നോമ്പ്‌

നോമ്പ്

നോമ്പ് എന്ന് അര്‍ഥം കല്‍പിക്കുന്ന സൗം, സിയാം എന്നിവയുടെ അടിസ്ഥാന ആശയം പരിവര്‍ജനം സംയമനം എന്നൊക്കെയാണ്. ഉദയം മുതല്‍ അസ്തമയം വരെ ദൈവപ്രതീക്കായി തീനും കുടിയും ഭോഗവും വര്‍ജിക്കുക എന്നാണ് സാങ്കേതികാര്‍ഥത്തില്‍ സിയാം. മനസാ വാചാ കര്‍മണാ എല്ലാ നന്മകളും സ്വാശീകരിച്ചും തിന്‍മകള്‍ ദൂരീകരിച്ചും ശുദ്ധവും സംസ്‌കൃതവുമായ ഒരു ജീവിതം നയിക്കാനുള്ള പ്രാപ്തിയാര്‍ജിക്കാന്‍ നോമ്പ് മനുഷ്യനെ സജ്ജനാക്കുന്നു. അതുവഴി നരകമുക്തിയും സ്വര്‍ഗപ്രാപ്തിയും അവന് കരഗതമാവുന്നു. റമദാനിലെ നോമ്പ് ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍. ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്. (ഖുര്‍ആന്‍ 2:183-185)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured