ഫിത്ര്‍ സകാത്ത്

റമദാന്‍ വ്രതാഷ്ഠാനുങ്ങളില്‍ നിന്നു വിരമിക്കുന്നതോടെ നിര്‍ബന്ധമാവുന്ന ഒരു ദാനമാണ് ഫിത്ര്‍ സകാത്ത്. വ്രതാനുഷ്ഠാന കാലങ്ങളില്‍ നോമ്പുകാരന് സംഭവിക്കാവുന്ന തെറ്റു കുറ്റങ്ങളില്‍നിന്നുള്ള ശുദ്ധീകരണവും സമൂഹത്തിലെ അശരണര്‍ക്കും പെരുന്നാള്‍ ആഘോഷത്തിനുള്ള സഹായവുമാണ് ഫിത്ര്‍ സകാത്ത്. ഹി: രണ്ടാം വര്‍ഷം ശഅ്ബാനിലാണ് ഫിത്ര്‍സകാത്ത് നിയമമാക്കിയത്. സ്ത്രീ പുരുഷ പ്രായഭേദമന്യേ മുസ്‌ലിംകളായ ഓരോരുത്തരുടെ പേരിലും ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാണ്. ഇബ്‌നു ഉമര്‍ നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം ”റമദാനിലെ നോമ്പവസാനിക്കുന്നതോടെ സകാത്തായി മുസ്‌ലിംകളായ അടിമക്കും സ്വതന്ത്രനും സ്ത്രീക്കും പുരുഷനും ചെറിയവനും വലിയവനും ഒരു സ്വാഅ് കാരക്കയോ അല്ലെങ്കില്‍ ഒരു സ്വാഅ് യവമോ നല്‍കണമെന്ന് അല്ലാഹുവിന്റെ റസൂല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു”(ബുഖാരി, മുസ്‌ലിം).

മറ്റു സകാത്തിനെപ്പോലെ ധനത്തിന്റെ തോതനുസരിച്ചല്ല ഫിത്ര്‍ സകാത്ത് നല്‍കേണ്ടത്. കുടുംബത്തിലെ അംഗസംഖ്യ പരിഗണിച്ചാണ്. ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാവുന്നതിനുള്ള സാമ്പത്തിക പരിധി എത്ര എന്ന വിഷയത്തില്‍ പൂര്‍വ്വിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. പെരുന്നാള്‍ ദിനത്തിലേക്കാവിശ്യമായ ചെലവുകള്‍ കഴിച്ച് ധനം മിച്ചം വരുന്നത് ഫിത്ര്‍ സകാത്ത് നല്‍കണമെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.

നാട്ടില്‍ പ്രധാന ആഹാരമായി കണക്കാക്കപ്പെടുന്ന വസ്തുക്കളില്‍ നിന്നാണ് ഫിത്ര്‍ സകാത്ത് നല്‍കേണ്ടത്. ധാന്യങ്ങളുടെ വിലയും സകാത്തായി നല്‍കാമെന്ന് ഹദീസുകളിലുണ്ട്. റമദാനിലെ ഏതു ദിവസവും ഫിത്ര്‍ സകാത്ത് നല്‍കാമെന്ന അനുമതിയുണ്ടെങ്കിലും അവസാനത്തോടനുബന്ധിച്ച് നല്‍കുന്നതാണു നല്ലത്. ഫിത്ര്‍ സകാത്ത് സംഘടിതമായി വിതരണം ചെയ്യുക എന്നതാണ് നബിചര്യ.

About abdul latheef kous abdullah