ഉമര്‍(റ)

ഉമര്‍ ‘അല്‍ഫാറൂഖ്’ (റ)

ഇസ്‌ലാമിലെ രണ്ടാമത്തെ ഖലീഫയായിരുന്ന സ്വഹാബി. നീതിമാനായ (ഉമര്‍ അല്‍ ഫാറൂഖ്) എന്ന പേരില്‍ ചരിത്രത്തില്‍ ഖ്യാതി നേടിയ മുസ്‌ലിം ഭരണാധികാരി. ഉമറിന്റെ ഇസ്‌ലാമിന് മുമ്പുള്ള ജീവിതത്തെക്കുറിച്ച് വളരെ കുറഞ്ഞ വിവരമേ ചരിത്രഗ്രന്ഥങ്ങളില്‍നിന്ന് ലഭിക്കുന്നുള്ളൂ. ഹിജ്‌റക്കു നാല്‍പതുവര്‍ഷംമുമ്പാണ് ഉമറിന്റെ ജനനം. പിതാവ് ഖത്ത്വാബ് ബ്‌നു തുഫൈല്‍. മാതാവ് ഹന്‍തമ ബിന്‍ത് ഹിശാമിബ്‌നു മുഗീറ. ഖുറൈശികളുടെ അമ്പാസിഡര്‍മാരായിരുന്ന അദിയ്യ് ഗോത്രത്തിലാണ് ഉമര്‍ ജനിച്ചത്. കുതിരസവാരി, മല്‍പിടുത്തം , ആയോധനമുറകള്‍ , പ്രസംഗം, വംശക്രമശാസ്ത്രം മുതലായവയില്‍ ഉമര്‍ ചെറുപ്പത്തിലേ പ്രവീണനായി. ഉക്കാളിലെ വാര്‍ഷികപ്രദര്‍ശനങ്ങളില്‍ ആയോധനമുറകളില്‍ അസാമാന്യമികവ് പ്രകടിപ്പിച്ചിരുന്ന ഉമര്‍ ഇസ് ലാമിനുമുമ്പേ അറബികള്‍ക്കിടയില്‍ പ്രശസ്തനായിരുന്നു. ഖുറൈശികളില്‍ എഴുതാനും വായിക്കാനും അറിയാമായിരുന്ന 17 പേരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. കച്ചവടാവശ്യാര്‍ഥം ഇറാന്‍ , സിറിയ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി സഞ്ചരിച്ച ഉമര്‍ ഗോത്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ പലപ്പോഴും ഖുറൈശികളുടെ വക്താവായി വര്‍ത്തിച്ചു.

മുഹമ്മദ് നബി ഇസ്‌ലാമികപ്രബോധനദൗത്യവുമായി രംഗത്തുവന്നപ്പോള്‍ ഉമര്‍ ഇസ്‌ലാമിന്റെ കഠിനശത്രുവായി മാറി. മുസ്‌ലിങ്ങളെ കഠിനമായി മര്‍ദ്ദിച്ചു. രണ്ടിലൊരു ഉമറിനെ (ഉമറുബ്‌നുല്‍ ഖത്ത്വാബും അബൂജഹ്‌ലുമാണ് ഉദ്ദേശ്യം)ക്കൊണ്ട് ഇസ്‌ലാമിനെ രക്ഷപ്പെടുത്തണമെന്ന് നബി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. പ്രവാചകനെ വധിക്കാന്‍ ഊരിപ്പിടിച്ച വാളുമായി ഒരു ദിവസം പുറപ്പെട്ട ഉമറിനെ നുഐം ഇബ്‌നു അബ്ദില്ല എന്നയാള്‍ വഴിക്കുവെച്ച് തടഞ്ഞുനിര്‍ത്തി. ഉമറിന്റെ അളിയന്‍ സൈദും പെങ്ങള്‍ ഫാത്വിമയും ഇസ്‌ലാം സ്വീകരിച്ച വിവരം ധരിപ്പിച്ചു. ക്ഷുഭിതനായ ഉമര്‍ സൈദിന്റെ വീട്ടിലേക്ക് കയറിച്ചെന്നു. സൈദിനെയും ഫാത്വിമയെയും ഖബ്ബാബ് എന്ന സ്വഹാബി ഖുര്‍ആന്‍ പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം മറക്കുപിന്നിലൊളിച്ചു. ഇസ്‌ലാം സ്വീകരിച്ചതിന് സഹോദരിയെയും സ്യാലനെയും ഉമര്‍ അതികഠിനമായി മര്‍ദ്ദിച്ചു. എന്നാല്‍ അവര്‍ രണ്ടുപേരും ഇസ്‌ലാമിലുള്ള ദൃഢവിശ്വാസം പ്രഖ്യാപിക്കുകയാണ് ചെയ്തത്. അവരുടെ അചഞ്ചലമായ വിശ്വാസം ഉമറിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം സൗമ്യഭാവത്തില്‍ അവരില്‍ നിന്ന് ഖുര്‍ആന്‍ വാങ്ങി വായിച്ചു. തുടര്‍ന്ന് ഖബ്ബാബിനെയും കൂട്ടി ഉമര്‍ , അര്‍ഖമിന്റെ ഭവനത്തിലായിരുന്ന മുഹമ്മദ് നബിയെ ചെന്നുകണ്ട് ഇസ്‌ലാം ആശ്ലേഷിച്ചു. പ്രവാചകത്വലബ്ധിയുടെ ആറാം വര്‍ഷമാണ് ഈ സംഭവം. അതുവരെ 51 പേര്‍ മാത്രമുള്ള മുസ്‌ലിംസംഘം രഹസ്യമായാണ് പ്രാര്‍ഥന നിര്‍വഹിച്ചിരുന്നത്. ഉമറിന്റെ പരിവര്‍ത്തനം സ്ഥിതികളില്‍ സാരമായ മാറ്റം വരുത്തി. ഉമര്‍ തന്റെ ഇസ്‌ലാമാശ്ലേഷം പരസ്യമായി പ്രഖ്യാപിച്ചു. ഖുറൈശികളുടെ എതിര്‍പ്പുകള്‍ വെല്ലുവിളിച്ചുകൊണ്ട് കഅ്ബയില്‍ അദ്ദേഹം പരസ്യമായി നമസ്‌കരിച്ചു. ഉമര്‍ ഇസ്‌ലാംസ്വീകരിച്ചതോടെ ഇസ്‌ലാമിലേക്ക് കൂടുതല്‍ ജനപ്രവാഹമുണ്ടായി. ഖുറൈശികളെ വെല്ലുവിളിച്ചുകൊണ്ട് പരസ്യമായാണ് ഉമര്‍ മദീനയിലേക്ക് പലായനംചെയ്തത്.

അബൂബക്‌റിനെ പോലെ ഉമറും തന്റെ ശിഷ്ടജീവിതം ഇസ്‌ലാമിനായി സമര്‍പ്പിച്ചു. എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പ്രവാചകനോടൊപ്പം നിലകൊണ്ടു. ഭരണകാര്യങ്ങളില്‍ പ്രവാചകന്‍ ഉമറുമായി കൂടിയാലോചിക്കാറുണ്ടായിരുന്നു. നബി അദ്ദേഹത്തിന്റെ മകളെ ഭാര്യയായി സ്വീകരിച്ചു. നബിയുടെ കാലത്തുതന്നെ സുദൃഢവും സുചിന്തിതവുമായ അഭിപ്രായങ്ങള്‍ക്ക് ഉമര്‍ പ്രസിദ്ധനായിരുന്നു. ഖുര്‍ആന്‍ ഉമറിന്റെ മൂന്നുവ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ ശരിവെച്ചിട്ടുണ്ട്. അവിശ്വാസികളെ ഭാര്യമാരാക്കരുതെന്ന ഖുര്‍ആന്‍ കല്‍പനവന്നപ്പോള്‍ ഉമര്‍ തന്റെ ബഹുദൈവാരാധകരായ രണ്ടു പത്‌നിമാരെ-ഖുറൈബ, ഉമ്മുകുല്‍സൂം- വിവാഹമോചനം ചെയ്തു. പകരം ജമീല ബിന്‍ത് സാബിതിനെ വിവാഹം ചെയ്തു. ഹി. എട്ടാംവര്‍ഷം മക്ക ഇസ്‌ലാമിന് കീഴടങ്ങി. ഖുറൈശികള്‍ മുസ് ലിങ്ങളോട് കൂറുപ്രഖ്യാപിച്ചു. പുരുഷന്‍മാര്‍ പ്രവാചകന്റെ കൈപിടിച്ച് ബൈഅത് ചെയ്തപ്പോള്‍ സ്ത്രീകള്‍ പ്രവാചകന്റെ നിര്‍ദ്ദേശാനുസരണം ഉമറിന്റെ അടുക്കല്‍ ചെന്നാണ് ബൈഅത്ത് ചെയ്തത്. ഹുനൈന്‍ യുദ്ധത്തില്‍ മുസ്‌ലിങ്ങള്‍ പ്രാരംഭത്തില്‍ പരാജയം നേരിട്ട് പിന്തിരിഞ്ഞോടിയപ്പോള്‍ ഉമറും ചുരുക്കം ചിലരും മാത്രമാണ് പ്രവാചകന്റെ കൂടെ ഉറച്ചുനിന്നത്. സമരാന്ത്യത്തില്‍ മുസ്‌ലിങ്ങള്‍ വിജയിച്ചു. ഹിജ്‌റ ഒമ്പതാംവര്‍ഷം നടന്ന തബൂക് യുദ്ധത്തിനുള്ള നിധിയിലേക്ക് തന്റെ സമ്പാദ്യത്തിന്റെ പകുതിയും സംഭാവനചെയ്തു. ഉമറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സമൂഹപ്രാര്‍ത്ഥനയ്ക്കായി ബാങ്ക് വിളിക്കുന്ന ചടങ്ങ് ഇസ്‌ലാമില്‍ ഏര്‍പ്പെടുത്തിയത്. അബൂബക്‌റിനുശേഷം ഉമര്‍ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു.

യജമാനന്‍ തന്നെ ചൂഷണംചെയ്യുന്നതായി മുഗീറത്തുബ്‌നു ശുഅ്ബയുടെ അടിമയായിരുന്ന ഫിറോസ് (അബൂലുഅ്‌ലുഅ്) ഒരിക്കല്‍ ഉമറിനോട് പരാതിപ്പെട്ടു. ഖലീഫ പരാതി പരിശോധിച്ചെങ്കിലും മുഗീറഃ നീതികേട് കാണിച്ചതായി കണ്ടില്ല. ഇതില്‍ ക്ഷുഭിതനായ ഫിറോസ് ഉമറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അടുത്ത ദിവസം പ്രഭാതത്തില്‍ ഉമര്‍ നമസ്‌കാരം തുടങ്ങിയപ്പോള്‍ മുന്‍നിരയില്‍ നില്‍പ്പുറപ്പിച്ചിരുന്ന അക്രമി അദ്ദേഹത്തെ പിന്നില്‍നിന്ന് കുത്തിവീഴ്ത്തി. അനേകം ആളുകളെ പരിക്കേല്‍പിച്ചുകൊണ്ട് അക്രമി ഓടി രക്ഷപ്പെട്ടു. കുത്തേറ്റവരില്‍ പലരും രക്തസാക്ഷികളായി. ഫിറോസ് ആത്മഹത്യ ചെയ്തു. നമസ്‌കാരം നയിക്കാന്‍ മകന്‍ അബ്ദുര്‍റഹ്മാനെ ഏല്‍പിച്ചശേഷം ഉമര്‍ തന്നെ വീട്ടിലെത്തിക്കാനപേക്ഷിച്ചു. തന്നെ മാരകമായി പരിക്കേല്‍പിച്ച അക്രമി ഒരു മുസ്‌ലിം അല്ലെന്നറിഞ്ഞ് ഉമര്‍ ആശ്വസിച്ചു. അന്ത്യം അടുത്തിരിക്കുന്നുവെന്ന് ബോധ്യമായ ഖലീഫ മൃതദേഹം പ്രവാചകന്റെ ഖബ്‌റിന്നരികില്‍ മറവുചെയ്യുന്നതിന് വിരോധമുണ്ടോ എന്നറിയാന്‍ ആഇശയുടെ അടുക്കലേക്ക് ആളെ അയച്ചു. ആഇശ അനുകൂലമായി മറുപടി നല്‍കി. അടുത്ത ഖലീഫയെ തെരഞ്ഞെടുക്കുന്നതിനായി അലി , ഉസ്മാന്‍, ത്വല്‍ഹ, സുബൈര്‍ സഅ്ദ്, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് എന്നിവരടങ്ങുന്ന ഒരു സമിതിയെ ഉമര്‍ നിശ്ചയിച്ചു. ഹി. 23 ദുര്‍ഹജ്ജ് 26 ന്(ക്രി.വ. 644) ഉമര്‍ നിര്യാതനായി. പ്രവാചകന്റെ ഖബ്‌റിന്നരികില്‍ അദ്ദേഹത്തെ അടക്കംചെയ്തു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured