Global

പുതിയ പ്രസിഡണ്ടില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്ന് മിന്‍ഡനാവോ മുസ്‌ലിംകള്‍

മനില: ഫിലിപ്പീന്‍സ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട റോഡ്രിഗോ ഡുറ്റെര്‍ട്ടില്‍ രാജ്യത്തിന്റെ തെക്കേദേശമായ മിന്‍ഡനാവോയിലെ മുസ്‌ലിംകള്‍ പ്രതീക്ഷവെച്ചുപുലര്‍ത്തുന്നതായി പ്രൊഫഷണലുകളുടെ സംഘടന എഴുതിയ തുറന്നകത്തില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം പ്രസിഡണ്ടിന് എഴുതിയ കത്തില്‍ അദ്ദേഹത്തിന്റെ ധീരതയെയും അഴിമതിക്കും അനീതിക്കുമെതിരെയുള്ള രോഷത്തെയും വാനോളം പുകഴ്ത്തി യങ് മോറോ പ്രൊഫഷണല്‍സ് നെറ്റ് വര്‍ക് എന്ന സംഘടനയുടെ പ്രതിനിധി അമിര്‍ മവല്ലില്‍ ആണ് കത്തെഴുതിയത്.

‘താങ്കളുടെ ധീരതയില്‍ ജനങ്ങള്‍ പ്രചോദിതരായ നാളുകളാണിത്. ഇതുവരെയുണ്ടായ ഭരണകൂടനയങ്ങളോടും സംവിധാനങ്ങളോടും താങ്കള്‍ പ്രകടിപ്പിച്ച രോഷം ജനങ്ങളുടെ രോഷംകൂടിയായിരുന്നു എന്ന് അവര്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്കുവേണ്ടി ഞാന്‍ രോഷംകൊള്ളുന്നുവെന്ന് താങ്കള്‍ പ്രഖ്യാപിച്ചപ്പോള്‍ അനേകായിരങ്ങള്‍ തലകുലുക്കിയത്.ചുമതലയേല്‍ക്കാന്‍ ഇനിയും ദിനങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ മോറോലാന്റില്‍ അതിന്റെ അനുരണനങ്ങള്‍ ഇപ്പഴേ പ്രത്യക്ഷപ്പെട്ടുവെന്ന് താങ്കളറിയുക. മിന്‍ഡനാവോയിലെ കൊറ്റബറ്റോ നഗരത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താങ്കള്‍ എത്തിയപ്പോള്‍ കേട്ട അനേകായിരങ്ങളുടെ അല്ലാഹുഅക്ബര്‍ വിളികേട്ട് താങ്കള്‍ ചകിതനാകേണ്ട. ആ തക്ബീര്‍ താങ്കള്‍ ഏറ്റുപറഞ്ഞപ്പോള്‍ ഉണ്ടായ അക്ഷരപ്പിഴവും കാര്യമാക്കേണ്ട.. അന്നവിടെകൂടിയ ജനത്തിന് തങ്ങളാവശ്യപ്പെട്ട നേതാവാണ് മുന്നില്‍നില്‍ക്കുന്നതെന്ന ആവേശമായിരുന്നു ഉണ്ടായിരുന്നത്. മിന്‍ഡനാവോ ജനതയുടെ ദാരിദ്ര്യത്തിനും പീഡനത്തിനും യുദ്ധക്കെടുതിക്കും അറുതിവരുത്തുമെന്ന താങ്കളുടെ പ്രതിജ്ഞ വികാരത്തോടെയാണ് അവര്‍ ഉള്‍ക്കൊണ്ടത്.’ മിന്‍ഡനാവോയിലെ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ കൂടിയായ അമിര്‍ പ്രത്യാശയോടെ കുറിക്കുന്നു.
പുതിയ പ്രസിഡണ്ടിന്റെ മാതാവ് മിന്‍ഡനാവോയിലെ മാറനാവ് വംശജയാണ്. പ്രസിഡണ്ടിന്റെ പുത്രന്‍ വിവാഹംകഴിച്ചിരിക്കുന്നത് മോറോ വംശജയെയാണ്. അതിനാല്‍തന്നെ മുസ്‌ലിംസ്വയംഭരണപ്രദേശമായ മോറോലാന്റിനോട് അനുഭാവപൂര്‍ണമായ സമീപനമാണ് തദ്ദേശീയജനത പ്രതീക്ഷിക്കുന്നത്.

Topics