അവതരണം

ഖുര്‍ആന്‍ അവതരണം

റമദാന്‍ മാസത്തിലാണ് നബിക്ക് ഖുര്‍ആന്‍ അവതരിച്ചുതുടങ്ങിയത്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട ‘റമദാന്‍ മാസം….'(അല്‍ബഖറ 185) എന്ന് ഖുര്‍ആന്‍ തന്നെ ഇതിന് തെളിവുനല്‍കുന്നു. ക്രി. വ. 610 ലായിരുന്നു ആരംഭം. പ്രവാചകന്‍ ഹിറാഗുഹയില്‍ ചിന്താമഗ്നനായിരിക്കെയാണ് ആദ്യത്തെ വെളിപാടുസന്ദേശം ലഭിച്ചത്. ‘ ഇഖ്‌റഅ് ബിസ്മി റബ്ബിക്കല്ലദീ ഖലഖ്’ (അല്‍ അലഖ് 1) എന്നു തുടങ്ങുന്ന വാക്യങ്ങളായിരുന്നു അവ. ഈ സന്ദേശപ്രവാഹം 23 വര്‍ഷം നീണ്ടുനിന്നു. സൂറതുത്തൗബയിലെ അവസാനത്തെ രണ്ട് വാക്യങ്ങളാണ് അവസാനമായി അവതരിച്ചത്. സൂറതുമാഇദയിലെ 3 -ാം വാക്യമാണ് ഒടുവിലവതരിച്ചത് എന്നും അഭിപ്രായമുണ്ട്. മറ്റൊരഭിപ്രായപ്രകാരം സൂറത്തുല്‍ ബഖറയിലെ 281-ാം വാക്യമാണ് അവസാനവഹ് യ് നബിയുടെ മക്കാജീവിതകാലത്ത് അവതരിച്ച സൂറത്തുകളെ ‘മക്കീ’ അധ്യായങ്ങളെന്നും മദീനാ ജീവിതത്തിലവതരിച്ചവയെ ‘ മദനീ’ അധ്യായങ്ങളെന്നും പറയുന്നു. മക്കീ അധ്യായങ്ങളുടെ എണ്ണം 90 ഉം മദനീ അധ്യായങ്ങളുടേത് 24ഉം ആണ്.

നബിക്ക് പലരൂപത്തിലും വഹ് യ് ലഭിക്കാറുണ്ടായിരുന്നു. ബുഖാരി റിപോര്‍ട്ടുചെയ്ത ഒരു ഹദീസില്‍ നബിയുടെ വഹ്‌യ് അനുഭവങ്ങളെക്കുറിച്ച് വിവരണമുണ്ട്. ‘ ചിലപ്പോള്‍ മണിനാദങ്ങള്‍ പോലെ എനിക്ക് വഹ് യ് വരാറുണ്ട്. അതാണേറ്റവും വിഷമം . അത് നിലക്കുമ്പോഴേക്കും പറയുന്നത് ഞാന്‍ ഞാന്‍ മനപ്പാഠമാക്കിയിരിക്കും. മറ്റുചിലപ്പോള്‍ മനുഷ്യരൂപത്തില്‍ മലക്ക് പ്രത്യക്ഷപ്പെട്ട് എന്നോട് സംസാരിക്കുകയും ഞാനത് ഗ്രഹിക്കുകയും ചെയ്യും. ആഇശ പറയുന്നു: കഠിനതണുപ്പുള്ള ദിവസങ്ങളില്‍ നബിക്ക് വഹ് യ് ഇറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതവസാനിക്കുമ്പോഴേക്കും അവിടുത്തെ നെറ്റിത്തടം വിയര്‍ത്തിട്ടുണ്ടാകും. എന്നാല്‍ ഖുര്‍ആന്‍ മുഴുവന്‍ ജിബ് രീല്‍ മുഖേന ലഭിച്ച സന്ദേശങ്ങളാണ്.
അല്ലാഹുവില്‍നിന്ന് ലഭിക്കുന്ന അതേവാക്കുകളും വാചകങ്ങളുമാണ് പ്രവാചകന്‍ ജനങ്ങളെ ഓതി കേള്‍പ്പിക്കുന്നത് ജിബ് രീലോ നബിയോ അതില്‍ കൈ കടത്തുന്നില്ല. സന്ദര്‍ഭാനുസാരം പല ഘട്ടങ്ങളിലായാണ് ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്നത്. ഖുര്‍ആന്‍ തന്നെ പറയുന്നു: ‘നിഷേധികള്‍ പറയുന്നു: അദ്ദേഹത്തിന് ഖുര്‍ആന്‍ മുഴുവനും ഒന്നിച്ച് ഒരേസമയം ഇറക്കിക്കൊടുക്കാത്തതെന്ത് ? എന്നാല്‍ അത് ഇങ്ങനെത്തന്നെയാണ് വേണ്ടത്. നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താനാണിത്. നാമിത് ഇടവിട്ട് ഇടവിട്ട് പലതവണയായി ഓതിക്കേള്‍പ്പിക്കുന്നു (അല്‍ഫുര്‍ഖാന്‍ 32).’
ഇസ് ലാമികപ്രബോധനത്തിന്റെയും ജീവിതത്തിന്റെയും വിവിധ സന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുക എന്ന പ്രായോഗികസമീപനമാണ് ഖുര്‍ആന്റെ ഈ അവതരണരീതിക്ക് ഒരു കാരണം. ഓരോ വഹ് യും വേണ്ടവണ്ണം പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും വിശ്വാസികള്‍ക്ക് ഈ അവതരണരീതി സഹായകരമായി.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured