അമേരിക്കയുടെ ഗര്‍ഭഗൃഹത്തില്‍ ക്രൈസ്തവമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന കുടുംബത്തില്‍പിറന്ന് നാല്‍പതാംവയസ്സുവരെ മറ്റുമതസമൂഹങ്ങളെ അടുത്തറിയുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരുവള്‍ ഇസ്‌ലാംസ്വീകരിക്കാന്‍ ഇടയായതെങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ ? അല്ലാഹുവിന്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് അതിന് എനിക്ക് സൗഭാഗ്യം ലഭിച്ചത്.
അമേരിക്കയിലെ ഓക്‌ലഹോമ സിറ്റിയില്‍ കടുത്തമതനിഷ്ഠയുള്ള ഒരു ക്രൈസ്തവ കുടുംബത്തിലായിരുന്നു എന്റെ ജനനം. മക്കള്‍ ചീത്തകൂട്ടുകെട്ടുകളില്‍പെടുന്നുണ്ടോ എന്ന കാര്യം അമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ആഴ്ചയില്‍ മൂന്നുപ്രാവശ്യമെങ്കിലും ചര്‍ച്ചില്‍ പോകാറുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. ഉയര്‍ന്ന ധാര്‍മികമൂല്യങ്ങളുള്ള കുടുംബത്തില്‍ ജന്‍മംനല്‍കി അല്ലാഹുഎന്നെ പരിരക്ഷിച്ചുവെന്നുതന്നെ പറയാം. അതിനാല്‍ പുകവലി, മദ്യപാനം, മയക്കുമരുന്ന്, സെക്‌സ് എന്നിവയില്‍നിന്ന് സുരക്ഷിതയായിരുന്നു.
ഞാന്‍ ബൈബിള്‍ മുഴുവനും ഹൃദിസ്ഥമാക്കി. ഒരുവല്യപ്പനും വല്യമ്മയും ചര്‍ച്ചിലെ പുരോഹിതവൃത്തി നിര്‍വഹിച്ചിട്ടുള്ളവരാണ്. അല്ലാഹു എനിക്ക് മധുരശബ്ദംനല്‍കിയിരുന്നതിനാല്‍ പതിനാലാംവയസ്സുമുതല്‍ ചര്‍ച്ച് ക്വയറില്‍ പാടുകയും ഓര്‍ഗണ്‍ വായിക്കുകയുംചെയ്തു.
യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരിക്കെയാണ് ആദ്യമായി മുസ്‌ലിംവിദ്യാര്‍ഥിയെ കാണുന്നത്. അക്കാലത്ത് ചര്‍ച്ചില്‍ സേവനമനുഷ്ഠിച്ചിരുന്നു ഞാന്‍. ജീവിതത്തില്‍ എന്നും പലകാര്യങ്ങളെ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ലൈബ്രറിയില്‍ പോയി വ്യത്യസ്തവിഷയങ്ങളില്‍ ഒട്ടേറെ പുസ്തകങ്ങള്‍ പതിവായി വായിക്കുമായിരുന്നു. വളരെ കുറഞ്ഞ സമയംകൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതിനാല്‍ പ്രസ്തുതസിദ്ധി എന്നെ ഇസ്‌ലാമില്‍ എത്തിച്ചു. ഞാന്‍ വളര്‍ന്ന് വലുതാവുന്ന ഘട്ടത്തില്‍ അവിടെ ലോകമതങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം കോളേജില്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനുള്ള ചെലവ് കണ്ടെത്താന്‍ എനിക്കായില്ല. അപ്പനും അമ്മയും വേര്‍പിരിഞ്ഞതിനാല്‍ എല്ലാം സ്വന്തംനിലക്ക് നോക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ജോലിചെയ്തുജീവിച്ചു. അക്കാലത്ത് യൂണിവേഴ്‌സിറ്റിയില്‍ മുസ്‌ലിം വിദ്യാര്‍ഥികളൊന്നുമുണ്ടായിരുന്നില്ല. ആ നാട്ടിലാകട്ടെ മുസ്‌ലിംകള്‍ സാന്നിധ്യമേയില്ല. അതിനാല്‍ പ്രതിസന്ധി അല്ലാഹുവിന്റെ തീരുമാനമായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഒടുവില്‍ ഞാന്‍ വിവാഹിതയായി . അതില്‍ കുട്ടികള്‍ ജനിച്ചു. അധികംകഴിഞ്ഞില്ല, അത് വിവാഹമോചനത്തില്‍കലാശിച്ചു. തുടര്‍ന്നും വിവാഹംകഴിച്ചെങ്കിലും അതുംവിജയിച്ചില്ല. ഇസ്‌ലാമില്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും കര്‍ത്തവ്യങ്ങളെക്കുറിച്ച് വളരെ വിശദമായ നിയമങ്ങളുണ്ടെന്ന കാര്യം ഇസ്‌ലാമിന് പുറത്തുള്ളവര്‍ക്കറിയില്ല എന്നോര്‍ക്കുമ്പോള്‍ സങ്കടംതോന്നുന്നു. രണ്ടാമത്തെ വിവാഹമോചനത്തിനുശേഷം എന്റെ കൂട്ടുകാരും കുടുംബവും താമസസ്ഥലത്തിനടുത്തുള്ള തുള്‍സ യൂണിവേഴ്‌സിറ്റിയിലെ മ്യൂസിക് സ്‌കോളര്‍ഷിപ്പിനുള്ള ഓഡിഷനുപോകാന്‍ പ്രേരിപ്പിച്ചു. അതെത്തുടര്‍ന്ന് എനിക്ക് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചു. അവിടെ ലോകത്തിന്റെ വിവിധഭാഗത്തുള്ള വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. അനേകം ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരമുണ്ടായിരുന്ന അവിടത്തെ ലൈബ്രറി ഞാന്‍ വളരെയധികം പ്രയോജനപ്പെടുത്തി. അങ്ങനെയിരിക്കെ മുഹമ്മദ് നബിയെയും ‘മുഹമ്മദനിസ’ത്തെയും പരിചയപ്പെടുത്തുന്ന ആരോ രചിച്ച ഗ്രന്ഥം കാണാനിടയായി. അങ്ങനെയൊരു മതമില്ലെന്നും അത് ഇസ്‌ലാമാണെന്നും പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്.
കോളേജില്‍ എഴുത്തുകലയില്‍ പരിശീലനംനേടാനായി ചില വിദ്യാര്‍ത്ഥികള്‍ എന്നെ സമീപിച്ചിരുന്നു. അക്കൂട്ടത്തില്‍ ഏതാണ്ട് 90 ഓളം വരുന്ന മലേഷ്യന്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു. അവരുടെ പെരുമാറ്റം എന്നെ വളരെ ആകര്‍ഷിച്ചു. എന്നോട് അവര്‍ പ്രകടിപ്പിച്ച ആദരവും ബഹുമാനവും അവരെക്കുറിച്ച മതിപ്പ് വര്‍ധിപ്പിച്ചു. നമസ്‌കാരത്തിനായി എന്നോട് അനുവാദംചോദിച്ച് അവര്‍ ഇടവേളകളില്‍ പോകാറുണ്ടായിരുന്നു. അവരുടെ മതത്തില്‍ എന്തോ ചില നന്‍മകളുണ്ടെന്ന് എനിക്ക് തോന്നി. കാരണം അവരുടെ ജീവിതം ഒരുപാട് ഗുണാത്മകവശങ്ങള്‍ ഉള്ളതായിരുന്നു. മലേഷ്യന്‍ കുട്ടികള്‍ ധരിച്ചിരുന്ന മക്കനയും എന്നെ വളരെ ആകര്‍ഷിച്ചു. ഇസ്‌ലാമിന്റെതല്ല, അവരുടെ നാട്ടിലെ സംസ്‌കാരത്തിന്റെ വേഷവിധാനമാണെന്നാണ് ഞാന്‍ കരുതിയത്. അല്ലാഹു അവരെ സംരക്ഷിക്കുകയായിരുന്നു അതിലൂടെയെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല.
കുറെവര്‍ഷങ്ങളായി മൈഗ്രെയ്‌നിന്റെ പീഡകള്‍ എന്നെ അലട്ടിയിരുന്നു. ഇനിയും ചികിത്സിക്കാതിരുന്നാല്‍ വേദന കൂടുമെന്നും അതിനാല്‍ ഡോക്ടറെ കാണണമെന്നും ഞാന്‍ ആഗ്രഹിച്ചു.
കോളേജില്‍ പോയിക്കൊണ്ടിരുന്ന അക്കാലത്ത് മലേഷ്യന്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെ മൈഗ്രേയ്ന്‍ വര്‍ധിച്ചു. എല്ലാ ദിവസവും തലവേദനയുണ്ടായിരുന്നതിനാല്‍ പകല്‍ അധികസമയവും കടുത്ത ഡോസുള്ള മരുന്നുകള്‍ കഴിച്ച് കിടക്കുകപതിവായി. ക്രമേണ മരുന്നുകള്‍ കഴിക്കുന്നതിന്റെ എണ്ണംവര്‍ധിച്ചു. അതോടെ യൂണിവേഴ്‌സിറ്റിയില്‍ പോകാന്‍ പറ്റാതെയായി. ഈ സമയത്താണ് മലേഷ്യന്‍ പെണ്‍കുട്ടികളുടെ സ്‌നേഹവും ബോധ്യപ്പെട്ടത്. എന്റെ വീടിന്റെ വാതിലുകള്‍ അവര്‍ക്കായി ഞാന്‍ തുറന്നിട്ടു. അവര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ കടന്നുവരാന്‍ വേണ്ടിയായിരുന്നു അത്. ഞാന്‍ ഉറക്കത്തിലാണെങ്കില്‍ ഉണരുംവരെ അവര്‍ പുറത്ത് കാത്തിരുന്നു. ചെമ്പരത്തിയില അരച്ചത് എന്റെ നെറ്റിയില്‍ അവരിലൊരുവള്‍ വെക്കുന്നത് ഉറക്കത്തിനിടയിലും എനിക്കറിയാമായിരുന്നു. മറ്റൊരാള്‍ എനിക്ക് കഴിക്കാന്‍ അടുക്കളയില്‍ ഭക്ഷണമോ സൂപ്പോ ഒക്കെ തയ്യാറാക്കിവെക്കും. ശക്തിയായ തലവേദനയാല്‍ ജോലിചെയ്യാന്‍പോലും കഴിയാത്തത്ര ഞാന്‍ ക്ഷീണിച്ചു.
എന്റെ കയ്യില്‍ പൈസയുണ്ടായിരുന്നില്ല. എന്റെ വീട്ടുകാര്‍ സഹായിക്കാന്‍ മുന്നോട്ടുവന്നതേയില്ല. താമസിച്ചിരുന്ന വീടിനടുത്തുതന്നെയായിരുന്നു ഞാന്‍ ജോലിചെയ്തിരുന്ന ചര്‍ച്ചും. എന്നാല്‍ അവിടെനിന്നും ആരെങ്കിലും വരികയോ ക്ഷേമാന്വേഷണം നടത്തുകയോ സഹായംവാഗ്ദാനംചെയ്യുകയോ ചെയ്തില്ല. രണ്ടുവര്‍ഷത്തെ ആ ജീവിതകാലത്ത് അവിടെനിന്ന് എന്റെ ഒരു സുഹൃത്തുമാത്രമാണ് വന്നത്. അത്തരം അനുഭവം ഹൃദയത്തില്‍ കത്തിതാഴ്ത്തുംപോലെ വേദനാജനകമായിരുന്നു.
എന്റെ രോഗപീഢ മാറ്റിത്തരണേയെന്ന് ഞാന്‍ നിരന്തരം ദൈവത്തോട് പ്രാര്‍ഥിച്ചു. സദാ ബൈബിള്‍ വായിച്ചുകൊണ്ടിരുന്നു. എന്നിട്ടും യാതൊരുകുറവുമുണ്ടായിരുന്നില്ല. ഞാന്‍ ദൈവത്തോട് വീണ്ടും യാചിച്ചു,കരഞ്ഞപേക്ഷിച്ചു, ബൈബിള്‍ വായിച്ചു എന്നിട്ടും മൈഗ്രെയിന്‍ കുറഞ്ഞില്ല. ഇതിനിടയില്‍ വീടിന്റെ വാടകകൊടുക്കാന്‍ പോലും കഴിയാതെ ഞാന്‍ വിഷമിച്ചു. എന്റെ കൂടെതാമസിച്ചിരുന്ന മകന്‍ എനിക്ക് നയാപൈസപോലുംതന്നില്ല. വാടകകൊടുക്കാന്‍ എനിക്ക് കഴിയില്ലെന്നുകണ്ട അവന്‍ എന്നെ വിട്ട് തന്റെകൂട്ടുകാരുടെ വീട്ടില്‍ ചേക്കേറി.
മലേഷ്യന്‍ പെണ്‍കുട്ടികളില്‍ നല്ല ഇസ്‌ലാമികചിട്ടകള്‍പുലര്‍ത്തിയിരുന്ന ആമിനയോട് ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് എനിക്ക് വിശദീകരിച്ചുതരാന്‍ ആവശ്യപ്പെട്ടു. തന്റെ വിശദീകരണത്തില്‍ അബദ്ധം പിണഞ്ഞെങ്കിലോ എന്ന് ഭയന്ന അവള്‍ ഒമാന്‍കാരനായ മഹ്മൂദ് എന്നയാളെ ചുമതലപ്പെടുത്തി. എഴുത്തുപരിശീലനവുമായി ബന്ധപ്പെട്ട ക്ലാസ് വേണമെന്ന് ആവശ്യപ്പെട്ട് എന്റെയടുക്കല്‍വന്ന അവനോട് ഞാന്‍ ചില സംശയങ്ങളുന്നയിക്കുകയും അതിനെനിക്ക് മറുപടി തരികയുംചെയ്തു.
തൊട്ടടുത്ത ദിവസം മഹ്മൂദ് തന്റെ യമന്‍കാരനായ സൈഫുമായി എന്റെയടുത്തെത്തി. അവര്‍ രണ്ടുപേരുംചേര്‍ന്ന് ചോദ്യങ്ങള്‍ക്ക് മറുപടിതന്നു. അവരും എന്റെ വിദ്യാര്‍ഥികളായി. പിന്നീട് താരിഖും ഖാലിദും യൂസുഫും അവരുടെ കൂട്ടുകാരും എന്റെ വിദ്യാര്‍ഥികളായി. അവര്‍ക്കും മലേഷ്യന്‍ പെണ്‍കുട്ടികളെപ്പോലെ മാന്യമായ പെരുമാറ്റരീതിയാണെന്നുകണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അവര്‍തമ്മില്‍ പ്രകടിപ്പിച്ചിരുന്ന സ്‌നേഹവും അടുപ്പവും സാഹോദര്യവും മലേഷ്യന്‍ സഹോദരിമാരുടേതുതന്നെയായിരുന്നു. അവരെപ്പോലെ സ്‌നേഹിക്കപ്പെടാനും സ്‌നേഹിക്കാനും കഴിഞ്ഞെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു. അവരുടെ കണ്ണിലെ പ്രകാശം എന്നെ ആകര്‍ഷിച്ചു. ആ സമയത്ത് ആപ്രകാശദീപ്തിയുടെ അര്‍ഥം എനിക്കറിയാമായിരുന്നില്ല. യഥാര്‍ഥത്തില്‍ അല്ലാഹു അവരുടെ കണ്ണിലൂടെ എന്നെ നോക്കുകയായിരുന്നു എന്ന് ഞാന്‍ ഇന്നറിയുന്നു.
ഇസ്‌ലാമിനെക്കുറിച്ച കൂടുതല്‍ അറിയാന്‍ സഹായകമായ എന്തെങ്കിലും വേണമെന്ന് ഞാന്‍ സൈഫിനോട് പറഞ്ഞപ്പോള്‍ അവനെനിക്ക് ‘ഇസ്ലാമില്‍ സ്ത്രീകളുടെ പദവി’ എന്ന ജമാല്‍ ബദവി എഴുതിയ പുസ്തകം കൊണ്ടുതന്നു. അതോടൊപ്പം മാതാവിന്റെ പദവിയെക്കുറിക്കുന്ന ചില ഹദീസുകളും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിനെപ്പറ്റി ഞാന്‍ ആദ്യം മനസ്സിലാക്കിയത് സ്ത്രീകള്‍ക്ക് അത് നല്‍കിയ പ്രത്യേകപരിഗണനയെ സംബന്ധിച്ചാണ്.
ക്രിസ്ത്യാനിറ്റിയെ തള്ളാനും ഇസ്‌ലാം സ്വീകരിക്കാനും സൈഫ് എന്നോട് ആവശ്യപ്പെട്ടില്ല. പകരം എന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി മാത്രമാണ് അവന്‍ നല്‍കിയത്. ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷകളുണ്ടോ എന്ന ചോദ്യത്തിന് അല്ലാഹുവിന്റെ ഭാഷയ്ക്ക് ഇംഗ്ലീഷ് പരിഭാഷയില്ലെന്നും മറിച്ച് അവയുടെ അര്‍ഥം ഇംഗ്ലീഷിലുള്ളത് ലഭ്യമാണെന്നും അത് കൊണ്ടെത്തിക്കാമെന്നും വാക്കുനല്‍കി. അങ്ങനെ വളരെ മനോഹരമായ പുറംചട്ടയോടുകൂടിയ, എ. യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷ എന്റെയടുക്കലെത്തി. അത് പരിശുദ്ധഗ്രന്ഥമാണെന്നും മുസ്‌ലിമല്ലെങ്കിലും ഞാനത് വളരെ ആദരവോടെ കൈകാര്യംചെയ്യണമെന്നും അത് തരുന്നവേളയില്‍ സൈഫ് എന്നെ ഉപദേശിച്ചു. അതിനായി അത് തൊടുംമുമ്പ് കൈകള്‍കഴുകി ശുദ്ധമാക്കണമെന്നും ഷെല്‍ഫിലെ മുകള്‍ത്തട്ടില്‍ സൂക്ഷിക്കണമെന്നും അതിനുമുകളില്‍ മറ്റൊരുവസ്തുവും കയറ്റിവെക്കരുതെന്നും ബാത്‌റൂമിലേക്കോ അശുദ്ധിയുടെ സ്ഥലത്തോ കൊണ്ടുപോകരുതെന്നും ചട്ടംകെട്ടി. ബിസ്മിചൊല്ലിവേണം അത് വായിക്കാന്‍ എന്നും കൂട്ടിച്ചേര്‍ത്തു.
ഉറച്ച ക്രൈസ്തവ വിശ്വാസിക്ക് ഖുര്‍ആന്‍ പോലുള്ള ഗ്രന്ഥംവായിക്കുന്നത് വലിയ ആഘാതമാണുണ്ടാക്കുക. ഉദാഹരണത്തിന് ഖുര്‍ആന്‍ യേശുവിനെപ്പറ്റി അദ്ദേഹം ദൈവപുത്രനല്ലായെന്നും പ്രവാചകന്‍ മാത്രമാണെന്നും ഉള്ള പരാമര്‍ശം നടത്തുന്നുണ്ട്. ദൈവപുത്രനെന്ന് വിളിക്കുന്നവന്‍ അക്ഷന്തവ്യമായ തെറ്റാണ് ചെയ്യുന്നതെന്നും അത് പറയുന്നു. അന്നേരം എന്റെ മാനസികാവസ്ഥ ഇതായിരുന്നു: ‘ഇത് ഒരിക്കലും വായിക്കരുതായിരുന്നു. ദൈവത്തെപ്പറ്റി വളരെ മോശമായാണ് ഇത് സംസാരിക്കുന്നത്’. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യേശു അവര്‍ക്ക് ദൈവപുത്രനാണല്ലോ. അവന്‍ ഭൂമിയിലവതരിച്ചു. മാതൃകാപരമായ ജീവിതംനയിച്ചു. അവനില്‍വിശ്വസിച്ച ഭൂമിയിലെമനുഷ്യര്‍ക്കായി കുരിശിലേറി നരകശിക്ഷയില്‍നിന്ന് കാത്തുരക്ഷിച്ചവനാണ്. യേശു ദൈവപുത്രനാണെന്ന് വിശ്വസിച്ചില്ലെങ്കില്‍ സ്വര്‍ഗത്തില്‍ പോകുകയില്ല. അതിനാല്‍ മുന്നോട്ടുവായിക്കുന്തോറും എന്നില്‍ വിമ്മിഷ്ടം നിറഞ്ഞുപൊന്തി. എന്നിരുന്നാലും എന്റെ ഹൃദയാന്തരാളങ്ങള്‍ എന്നോട് മന്ത്രിച്ചു: ‘ഇതുതന്നെയാണ് സത്യം . ഇവയാണ് ദൈവികവചനങ്ങള്‍’എന്ന്. അതിനുശേഷം എനിക്ക് വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ദിനേന മണിക്കൂറുകളോളം വായനതുടര്‍ന്നു.
