ഖുര്‍ആനിനെ പ്രകാശമായാണ് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. അബദ്ധങ്ങളില്ലാത്ത സുവ്യക്തവും സുന്ദരവുമായ ശൈലിയിലാണത് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. അല്ലാഹു പറയുന്നത് കാണുക: ‘അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം ഇറക്കിത്തന്ന വെളിച്ചത്തിലും വിശ്വസിക്കുക. (അത്തഗാബുന്‍ 8)’.
ഇലകളില്‍ സൂര്യപ്രകാശം പതിക്കുമ്പോള്‍ ഉപരിതലത്തില്‍ മാത്രം തട്ടിത്തെറിച്ചുപോകുകയല്ല അവയെന്നും മറിച്ച് ഫോട്ടോസിന്തസിസ് (പ്രകാശസംശ്ലേഷണം) പ്രക്രിയയുടെ ഭാഗമായി അവയില്‍ ഭക്ഷണം നിര്‍മിക്കപ്പെടുന്നുണ്ടെന്നും നമുക്കറിയാം. ജലം ലഭിക്കുന്നില്ലെങ്കില്‍ ചെടി വാടിക്കരിഞ്ഞുപോകുമല്ലോ. തരിശുനിലം ജലത്തുള്ളികള്‍ പതിക്കുമ്പോള്‍ വിറകൊള്ളുകയും പച്ചനാമ്പുകള്‍ തളിരിടുകയുംചെയ്യുന്നു. തുടര്‍ന്നത് വളര്‍ന്നുവലുതായി പൂവിട്ട് കായ്കനികള്‍ നല്‍കി മനുഷ്യരടക്കം ജീവജാലങ്ങള്‍ക്ക് പ്രയോജനമേകുന്നു. പാഴ്‌നിലത്തെ അവ്വിധം ജീവിപ്പിക്കുന്ന ആ സര്‍വശക്തനാണ് നിര്‍ജീവമായ, കടുത്തുപോയ ഹൃദയങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്. അവന്റെ വചനങ്ങളാണ് ഖുര്‍ആന്‍. ആകാശലോകത്തുനിന്ന് ഇറക്കപ്പെട്ട അതിലെ വചനങ്ങള്‍ സ്വീകരിക്കുന്ന മാത്രയില്‍ വിറകൊള്ളുന്ന തരളിതഹൃദയങ്ങള്‍ വിശ്വാസത്തിലേക്ക് കടന്ന് അതിന്റെ വെളിച്ചത്തില്‍ വഴിതെറ്റാതെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. അതുകൊണ്ടുതന്നെ, പാഴ്ഭൂമിയും അതിനെ പച്ചപുതപ്പിക്കുന്ന മഴയും ഖുര്‍ആന്‍ ഉദാഹരണമായി എടുത്തുപറയുന്നത് നമ്മെ അതിശയിപ്പിക്കുന്നു.
