കുടുംബം-ലേഖനങ്ങള്‍

ഭക്ഷണം ആരോഗ്യം വിശ്വാസം

നല്ല മാര്‍ക്ക് നേടാന്‍, ഖുര്‍ആന്‍ മനഃപാഠമാക്കാന്‍, പുതിയ ഭാഷ സ്വായത്തമാക്കാന്‍, കുടുംബത്തെ പരിപാലിക്കാന്‍ തുടങ്ങി പലതിനും നാം എല്ലാ ദിവസവും അധ്വാനപരിശ്രമങ്ങളിലേര്‍പ്പെടുന്നു. തുടര്‍ച്ചയായ പ്രയത്‌നങ്ങളിലൂടെ ജീവിതചുറ്റുപാടുകള്‍ നന്നാക്കുന്നതിലാണ് നാം കൂടുതല്‍ ശ്രദ്ധിക്കുന്നത്.

സ്വന്തം ഉയര്‍ച്ചയ്ക്കായി പരിശ്രമിക്കണമെന്നും ഓരോ കര്‍മവും മികച്ചതാക്കണമെന്നുമുള്ള ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വമുള്‍ക്കൊണ്ടുകൊണ്ട് നാമെല്ലാം ശാരീരികമായും മാനസികമായും പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നു. ജീവിതത്തിന്റെ ഓരോ മേഖലയിലും എല്ലാ ഊര്‍ജ്ജവും നാം ഉപയോഗിക്കുന്നു. എന്നാല്‍ ഈ ഊര്‍ജ്ജം ശരിയായ രീതിയിലാണ് നേടേണ്ടതെന്ന വസ്തുത പലപ്പോഴും നാം മറന്നുപോകുന്നു. ലക്ഷ്യംനേടാനുള്ള വ്യഗ്രതയില്‍ ശരീരത്തെ അവഗണിക്കുന്നു. ഒട്ടുംതന്നെ സന്തുലിതമല്ലാത്ത ഭക്ഷണരീതിയും വ്യായാമത്തിന്റെ ആവശ്യകതയെ വിസ്മരിക്കുന്ന ശീലങ്ങളുമാണ് നമുക്ക് പൊതുവെയുള്ളത്.
ശരീരവും മനസ്സും അല്ലാഹു നമ്മെയേല്‍പിച്ചിരിക്കുന്നത് അമാനത്തെന്ന നിലക്കാണ്. ഒരു സുഹൃത്ത് അവന്റെ പക്കലുള്ള വിലകൂടിയ ആഡംബരകാര്‍ നമുക്ക് ഒരു കാലയളവിലേക്ക് ഉപയോഗിക്കാന്‍ വിട്ടുതന്നുവെന്നിരിക്കട്ടെ. നാം അത് ഉപയോഗിക്കുന്ന ഓരോ നിമിഷവും അത് എത്തരം റോഡിലൂടെ ഓടുന്നു, ഏതൊക്കെ പമ്പില്‍നിന്ന് ഇന്ധനം നിറക്കുന്നു, ആര്‍ക്കൊക്കെ അതില്‍ കയറാം എന്നതിലൊക്കെ തികഞ്ഞ സൂക്ഷ്മത കൈക്കൊള്ളുമെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മനുഷ്യനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടെത്തിക്കാന്‍ ഉള്ള വാഹനമാണ് കാര്‍. ആ കാറിനെപ്പോലെ ആത്മാവിനെ ദുന്‍യാവിലൂടെ വഹിച്ചുകൊണ്ടുപോകുന്ന നൗകയാണ് സ്വശരീരം. അതുകൊണ്ടുതന്നെ ആ ശരീരത്തെ നാം വിലമതിക്കുകയും അതിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവാനാകുകയുംവേണം.
‘ആരുടെയെങ്കിലും ദിനം കുടുംബസുരക്ഷയും ആരോഗ്യവും ജീവിതസന്ധാരണവും ഉറപ്പുവരുത്തിക്കൊണ്ട് തുടങ്ങാന്‍ കഴിഞ്ഞാല്‍ ഈ ലോകം മുഴുവന്‍ കൈവശപ്പെടുത്തിയവനെപ്പോലെയാണ്.’
മുസ്‌ലിമെന്ന നിലക്ക് നമ്മുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ശരീരത്തിനുള്ള പങ്ക് നിസ്സീമമാണ.് അതിനാല്‍ ആരോഗ്യകരമായ ജീവിതശൈലി പുലര്‍ത്തേണ്ടത് അതീവപ്രാധാന്യമുള്ള സംഗതിയാണ്.ശരീരഭാരം കൂടുതലുള്ള സഹോദരീ-സഹോദരന്‍മാര്‍ കൂടുതല്‍ നേരം നില്‍ക്കാന്‍ കഴിയാത്തതിനാല്‍ കസേരയിലിരുന്ന് നമസ്‌കരിക്കുന്ന കാഴ്ച പള്ളികളില്‍ ഇപ്പോള്‍ സര്‍വസാധാരണമാണ്. റുകൂഉും സുജൂദും ചെയ്യാന്‍ പോലുമാകാതെ അത്തരം വിശ്വാസികള്‍ പ്രയാസപ്പെടുന്ന അവസ്ഥാവിശേഷം എന്തുമാത്രം കഷ്ടമാണ്? പ്രയാസവേളകളില്‍ നമ്മുടെ നമസ്‌കാരത്തിന് ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവാചകന്‍ തിരുമേനി എത്രമാത്രം സമ്പൂര്‍ണമായി അത് നിര്‍വഹിച്ചുവോ അതുപോലെ പൂര്‍ത്തീകരിക്കാന്‍കഴിയുംവിധം ശാരീരികക്ഷമത നിലനിര്‍ത്താന്‍ വേണ്ടതെല്ലാം നാം ചെയ്യണം.
‘ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയേക്കാള്‍ അല്ലാഹുവിങ്കല്‍ പ്രിയങ്കരന്‍, രണ്ടുപേരിലും നന്‍മകളുണ്ടെങ്കിലും'(ബുലൂഗുല്‍ മറാം).
വിശ്വാസിക്ക് കര്‍മനൈരന്തര്യവും ശാരീരികക്ഷമതയും പുലര്‍ത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ആനും സുന്നത്തും നല്‍കിയിട്ടുണ്ട്. രോഗങ്ങളില്‍നിന്നും വ്യാധികളില്‍നിന്നും എങ്ങനെ സുരക്ഷിതമായി നിലകൊള്ളാം എന്നതുമാത്രമല്ല അവയിലുള്ളത്. തികഞ്ഞ ആരോഗ്യവാനായി ജീവിക്കാന്‍ സഹായിക്കുമാറ് ഖുര്‍ആന്റെയും ഹദീസിന്റെയും നിര്‍ദ്ദേശങ്ങളെമ്പാടുമുണ്ട്. അവയില്‍ ചിലതാണ് ചുവടെ കൊടുത്തിരിക്കുന്നത്

1. പ്രാര്‍ഥിക്കുക

ഏതുപ്രവൃത്തിയിലേര്‍പ്പെടുമ്പോഴും അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ മറക്കരുത്. നാം നേടിയ അറിവുകള്‍ അവന്റെ സഹായമില്ലാതെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. നബി തിരുമേനി (സ) അരുളി: ‘പ്രാര്‍ഥന ആരാധനയുടെ മജ്ജയാണ്'(തിര്‍മിദി).

2.ഭോജനം

അന്ന-പാനീയങ്ങളില്‍ മിതത്വം പുലര്‍ത്തുക:’ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല ‘ (അഅ്‌റാഫ് 31)
അമിതാഹാരം പൊണ്ണത്തടിക്കുള്ള കാരണങ്ങളിലൊന്നാണ് മേല്‍ സൂക്തത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാകുന്നു. നാം ഭക്ഷണത്തില്‍ അമിതത്വം കാട്ടരുതെന്ന് ഖുര്‍ആന്‍ പറയുന്നതതുകൊണ്ടാണ്. സ്വാദിന്റെ പിന്നാലെ പോയി എല്ലാംമറന്ന് വെട്ടിവിഴുങ്ങാന്‍ തുനിയാതെ, വയറിന് താങ്ങാവുന്നത് കഴിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണിവിടെ.

-സാവധാനംകഴിക്കുക

‘അല്ലാഹുവിന്റെ ദൂതര്‍ ഭക്ഷണത്തില്‍ ഊതുന്നത് വിലക്കിയിരിക്കുന്നു'(ഇബ്‌നു മാജ 3429).
ചൂടുള്ള ഭക്ഷണം മുമ്പിലെത്തിയാല്‍ ധൃതിയില്‍ കഴിച്ചുതീര്‍ക്കാനായി നാം പലപ്പോഴും അതില്‍ ഊതാറുണ്ട്. കഠിനമായ വിശപ്പുതോന്നുന്ന ഘട്ടത്തിലാണ് ഭക്ഷണം കഴിക്കുന്നതില്‍ നാം തിരക്കുകൂട്ടുന്നത്. ധൃതിയില്‍ ഭക്ഷണംകഴിച്ചാല്‍ വയറുനിറഞ്ഞുവെന്ന സന്ദേശം തലച്ചോറിലെത്താന്‍ വൈകുകയും തന്‍മൂലം കൂടുതല്‍ ഭക്ഷണം അകത്തുചെല്ലുകയുംചെയ്യും. ഉന്‍മേഷം നല്‍കേണ്ട ഭക്ഷണം പക്ഷേ അമിതഅളവില്‍ ആയാല്‍ തളര്‍ച്ചയും ആലസ്യവുമാണ് സമ്മാനിക്കുക. അതിനാല്‍ ഭക്ഷണത്തിന്റെ രുചിയും മണവും കൊതിയുണ്ടാക്കുന്നുവെങ്കില്‍ തിടുക്കത്തില്‍ വിഴുങ്ങാന്‍ ശ്രമിക്കാതെ ആത്മനിയന്ത്രണം പാലിച്ച് അത് ചൂടാറാന്‍ കാത്തുനില്‍ക്കുക.

– ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക

പ്രവാചകന്‍ തിരുമേനിയുടെ അടുക്കല്‍ വന്ന് അനുചരന്‍മാരില്‍ ചിലര്‍ പരാതിപറഞ്ഞു:’ഞങ്ങള്‍ ഭക്ഷണം കഴിക്കാറുണ്ട് . പക്ഷേ, സംതൃപ്തി ലഭിക്കുന്നില്ല. അത് കേട്ടപ്പോള്‍ പ്രവാചകന്‍ ചോദിച്ചു:’നിങ്ങള്‍ ഒരുപക്ഷേ തനിച്ചിരുന്ന് ഭക്ഷിക്കുന്നതുകൊണ്ടാകാം അങ്ങനെ.’ അതുകേട്ട് അനുചരന്‍മാര്‍ സമ്മതഭാവത്തില്‍ തലയാട്ടി. അപ്പോള്‍ തിരുമേനി ഇപ്രകാരം പറഞ്ഞു:’നിങ്ങള്‍ ഒരുമിച്ചിരുന്ന് കഴിക്കുകയും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയുംചെയ്യുക. അത് നിങ്ങളില്‍ അനുഗ്രഹം ചൊരിയും”(അബൂദാവൂദ് 16).
മറ്റുള്ളവരോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് നമുക്ക് സംതൃപ്തി പകര്‍ന്നുനല്‍കുമെന്ന് മേല്‍ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നു. അസംതൃപ്തനാകുന്ന വ്യക്തി കൂടുതല്‍ കഴിക്കുകയും അതുവഴി പൊണ്ണത്തടിയനായി മാറുകയുംചെയ്യുന്നു. കുടുംബത്തോടും കൂട്ടുകാരോടും ഒപ്പമിരുന്ന് കഴിക്കുമ്പോള്‍ പരസ്പരമുള്ള ബന്ധം ഊഷ്മളമാകുന്നത് അല്ലാഹുവിനേറെ ഇഷ്ടമുള്ള കാര്യമാണ്.

3. സക്രിയനായിരിക്കുക

പ്രവാചകന്‍ തിരുമേനിയും അനുചരന്‍മാരും എത്രമാത്രം സക്രിയരായിരുന്നുവെന്ന് കാട്ടുന്ന ഒട്ടേറെ സംഭവങ്ങള്‍ ഹദീസുകളില്‍ നമുക്ക് കാണാം. നാല്‍പത് വയസ്സിനുശേഷം മുഹമ്മദ് നബി(സ) യുദ്ധത്തിന് നേതൃത്വം കൊടുത്തുകൊണ്ട് യാത്രകള്‍ നടത്തിയെന്നത് അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

