന്ധമുപയോഗിക്കല്‍, ചെറുപ്രാണികള്‍ അറിയാതെ തൊണ്ടയിലൂടെ കയറിപ്പോകല്‍, സ്വപ്‌നസ്ഖലനമുണ്ടാകല്‍ തുടങ്ങിയകാര്യങ്ങളാല്‍ നോമ്പുമുറിയുകയില്ല.

താഴെപറയുന്ന കാരണങ്ങളാല്‍ നോമ്പുമുറിയുന്നതാണ്:

1. നമുക്ക് തടയാന്‍ കഴിയുന്ന ഏതെങ്കിലും വസ്തുക്കള്‍ ശരീരത്തിലേക്ക് മനഃപൂര്‍വം കടത്തിവിടുകയോ കടത്തിവിടാനനുവദിക്കുകയോ ചെയ്യുക. (ഉദാ: ഭക്ഷണം, പാനീയം, പുകയിലപ്പുക, മരുന്ന്..)
2. മനഃപൂര്‍വം ഛര്‍ദ്ദിക്കുക (വൈദ്യനിര്‍ദ്ദേശപ്രകാരം ഇതാവാം. എന്നാല്‍ നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതുണ്ട്.)
3.ശാരീരികബന്ധത്തിലേര്‍പ്പെടുക.
4. ബോധപൂര്‍വം ശുക്ലം പുറത്തുവിടുക(വികാരം കാരണം ശുക്ലസ്രാവമുണ്ടായാല്‍ നോമ്പുമുറിയും. സ്വപ്‌നസ്ഖലനമുണ്ടായാല്‍ നോമ്പുമുറിയുന്നതല്ല).
5. ആര്‍ത്തവരക്തം പുറപ്പെടുക.(ഋതുമതിക്ക് നോമ്പ് നിഷിദ്ധമാണ്.)
6. പ്രസവരക്തം
7. മനോരോഗിയാവുക.
8. ലഹരിബാധിക്കുക
മേല്‍പറഞ്ഞതെല്ലാം വ്യക്തിയുടെ അറിവോടെയും സ്വതന്ത്രമായ തീരുമാനത്തിന്റെയും ഫലമായാണ് ഉണ്ടാകുന്നതെങ്കിലാണ് നോമ്പുമുറിയുക. അതേസമയം, അജ്ഞതയാലോ മറവി സംഭവിച്ചോ ആരെങ്കിലും എന്തെങ്കിലും ഭക്ഷിച്ചുപോായാല്‍ നോമ്പുമുറിയുന്നതല്ല.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured