ഇസ്‌ലാമിക വിശ്വാസ പ്രകാരം ലോകത്തിലെ ഏറ്റവും പുണ്യവും പരിപാവനവുമായ പ്രദേശങ്ങളില്‍ രണ്ടാമത്തേതാണ് പ്രവാചക നഗരിയായ മദീന. സ്വാഭാവികമായും മദീന സന്ദര്‍ശനവും അവിടുത്തെ പളളിയിലെ നമസ്‌കാരവും വിശ്വാസികളുടെ ചിരകാലാഭിലാഷവും ആഗ്രഹവുമായിരിക്കും.
അതുകൊണ്ടു തന്നെ ലോകത്തിന്‍െ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികളുടെ പ്രവാഹമാണ് മദീനയിലേക്ക്. റമദാന്‍ മാസമായാല്‍ ജന ബാഹുല്യം കാരണം മദീന വീര്‍പ്പുമുട്ടും. റമദാനിലെ പ്രത്യേക നമസ്‌കാരമായ തറാവീഹിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കാറുളള ഖതം ദുആ (ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്തതിനോടനുബന്ധിച്ചുളള പ്രാര്‍ത്ഥന)ക്ക് അഭൂതപൂര്‍വമായ തിരക്കായിരിക്കും. പാതിരാത്രി നടക്കാറുളള പ്രാര്‍ത്ഥനയില്‍ പങ്കുകൊളളുവാന്‍ വേണ്ടി സന്ധ്യയാവുമ്പോഴേക്ക് പ്രവാചകന്റെ പളളി നിറയും.പളളിയില്‍ കയറിയവര്‍ പ്രഥമികാവശ്യങ്ങള്‍ക്കു വേണ്ടി പുറത്തിറങ്ങിയാല്‍ തിരിച്ചു കയറാന്‍ പോലുമാവാത്ത അവസ്ഥ.
കഴിഞ്ഞ വര്‍ഷം റമദാനില്‍ ഖതം ദുആ നടക്കുന്ന സമയം. എനിക്കു തൊട്ടു മുമ്പിലത്തെ വരിയില്‍ കുറേ മലയാളി പയ്യന്‍മാര്‍ നില്‍ക്കുന്നുണ്ട്. നാട്ടില്‍ നിന്നും തീര്‍ത്ഥാടകരായി വന്നവരും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുമുണ്ട് കൂട്ടത്തില്‍. ഇശാ നമസ്‌കാരം ആരംഭിച്ചു. സുജൂദില്‍ (സാഷാടാംഗം നമിക്കല്‍) പോകുമ്പോള്‍ മുന്‍ വരിയിലെ ഒരു മലയാളി പയ്യന്‍ കിടന്ന് ഷര്‍ട്ട് പിടിച്ചു താഴ്ത്താനും പാന്റസ് ഊര്‍ന്നു പോകാതിരിക്കാനും കിടന്നു പെടാപാട് പെടുന്നത് കണ്ടു.
ഇഷ്ടന്റെ ലോവേസ്‌ററ് പാന്റാണ് പ്രശ്‌നമുണ്ടാക്കിയത്. കക്ഷി സുജൂദില്‍ പോകുമ്പോഴൊക്കെ നഗ്‌നത (നമസ്‌കാരത്തില്‍ മുട്ടു പൊക്കിളിനിടയിലുളള ഭാഗങ്ങള്‍ മറക്കല്‍ നിര്‍ബന്ധമാണ്)വെളിവാകുന്നു. സുന്നത്ത് നമസ്‌കാരം കൂടി കഴിഞ്ഞപ്പോള്‍ എന്റെ അരികിലുണ്ടായിരുന്ന സൗദിപൗരന്റെ ക്ഷമ നശിച്ചു. അയാള്‍ തന്റെ ശിരോവസ്ത്രം അഴിച്ച് ആ മലയാളി പയ്യനു അരയില്‍ കെട്ടാന്‍ കൊടുത്തു. അയാള്‍ ശിരോവസ്ത്രം അഴിച്ചു നല്‍കിയപ്പോള്‍ വാസ്തവത്തില്‍ അഴിഞ്ഞത് അവിടെ സന്നിഹിതരായിരുന്ന മുഴുവന്‍ മലയാളികളുടെയും ഉടുതുണിയായിരുന്നു.
ഇതൊരു ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല. ഭൂമിയിലെ സ്വര്‍ഗപൂന്തോപ്പ് (റൗളാ ശരീഫ്)എന്നറിയപ്പെടുന്ന പ്രവാചകന്റെ പളളിയിലെ ഏറ്റവും പവിത്രമായ സ്ഥലത്തു നമസ്‌കരിക്കാന്‍ പാതിരാത്രി പോലും ഉന്തും തളളുമാണ്.
അവിടെ നിന്നു രണ്ടു റക്അത്ത് നമസ്‌കരിക്കാന്‍ സാധിക്കുക എന്നത് വിശ്വാസികള്‍ മഹാഭാഗ്യമായാണ് കണക്കാക്കുന്നത്. എന്നാല്‍ അവിടെ പോകുമ്പോള്‍ പലപ്പോഴും നമസ്‌കാരത്തിലേര്‍പ്പെട്ടിരിക്കുന്ന മലയാളി യുവാക്കളുടെ അനാവൃതമായി കിടക്കുന്ന ‘പുറമ്പോക്കുഭൂമി’ കണ്ട് തലകുനിക്കേണ്ടി വന്നിട്ടുണ്ട്. സന്ദര്‍ഭം അനുവദിക്കുമ്പോള്‍ പലരോടും സ്വകാര്യമായി ചൂണ്ടികാണിക്കാറുമുണ്ട്. മാനനഷ്ടത്തിനു പുറമേ ജീവിതത്തില്‍ അസുലഭ സൗഭാഗ്യമായി കണക്കാക്കുന്ന മദീനാസന്ദര്‍ശനത്തിന്റെ പുണ്യം പോലും പാഴായി പോകുന്ന ദൗര്‍ഭാഗ്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തും.
ഗള്‍ഫു നാടുകളില്‍ മലയാളികള്‍ മാത്രമല്ല ലോവെയ്‌സ്‌ററ് പാന്റും ഇറക്കം കുറഞ്ഞ ഷര്‍ട്ടും/ടീഷര്‍ട്ടും ധരിക്കാറ്.പക്ഷേ നമ്മളും അവരും തമ്മിലുളള വ്യത്യാസം അവര്‍ ശരീരം മറയുന്ന രീതിയില്‍ വൃത്തിയായി ബനിയന്‍ പോലുളള അടിവസ്ത്രങ്ങള്‍ ധരിക്കുമെന്നതാണ്. മലയാളി ഷര്‍ട്ടിനേക്കാള്‍ വലിയ ബനിയന്‍ ധരിക്കുന്നത് കുറച്ചിലായി കണ്ട് വസ്ര്ത്രത്തിന്റെ നീളം കുറക്കുന്നു.
ഇങ്ങ് കേരളത്തിലെത്തിയാലാവട്ടെ ചില അടിവസ്ത്ര കമ്പനികള്‍ക്ക് ഇനി പരസ്യത്തിന്റെ ആവശ്യമില്ലാത്ത അവസ്ഥയാണ്. പ്രചാരണ ചുമതല ചെറുപ്പക്കാര്‍ സ്വമേധ്വയാ ഏറ്റെടുത്ത പ്രതീതി. ബസില്‍ കയറിയാലുളള അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന ചെത്ത് പയ്യന്‍മാരുടെ പാന്റ് ഇറങ്ങി ഇറങ്ങി പേകുന്നത് റബ്ബറിന്റെ വിലയിടിവിനെ പോലും തോല്‍പിക്കുന്ന വിധത്തിലാണ്.
മനുഷ്യര്‍ വസ്ത്രം ധരിക്കുന്നത് ഭംഗിക്കും മാന്യതക്കും വേണ്ടിയാണ്. വസ്ത്രധാരണം മാന്യമാകുന്നത് മറക്കേണ്ട ഭാഗങ്ങള്‍ മറയുമ്പോഴാണ്. അപ്പോഴാണ് അതിനു ഭംഗിയും.
കടപ്പാട്: thejasnews.com
Add Comment