International

മര്‍വയും മാര്‍പാപ്പയും തരുന്ന പ്രതീക്ഷകള്‍

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാന്‍ കുപ്പായം തുന്നി നടക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ശരീരഭാഷ പന്തിയല്ല. സംസാരത്തില്‍ അത് തെളിഞ്ഞു കാണുകയുംചെയ്യും. വരുംവരായ്കകള്‍ നോക്കാത്ത ചൂടന്‍ പ്രസ്താവനകള്‍. പക്വത അയലത്തുകൂടി പോയിട്ടില്ലെന്ന് ഏതു കുട്ടിക്കും മനസ്സിലാകും. അമേരിക്കയിലെ മുസ്‌ലിം സമൂഹത്തിന്റെ നെഞ്ചത്തു ചവിട്ടാനാണ് അയാള്‍ക്ക് കൂടുതല്‍ താല്‍പര്യം.

പ്രസിഡണ്ടായി വൈറ്റ്ഹൗസിലെത്തിയാല്‍ മുസ്‌ലിംകള്‍ക്കെതിരെ ചാരപ്രവര്‍ത്തനം ശക്തമാക്കുമെന്നും അവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും മസ്ജിദുകള്‍ പൂട്ടുമെന്നൊക്കെയാണ്‌യു.എസ് ജനതക്കു മുമ്പാകെ ട്രംപ് വെക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. അമേരിക്കയിലെ സിറിയന്‍ അഭയാര്‍ത്ഥികളെ മുഴുവന്‍ കൂട്ടത്തോടെ നാടുകടത്തുമെന്നും അയാള്‍ തുറന്നടിച്ചു.

സഹിഷ്ണുതയുടെ വാക്കുകള്‍ ഇതുവരെ മൊഴിഞ്ഞിട്ടില്ലാത്ത ട്രംപിന് അടുത്തിടെ ഒരു എഴുത്തുകിട്ടി. മര്‍വബാല്‍കര്‍ എന്ന 22കാരിയുടെ മേല്‍വിലാസത്തില്‍. ട്രംപിന്റെ വീക്ഷണങ്ങളെ പ്രതിപക്ഷ ബഹുമാനത്തോടെ സ്വീകരിച്ചുകൊണ്ട് എഴുതിയ വിയോജനക്കുറിപ്പ്. സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു ആ കത്ത്. ‘എന്റെ പേര് മര്‍വ. ഞാനൊരു മുസ്‌ലിമാണ്’ എന്ന തുടങ്ങുന്ന കുറിപ്പിലെ വരികള്‍ ട്രംപിന്റെ കണ്ണുതുറപ്പിക്കില്ലെങ്കിലും എതിരനക്കങ്ങളെ എങ്ങനെ നേരിടണമെന്ന് ലോകത്തിന് പറഞ്ഞുകൊടുക്കുന്നുണ്ട്. പാശ്ചാത്യ സമൂഹത്തില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ വക്താവാണ് ട്രംപ് എന്ന രാഷ്ട്രീയക്കാരനെങ്കില്‍ സഹിഷ്ണുതയുടെ മുഖവുമായി ഉന്നതയിലാണ് മര്‍വയുടെ നില്‍പ്പ്. ഇസ്‌ലാം സമാധാനത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തനിക്കുള്ള പരിമിതമായ വിവരം വെച്ചുകൊണ്ട് അവള്‍ ട്രംപിന് പറഞ്ഞുകൊടുക്കുന്നുണ്ട്.

ഒരു നിരപരാധിയുടെ ജീവനെടുക്കുന്നത് മനുഷ്യസമൂഹത്തെ മുഴുവന്‍ കൊന്നുതള്ളുന്നതിന് തുല്യമായി കാണുന്ന ഇസ്‌ലാമിനെയാണ് കത്ത് പരിചയപ്പെടുത്തുന്നത്. പള്ളികളില്‍ ചാരന്മാരെ നിരീക്ഷണത്തിന് അയച്ചാല്‍ മുസ്‌ലിം സമൂഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ ട്രംപിന് സൗകര്യമാകുമെന്നും മര്‍വ പറയുന്നു. കുറഞ്ഞ വരികളില്‍ ആശയ ഗാംഭീര്യമുള്ള ഒരുപാട് കാര്യങ്ങള്‍ പകര്‍ത്തിവെക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ എളിയ ശ്രമം നിസ്സാരമായി തള്ളാനാവില്ല. ബോംബുകളല്ല, ആശയങ്ങളാണ് മൂര്‍ച്ച കൂടുതലുള്ള ആയുധങ്ങളെന്ന് ലോകത്തിന് ബോധ്യമാകാന്‍ അത് ഉപകരിച്ചേക്കും. സോഷ്യല്‍ മീഡയികളില്‍ മര്‍വയുടെ കത്തിന് അത്രയേറെ പ്രാധാന്യം ലഭിച്ചും അത്തരമൊരു പശ്ചാത്തലത്തിലായിരിക്കാം.

