Global

തുര്‍ക്കിയിലെ വിമതഅട്ടിമറി പരാജയപ്പെട്ടതില്‍ വിലപിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ !

അങ്കാറ: തുര്‍ക്കിയില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടന്ന അട്ടിറിയെ അനുകൂലിച്ച് ചില പാശ്ചാത്യമാധ്യമങ്ങളെടുത്ത നിലപാട് ആ രാജ്യങ്ങളുടെ ഉര്‍ദുഗാന്‍ ഭരണകൂട വിരുദ്ധതയ്ക്ക് തെളിവാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ നിലപാട് ലോകജനതയെ തെറ്റുധരിപ്പിക്കുന്നതും ജനാധിപത്യത്തെ പരിഹസിക്കുന്നതും ആണെന്ന് അവര്‍ ആരോപിച്ചു.

തുര്‍ക്കിയുടെ അവസാനപ്രതീക്ഷയും അസ്തമിച്ചുവെന്നാണ് അട്ടിമറിയെ അനുകൂലിച്ചുകൊണ്ട് ഫോക്‌സ് ന്യൂസ് ചാനല്‍ അവരുടെ വെബ്‌സൈറ്റില്‍ പോസ്റ്റിട്ടത്. തുര്‍ക്കി സര്‍ക്കാറിന്റെ ഇസ്‌ലാമികവത്കരണം തടയാനും ജനതയെ അധഃപതനത്തില്‍നിന്ന് രക്ഷിക്കാനും ലഭിച്ച അവസരമാണ് നഷ്ടമായതെന്ന് ഫോക്‌സ് വിലപിക്കുകയുംചെയ്തു. അട്ടിമറി പരാജയപ്പെട്ട സ്ഥിതിക്ക് തുര്‍ക്കി ഇനി ഉരുക്കുമുഷ്ടിയിലായിരിക്കുമെന്നും രക്തപ്പുഴയൊഴുകുമെന്നും ഗാര്‍ഡിയന്‍ എഴുതി. അതേസമയം തുര്‍ക്കിജനതയെ മുഴുവന്‍ ഇകഴ്ത്തുംവിധം ‘ഉര്‍ദുഗാന്റെ കുഞ്ഞാടുകള്‍’ എന്ന തലക്കെട്ടോടെ ദ ന്യൂയോര്‍ക്ക് ടൈംസ് പത്രം ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഉര്‍ദുഗാന്‍ ഏകാധിപതിയെപ്പോലെ നിലകൊണ്ടതാണ് അട്ടിമറിക്കിടയാക്കിയതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ കീഴിലുള്ള ഫോറിന്‍ പോളിസി മാഗസിന്റെ കുറ്റപ്പെടുത്തല്‍.
എന്നാല്‍ പാശ്ചാത്യന്‍ മാധ്യമങ്ങളുടെ ജനാധിപത്യവിരുദ്ധമായ നിലപാട് ആക്ഷേപാര്‍ഹമാണെന്ന് അങ്കാറ കേന്ദ്രമായ ഫൗണ്ടേഷന്‍ ഫോര്‍ പൊളിറ്റികല്‍, എകണോമിക് ആന്റ് സോഷ്യല്‍ റിസര്‍ച്ച് സെന്ററിലെ രാഷ്ട്രീയവിശാരദനായ ബുര്‍ഹാനുദ്ദീന്‍ ദുറന്‍ വ്യക്തമാക്കി. രാഷ്ട്രവിരുദ്ധശക്തികള്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ അപലപിക്കാതെ ഭീകരനീക്കത്തെ പിന്തുണക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Topics