ലോകത്ത് ആദ്യമായി മുഹമ്മദ് നബി (സ) യുടെ ജീവിതം ചിത്രീകരിക്കുന്ന നോവല്‍ എന്ന നിലക്ക് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കൃതിയാണ് സാഹിത്യകേമനായ കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം. നബി നിന്ദയുടെ കലികാലത്ത് സര്‍വ്വഗുണസമ്പന്നനായി റസൂല്‍ പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്റെ പുസ്തകത്തില്‍ ശ്രീകൃഷ്ണനും യേശുക്രിസ്തുവുമെല്ലാം സഹോദരതുല്യരായി കടന്നുവരുന്നുണ്ട്. തിന്മ പ്രസരിപ്പിക്കലാണ് സാഹിത്യസൃഷ്ടികളുടെ ലക്ഷ്യമെന്ന് പരക്കെ വിളംബരപ്പെടുമ്പോള്‍ നന്മയുടെ ഗരിമ കൊണ്ട് രാമനുണ്ണി വായനക്കാരെ ഞെട്ടിക്കുക തന്നെ ചെയ്യുന്നു. വര്‍ഗ്ഗീയത വിഷം ചീറ്റുന്ന സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന് പ്രതിരോധം തീര്‍ക്കുന്ന ഈ രചനയുടെ പ്രമേയത്തെ വിസ്മയാവഹമെന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ.
എഴുന്നൂറോളം പേജുകളുള്ള നോവലിന്റെ ആദ്യഭാഗമായ അത്‌ലാന്റിക് ഏഴ് തുടങ്ങുന്നത് നാസയിലെ ഒരു ഉപഗ്രഹവിക്ഷേപണ രംഗത്തോടെയാണ്. നാസയും റഷ്യയും ഇതിന് മുമ്പയച്ച ഉപഗ്രഹങ്ങള്‍ ഇന്റര്‍ നാഷണല്‍ സ്‌പെയ്‌സ് സെന്ററുമായി ഡോക്ക് ചെയ്യുന്ന (കൂടിച്ചേരുന്ന) സന്ദര്‍ഭത്തില്‍ നിഗൂഢമായ കാരണങ്ങളാല്‍ ചിതറിത്തെറിച്ചുപോയിരുന്നു. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടും ഉത്കണ്ഠയോടുമാണ് നാസ തങ്ങളുടെ അത്‌ലാന്റിക് ഏഴിനെ ആകാശത്തേക്ക് വിക്ഷേപിക്കുന്നത്. എന്നാല്‍ ഒരു സ്ത്രീയും രണ്ടുപുരുഷന്‍മാരുമടങ്ങുന്ന സംഘത്തെ ബഹിരാകാശചാരികളാക്കിയ ആ ഉപഗ്രഹവും നിഗൂഢതയുടെ ആവര്‍ത്തനവാശി പോലെ ഡോക്കിങ് സമയത്ത് തകര്‍ന്നടിയുകയാണ്. തകര്‍ച്ചക്ക് പിറകിലുള്ള കാരണം കണ്ടുപിടിക്കാനായി നാസ ഒടുവില്‍ ഫെയ്‌ലിയര്‍ അനാലിസിസ് ബോര്‍ഡ് രൂപവത്കരിക്കുന്നു.
