ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുടെയും കര്‍മ്മാനുഷ്ഠാനങ്ങളുടെയും മൂല സ്രോതസ്സായ ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍. സബൂര്‍, തൗറാത്ത്, ഇഞ്ചീല്‍ എന്നിവക്കുശേഷം അവതരിച്ച നാലാമത്തെ വേദമാണ് ഖുര്‍ആന്‍. ‘ഖറഅ ‘ എന്ന ധാതുവില്‍ നിന്നു നിഷ്പന്നമാവുന്ന ‘ ഖുര്‍ആന്‍ ‘ എന്ന പദത്തിന്റെ അര്‍ത്ഥം വായിക്കപ്പെടുന്നത് എന്നാണ്. അല്ലാഹു ജിബ് രീല്‍ എന്ന മലക്ക് മുഖേന മുഹമ്മദ് നബിക്ക് നല്‍കിയ ദിവ്യബോധനങ്ങളുടെ സമാഹരമായി ഖുര്‍ആനെ സാങ്കേതികാര്‍ഥത്തില്‍ നമുക്ക് മനസ്സിലാക്കാം. മുപ്പത് ജുസ്ഉ(ഭാഗം)കളിലായി 114 സൂറകള്‍ (അധ്യായം) അടങ്ങുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. 540 ഖണ്ഡികകളുണ്ട്. ചെറുതും വലുതുമായ ആറായിരത്തില്‍ പരം ആയത്തുകള്‍ (സൂക്തം) ആണുള്ളത്. പ്രചാരമുള്ള കണക്കനുസരിച്ച് (പ്രാരംഭത്തിലെ ബിസ്മി ഒഴിവാക്കി) 6236 ആണ് സൂക്തങ്ങളുടെ എണ്ണം. മുഹമ്മദ് നബിയുടെ മക്കാ ജീവിതകാലഘട്ടത്തിലും മദീനയിലുമായി അവതരിക്കപ്പെട്ട ഖുര്‍ആന്‍ അധ്യായങ്ങളെ ‘മക്കീ’ എന്നും ‘മദനീ’ എന്നും പറയുന്നു. ആദ്യത്തെ ഏതാനും വെളിപാടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി മിക്കവയും ഏതെങ്കിലും ഒരു സന്ദര്‍ഭവുമായി ബന്ധപ്പെട്ട് അവതരിച്ചവയാണ്.
ലോകത്ത് ഒരുപാട് പാതകളുണ്ട്. പക്ഷെ വിജയത്തിന്റെ വഴി ഏതെന്ന് വ്യക്തമല്ല. നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും ധര്‍മവും അധര്‍മവും വിവേചിച്ചറിയാന്‍ ആര്‍ക്കും സ്വയം സാധ്യമല്ല. ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കണ്ടെത്താനാവില്ല. മനുഷ്യന്‍ ആരാണെന്നും എവിടെ നിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങനെയാവണമെന്നും മനസ്സിലാവുകയില്ല. അതിനാല്‍ അവയെല്ലാം അഭ്യസിപ്പിക്കുന്ന ഒരധ്യാപകന്‍ അനിവാര്യമാണ്. ഒട്ടും പിഴവു പറ്റാത്ത ഒരു വഴികാട്ടി. ആ മാര്‍ഗദര്‍ശകനാണ് വിശുദ്ധഖുര്‍ആന്‍. ‘ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുന്നു; തീര്‍ച്ച.” (ഖുര്‍ആന്‍ 17: 9)
Add Comment