പ്രവാചകന്റെ പിതൃവ്യനായ അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്തലിബിന്റെ വംശപരമ്പരയാണ് അബ്ബാസികള്‍. ഖിലാഫത്ത് അവകാശപ്പെട്ടുകൊണ്ട് ശീഈകളോടൊപ്പം ഇവരും ഉമവികള്‍ക്കെതിരെ യുദ്ധംചെയ്തു. ക്രി. വ. 749-ല്‍ ഖുറാസാന്റെ തലസ്ഥാനമായ ‘മര്‍വ’പട്ടണം അബൂ മുസ്‌ലിം കീഴടക്കിയതോടെയാണ് അബ്ബാസീ ഖിലാഫത്തിന് വഴി തെളിഞ്ഞത്. അതേവര്‍ഷംതന്നെ കൂഫയും കീഴടങ്ങി. അവിടത്തെ പള്ളിയില്‍ വെച്ച് അബുല്‍ അബ്ബാസ് സഫ്ഫാഹ് എന്ന അബ്ദുല്ലാഇബ്‌നു മുഹമ്മദ് പ്രഥമ അബ്ബാസീ ഖലീഫയായി(749 നവം. 28) സ്ഥാനാരോഹണം ചെയ്തു. അന്ുമുതല്‍ ക്രി. വ. 1258 വരെ നീണ്ടുനിന്ന ഒരു ദീര്‍ഘശൃംഖലയാണ് അബ്ബാസീ ഖിലാഫത്ത്. ഇക്കാലത്തിനിടയില്‍ പ്രബലരും ദുര്‍ബലരുമായ മുപ്പത്തേഴ് ‘ഖലീഫ’മാര്‍ ഇസ്‌ലാമികസാമ്രാജ്യം ഭരിച്ചു. ബഗ്ദാദിലെ അബ്ബാസീ ഖിലാഫത്തിന്റെ പതനത്തിന് ശേഷം രണ്ടരനൂറ്റാണ്ടുകാലം ഈജിപ്തില്‍ മംലൂക് സുല്‍ത്താന്‍മാരുടെ കീഴില്‍ അബ്ബാസീ ഖലീഫമാരുടെ വംശം നിലനിന്നു. 1517 ലാണ് ഈജിപ്തിലെ അബ്ബാസീ ഖിലാഫത്ത് അവസാനിച്ചത്.
അബ്ബാസികളുടെ വരവോടെ ഭരണ-ഉദ്യോഗരംഗങ്ങളില്‍ സിറിയന്‍ അറബികള്‍ക്കുണ്ടായിരുന്ന കുത്തകഅവസാനിക്കുകയും വിവിധ അറബി ജനവിഭാഗങ്ങള്‍ക്കും അനറബികള്‍ക്കും ഒരേപോലെ പ്രാധാന്യം ലഭിക്കുകയുംചെയ്തു. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കിയ അബ്ബാസീ നിലപാട് ഭരണസാമൂഹികരംഗത്തെ ഒരു വലിയ വിപ്ലവമായിരുന്നു. അഞ്ചുനൂറ്റാണ്ടുകാലം കാര്യമായ പ്രതിവിപ്ലവങ്ങളെയൊന്നും അഭിമുഖീകരിക്കാതെ നിലനില്‍ക്കാന്‍ അബ്ബാസികളെ തുണച്ചത് അവരുടെ ഈ വിശാലവീക്ഷണമാണ്.
ഉമവീകളെപ്പോലെ അബ്ബാസികളും രാജാധിപത്യത്തിന് ഖിലാഫത്തിന്റെ വര്‍ണം നല്‍കി. ഖലീഫമാരുടെ പുത്രന്‍മാരോ ബന്ധുക്കളോ കിരീടാവകാശികളായി നേരത്തെ നിശ്ചയിക്കപ്പെട്ടു. മന്ത്രിമാരും ന്യായാധിപരും ഉദ്യോഗസ്ഥരും പ്രത്യേക ചടങ്ങില്‍ ഇവര്‍ക്ക് ബൈഅത്ത് ചെയ്തു. മന്‍സൂര്‍ രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കി. ഖലീഫയിലായിരുന്നു എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരുന്നത്. ഭരണസൗകര്യാര്‍ഥം മന്‍സൂര്‍ ‘വസീര്‍'(മന്ത്രി) എന്ന പുതിയ തസ്തിക കൊണ്ടുവന്നു. വസീറിന്റെ മേല്‍നോട്ടത്തിലാണ് നികുതി പിരിവും വരുമാന വിതരണവും വികസനപ്രവര്‍ത്തനങ്ങളും സൈനിക ചലനങ്ങളുമെല്ലാം നടന്നിരുന്നത്. വസീറിന്റെ ഉത്തരവാദിത്വങ്ങള്‍ വിഭജിച്ച് പല വകുപ്പുകളും രൂപീകരിച്ചു. വിവിധസമുദായങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വങ്ങള്‍ അടങ്ങുന്ന സമിതിയായിരുന്നു ഖലീഫയുടെ ഉപദേശകസഭ സമിതി അംഗങ്ങള്‍ക്ക് പൂര്‍ണമായ അഭിപ്രായസ്വാതന്ത്ര്യമുണ്ടായിരുന്നു.
അമീന്‍ ഒഴികെ ആദ്യത്തെ എട്ടു ഖലീഫമാര്‍ക്കും ഗവര്‍ണര്‍മാരെ ശരിക്കു നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. ഓരോ പ്രവിശ്യയിലും ഖലീഫയുടെ വിശ്വസ്തരായ ചാരന്‍മാര്‍ ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ബഗ്ദാദിലേക്ക് വിവരങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു.
സാമ്രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കാനാണ് അബ്ബാസികള്‍ തുടക്കത്തിലേ ശ്രമിച്ചത്. പുതിയ പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കുന്നതില്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ബൈസാന്റൈന്‍ ആക്രമണങ്ങളെ ചെറുക്കുന്നതിന് അവര്‍ക്ക് വലിയ യുദ്ധങ്ങള്‍ ചെയ്യേണ്ടിവന്നു.
പില്‍ക്കാല ഖലീഫമാരുടെ സുഖലോലുപത, സദാചാരരാഹിത്യം, ആഭ്യന്തരകലഹങ്ങള്‍, തുര്‍ക്കികളുടെ അമിതസ്വാധീനം, മംഗോളിയന്‍ ആക്രമണം, വംശീയവൈരങ്ങള്‍ എന്നിവയാണ് അബ്ബാസീ ഖിലാഫത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഖിലാഫത്ത് രാജവാഴ്ചയായി മാറിയതോടെ ഭരണത്തിന്റെ ഇസ്‌ലാമികചൈതന്യം വിനഷ്ടമായിരുന്നു.
Add Comment