– കുതിരയോട്ടം

‘രസംകണ്ടെത്താനായി ചെയ്യുന്നവയില്‍ 3 കാര്യങ്ങളൊഴിച്ചുള്ള എല്ലാം പാഴ്‌വേലയാണ്: ‘കുതിരയെ പരിശീലിപ്പിക്കല്‍, ഭാര്യയോടൊത്തുള്ള വിനോദം, അമ്പെയ്ത്ത്” (അബൂദാവൂദ്).
കുതിരയോട്ടം ഒട്ടേറെ ഗുണങ്ങള്‍ നേടിത്തരുന്ന അഭ്യാസമാണ്. അത് നിങ്ങളുടെ ശാരീരികസന്തുലനത്തെയും ഏകോപിതപ്രവര്‍ത്തനങ്ങളെയും സഹായിക്കുന്നു. അത് തുറന്ന അന്തരീക്ഷത്തിലേക്ക് നയിക്കുകയും പേശീവ്യായാമത്തിന് അനുഗുണമായിത്തീരുകയും ചെയ്യുന്നു. അതോടൊപ്പം കരളിന്റെയും ദഹനേന്ദ്രിയവ്യവസ്ഥയുടെയും കുടലുകളുടെയും ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

– നടത്തം

‘അദ്ദേഹം(മുഹമ്മദ്) നടക്കുന്നതിനേക്കാള്‍ വേഗത്തില്‍ ആരും നടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന് വേണ്ടി ഭൂമി ചുരുട്ടപ്പെടുന്നതുപോലെ തോന്നും. കുറച്ചുമുമ്പ് അദ്ദേഹം ഇവിടെയായിരുന്നെങ്കില്‍ ഏതാനുംനിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മറ്റൊരിടത്തായിരിക്കും. സാധാരണരീതിയില്‍ നടക്കുമ്പോഴും അദ്ദേഹത്തോടൊപ്പമെത്താന്‍ ഞങ്ങള്‍ വളരെ ക്ലേശിച്ചിരുന്നു ‘(ശമാഇല്‍ മുഹമ്മദിയ്യ 116).
ഇക്കാലത്ത് നടക്കാനുള്ള ദൂരമുള്ളൂവെങ്കില്‍ പോലും നമ്മള്‍ വാഹനങ്ങളിലേറി പോകാനാണ് താല്‍പര്യംകാട്ടുന്നത്. കൂടുതല്‍ സൗകര്യം അതാണെന്നതും അധികം ഊര്‍ജ്ജം ചെലവാക്കേണ്ടതില്ലല്ലോയെന്ന ആശ്വാസവുമാണ് അതിന് പിന്നിലുള്ളത്. എന്നാല്‍ മുഹമ്മദ് നബി(സ) വേഗത്തില്‍ നടക്കാറായിരുന്നു പതിവ്. അതിനാല്‍ ആ ശീലം നാമും മുറുകെപ്പിടിക്കണം. ഇന്ന് ആഗോളതലത്തില്‍ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം, നടത്തമാണ് പരിഹാരമായി എല്ലാവരോടും നിര്‍ദ്ദേശിക്കുന്നത്.

ഓട്ടമത്സരം

ആഇശ (റ) പറയുന്നു:
‘ഞാനും പ്രവാചകന്‍ തിരുമേനിയും ഓട്ടമത്സരം നടത്തുമായിരുന്നു. അങ്ങനെ ഞാന്‍ അദ്ദേഹത്തെ തോല്‍പ്പിക്കും'(ഇബ്‌നുമാജ 1979)
നബി (സ) ഓടുകയും മത്സരിക്കുകയും ചെയ്‌തെന്നുമാത്രമല്ല അത് ഭാര്യയോടൊപ്പം ചെയ്തു എന്നാണ് മേല്‍ ഹദീസ് വെളിപ്പെടുത്തുന്നത്. വ്യായാമം കുടുംബത്തിലെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കേണ്ട, അതിലൂടെ ആരോഗ്യവും ശാരീരികക്ഷമതയും അതീവപ്രാധാന്യമുള്ള ഒന്നാണെന്ന തര്‍ബിയ്യത്ത് കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള അവസരമായി കാണേണ്ടതാണെന്ന് ഇത് മനസ്സിലാക്കിത്തരുന്നുണ്ട്. മാത്രമല്ല, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ അത് സഹായകരമായിരിക്കും.

ഡോ. ആഇശ

വിവ: ശുമൈസ് നാസര്‍ (അസ്ഹര്‍ ഉലൂം വിദ്യാര്‍ഥി)

Topics