‘നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്ന് വെള്ളമിറക്കുന്നത്. അങ്ങനെ അതിനെ ഭൂമിയില്‍ ഉറവകളായി ഒഴുക്കുന്നതും. പിന്നീട് അതുവഴി അല്ലാഹു വര്‍ണ വൈവിധ്യമുള്ള വിളകളുല്‍പാദിപ്പിക്കുന്നു. അതിനുശേഷം അവ ഉണങ്ങുന്നു. അപ്പോഴവ മഞ്ഞച്ചതായി നിനക്കു കാണാം. പിന്നെ അവനവയെ കച്ചിത്തുരുമ്പാക്കുന്നു. വിചാരമതികള്‍ക്കിതില്‍ ഗുണപാഠമുണ്ട്.അല്ലാഹു ഒരാള്‍ക്ക് ഇസ്‌ലാം സ്വീകരിക്കാന്‍ ഹൃദയവിശാലത നല്‍കി. അങ്ങനെ അവന്‍ തന്റെ നാഥനില്‍ നിന്നുള്ള വെളിച്ചത്തിലൂടെ ചരിക്കാന്‍ തുടങ്ങി. അയാളും അങ്ങനെയല്ലാത്തവനും ഒരുപോലെയാകുമോ? അതിനാല്‍, ദൈവസ്മരണയില്‍ നിന്നകന്ന് ഹൃദയം കടുത്തുപോയവര്‍ക്കാണ് കൊടിയ നാശം! അവര്‍ വ്യക്തമായ വഴികേടിലാണ്.ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല.(അസ്സുമര്‍ 21-23)’
‘തഖ്ശഇര്‍റു’ എന്ന വാക്കിലൂടെ വ്യക്തമാക്കുന്ന വിറ ശരീരത്തിലെ രോമങ്ങളെ എഴുന്നുനില്‍ക്കാനിടവരുത്തുന്ന ഒന്നാണ്. മലയാളത്തില്‍ നാമതിനെ ‘രോമാഞ്ചമുണ്ടാകുക’ എന്നാണ് പറയുക. ഖുര്‍ആന്‍ വാക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിനയാന്വിതരായി ശരീരം വിറകൊള്ളുകയും കണ്ണുകള്‍ സജലങ്ങളാകുകയും ആ സൂക്തങ്ങളെപ്പറ്റി പര്യാലോചിക്കുകയും അതിന്റെ അര്‍ഥവ്യാപ്തിയെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടുകയും ചെയ്യുന്നവരാണവര്‍. അല്ലാഹുവിന്റെ ദൂതന്റെ സന്തതസഹചാരികളെയും സമുദായനേതാക്കളെയും കുറിച്ച പ്രത്യേകവിശേഷണമാണ് ഇപ്പറഞ്ഞത്.
ഇക്കാലത്തെ മുസ്‌ലിംസമുദായം ഖുര്‍ആനില്‍നിന്ന് എത്രയോ അകലെയാണെന്ന് മേല്‍വിവരണം നമ്മെ ബോധ്യപ്പെടുത്തുന്നു. പലസന്ദര്‍ഭങ്ങളിലും ആവര്‍ത്തിച്ചുരുവിടാനും പ്രസംഗങ്ങളില്‍ ഉദ്ധരിക്കാനും പള്ളിചുവരുകളില്‍ കൊത്തിവെക്കാനും മരണവേളയില്‍ പാരായണംചെയ്യാനും മാത്രം പുണ്യംകല്‍പിക്കപ്പെട്ടവ എന്നതിനപ്പുറം അതിന് ലക്ഷ്യങ്ങളില്ലേ? സത്യത്തില്‍ അത് മാര്‍ഗദീപമാണ്. നമ്മുടെ നിലനില്‍പിന്റെ ആധാരമായ ഇഹപരവിജയത്തിന് അത്യന്താപേക്ഷിതമായ എല്ലാം അതാണ്. ഇസ്‌ലാമിനുപുറത്തുള്ള വിചക്ഷണന്മാര്‍ പോലും പറഞ്ഞത്, അറബ് ഉപദ്വീപിലെ പലസ്വഭാവത്തിലുമുള്ള മരുഭൂഗോത്രവാസികളെ ലോകനായകരാക്കി പരിവര്‍ത്തിപ്പിച്ച (ജി. മാര്‍ഗ്ലിയോഥ് ജെ.എം. റോഡ് വെല്‍സിനോട് പറഞ്ഞത്) മാര്‍ഗദീപമാണ് അതെന്നത്രേ.’അത് അതിന്റെ രചനാശൈലികൊണ്ടും ഉള്ളടക്കംകൊണ്ടും ഉദാത്തവുംഉറച്ചതുമായ ലക്ഷ്യംകൊണ്ടും ഏവരുടെയും ഹൃദയങ്ങളെ ആകര്‍ഷിക്കുന്നു. പിന്നെ അത്ഭുതപരതന്ത്രരാക്കുന്നു. അവസാനം ആദരവ് നേടിയെടുക്കുന്നു'(ഗെയ്‌ഥെ )അല്ലാഹുവിനാണ് സര്‍വസ്തുതിയും.
