വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും സകലതിന്‍മകളും അധാര്‍മികപ്രവണതകളും അരങ്ങുവാഴുന്ന ഒരു നാഗരികതയിലാണ് പ്രവാചകന്‍ സത്യസന്ദേശവുമായി നിയോഗിക്കപ്പെടുന്നത്. ചപല ദുര്‍വ്വികാരങ്ങള്‍, സദാചാരധാര്‍മികമൂല്യങ്ങളെ തരിമ്പുംഗൗനിക്കാതെയുള്ള ദുര്‍വൃത്തികള്‍, കൊള്ള, കൊല, പിടിച്ചുപറി, വ്യഭിചാരം, ചൂതാട്ടം തുടങ്ങി പലതും അന്ന് സാര്‍വത്രികമായിരുന്നു. ഗോത്രങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും അപ്രതീക്ഷിതമായി ആക്രമണംനടത്തുകയും സ്വത്തുവകകള്‍ കവര്‍ന്നെടുക്കുകയും ആളുകളെ പിടികൂടി അടിമകളാക്കുകയും സ്ത്രീകളുടെ മാനംകവരുകയും ചെയ്തു. ഗോത്രാഭിമാനം സംരക്ഷിക്കാന്‍ ആരെയും കൊല്ലാനും അവമതിക്കാനും മടിയില്ലാതിരുന്ന അറേബ്യന്‍സംസ്‌കാരത്തില്‍ സ്ഥിതി അത്യന്തം വഷളായ ഘട്ടത്തില്‍ അയല്‍ ദേശങ്ങളിലും സംസ്‌കാരങ്ങളിലും നാഗരികതകളിലും സ്ഥിതി മറിച്ചായിരുന്നില്ല.
ഭൂമിയില്‍ സമാധാനം സ്ഥാപിക്കുകയെന്നതാണ് പ്രപഞ്ചനാഥനായ ദൈവത്തിന്റെ ലക്ഷ്യം. തന്‍മൂലം വ്യക്തിയുടെയും സമൂഹത്തിന്റെയും രക്ഷയ്ക്കും ഭദ്രതയ്ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശതത്ത്വങ്ങളുടെ സമാഹാരമായ ഖുര്‍ആന്‍ മുഹമ്മദ് നബിയിലൂടെ ലോകത്തിന് നല്‍കി. കുറ്റവാളിയുടെ മാനസികാധപതനത്തിന്റെ ബഹിര്‍സ്ഫുരണമാണ് കുറ്റകൃത്യമെന്നും കുറ്റവാളിയെ സംസ്‌കരിക്കാനോ അവന്റെ ബാധ സമൂഹത്തിന് ഏല്‍ക്കാതിരിക്കാനോ ഉള്ള പ്രതിരോധനടപടികളുടെ ഭാഗമാണ് ശിക്ഷയെന്നും ലോകം അംഗീകരിച്ചിട്ടുള്ളതാണ്. ക്രമസമാധാനംപാലിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ഇസ്‌ലാംനിര്‍ദ്ദേശിച്ച നിയമങ്ങളും കുറ്റകൃത്യങ്ങള്‍ക്ക് അത് നിശ്ചയിച്ച ശിക്ഷകളും നമുക്ക് വിശദമായി പരിശോധിക്കാം.
ശിക്ഷയ്ക്കര്‍ഹമായ നിയമവിരുദ്ധനടപടികളെയാണ് ശരീഅത് കുറ്റകൃത്യങ്ങള്‍ എന്ന് വിവക്ഷിക്കുന്നത്. അരുതെന്ന് വിലക്കിയ കാര്യങ്ങള്‍ ചെയ്യുന്നതും ചെയ്യാന്‍ കല്‍പിച്ചത് ഉപേക്ഷിക്കലും നിയമവിരുദ്ധമാണ്. കുറ്റകൃത്യത്തെ നിര്‍വചിക്കുന്ന വിഷയത്തില്‍ ആധുനികയുഗത്തിലെ മനുഷ്യനിര്‍മിതനിയമങ്ങളോട് പൂര്‍ണമായും യോജിപ്പാണുള്ളത്. നിരോധിച്ചത് ചെയ്യലോ കല്‍പിച്ചത് ഉപേക്ഷിക്കലോ ആണ് ആധുനികനിയമത്തിന്റെ ഭാഷയില്‍ കുറ്റകൃത്യം. ഒരു കാര്യം ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ കുറ്റമായി ഗണിക്കണമെങ്കില്‍ അത് ശിക്ഷാര്‍ഹമായിരിക്കണം എന്നും നിയമം പറഞ്ഞുവെക്കുന്നു.