നോവലിന്റെ തമോഗര്‍ത്തമെന്ന രണ്ടാം ഭാഗത്തില്‍ കുട്ടിശ്ശങ്കരന്‍, ഹസ്സന്‍കുട്ടി എന്നിങ്ങനെ രണ്ട് മലയാളി ശാസ്ത്രജ്ഞരെ ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആര്‍.ഒ. കേന്ദ്രത്തില്‍ വെച്ച് വായനക്കാര്‍ കണ്ടുമുട്ടുന്നു. പൊന്നാനിക്കാരായ ആ ചങ്ങാതിമാര്‍ ഫിസിക്‌സില്‍ പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുമ്പോള്‍ തന്നെ തമോഗര്‍ത്തത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവരാണ്. ഐ.എസ്.ആര്‍.ഒ. വില്‍ ഉദ്യോഗസ്ഥരായി ചേര്‍ന്നിട്ടും അവര്‍ തങ്ങളുടെ ഗവേഷണസംരംഭങ്ങള്‍ തുടരുകയും ബ്ലാക്ക് ഹോള്‍ സ്വാധീനം കണ്ടുപിടിക്കാനുള്ള ഗ്രാവിറ്റേഷണല്‍ വേവ് ഡിറ്റക്റ്റര്‍ എന്നൊരു ഉപകരണം നിര്‍മ്മിക്കുകയും ചെയ്യുന്നു. അതിനിടയിലാണ് നാസയുടെയും റഷ്യയുടെയും ബഹിരാകാശവാഹനങ്ങള്‍ ഒരേപോലെ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സെന്ററുമായി ഇടിച്ചു തകര്‍ന്ന വാര്‍ത്ത കുട്ടിശ്ശങ്കരനും ഹസ്സന്‍കുട്ടിയും കേള്‍ക്കുന്നത്. ഇപ്പോള്‍ നാസയുടെ അത്‌ലാന്റിക് ഏഴ് പരാജയപ്പെടുകയും ചെയ്തതോടെ അവരുടെ മനസ്സില്‍ ചില സംശയങ്ങള്‍ മുള പൊട്ടുന്നു. തമോഗര്‍ത്തത്തിന്റെ സ്വാധീനത്താലാകുമോ ഈ ഉപഗ്രഹങ്ങളുടെയെല്ലാം ഡോക്കിംഗ് അവിചാരിതമായി പിഴച്ചുപോകുന്നത്? ബ്ലാക്ക് ഹോളിന്റെ സ്വാധീനവൃത്തത്തില്‍ ഫിസിക്‌സിന്റെ നിയമങ്ങളെല്ലാം കീഴ്‌മേല്‍ മറിയുന്നുവെന്നയാഥാര്‍ഥ്യം അധികമാര്‍ക്കും അറിയില്ലല്ലോ.
തുടര്‍ന്ന് ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ഗവേഷണങ്ങളിലൂടെ മേല്‍പ്പറഞ്ഞ സംഭവങ്ങളെല്ലാം തമോഗര്‍ത്തസ്വാധീനഫലമാണെന്ന് കുട്ടിശ്ശങ്കരനും ഹസ്സന്‍കുട്ടിയും നിസ്സംശയം കണ്ടെത്തുന്നു. സിഗ്മാ സെന്റോറി ദ്വയനക്ഷത്രങ്ങളിലൊന്നിന്റെ അവശിഷ്ടമായ ആ ബ്ലാക്ക് ഹോള്‍ ഏതാനും മാനങ്ങള്‍ക്കുള്ളില്‍ ഭൂമിയെ യാതൊരു തെളിവും ബാക്കിവെക്കാതെ നശിപ്പിക്കുകയും ചെയ്യും. ഈ അവസ്ഥാവിശേഷത്തില്‍ എന്താണ് അവര്‍ ചെയ്യുക? ഇന്നേവരെ മാനവരാശി കേട്ടിട്ടില്ലാത്ത ഏറ്റവും ഭയാനകമായ യാഥാര്‍ഥ്യം ലോകത്തോട് വിളിച്ച് പറയണോ? അതോ നിശ്ശബ്ദത പാലിക്കണോ? കടുത്ത ആശയക്കുഴപ്പത്തില്‍ സമനില തെറ്റിയ കുട്ടിശ്ശങ്കരനും ഹസ്സിന്‍കുട്ടിയും ജോലിയെല്ലാം വിട്ട്, ഊര് ചുറ്റിത്തിരിഞ്ഞ്, സ്വദേശത്തെത്തി തമോഗര്‍ത്ത സ്വാധീനത്തിന്റെ പുരോഗതി ഗ്രാവിറ്റേഷണല്‍ വേവ് ഡിറ്റക്റ്റര്‍ വെച്ച് നിരീക്ഷിക്കാന്‍ തുടങ്ങുന്നു.
