ദര്‍ശനം

വിജ്ഞാനത്തിനു പിന്നിലെ ദര്‍ശനം

ജ്ഞാനം ഖണ്ഡിതവും വസ്തുനിഷ്ഠവുമായിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ തത്ത്വം. ഇതരദര്‍ശനങ്ങളെപ്പോലെ അത് സങ്കല്‍പങ്ങളെയോ കേവലചിന്തയെയോ അനുകരണങ്ങളെയോ സംശയങ്ങളെയോ സ്വീകരിക്കുന്നില്ല. ഇസ്‌ലാമിന്റെ ഈ അറിവിനോടുള്ള ഈ സമീപനരീതിയെ AD 19-ാം നൂറ്റാണ്ടില്‍ മാത്രമാണ് ഇതരനാഗരികതകള്‍ തിരിച്ചറിഞ്ഞത്.

സത്യവും മിഥ്യയും വേര്‍തിരിക്കാനുള്ള ശാസ്ത്രീയമാനദണ്ഡം അനിഷേധ്യമായ തെളിവിന്റെ പിന്‍ബലമാണ്. തെളിവ് ദുര്‍ബലമാണെങ്കില്‍ കിട്ടിയ കാര്യങ്ങള്‍ മിഥ്യയായിരിക്കും. സംശയങ്ങളെയും സങ്കല്‍പങ്ങളെയും സൂക്ഷിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അല്ലാത്തപക്ഷം അത് ജനങ്ങള വഴിതെറ്റിക്കുകയും അവരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയുംചെയ്യും.’അവരിലേറെപ്പേരും ഊഹാപോഹത്തെ മാത്രമാണ് ആശ്രയിക്കുന്നത്. സത്യം മനസ്സിലാക്കാന്‍ ഊഹം ഒട്ടും ഉപകരിക്കുകയില്ല. ‘ (യൂനുസ് 36). പലരും വിശ്വാസത്തിന് നിദാനമാക്കുന്നത് സങ്കല്‍പങ്ങളെയാണെന്നും എന്നാല്‍ അവയെ തെൡവായി സ്വീകരിച്ചുകൂടെന്നും സങ്കല്‍പങ്ങളെ പിന്തുടരുന്നവര്‍ മിഥ്യാസങ്കല്‍പങ്ങളുടെ ലോകത്താണെന്നും ശരിയായവിശ്വാസം വസ്തുതാധിഷ്ഠിതമാണെന്നും ഈ സൂക്തം ഉണര്‍ത്തുന്നുണ്ട്. അതേസമയം ‘ നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ'(അല്‍ ഇസ്‌റാഅ് 36) എന്ന താക്കീത് ശാസ്ത്രീയമാനദണ്ഡത്തിനുള്ള അടിസ്ഥാനനിയമമാക്കിയിരിക്കുന്നു. ദൃഢജ്ഞാനമില്ലാതെ കേള്‍ക്കുന്നതിന്റെയെല്ലാം പിന്നാലെ പായുന്നവര്‍ പിഴച്ചവിശ്വാസങ്ങളും ഹാനികരമായ അബദ്ധധാരണകളും പ്രചരിപ്പിക്കുന്നതിനെ സഹായിക്കുകയാണ് ചെയ്യുന്നത്.
അതുപോലെ അന്ധമായ അനുകരണത്തെ ഇസ്‌ലാം ചോദ്യംചെയ്തിട്ടുണ്ട്. പൂര്‍വികന്‍മാര്‍ ചെയ്തിരുന്നതാണെന്ന ന്യായേന കാര്യം ഗ്രഹിക്കാതെ അഭിപ്രായങ്ങളിലും ആചാരങ്ങളിലും കടിച്ചുതൂങ്ങുന്നത് ശരിയല്ലെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. ‘ അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ”ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ പിന്തുടര്‍ന്നതായി ഞങ്ങള്‍ കണ്ടതിനെ മാത്രമേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ.” അവരുടെ പിതാക്കള്‍ ഒന്നും ചിന്തിക്കാത്തവരും നേര്‍വഴി പ്രാപിക്കാത്തവരുമായിരുന്നിട്ടും.സത്യനിഷേധികളുടെ ഉപമ വിളിയും തെളിയുമല്ലാതൊന്നും കേള്‍ക്കാത്ത കാലികളോട് ഒച്ചയിടുന്നവനെ പോലെയാണ്. അവര്‍ ബധിരരും മൂകരും കുരുടരുമാണ്. അവരൊന്നും ആലോചിച്ചറിയുന്നില്ല’ (അല്‍ബഖറ 170-171) എന്ന സൂക്തം വിജ്ഞാനത്തിന്റെ മാനുഷികമുഖത്തിന്റെയും ദൈവാനുസരണത്തിന് വിധേയപ്പെടലിന്റെയും ചിന്താപരിസരത്തെയാണ് കുറിക്കുന്നത്.

About the author

padasalaadmin

Add Comment

Click here to post a comment

Topics