അറബ് – കേരള കച്ചവടബന്ധം തീര്‍ത്ത അനുകൂല സാഹചര്യം
കേരളവും അറേബ്യയുമായി വളരെ പണ്ടു മുതല്‍ക്കേ വാണിജ്യബന്ധം ആരംഭിച്ചിട്ടുണ്ട്. ചരിത്ര രേഖകള്‍ പരിശോധിക്കുമ്പോള്‍ സുലൈമാന്‍ നബിയുടെ കപ്പലുകള്‍ അന്ന് മലൈബാര്‍ (മലബാര്‍) എന്നറിയപ്പെട്ടിരുന്ന കേരള തീരങ്ങളില്‍ നിന്ന് അക്കാലത്ത് ഇവിടെ സുലഭമായിരുന്ന ചരക്കുകള്‍ കയറ്റിപ്പോയിരുന്നുവെന്ന് ചരിത്ര രേഖകളില്‍ കാണാം. തൗറാത്തില്‍ പരാമര്‍ശവിധേയമായിട്ടുള്ള ഏതാനും തുറമുഖ നഗരങ്ങള്‍ കേരളത്തിലെ തുറമുഖങ്ങളാണെന്ന് ചരിത്ര പണ്ഡിതന്‍മാര്‍ അനുമാനിച്ചിട്ടുണ്ട്.(3) ഏതായിരുന്നാലും പുരാതന കാലം മുതല്‍ക്കേ മലബാര്‍ ലോകത്തിലെ അറിയപ്പെട്ട ഒരു സമുദ്രവാണിജ്യ കേന്ദ്രമായിരുന്നു. അന്ന് മുസ്‌രിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖം ലോകത്തിലെ തന്നെ വലിയ ഒരു വാണിജ്യ കേന്ദ്രമായിരുന്നു.കിഴക്കും പടിഞ്ഞാറും കൂടിച്ചേരുന്ന സംഗമസ്ഥാനം എന്ന നിലയിലാണ് മുസ്‌രിസ് അറിയപ്പെട്ടിരുന്നത്. റോമക്കാര്‍, പേര്‍ഷ്യക്കാര്‍, അറബികള്‍ കിഴക്കനാഫ്രിക്കക്കാര്‍ ഇന്ത്യന്‍ വിഭവങ്ങള്‍ തേടി ഇന്ത്യന്‍ തീരങ്ങളില്‍ വന്നിരുന്നു. പൗരാണിക ചരിത്ര രേഖകളില്‍ ഇസ്‌ലാമിനു മുമ്പുണ്ടായിരുന്ന ഇന്ത്യന്‍ വാണിജ്യ കേന്ദ്രങ്ങളെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്. മക്കയില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) ആഗതമാകുന്നതിനും എത്രയോ നാളുകള്‍ക്കു മുമ്പുതന്നെ അറബികള്‍ കേരളതീരവുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇസ്‌ലാം എന്ന മതത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ അറബികള്‍ കേരളക്കരയുമായി ഉണ്ടാക്കിയ സൗഹൃദബന്ധം പിന്നീട് ഇസ്‌ലാമിന്റെ പ്രചാരണത്തിനു ഏറെ സഹായകമായിട്ടുണ്ട്. എന്തു കൊണ്ടെന്നാല്‍ ഇസ്‌ലാം മതപ്രബോധനമെന്ന ദൗത്യമവുമായിട്ടല്ല, അറബികള്‍ ആദ്യമായി കേരളതീരങ്ങളില്‍ വരുന്നതും ഇവിടെ ഇസ് ലാം മതം പ്രചരിക്കുന്നതും. മുമ്പുതന്നെ കച്ചവട ബന്ധമുണ്ടായിരുന്ന ഒരു കൂട്ടര്‍ പിന്നീട് തങ്ങള്‍ സ്വീകരിച്ച മതത്തെ കുറിച്ച്, തങ്ങളുമായി വാണിജ്യ ഇടപാടുകള്‍ നടത്തിയിരുന്ന തദ്ദേശീയരോടു സംസാരിച്ചിട്ടുണ്ടാകാം. അതുമല്ലെങ്കില്‍ തദ്ദേശീയര്‍ തങ്ങളുമായി കച്ചവടബന്ധമുള്ള അറബികളുടെ മതത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും അവരുടെ സഹവാസത്തിലൂടെ അടുത്തറിഞ്ഞിട്ടുണ്ടാകണം. ഇതിനു പുറമേ കച്ചവടക്കാരായെത്തിയ അറബ് മുസ്‌ലിംകള്‍ക്ക് ഇസ്്‌ലാം മതം പ്രബോധനം ചെയ്യാനുള്ള അനുവാദവും തദ്ദേശീയരായ ഭരണകര്‍ത്താക്കള്‍ അനുവദിച്ച് നല്‍കിയിരുന്നു.