കുറ്റകൃത്യങ്ങള്‍ സമൂഹത്തിന്റെ ഭദ്രത തകര്‍ക്കുന്നു. എന്നുമാത്രമല്ല, അത് വ്യക്തികളുടെ അന്തസ്സ്, അഭിമാനം, സുരക്ഷ, സമ്പത്ത് , വികാരങ്ങള്‍ എന്നിവയെ ഹനിക്കുന്നു. അതിനാല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നിര്‍ണയിക്കുന്നതിന്റെ ഉദ്ദേശ്യം സമൂഹത്തിന്റെ നന്‍മയും രക്ഷയും നിലനില്‍പുമാണെന്ന കാര്യത്തില്‍ മനുഷ്യനിര്‍മിതനിയമങ്ങളോട് ഇസ്‌ലാം യോജിക്കുന്നു. കൊലക്കുറ്റത്തിന്റെ ശിക്ഷയെക്കുറിച്ച് ‘ബുദ്ധിശാലികളേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്കു ജീവിതമുണ്ട്. തല്‍ഫലമായി നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കും’ എന്ന് ഖുര്‍ആന്‍ പറഞ്ഞതില്‍ പ്രസ്തുത യാഥാര്‍ഥ്യമാണ് മനസ്സിലാക്കാനാകുന്നത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതമാണ് ശിക്ഷാനടപടിയുടെ തത്ത്വമെന്ന് മേല്‍സൂക്തം ബോധ്യപ്പെടുത്തുന്നു. കൊല നടത്തിയാല്‍ വധശിക്ഷയ്ക്ക് വിധേയനാകുമെന്ന് മനസ്സിലാക്കുന്ന ആള്‍ ഒരിക്കലും അന്യനെ കൊല്ലാന്‍ ധൈര്യപ്പെടുകയില്ല. അപ്പോള്‍ രണ്ടുപേരുടെയും ജീവന്‍ രക്ഷപ്പെടും. ഒരുത്തന്‍ കൊലയില്‍നിന്നും മറ്റെയാള്‍ വധശിക്ഷയില്‍നിന്നും. തദ്ഫലമായി നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കും എന്ന് പരാമര്‍ശം ആലോചനാമൃതമാണ്. ശിക്ഷയെ ഭയന്ന് കുറ്റത്തെ വര്‍ജിക്കാനാണ് ശിക്ഷാ നടപടി ഏര്‍പ്പെടുത്തിയതെന്നാണ് അതിന്റെ പൊരുള്‍.
ഏത് കാര്യവും കുറ്റകരമോ ശിക്ഷാര്‍ഹമോ ആകണമെങ്കില്‍ അത് നിയമത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. പതിനാല് നൂറ്റാണ്ടിന് മുമ്പ് ഖുര്‍ആന്‍ കൊണ്ടുവന്ന ഈ നിയമം പതിനെട്ടാംനൂറ്റാണ്ടില്‍ മാത്രമാണ് മനുഷ്യനിര്‍മിതനിയമാവലിയില്‍ ഉള്‍ച്ചേര്‍ന്നത്. പൗരന്‍മാരെ നിയമദൃഷ്ട്യാ ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കലും നീതിന്യായപീഠങ്ങളുടെയും അധികാരികളുടെയും പക്ഷപാതസമീപനങ്ങള്‍ ഇല്ലാതാക്കലും അതിന്റെ ലക്ഷ്യമാണ്.
സമൂഹത്തില്‍ സമാധാനഭംഗവും അരാജകത്വവും സൃഷ്ടിക്കുന്ന ഗുരുതരമായ കുറ്റങ്ങള്‍ക്കേ ഈ തത്ത്വം ആവിഷ്‌കരിച്ച ഇസ്‌ലാം ശിക്ഷ നിജപ്പെടുത്തിയിട്ടുള്ളൂ എന്നത് ശ്രദ്ധിക്കുക. കൊല, കൊള്ള, വ്യഭിചാരാരോപണം, വ്യഭിചാരം, മോഷണം, കയ്യേറ്റം എന്നിവയാണ് ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍.
ചില കുറ്റങ്ങള്‍ക്ക് പ്രവാചകന്‍ തിരുമേനിയും ശിക്ഷ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യപാനം, മതപരിത്യാഗം എന്നിവ ഇതില്‍ പെടുന്നു. ഇവയല്ലാത്ത കുറ്റങ്ങള്‍ക്ക് ഇസ്‌ലാം ശിക്ഷ നിശ്ചയിച്ചിട്ടില്ല. കുറ്റത്തിന്റെ ഗൗരവവും കുറ്റവാളിയുടെ സാഹചര്യവും കണക്കിലെടുത്ത് സന്ദര്‍ഭത്തിനും സമുദായതാല്‍പര്യത്തിനും അനുയോജ്യമായ നടപടി സ്വീകരിക്കാന്‍ ഭരണാധികാരികള്‍ക്കും പണ്ഡിതവിശാരദന്‍മാര്‍ക്കും അധികാരം നല്‍കുകയാണ് ചെയ്തത്.
Add Comment