കൃഷ്ണഭാഗമെന്ന നോവലിന്റെ മൂന്നാം ഖണ്ഡമാകട്ടെ ബ്ലാക്ക് ഹോള്‍ പ്രഭാവത്താല്‍ ദ്വാപരയുഗത്തിന്റെ ഒരു കഷ്ണം ഭൂമിയിലേക്ക് പതിക്കുന്നത് ചിത്രീകരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. മഥുരക്കടുത്ത് വന്ന് വീഴുന്ന ആ ദ്വാപരയുഗഖണ്ഡത്തില്‍ കൃഷ്ണന്‍ സ്വന്തം ജീവിതം സുക്ഷ്മമായി ആവര്‍ത്തിക്കുന്നതിന്റേയും ഇടക്കിടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഒളിച്ച് കടക്കുന്നതിന്റേയും നിസ്തുലമായ ഭാവനാവിലാസം വായനക്കാര്‍ക്ക് അനുഭവിച്ചറിയാനാകും. ദൈവത്തിന്റെ പുസ്തകത്തിലെ കൃഷ്ണന്‍ തീര്‍ത്തും പുതിയൊരു ശ്രീകൃഷ്ണനാണ്. ആധുനികതയുടെ പദാര്‍ത്ഥവാദികള്‍ വെട്ടിച്ചുരുക്കി ന്യൂനീകരിച്ച ദൈവദൂതരെ, സമ്പൂര്‍ണ ഉദാത്തതകളോടുകൂടി പുനഃസൃഷ്ടിക്കുക എന്ന ദൗത്യമാണ് രചനയിലുടനീളം നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നത്. ആ ആഖ്യാനവഴികളില്‍ പരമോന്നത പ്രണയിയും മഹാനീതിമാനും ആശ്രിതവത്സലനും കരുണാമയനുമായി കൃഷ്ണന്‍ വെള്ളിവെളിച്ചം തൂകി നില്‍ക്കുന്നു. അനാഥനായ കര്‍ണ്ണനെ മാറോട് ചേര്‍ക്കുന്നവനും, ഘടോല്‍കജവിയോഗത്തില്‍ ദുഖിക്കുന്നവനും, കാട്ടാളത്തിയായ ഹിഡുംബിയുടെ കാല്‍പാദം വന്ദിക്കുന്നവനുമാണവന്‍. പ്രവാചകപരമ്പരകളുടെ ഛായാലേശങ്ങള്‍ നിര്‍ല്ലോഭമായി കേശവനില്‍ ആര്‍ക്കും കണ്ടെത്താനാകും. കാര്‍മുകില്‍വര്‍ണ്ണന്റെ മരണത്തെ പോലും ചേതോഹരമായാണ് നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്.