ഖുര്‍ആനിനെ അപ്പാടെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വാംശീകരിക്കുകയും അതിന്റെ കല്‍പനകളെ ശിരസാവഹിക്കുകയും നിരോധങ്ങളെ അകറ്റിനിര്‍ത്തുകയും അതിന്റെ മാര്‍ഗനിര്‍ദേശങ്ങളെ പിന്‍പറ്റുകയും ചെയ്തുകൊണ്ട് പരലോകയാത്രയിലേക്ക് വെളിച്ചം സ്വീകരിച്ചവരാരോ അവര്‍ ഖുര്‍ആന്റെ ആളുകളാണ്. അവര്‍ അല്ലാഹുവിങ്കല്‍ സമീപസ്ഥരായിരിക്കും. അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ‘അല്ലാഹുവിന് ഏറ്റവും പ്രിയങ്കരരായ ആളുകള്‍ ജനങ്ങളിലുണ്ട്.’അവര്‍ ചോദിച്ചു:’അല്ലയോ അല്ലാഹുവിന്റെ ദൂതരേ, ആരാണ് അവര്‍?’ നബി തിരുമേനി പ്രതിവചിച്ചു:’ഖുര്‍ആനിന്റെ ആളുകള്‍, അതിലൂടെ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ അടിയാറുകള്‍.’
വ്യാഖ്യാനവും പര്യാലോചനയും: മഹത്തായ ഉപാധികള്‍
ഒരു ഗ്രന്ഥം സന്‍മാര്‍ഗദര്‍ശകമാണെന്ന് അവകാശപ്പെട്ടാല്‍ അത് ശരിയാണോയെന്ന് നമുക്ക് തിരിച്ചറിയാന്‍ എന്തുണ്ട് മാര്‍ഗം ? അങ്ങനെയെങ്കില്‍ പ്രസ്തുതഗ്രന്ഥം ശരിയായി മനസ്സിലാക്കാതെ നേരായ മാര്‍ഗം പ്രാപിക്കാനാകുമോ? ദിശാസൂചികയിലെ വാക്കുകളോ അക്ഷരങ്ങളോ അവ്യക്തവും അജ്ഞാതവും ആയിരുന്നാല്‍ ലക്ഷ്യസ്ഥാനം അപ്രാപ്യമായിരിക്കുമെന്നതില്‍ സംശയമില്ല. ഖുര്‍ആന്‍ നമുക്ക് ദിശാബോധം പകര്‍ന്നുനല്‍കി നമ്മുടെ ജീവിതലക്ഷ്യം നിര്‍ണയിക്കുന്നു. അതീവപ്രാധാന്യമുള്ള സംഗതിയാണിത്. പഠനരംഗത്ത് മികവുറ്റ ഒട്ടേറെയാളുകള്‍ നിയമശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങി എല്ലാ ശാസ്ത്രത്തിന്റെയും അടിസ്ഥാനശിലയായ ഖുര്‍ആനിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. ഖുര്‍ആനിന്റെ പ്രാധാന്യത്തെപ്പറ്റി പ്രവാചകന്‍ തിരുമേനി(സ)പറഞ്ഞതില്‍നിന്ന് ഒരു കാര്യം വ്യക്തമാണല്ലോ.’നിങ്ങളില്‍ ഖുര്‍ആന്‍ പഠിക്കുന്നവനും അത് പഠിപ്പിക്കുന്നവനുമാണ് ഏറ്റവും ഉത്തമന്‍’എന്ന്.
ഖുര്‍ആന്‍ ആത്മീയദാഹം തീര്‍ക്കാന്‍ അല്ലെങ്കില്‍ പുണ്യം ലഭിക്കാന്‍ വേണ്ടിമാത്രം പഠിക്കാനുള്ളതാണെന്ന് ചിലരെങ്കിലും ധരിച്ചിട്ടുണ്ട്. എന്നാല്‍ ബുദ്ധിപരമായ ഉള്‍ക്കാഴ്ച ലഭിക്കാനും സ്വഭാവരൂപവത്കരണത്തിനും ഒരുവേള ആസ്വാദനത്തിനും മനുഷ്യര്‍ക്ക് പ്രയോജനപ്രദമാണ്. ഖുര്‍ആന്‍ അത് ഒരിടത്ത് ഇപ്രകാരം സമ്മതിക്കുന്നുണ്ട്:’ ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നാം നിനക്ക് നല്ല ചരിത്രകഥകള്‍ വിവരിച്ചു തരികയാണ്.(യൂസുഫ് 3)’. വലിയ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കുന്ന വാഹനങ്ങള്‍ പോലെയാണ് കഥകള്‍.
നബിതിരുമേനി(സ) തന്റെ അനുയായികള്‍ക്ക് ഖുര്‍ആന്റെ അര്‍ഥവും ആശയവും പഠിപ്പിച്ചതോടൊപ്പം തന്റെ ജീവിതത്തിലൂടെ അതിനെ തുറന്നപുസ്തകമെന്നോണം കാണിച്ചുകൊടുക്കുകയുംചെയ്തുവെന്ന് ഇബ്‌നുതൈമിയ്യ പറയുന്നു. അതാണ് അദ്ദേഹത്തിന്റെ പ്രിയപത്‌നി ആഇശ(റ)ഇപ്രകാരം പറഞ്ഞത്:’അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു’ആദ്യകാലമുസ്‌ലിംകള്‍ തങ്ങളുടെ പിന്‍തലമുറയെ ഖുര്‍ആനെ സമ്പൂര്‍ണആശയതലത്തില്‍ മനസ്സിലാക്കിക്കൊടുക്കുകയും പഠിപ്പിക്കുകയും ചെയ്തു. അത് പണ്ഡിതന്‍മാരാല്‍ അംഗീകരിക്കപ്പെടുകയും ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെടുകയുംചെയ്തു. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ കാര്യത്തില്‍ സ്വഹാബാക്കളുടെ ഇടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നതെന്തെന്നതുസംബന്ധിച്ച് വ്യക്തവും ലിഖിതവുമായ രൂപത്തില്‍ മഹത്തായ സന്ദേശം പണ്ഡിതന്‍മാര്‍ പിന്‍ഗാമികള്‍ക്കായി തയ്യാറാക്കിവെച്ചിട്ടുണ്ട്. അതെക്കുറിച്ച് ചിന്തിച്ചും നിരൂപണംനടത്തിയും തങ്ങളുടെ വീക്ഷണങ്ങള്‍ അവര്‍ക്ക് അവതരിപ്പിക്കാം. യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ അളവറ്റ അഭിപ്രായങ്ങളെയും നിസ്സീമമായ നിരീക്ഷണങ്ങളെയും അനന്തമായ ഗുണപാഠങ്ങളെയും പകര്‍ന്നുനല്‍കുന്നു. എല്ലാ തുറകളിലുംപെട്ട ആളുകളുമായി അത് സംവദിക്കുന്നു. അതിന്റെ പ്രതിപാദനശൈലിയും സൗന്ദര്യവും അനന്യമാണ്.
ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അതീവപ്രാധാന്യത്തോടെ കാണുന്ന അധ്യായമാണ് സൂറ അല്‍യാസീന്‍. എന്നാല്‍ ആ അധ്യായം മുന്നോട്ടുവെക്കുന്ന സന്ദേശവും അത് അനുവാചകരില്‍ ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്ന മാറ്റവും എന്തെന്ന് മനസ്സിലാക്കിയവര്‍ കുറവാണ്. തുടര്‍ച്ചയായ പരമ്പരകളിലൂടെ അതിലെ സൂക്തങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഇവിടെ.
(തുടരും)
Add Comment