ഖുര്‍ആന്‍-പഠനങ്ങള്‍

യാസീന്‍ പഠനം 4: കാര്യണ്യവാനെ ‘ഭയക്കുന്നതിന്റെ’ പൊരുള്‍

യാസീന്‍ അധ്യായം യാത്രആരംഭിക്കുന്നത് ഇസ്‌ലാമിന്റെ രണ്ട് അടിസ്ഥാനങ്ങളെ പ്രഖ്യാപിച്ചുകൊണ്ടാണ്. അതായത്, പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ സന്ദേശമാണ് ഖുര്‍ആന്‍ എന്നതും  ആ സന്ദേശത്തെ മനുഷ്യകുലത്തിന് നല്‍കാന്‍ എത്തിയ ദൂതനാണ് മുഹമ്മദ് നബി എന്നതുമാണ് ആ അടിസ്ഥാനങ്ങള്‍. തങ്ങളുടെ പിതാക്കന്‍മാര്‍ക്കൊന്നും എത്തിയിട്ടില്ലാത്ത മുന്നറിയിപ്പ് നല്‍കാനാണ് അദ്ദേഹം എത്തിയിട്ടുള്ളത്.

ജീവിതത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കാനും അലസതയില്‍നിന്ന് അവരെ ഉണര്‍ത്താനുമാണ് ആ വരവ്. അപ്പോള്‍ ചില ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു:’ ആരാണ് തന്റെ വിളികള്‍ക്ക് ഉത്തരം ചെയ്ത് സ്വീകരിക്കാനുണ്ടാവുക? അത്തരം ജനങ്ങളുടെ സ്വഭാവഗുണങ്ങളെന്തായിരിക്കും? തന്റെ അവകാശവാദങ്ങള്‍ അത്രശക്തമല്ലെന്നും വിശ്വസനീയമല്ലെന്നും  ചൂണ്ടിക്കാട്ടി ആളുകള്‍ അതെങ്ങാനും തിരസ്‌കരിച്ചുകളയുമോ?’

11- إِنَّمَا تُنْذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَ الرَّحْمَٰنَ بِالْغَيْبِ ۖ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ 

നിന്റെ താക്കീതുപകരിക്കുക ഉദ്‌ബോധനം പിന്‍പറ്റുകയും ദയാപരനായ അല്ലാഹുവെ കാണാതെ തന്നെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. അതിനാലവരെ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുക.

മേല്‍ സൂക്തത്തില്‍ ഒരാളെപ്പോലും മാറ്റിനിര്‍ത്താതെ എല്ലാ ജനങ്ങളോടുമായാണ് അല്ലാഹുവിന്റെ ദൂതര്‍ മുന്നറിയിപ്പുനല്‍കുന്നത്.  എന്നാല്‍ ആ സന്ദേശം എവ്വിധമുള്ള ആളുകളാണ് സ്വീകരിക്കുകയെന്നതിനെക്കുറിച്ച് അല്ലാഹു തന്റെ ദൂതന് ഉള്‍ക്കാഴ്ച പകരുന്നുണ്ടിവിടെ. സത്യം പിന്തുടരാന്‍ താല്‍പര്യം കാട്ടുന്നവര്‍ മാത്രമേ ഉദ്‌ബോധനത്തെ അനുസരിക്കുകയുള്ളൂവെന്ന് ഇമാം അല്‍ സഅ്ദി പറയുന്നുണ്ട്. അതായത്,  അത്തരം ആളുകള്‍ സത്യത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നതിനാല്‍ അല്ലാഹുവിന്റെ ആഹ്വാനം വരുമ്പോഴേക്കും അവര്‍ തല്‍ക്ഷണം പ്രതികരിക്കുന്നു.   കാണാതെതന്നെ  കരുണാമയനെ ഭയപ്പെടുന്നവരാണവര്‍. തങ്ങളുടെ സ്രഷ്ടാവിനോട് ഭക്ത്യാദരവുപുലര്‍ത്തുന്നവരാണവര്‍. പ്രതികാരദാഹിയായ, വെറുക്കുന്ന അസ്തിത്വത്തിനുപകരം സഹാനുഭൂതിയും കാരുണ്യവും വിട്ടുവീഴ്ചയും ചെയ്യുന്ന സര്‍വേശ്വരനാണ് അവര്‍ക്ക് ദൈവം. തങ്ങള്‍ കണ്ടിട്ടില്ലെങ്കിലും  കരുണാമയനായ അവന്റെ കല്‍പനകള്‍ മുറുകെപ്പിടിച്ച് ജീവിക്കാന്‍ ഏകാന്തചുറ്റുപാടില്‍പോലും ആത്മാര്‍ഥതപുലര്‍ത്തുന്നവരാണവര്‍.

മേല്‍ പറഞ്ഞ ആളുകളെ ആശംസകളറിയിക്കാന്‍ പ്രവാചകനോട് അല്ലാഹു നിര്‍ദ്ദേശിക്കുകയാണ്: ‘അതിനാലവരെ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുക.’്

പ്രവാചകമുന്നറിയിപ്പും ഉപദേശവും  മുറുകെപ്പിടിക്കുന്നവര്‍ക്ക് രണ്ട് സവിശേഷഗുണങ്ങളുണ്ടായിരിക്കും. അത്തരക്കാര്‍ ഖുര്‍ആന്റെ അധ്യാപനങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിക്കും. യാതൊരുമടിയുംകൂടാതെ അതിലെ കല്‍പനകളെ പിന്തുടരും. കാരണം അവര്‍ അതുവരെ തേടിക്കൊണ്ടിരുന്ന സത്യമാണല്ലോ അത്.

അവര്‍ അല്ലാഹുവിനെ മാത്രമാണ് ഭയപ്പെടുന്നത്. ജനലുകളും വാതിലുകളും അടച്ചിട്ട ഏകാന്തതയില്‍പോലും അല്ലാഹുവിന് അതൃപ്തികരമായ കര്‍മങ്ങളില്‍ അവര്‍ മുഴുകുകയില്ല. തങ്ങള്‍ കാണുന്നില്ലെങ്കിലും അല്ലാഹു എല്ലാം നന്നായി നോക്കിക്കാണുന്നുണ്ടെന്ന് അവര്‍ക്കറിയാം. അല്ലാഹുവിനെ പ്രീതിപ്പെടുത്താനായിരിക്കും എപ്പോഴുമവരുടെ ശ്രമം.

ഭാഷാമുത്തുകള്‍

ആര്‍ അതിനെ പിന്‍പറ്റിയോ (ഇത്തബഅ) എന്ന പ്രസ്താവന ഭൂതകാലരൂപത്തിലാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ശ്രദ്ധിക്കുക. അതായത്, വിശ്വസിച്ചവര്‍ ദീനിന്റെ മുന്നറിയിപ്പുകളെ പ്രയോജനപ്പെടുത്തുന്നു.  തികച്ചും ഉറപ്പായും സംഭവിക്കുന്ന ഒന്നാണെന്ന പ്രതീതിയുണര്‍ത്തി  ഭാവികാല പരികല്‍പനയിലാണ് അത് ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍  ആ യാഥാര്‍ഥ്യം  അതായത്, അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ ഉത്‌ബോധനം കേള്‍ക്കുകയുംചെയ്തവര്‍ നബിയെ അനുസരിച്ചിരിക്കും എന്ന്. അങ്ങനെയുള്ളവര്‍  നബിയുടെ മുന്നറിയിപ്പുകളെ എന്നും ഗൗരവത്തിലെടുക്കുന്നവരായിരിക്കും. അക്കാര്യത്തില്‍ ആരും അപവാദമായി ഉണ്ടാകുകയില്ല. അതിന് എമ്പാടും ഉദാഹരണങ്ങള്‍ നല്‍കാനാകും. എളുപ്പത്തില്‍ ചൂണ്ടിക്കാട്ടാവുന്നത് സൂറ അന്നഹ്‌ലിലെ ‘അത്താ അംറുല്ലാഹി’ എന്ന് തുടങ്ങുന്ന പ്രഥമസൂക്തമാണ്. പുനരുത്ഥാനദിനം സംഭവിക്കുംമുമ്പുതന്നെ അത് അടുത്തുകഴിഞ്ഞു എന്ന് പറഞ്ഞത് അനതിവിദൂരഭാവിയില്‍ അത് സംഭവിക്കുമെന്ന ഉറപ്പിനെയാണ് കുറിക്കുന്നത്. തീര്‍ച്ചയായും അത് സംഭവിക്കാനിരിക്കുന്നുവെന്നര്‍ഥം.

‘ഹശ്‌യത്’ സാധാരണനിലക്ക് ‘ഭയം’ എന്നര്‍ഥമാണ് നല്‍കിപ്പോരുന്നത്. എന്നാല്‍ ആശയസമ്പുഷ്ടമായ പദമാണത്. എന്നാല്‍ അത് ‘ഭയ(ഖൗഫ്)’ ത്തിന്റെയും മഹത്ത്വംകല്‍പിക്കലിന്റെയും സമ്മിശ്രാശയമാണ് നല്‍കുന്നത്. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍, അസാംഗത്യമോ,അജ്ഞതയോ അല്ല മറിച്ച്, യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിലൂടെ കൈവരുന്ന തികഞ്ഞ ബോധ്യമാണ് ഭയത്തിനുപിന്നിലെ പ്രേരകം. അതാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്: ‘തീര്‍ച്ചയായും ദൈവദാസന്മാരില്‍ അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍ മാത്രമാണ്.'(ഫാത്വിര്‍ 28). വ്യക്തിയില്‍ തികഞ്ഞ ഗുണഫലങ്ങളുണ്ടാക്കുന്ന ഉപകാരപ്രദമായ ഭയമായിരിക്കും അത്.

വിവേകമുത്തുകള്‍: ഭയം റഹ്മാനോട് ചേര്‍ന്നുവന്നത് തികച്ചും ആലോചനാമൃതമായ കാര്യമാണ്. അതായത്, ശരിയായ വിശ്വാസി അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താല്‍ തന്റെ തെറ്റുകള്‍ എന്തുതന്നെയായാലും പൊറുത്തുകിട്ടുമെന്നും അതിനാല്‍ അവന്റെ നിര്‍ദേശങ്ങളില്‍ സൂക്ഷ്മതപുലര്‍ത്തേണ്ടതില്ലെന്നുള്ള  പൈശാചികദുര്‍ബോധനത്തില്‍ വീണുപോകുകയില്ല.  അല്ലാഹുവിന്റെ കാരുണ്യത്തില്‍ അവന് പ്രതീക്ഷയുണ്ടാകുമെങ്കിലും അവന്റെ ശിക്ഷയെ സദാ ഭയപ്പെടുന്നവനായിരിക്കും.’അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. അതോടൊപ്പം അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.'(അല്‍മാഇദ 98)

മരണത്തെപ്പറ്റിയും നരകശിക്ഷയെപ്പറ്റിയും സംസാരിക്കുന്നതും ഓര്‍മപ്പെടുത്തുന്നതും മടുപ്പുണ്ടാക്കുമെന്ന് ചിലര്‍ വിചാരിക്കുന്നു. അതിനാല്‍ സ്വര്‍ഗത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും സംസാരിച്ചാല്‍ മതിയെന്നാണ് അവരുടെ വാദം.  എന്നാല്‍ മരണത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതും പരലോകവിചാരണയെക്കുറിച്ച് മുന്നറിയിപ്പുനല്‍കുന്നതും  തികച്ചുംപോസിറ്റീവായ ഫലം ഉണ്ടാക്കുമെന്നതാണ് വാസ്തവം. മനുഷ്യഹൃദയങ്ങളെയും അതുവഴി സമൂഹത്തെയും സംസ്‌കരിക്കാന്‍ അത്  സഹായിക്കുന്നു. കഠിനശിക്ഷയെക്കുറിച്ച് നിരന്തരം നമ്മെ ആരും ഓര്‍മപ്പെടുത്താനുണ്ടായില്ലെങ്കില്‍ അശ്രദ്ധയും അവഗണനയും  നമ്മെ അനുസരണക്കേടിലേക്ക് തള്ളിവിടും. അതിനാല്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും സമതുലിതമായി എപ്പോഴും ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടായിരിക്കണം. മുന്നറിയിപ്പിനുശേഷം  സൂക്തം അവസാനിക്കുന്നത് വിശാലമായ പാപമോചനത്തോടെയാണ്. ‘അവരെ പാപമോചനത്തിന്റെയും വിശാലമായ പ്രതിഫലത്തിന്റെയും സുവാര്‍ത്തയറിയിക്കുക’.

മേല്‍ സൂക്തം മൂന്ന് വീക്ഷണങ്ങള്‍ തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിക്കുന്നു.1. മതകീയമായ മുന്നറിയിപ്പ് (ഇന്‍ദാര്‍).2. മതകല്‍പനയെ പിന്‍പറ്റല്‍(ഇത്തിബാഉ ദ്ദിക്ര്‍) 3. അല്ലാഹുവെക്കുറിച്ച ഭയം(ഖശ്‌യത്). മതകീയകല്‍പനകളെ എത്രമാത്രം പിന്‍പറ്റുമെന്നത്  മതകീയമുന്നറിയിപ്പിന്റെ സ്വാധീനത്തെയാണ് കുറിക്കുന്നത്. മതകല്‍പനകളെ അനുസരിക്കുന്നത് അല്ലാഹുവെക്കുറിച്ച ഭയഭക്തിബഹുമാനങ്ങളെ പരിപോഷിപ്പിക്കുന്നു.  എന്നിരുന്നാലും അല്ലാഹുവെക്കുറിച്ച ഭയഭക്തിപുലര്‍ത്തുന്നവനായിരിക്കും മുന്നറിയിപ്പിനെ ഭയപ്പെട്ട് കീഴ്‌പ്പെടുന്നവനേക്കാള്‍ മതശാസനകള്‍ക്കുനേരെ പ്രതികരിക്കുക.

‘കരുണാമയനെ ഭയപ്പെടുക’ എന്നത് ഒരുവേള വൈരുധ്യമായി തോന്നാം. കാരണം കരുണകാട്ടുന്നവനെ ഭയപ്പെടുന്നതിനുപകരം ആശ്ലേഷിക്കുകയല്ലേ  വേണ്ടതെന്നാണ്  അവരുടെ ചോദ്യം.  അല്ലാഹുവിന്റെ കാരുണ്യം പ്രാപഞ്ചികവ്യവസ്ഥയിലൂടെ അനാവരണംചെയ്യപ്പെടുന്നതെങ്ങനെയെന്ന ചിത്രം ലഭിച്ചാല്‍ ആ സംശയം മാറിക്കിട്ടും.  രാപകല്‍ മാറിമാറിവരുന്നത് അവന്റെ കാരുണ്യമാണ്. അതിനാലാണ് ജീവിതം പ്രയാസമോ മനസംഘര്‍ഷമോ കൂടാതെ  നയിക്കാനാകുന്നത്.  അതിനാല്‍  സത്യവിശ്വാസി എന്നും അവന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുന്നു. കാരുണ്യത്തിന്റെ അഭാവം ദുരിതങ്ങളും പ്രകൃതിദുരന്തങ്ങളും വരുത്തിവെക്കുമെന്ന് അവന്‍ ഭയപ്പെടുന്നു.

മനുഷ്യവര്‍ഗത്തിന്റെ പരിമിതികളെക്കുറിച്ചും ദൗര്‍ബല്യങ്ങളെക്കുറിച്ചും അജ്ഞരായ ഇന്നത്തെ തലമുറ ജീവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്  ഈ സൂക്തം കാര്യങ്ങളെ മനസ്സിലാക്കണം എന്നാഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം തികച്ചും പ്രയോജനപ്രദമാണ്. കാരണം, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ ദിനേനയെന്നോണം ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന  പശ്ചാത്തലത്തില്‍ സത്യത്തെ ആത്മാര്‍ഥതയോടെ തേടിക്കൊണ്ടിരിക്കുന്നവര്‍ക്കേ അതില്‍നിന്ന് ഗുണം സിദ്ധിക്കുകയുള്ളൂ എന്ന് തിരിച്ചറിയേണ്ടതുണ്ട്. തങ്ങളുടെ പാരമ്പര്യങ്ങള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധമാണെങ്കില്‍ പോലും  സത്യം കണ്ടെത്തണമെന്നാഗ്രഹിക്കുന്നവര്‍ക്കേ ലക്ഷ്യം നേടിയെടുക്കാനാകുകയുള്ളൂ. മറ്റുചിന്താധാരകളെയും  അന്യവീക്ഷണങ്ങളെയും വെറുപ്പോടെ മാത്രം സമീപിക്കുകയും തങ്ങളുടെ ശാരീരികഇച്ഛകള്‍ക്കും കാമനകള്‍ക്കും കീഴൊതുങ്ങുകയും ചെയ്തവരാണ് ഇസ്‌ലാമിനും മുസ ്‌ലിംകള്‍ക്കുമെതിരില്‍ പ്രചാരണയുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ  വിശ്വാസപ്രമാണങ്ങളെയും അനുഷ്ഠാനരീതികളെയും തെറ്റായി പൊതുസമൂഹത്തില്‍ വിശദീകരിക്കുകയും യാഥാര്‍ഥ്യങ്ങളെ മറച്ചുവെക്കുകയും അങ്ങനെ നുണപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ ആ വളച്ചൊടിക്കപ്പെട്ട വസ്തുതകളെ തുറന്നുകാണിക്കാനായി ധാരാളം അധ്വാനം വ്യയം ചെയ്യേണ്ടിവരുന്നത് സമയം നഷ്ടപ്പെടുത്തും. മര്‍ക്കടമുഷ്ടിക്കാരനും  നിഷേധിയും മുന്നറിയിപ്പ് കാര്യമായെടുക്കാത്തവനുമായ ആളോടാണ് താന്‍ പ്രബോധനംചെയ്യുന്നതെന്ന് തിരിച്ചറിയുന്ന ഘട്ടം വിശ്വാസിക്ക് ഉണ്ടാകും. അതിനാല്‍ പ്രബോധകന്‍  സത്യത്തോട് ജനങ്ങള്‍ക്ക് ആഭിമുഖ്യമുണ്ടാകാനും  അത് തിരസ്‌കരിച്ചാലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ചോര്‍ത്ത് ഭയമുണ്ടാകാനും പറ്റിയ സാഹചര്യങ്ങളും ശൈലികളും സൃഷ്ടിക്കേണ്ടതാണ്.

 

Topics