നബിഭാഗത്തില്‍ തമോഗര്‍ത്തപ്രഭാവം കൊണ്ട് ആറാം നൂറ്റാണ്ടിന്റെ ഒരു കഷ്ണം മക്കയിലെ മലമടക്കുകളില്‍ വന്ന് പതിക്കുന്നതാണ് നാലാംഭാഗത്ത് നമുക്ക് കാണാനാകുന്നത്. കൃഷ്ണന്റെ പോലെ തന്നെ റസൂലും അവിടെ തന്റെ ജീവിതം ആവര്‍ത്തിക്കുകയും ഇടക്കിടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഇറങ്ങി നടക്കുകയും ചെയ്യുന്നു. ആഖ്യാനസമുദ്രത്തിന് വിധേയനായ മുഹമ്മദ് നബി ചരിത്രപുരുഷനായതിനാല്‍, അത്യന്തം വിവേകപൂര്‍ണ്ണമായ സമീപനമാണ് ആ കഥാനായകചിത്രണത്തിനായി നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. ചരിത്രവസ്തുതകള്‍ ഒന്നും തന്നെ ആഖ്യാനത്തില്‍ വളച്ചൊടിക്കുന്നില്ല. അതേസമയം ചരിത്രമുഹൂര്‍ത്തങ്ങളുടെ വിവിധ സന്ധികള്‍ ഭാവനയാല്‍ പൊലിപ്പിച്ചെടുത്തിട്ടുമുണ്ട്. ഭാവനയുടെ സന്നിവേശത്തിന് രാമനുണ്ണി അവലംബിച്ചിരിക്കുന്ന തത്ത്വം റസൂലിന്റെ വ്യക്തിത്വത്തിന് നൂറുശതമാനം യോജിച്ചത് മാത്രം വിഭാവനം ചെയ്യുക എന്നതാണ്. ഉമ്മയായ ആമിനയുടെ ഗര്‍ഭത്തില്‍ കിടക്കുന്നത് മുതല്‍ മരിക്കുന്നതുവരെയുള്ള നബിയുടെ ചരിതം നോവലില്‍ ഇതള്‍വിടരുന്നത് മനോഹരമാണ്. ഗര്‍ഭസ്ഥനായ ദൈവദൂതന്‍ പുണ്യവതിയായ മാതാവിന് ലവലേശം പ്രസവവേദനയില്ലാതെയാണ് ഭൂജാതനാവാന്‍ പരിശ്രമിക്കുന്നത്. ആമിനയോട് വശം തിരിഞ്ഞ് കിടന്നുറങ്ങാനും ആവണക്കെണ്ണ കുടിക്കാനും മറ്റും അവന്‍ ഗര്‍ഭാശയത്തിലിരുന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഒടുവില്‍ പ്രസവസമയത്ത് ഉമ്മക്ക് ഒട്ടും നോവാതിരിക്കാന്‍ വല്ലാതെ കരുതലെടുത്ത് ശങ്കിക്കുന്ന മുഹമ്മദിനോട് ‘വേഗം ബാടാ മോനേ’യെന്ന് ആമിന വാത്സല്യപൂര്‍വ്വം മൊഴിയുന്ന രംഗം പെണ്ണായി പിറന്നവരെയെല്ലാം കോരിത്തരിപ്പിക്കുന്നതാണ്. ‘കൊച്ചുനബി’, ‘കൊച്ചുറസൂല്‍’ തുടങ്ങിയ നോവലിസ്റ്റിന്റെ പ്രയോഗങ്ങള്‍ ‘കുട്ടിയായ പ്രവാചകനോടുള്ള’ സ്‌നേഹാതിരേകത്താല്‍ വായനക്കാരെ ഹഠാദാകര്‍ഷിക്കുന്നു.
നബിജീവിതത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ക്ക് ഗഹനമായ അര്‍ത്ഥഭാഷ്യം നല്‍കാനും രചനയില്‍ രാമനുണ്ണി മുതിര്‍ന്നിട്ടുണ്ട്. ബനൂസഅദില്‍ വെച്ച് കൊച്ചുനബിയുടെ ഹൃദയാന്തര്‍ഭാഗത്ത് നിന്ന് മലക്കുകള്‍ കറുത്ത രക്തപിണ്ഡം പറിച്ചു കളഞ്ഞതിനെ അഹന്തയുടെ നിര്‍മ്മാര്‍ജ്ജനമായാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. റസൂലിന്റെ കാരുണ്യത്തിന്റേയും സ്വഭാവവൈശിഷ്ട്യത്തിന്റേയും ദൃഷ്ടാന്തങ്ങള്‍ നോവലില്‍ നിരവധിയാണ്. പിതൃവ്യന്‍ അബുത്വാലിബിനെ മരണശയ്യയില്‍ നബി ശുശ്രൂഷിക്കുന്നത്, മുഹമ്മദിന്റെ വിഷമം കണ്ട് സര്‍വേശ്വരന്‍ പോലും ചാറ്റല്‍ മഴയിലൂടെ കരഞ്ഞത്, കിടങ്ങുയുദ്ധത്തില്‍ ബനുഖുറൈളക്കാരായ ജൂതരെ ശിക്ഷക്കേണ്ടി വന്നപ്പോള്‍ നബി ഹൃദയവേദനയോടെ പിടഞ്ഞത് തുടങ്ങിയ രംഗങ്ങള്‍ വായിച്ചാല്‍ ഏതൊരു കൊടും പാപിയും സ്വയം ശുദ്ധീകരിക്കപ്പെടുകതന്നെ ചെയ്യും. ഇന്നോളം നടന്ന നബിനിന്ദകള്‍ക്കെല്ലാം മാനവരാശിക്ക് വേണ്ടി പ്രായശ്ചിത്തം ചെയ്യുന്ന പോലെയാണ് നോവലിസ്റ്റ് റസൂലിനെ സ്‌നേഹാദരങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നത്.
ദൈവത്തിന്റെ പുസ്തകത്തിലെ അഞ്ചാംഭാഗമായ നീലയും ചന്ദ്രക്കലയും എന്ന ഖണ്ഡത്തില്‍ ശ്രീകൃഷ്ണന്റെയും മുഹമ്മദ് നബിയുടെയും പ്രഭാവങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ അഭിമുഖീകരിക്കുംവിധം ഫാന്റസിയിലേക്ക് അനുവാചകനെ കൊണ്ടുപോകുന്നു. ഫാന്റസിയാണെങ്കിലും അത്യന്തം രാഷ്ട്രീയപ്രേക്ഷ നിറഞ്ഞതാണ് ഈ ഭാഗം. അമേരിക്കന്‍ വാള്‍ സ്ട്രീറ്റിലെ ആര്‍ത്തിയുടെ സംസ്‌ക്കാരം, ഇറാഖിലെ സുന്നീ-ശീഈ സംഘര്‍ഷങ്ങള്‍, ഗുജറാത്തിലെ ആര്‍.എസ്സ്.എസ്സ്. കാര്യവാഹകന്റെ ജീവിതം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ കൃഷ്ണ-നബി പ്രഭാവത്തിന് മുന്നില്‍ കടന്നുവരുന്നുണ്ട്. ഹിറ്റ്‌ലറും മാര്‍ക്‌സും ഗാന്ധിയുമെല്ലാം ദൈവദൂതര്‍ക്ക് മുന്നില്‍ തങ്ങളുടെ ഭൂതകാലത്തെ വേണ്ടവിധം തിരുത്തുകയും ചെയ്യുന്നു. എല്ലാ മാലിന്യങ്ങളും നീക്കിക്കളഞ്ഞ നവലോകത്തെക്കുറിച്ച ശുഭപ്രതീക്ഷയോടെയാണ് നോവല്‍ അവസാനിക്കുന്നതെന്ന് സാരം.
സമകാലികമായ ലോകാവസ്ഥയോട് ഒരു എഴുത്തുകാരന്‍ നടത്തുന്ന ധൈഷണികവും വൈകാരികവും ആത്മീയവുമായ സൂക്ഷ്മപ്രതികരണമാണ് ദൈവത്തിന്റെ പുസ്തകമെന്ന് പറയാം. നന്മയുടെ ചെറുകണികയെങ്കിലും മനസ്സില്‍ സൂക്ഷിക്കുന്ന ഏതൊരു മനുഷ്യജീവിക്കും ഈ നോവല്‍ പ്രിയപ്പെട്ടതായിത്തീരുമെന്നതില്‍ സംശയംവേണ്ട. ഡി.സി. ബുക്‌സ് നാല് വ്യത്യസ്ത കവറുകളില്‍ പ്രസിദ്ധീകരിച്ച് ചുരുങ്ങിയ സമയം കൊണ്ട് രണ്ടാം പതിപ്പിലെത്തിയിരിക്കുന്ന ദൈവത്തിന്റെ പുസ്തകത്തിന്റെ വില അഞ്ഞൂറ്റി ഇരുപത്തിയഞ്ച് രൂപയാണ്.
Add Comment