അഞ്ചാം ദിനം ഖുര്‍ആന്‍ വായിച്ച് ഞാന്‍ സൂറത്തുന്നൂറിലെത്തി. ഇംഗ്ലീഷിലാണ് വായനയെങ്കിലും ഖുര്‍ആനിന്റെ ഭംഗി എനിക്ക് ബോധ്യപ്പെടുന്നുണ്ടായിരുന്നു. സൈഫ് എത്തിയില്ല, ആ അധ്യായം എന്നെ ഓതിക്കേള്‍പ്പിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അവനത് സസന്തോഷം എന്നെ കേള്‍പ്പിച്ചു. അപ്പോഴാണ് അതിന്റെ മാസ്മരികത എനിക്ക് മനസ്സിലായത്. അതോടെ എല്ലാ ദിവസവും അതിന്റെ ഇംഗ്ലീഷ് വായിച്ചേ വായന അവസാനിപ്പിച്ചുള്ളൂ.
എന്റെ തലവേദനയ്ക്ക് ഒട്ടുംശമനമുണ്ടായില്ല. എന്നാല്‍ ഞാന്‍ ശരിയായ ദൈവത്തെ വിളിച്ചുപ്രാര്‍ഥനതുടങ്ങി. അല്ലാഹുവിനോട് ഞാന്‍ അപേക്ഷിച്ചു എനിക്ക് രോഗശമനംനല്‍കാന്‍. ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പുസ്തകങ്ങള്‍ വരുത്തിവായന തുടര്‍ന്നു. ജീവിതത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സമയമായിത്തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. എങ്കിലും ഉള്ളില്‍ ആശങ്ക ബാക്കിയായിരുന്നു. അപ്പോഴേക്കും മകന്‍ എന്നെ അവന്റെ അപാര്‍ട്ടുമെന്റില്‍നിന്നും പുറത്താക്കി. അവന്‍ പുതിയസ്ഥലത്തേക്ക് പോകുകയാണെന്നും അവിടേക്ക് എന്നെ കൂട്ടാനാവില്ലെന്നും വ്യക്തമാക്കി. കുറച്ചുപൈസ കടംവാങ്ങി പുതിയൊരു അപാര്‍ട്ട്‌മെന്റിലേക്ക് ഞാന്‍ താമസം മാറി. മുസ്‌ലിംസുഹൃത്തുക്കളാണ് അതിനെന്നെ സഹായിച്ചത്.
പുതിയ അപാര്‍ട്ടുമെന്റിലെത്തിയ ആദ്യരാത്രിതന്നെ ഞാന്‍ മുസ്‌ലിമാകാന്‍ തീരുമാനിച്ചു. പക്ഷേ, അതാരോടും വെളിപ്പെടുത്താന്‍ തയ്യാറായില്ല. മുസ്‌ലിംകള്‍ സുജൂദിലായിക്കൊണ്ട് നമസ്‌കരിക്കാറുണ്ട് എന്നെനിക്ക് അറിയാമായിരുന്നു. മക്കയുടെ നേര്‍ക്ക് തിരിഞ്ഞാണ് നമസ്‌കരിക്കുന്നതെന്ന് അറിയില്ലായിരുന്നു. അതിനാല്‍ ഞാന്‍ മുഖം ഭൂമിയില്‍തൊട്ട് പ്രാര്‍ഥിച്ചു. ‘അല്ലാഹുവേ, ഞാനറിയുന്നതിനേക്കാള്‍ നീയാണ് എല്ലാം നന്നായറിയുന്നത്. ഞാന്‍ ചെയ്ത തെറ്റുകളും നന്‍മകളും നിനക്കറിയാം. ജീവിതകാലം മുഴുവന്‍ നിന്നെ അന്വേഷിക്കുകയായിരുന്നു. ഞാന്‍ ഇസ്‌ലാമിനെപ്പറ്റി പഠിക്കുകയായിരുന്നുവെന്നും ഖുര്‍ആന്‍ അറിയാന്‍ ശ്രമിക്കുകയായിരുന്നുവെന്നും നിനക്കറിയാം. ഞാന്‍ ഭയചകിതയാണ്. പക്ഷേ ഉറച്ചതീരുമാനം എടുക്കണമെന്നത് തീര്‍ച്ചയാണ്. ദൈവമെന്ന് പറഞ്ഞ് നിന്നെ ഞാന്‍ വിളിച്ചു. പക്ഷേ, ഇന്നാണ് യഥാര്‍ഥദൈവത്തെ കണ്ടെത്തിയത്. പക്ഷേ, എനിക്കറിയാവുന്ന രീതിയിലാണ് നിന്നെ ആരാധിക്കുന്നത്. ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നീയെനിക്ക് പൊറുത്തുതരണം. യേശുവിനെ വെറുമൊരു പ്രവാചകന്‍മാത്രമായി വിശ്വസിച്ച് ഇസ്‌ലാമിനെപ്പറ്റി തെറ്റായാണ് മനസ്സിലാക്കിയതെങ്കില്‍ അതിന്റെ പേരില്‍ എന്നെ നരകത്തിലിടരുത്.
എന്നാല്‍ ഇസ്‌ലാംമാത്രമേ സത്യമായുള്ളൂവെന്നും നീ മാത്രമേ ദൈവമായുള്ളൂവെന്നും ഞാന്‍ വിശ്വസിക്കുന്നു. നിനക്ക് പുത്രന്‍മാരില്ല. നിനക്ക് തുല്യം ആരുമില്ല. മുഹമ്മദ് നിന്റെ പ്രവാചകനാണെന്നും ഞാന്‍ അറിയുന്നു. ഞാന്‍ മുസ്‌ലിം ആകാന്‍ ഇഷ്ടപ്പെടുന്നു; കാരണം ശരിയായപാത പിന്തുടര്‍ന്ന് നിന്നെ ആരാധിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. മരിച്ചുകഴിഞ്ഞാല്‍ നരകാവകാശിയാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സ്വര്‍ഗമാണ് എനിക്ക് ഇഷ്ടം. അല്ലാഹുവേ , നിന്നെയോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. എന്നാലും എന്നെ നീയിഷ്ടപ്പെടുമെന്നും എന്റെ ആഗ്രഹമെന്തെന്ന് മനസ്സിലാക്കുമെന്നും എനിക്കറിയാം.’ ഇത്രയും പറഞ്ഞ് ഞാന്‍സുജൂദ് പൂര്‍ത്തിയാക്കി. ഞാന്‍ തറയില്‍ ഇരുന്നു. അന്നേരം എന്റെ മനസ്സില്‍ അതിയായ സന്തോഷവും ശാന്തിയും നിറഞ്ഞുകവിഞ്ഞു. വൈകാതെ അവിടെക്കിടന്ന് ഉറങ്ങിപ്പോയി.
പിന്നീട് രാവിലെ എഴുന്നേറ്റപ്പോള്‍ ഞാനത്ഭുതപ്പെട്ടു. എന്റെ തലവേദന പമ്പ കടന്നിരുന്നു. ഞാന്‍ അല്ലാഹുവിനോട് നന്ദിപ്രകാശിപ്പിച്ചു. ദിനേന അഞ്ചുനനേരം പ്രാര്‍ഥിക്കാന്‍ തുടങ്ങി. മുസ്‌ലിംകള്‍ അങ്ങനെ നമസ്‌കരിക്കാറുണ്ടെന്ന് ഞാന്‍ കേട്ടിരുന്നു. എന്നാല്‍ നമസ്‌കാരം എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. എന്നാലും എപ്പോഴും സുജൂദ് ചെയ്തിരുന്നു.
തലവേദനയ്ക്കായി കഴിച്ചിരുന്ന മരുന്നുകള്‍ വലിച്ചെറിഞ്ഞുകളഞ്ഞു. അതിനുശേഷം എനിക്ക് ആസ്പിരിനേക്കാള്‍ ശക്തിയുള്ള മരുന്നുകളൊന്നും വേണ്ടിവന്നില്ല. തലവേദനചികിത്സിക്കാന്‍ ഡോക്ടറുടെ അടുത്തും പോകേണ്ടിവന്നില്ല. അല്ലാഹുവിന് സ്തുതി. അല്ലാഹുവിനോട് ഞാന്‍ തലവേദനയെപ്പറ്റി പരാതിപറഞ്ഞില്ല. എന്നോട് കരുണകാട്ടിയ അവന്‍ മൈഗ്രെയ്ന്‍ സുഖപ്പെടുത്തുകയായിരുന്നു.
ഏതാണ്ട് നാലുമാസങ്ങള്‍ക്കുശേഷം ഞാന്‍ സൈഫിനോട് സംസാരിക്കാനുള്ള ധൈര്യം നേടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ശരിക്കും ഒരു മുസ്‌ലിം ആകാന്‍ ഞാനെന്താണ് ചെയ്യേണ്ടതെന്ന് അവനോട് ചോദിക്കാന്‍ അപ്പോഴും എനിക്ക് കഴിഞ്ഞില്ല. ഉള്ളില്‍ നേരിയ ഭയം, എന്നതിനേക്കാളേറെ എന്റെ വസ്ത്രധാരണത്തില്‍ ഞാന്‍ ലജ്ജിച്ചിരുന്നു.
വേനല്‍ക്കാലമായിരുന്നിട്ടും നീണ്ട പാവാടയും പാന്റ്‌സും കയ്യുള്ള ബ്ലൗസും ഞാന്‍ ധരിക്കാന്‍ തുടങ്ങി. ആരും എന്റെ അടുത്തില്ലാതിരുന്നിട്ടും മക്കന ധരിച്ചു. അങ്ങനെയിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. എനിക്ക് വിശുദ്ധവും സുരക്ഷിതവും ആയിത്തോന്നിച്ചത് അതായിരുന്നു .അവസാനം ഒരു ദിനം സൈഫിന്റെ ക്ലാസുകഴിഞ്ഞ് ഞാന്‍ മുസ്‌ലിംആകാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അവനോട് ചോദിച്ചു.
എനിക്കറിയില്ലായിരുന്നുവെങ്കിലും അവനും അന്ന് എന്നെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനിരിക്കുകയായിരുന്നുവെന്ന് എന്നോട് വെളിപ്പെടുത്തി.
‘സൈഫ് ഒരു മുസ്‌ലിമാകാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്.’
‘ശരി, സഹോദരി താങ്കളെ ഇസ്‌ലാമിലേക്ക ്ക്ഷണിക്കാനിരിക്കുകയായിരുന്നു ഞാന്‍’ഒരു വേള ഞങ്ങള്‍ക്കിടയില്‍ നിശബ്ദത തളംകെട്ടിനിന്നു.
നോക്കൂ, ഞാന്‍ സെയ്ഫിനോട് ചോദിക്കാനും സൈഫ് എന്നെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനും പറ്റിയ മുഹൂര്‍ത്തം അല്ലാഹു ഒരുക്കിവെക്കുകയായിരുന്നു എന്നതില്‍ ചില സംഗതികളില്ലേ!. ഞാന്‍ ഇസ്‌ലാംസ്വീകരിച്ചെന്നുകേട്ടപ്പോള്‍ എന്റെ വിദ്യാര്‍ഥികളെല്ലാവരും എന്നെ കാണാന്‍ വന്നു. എന്റെ ഫ്രിഡ്ജിലും അലമാരയിലും ഭക്ഷ്യവസ്തുക്കള്‍കൊണ്ടുനിറച്ചു. എന്റെ സംശയങ്ങള്‍ക്ക് ഉത്തരംചെയ്തുകൊണ്ട് അവര്‍ സായന്തനങ്ങള്‍ചിലവിട്ടു.
യൂണിവേഴ്‌സിറ്റിയിലെ എന്റെ സഹോദരിമാര്‍ എനിക്ക് പര്‍ദയും സ്‌കാര്‍ഫും കൊണ്ടുതന്നു. ആ വേഷം ധരിച്ചപ്പോള്‍ ഇസ്‌ലാമികഭവനത്തില്‍, ശരിയായ വിശ്വാസത്തില്‍, ശരിയായ ഭാഷാലോകത്ത് തനത് സ്വത്വംവീണ്ടെടുത്ത അനുഭൂതി എനിക്കുണ്ടായി.
എന്റെ ഹൃദയം ഇസ്‌ലാമിനായി വിശാലമാക്കിത്തന്ന അല്ലാഹുവിന് സ്തുതി. സര്‍വ്വശക്തന്‍ എന്റെ എല്ലാ പാപങ്ങളും പൊറുത്ത് സ്വര്‍ഗപ്രവേശത്തിന് തൗഫീഖ് ചെയ്യുമെന്ന് കരുതുന്നു. അല്ലാഹുവേ, മുസ്‌ലിംകളെയും പ്രവാചകന്‍മാരെയും നിന്റെ വര്‍ത്തമാനങ്ങള്‍ വെളിപ്പെടുത്തപ്പെട്ട അറബിഭാഷയെയും സ്‌നേഹിക്കാന്‍ നീ എനിക്ക് ഉതവി നല്‍കണേ! ആമീന്‍
Add Comment