അറബികള്‍ കേരളവുമായി കച്ചവട ബന്ധത്തിലേര്‍പ്പെടുന്നതിനും നൂറ്റാണ്ടുകളോളം അതു തുടര്‍ന്നു പോന്നതിനും ചരിത്രപരമായ പല കാരണങ്ങളുമുണ്ട്. അതില്‍ ഭൂമിശാസ്ത്രപരവും പ്രകൃതിപരവുമായ കുറേ അനുകൂലഘടകങ്ങളുമുണ്ട്. എല്ലാ കാലങ്ങളിലും ശുദ്ധമായ വെള്ളം കേരളത്തില്‍ ലഭ്യമായിരുന്നതും സമശീതോഷ്ണ കാലാവസ്ഥയുണ്ടായിരുന്നതും വിദേശ കച്ചവടക്കാരെ കേരളക്കരയിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളായിരുന്നു. കടലിനെയും ഉള്‍നാടുകളും തമ്മില്‍ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള നദികളും ഉള്‍നാടന്‍ ജലാശയങ്ങളും ധാരാളമുണ്ടായിരുന്നത് ചരക്കുകളുടെ സുഖമമായ നീക്കത്തിനു സഹായകമായിരുന്നതും കേരളത്തിലെ തുറമുഖങ്ങളുടെ വാണിജ്യ പ്രാധാന്യമേറുന്നതിന് കാരണമായി. വേഗത്തില്‍ ചരക്കുകള്‍ കപ്പലുകളിലേക്ക് എത്തിക്കാനും പുറത്തേക്കു കൊണ്ടുപോകാനും താരതമ്യേന എളുപ്പമായിരുന്നു ഈ തുറമുഖങ്ങളില്‍. സര്‍വോപരി സത്യസന്ധരും ആത്മാര്‍ത്ഥരും സേവനസന്നദ്ധരുമായ ഒരു ജനതയുടെ സാന്നിധ്യം വിദേശ സഞ്ചാരികളെ ഈ തീരങ്ങളിലേക്ക് ആകര്‍ഷിച്ചു. കടല്‍ക്കരയില്‍ കച്ചവടത്തിനും ചരക്കു നീക്കത്തിനും കപ്പല്‍ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമെല്ലാം ധാരാളം ആളുകളുണ്ടായിരുന്നു, കേരളത്തിലെ പ്രമുഖ തുറമുഖ നഗരങ്ങളില്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉയര്‍ന്ന മൂല്യമുള്ള അരി പോലുള്ള ധാന്യങ്ങളും ഇഞ്ചി, കുരുമുളക്, ഏലക്ക പോലുള്ള സുഗന്ധവ്യഞ്ജനങ്ങളുടെയും ലഭ്യത വിദേശ കച്ചവടക്കാരെ പോലെ അറബികളെയും കേരളതീരങ്ങളിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളാണ്.
സമുദ്രവാണിജ്യം അഭിവൃദ്ധി പ്രാപിച്ചതിന്റെ ഫലമായി കേരളത്തിന്റെ മലബാര്‍ തീരങ്ങളില്‍ പുതിയ ഒരു സംസ്‌ക്കാരവും കൂടി രൂപപ്പെട്ടുവരികയായിരുന്നു. വ്യത്യസ്ത നാടുകളിലെയും വ്യത്യസ്ത മതങ്ങളിലുള്ളവരും കൂടിചേരുന്ന ഒരു ബഹുസ്വര സമൂഹത്തിന്റെ ഉദയമായിരുന്നു അത്. ഒരര്‍ത്ഥത്തില്‍ കേരളീയ സമൂഹത്തിലെ ഹിന്ദുക്കളും അറേബ്യന്‍ ഉപദ്വീപിലെ മുസ്‌ലിം കച്ചവടക്കാരും തമ്മില്‍ പരിചയപ്പെടാനും ഇടപെടാനും പരസ്പര ആദാനപ്രദാനങ്ങളില്‍ ഏര്‍പ്പെടാനും പോന്ന സവിശേഷമായ ഒരു സാഹചര്യം രൂപപ്പെട്ടുവന്നത് ഇസലാമിന്റെ പിന്നീടുള്ള വളര്‍ച്ചക്ക് അടിത്തറ പാകിയ ഒരു സാമൂഹ്യ സാഹചര്യമാണ്. പിന്നീട് ഇതര മതങ്ങളുടെ വ്യാപനത്തിനും വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്തം രൂപപ്പെടുന്നതിനും കാരണമായി വര്‍ത്തിച്ചത് ഇരു മത വിഭാഗങ്ങള്‍ക്കുമിടയിലെ കച്ചവട താല്‍പ്പര്യങ്ങളായിരുന്നുവെന്ന് ചരിത്രകാരന്‍മാരായ കെ. എന്‍ പണിക്കറും, ഫ്രഡറിക് ഡെയിലിനെ പോലുള്ളവരും നിരീക്ഷിച്ചിട്ടുണ്ട്. ഹിന്ദു മുസ്‌ലിം സഹവര്‍ത്തിത്തിന്റെ മൂല കാരണം ഈ കച്ചവട താല്‍പ്പര്യം തന്നെയായിരിന്നുവെങ്കിലും അതിന്റെ ഉപോല്‍പ്പന്നമായിരുന്നു കേരളീയ തീരങ്ങളിലെ ഇസ്‌ലാമിന്റെ സാന്നിധ്യം.
ഇസ്‌ലാമിനു മുമ്പു തന്നെ കേരളവും അറബികളുമായി ഉണ്ടായിരുന്ന ഈ കച്ചവട ബന്ധം പിന്നീട് ഇസ്‌ലാമിന്റെ ആഗമനത്തോടെ കൂടുതല്‍ ഊഷ്മളമാകുകയും ആ ബന്ധം ഇവിടത്തെ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് അനുകൂലമായി ഭവിക്കുകയും ചെയ്തു. ഇസ്‌ലാമിനു മുമ്പേ രൂപപ്പെട്ട ഈ സഹവര്‍ത്തിത്തം പിന്നീട് ഇസ്‌ലാമിക പ്രചരണത്തിന് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. സമാധാനപരമായ സഹവര്‍ത്തിത്തം തീര്‍ത്ത സവിശേഷമായ ആ അന്തരീക്ഷമാണ് കേരളത്തിലെ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് ഏറെ അനുകൂലമായി വര്‍ത്തിച്ച ഘടകം.
സമാധാനപരമായ സഹവര്‍ത്തിത്വം
കേരളം പൊതുവെയും അറിയപ്പെടുന്നത് മത സഹിഷ്ണുതയുടെ അല്ലെങ്കില്‍ മതസൗഹാര്‍ദത്തിന്റെ നാട് എന്നാണ്. മതസൗഹാര്‍ദ്ദം, മതസഹിഷ്ണുത എന്നതിനേക്കാള്‍ മത സഹവര്‍ത്തിത്വമാണ് കേരളീയ സാഹചര്യത്തെ പരിചയപ്പെടുത്താന്‍ കുടുതല്‍ അനുയോജ്യം. കാരണം മതസഹിഷ്ണുത, മത സൗഹാര്‍ദ്ദം എന്നീ പദങ്ങള്‍ വിവിധ മതസ്ഥര്‍ക്കിടയിലെ സഹിഷ്ണുതാപരമായ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ സഹവര്‍ത്തിത്ത്വം എന്ന പദം, മതസഹിഷ്ണുത എന്ന ആശയലോകത്തു നിന്നും പ്രായോഗികലോകത്തേക്കുള്ള ഇറങ്ങിവരലാണ്. ആ നിലക്ക് മത സഹിഷ്ണുതയുടെ തുടര്‍ഘട്ടവും മൂര്‍ത്തവുമായ രുപമാണ് മത സഹവര്‍ത്തിത്വം. ആശയത്തിന്റെയും മനോഭാവത്തിന്റെയും വിതാനത്തില്‍ നിന്നു യാഥാര്‍ത്ഥത്തിന്റെയും പ്രായോഗികതയുടെയും തലത്തിലേക്കു ഇറങ്ങിവന്ന് വിവിധ ജനങ്ങള്‍ക്കിടയില്‍ അനുഭവിക്കുന്ന ഒരു സാഹചര്യമാണ് മത സഹവര്‍ത്തിത്വം.
ആദ്യ കാല മുസ്‌ലിംകളും ഹൈന്ദവരും തമ്മില്‍ രൂപപ്പെട്ട ഈ സഹവര്‍ത്തിത്തെ ഡോ. എം ജി എസ് നാരായണന്‍ പരിചയപ്പെടുത്തുന്നത് ‘പരസ്പരാശ്രിത സാമൂഹികത’ എന്നാണ്.(4) ആദ്യ കാലത്തു രൂപപ്പെട്ട ഈ പരസ്പരാശ്രിത സാമൂഹികതയാണ് പിന്നീട് ഇസ്‌ലാമിന്റെ വളര്‍ച്ചക്കും നിദാനമായത്. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഈ ബന്ധത്തിന് ആധാരമായത് കച്ചവടമായിരുന്നു. അവരുടെ കച്ചവടം നല്ല രീതിയില്‍ നടന്നു പോകുന്നതിനു സമാധാനപരമായ സഹവര്‍ത്തിത്വം ആവശ്യമായിരുന്നു. ആദ്യ കാല മുസ് ലിം സമൂഹത്തിന് സമുദ്രയാത്രക്ക് കപ്പലുകള്‍ ആവശ്യമായിരുന്നു. ഹിന്ദുക്കളായ ആശാരിമാരാണ് മുസ്‌ലിംകള്‍ക്ക് കപ്പലുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത്. അക്കാലത്തെ മുസ്‌ലിം പള്ളികള്‍ പണിതിരുന്നതും ഈ ഹിന്ദു ആശാരിമാര്‍ തന്നെയായിരുന്നു. ഹിന്ദുക്കളുടെ അമ്പലവും മുസ്‌ലിം പള്ളികളുടെയും നിര്‍മ്മാണത്തിലെ സാമ്യത സൂചിപ്പിക്കുന്നത് അതാണ്. ഹൈന്ദവരായ മരപ്പണിക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒരു തൊഴില്‍ ആവശ്യമായിരുന്നു. മുസ്‌ലിംകള്‍ അവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സന്നദ്ധവുമായിരുന്നു. ഈ സൗഹൃദത്തിന്റെയും പരസ്പരാശ്രിത സഹവര്‍ത്തിത്തവും തീര്‍ത്ത സമാധാനപരമായ അന്തരീക്ഷം ഇസ്‌ലാമിന്റെ നിശബ്ദ വളര്‍ച്ചക്ക് വഴിയൊരുക്കുകയായിരുന്നുവെന്നതാണ് വസ്തുത. ഈ സമാധാനപരമായ സഹവര്‍ത്തിത്തിലൂടെ തദ്ദേശീയര്‍ വളരെ പെട്ടെന്ന് മുസ്‌ലിംകളാവുകയായിരുന്നില്ല, മറിച്ച് ക്രമേണ ക്രമേണ ഇസ്‌ലാമിലേക്കു പരിവര്‍ത്തിപ്പിക്കപ്പെടുകയായിരുന്നു. ഇസ്‌ലാമിനെ ജനങ്ങള്‍ക്ക് കാണാനും പരിചയപ്പെടാനും തൊട്ടറിയാനുമുള്ള ഒരു സാമൂഹ്യ സാഹചര്യം ഇവിടെയുണ്ടായിരുന്നു. ഇസ്‌ലാമിക പ്രബോധകരുടെ ജീവിതം അവര്‍ക്കു മുമ്പില്‍ ഒരു തുറന്ന പുസ്തകമായിരുന്നു.
അവംലംബം:
3. ഡോ. മുഹ് യുദ്ദീന്‍ ആലുവായ്, അദ്ദഅ്‌വ അല്‍ ഇസ്‌ലാമിയ്യ വ തത്വവ്വുറുഹാ ഫീ ശിബ് ഹില്‍ ഖാറതുല്‍ ഹിന്ദിയ്യ.
4. ഡൊ. എം. ജി. എസ്. നാരായണന്‍. (കോഴിക്കോട്, ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍,) കോഴിക്കോട്, പ്രതീക്ഷ ബുക്‌സ്, 2011, 137
Add Comment