ആശയങ്ങള്‍ സംഹാരായുധങ്ങളല്ല. മുള്‍പടര്‍പ്പുകള്‍ വെട്ടിമാറ്റി ഇരുള്‍മുറ്റിയ രാത്രിയില്‍ സമാധാനത്തിന്റെ തെളിനാളം കത്തിച്ചുവെക്കാന്‍ അതിന് സാധിക്കും. സഹിഷ്ണുതയുടെ ബാലപാഠം ലോകത്തെ പഠിപ്പിച്ചത് മതങ്ങളാണ്. അവയുടെ പേരില്‍ രക്തചൊരിച്ചില്‍ നടത്തുന്നവരെയും ട്രംപിനെപ്പോലുള്ള വിദ്വേഷ പ്രാസംഗികരെയും ഒറ്റപ്പെടുത്താന്‍ ആശയസമരങ്ങള്‍ സജീവമാക്കുകയാണ് വേണ്ടത്.

കെനിയയില്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ മതനേതാക്കളോട് സംസാരിച്ചതും മര്‍വയുടെ ശൈലിയിലായിരുന്നു. അക്രമങ്ങള്‍ അരങ്ങുവാഴുന്ന ഭൂമിയില്‍ സംവാദങ്ങളാണ് മറുമരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആശയസംവാദത്തിന്റെ വേദിയിലേക്ക് മുസ്‌ലിംക്രിസ്ത്യന്‍ നേതാക്കളെ മാര്‍പാപ്പ സ്‌നേഹത്തോടെ ക്ഷണിക്കുകയുംചെയ്തു. തീവ്രവാദവും വംശീയതയും കലിതുള്ളുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍വെച്ച് അദ്ദേഹം നടത്തിയ പ്രഖ്യാപനത്തിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍പ്രാധാന്യമാണ് നല്‍കിയത്.

ചര്‍ച്ചകളെ അലങ്കാരമായി കാണരുതെന്നും സമാധാന പുന:സ്ഥാപനത്തില്‍ അതിന് ഏറെ പ്രാമുഖ്യമുണ്ടെന്നും ഓര്‍മപ്പെടുത്തി. ആറു ദിവസം നീണ്ട മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം അവസാനിച്ചത് മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലായിരുന്നു. ക്രിസ്ത്യന്‍മുസ്‌ലിം കലാപം തീക്കനല്‍ വിതറിയ മണ്ണാണ് അത്. കെനിയയിലെ പ്രസ്താവനക്ക് ഫലം കണ്ടെന്ന് തോന്നുന്നു. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാങ്കുയിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ മുസ്‌ലിം, ക്രിസ്ത്യന്‍ പ്രതിനിധികള്‍ എത്തിയിരുന്നു. ഭീകരമായ കലാപങ്ങള്‍ അരങ്ങേറിയ മേഖലയിലെ മസ്ജിദുകൂടി സന്ദര്‍ശിച്ചാണ് അദ്ദേഹം മടങ്ങിയത്.

ബുദ്ധിജീവികളായി വാഴ്ത്തപ്പെടുന്നവര്‍ പോലും അന്ധമായ അസഹിഷ്ണുത മുഖമുദ്രയാക്കി നടക്കുമ്പോള്‍ മര്‍വയും മാര്‍പാപ്പയും തരുന്നത് പ്രതീക്ഷകളാണ്. സഹിഷ്ണുത തുടച്ചുനീക്കപ്പെടാതെ ബാക്കിയുണ്ടെന്ന് ആശ്വസിക്കാവുന്ന സന്ദര്‍ഭങ്ങള്‍. മര്‍വയും മാര്‍പാപ്പയും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായപ്പോള്‍, അറിയപ്പെട്ട ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് ട്വിറ്ററില്‍ ഇളക്കിവിട്ട വിവാദക്കൊടുങ്കാറ്റിന്റെ അലകള്‍ അടങ്ങിയിരുന്നില്ല. അമേരിക്കയില്‍ അസഹിഷ്ണുതയുടെ ഇരയായ അഹ്മദ് മുഹമ്മദ് എന്ന വിദ്യാര്‍ത്ഥിക്കുനേരെയായിരുന്നു ഡോക്കിന്‍സിന്റെ ആക്രമണം. വീട്ടില്‍വെച്ച് നിര്‍മിച്ച് ക്ലാസില്‍കൊണ്ടുവന്ന ക്ലോക്ക് ബോംബാണെന്ന് ആരോപിച്ച് യു.എസ് പൊലീസ് അറസ്റ്റുചെയ്ത അഹ്മദ് ഒന്നര കോടി ഡോളര്‍ നഷ്ടപരിഹാരം ചോദിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. അഹ്മദിനെക്കൊണ്ട് നഷ്ടപരിഹാരം ചോദിപ്പിച്ചത് ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളാണെന്നായിരുന്നു ഡോക്കിന്‍സിന്റെ കണ്ടെത്തല്‍. വെറും 15 വയസുള്ള കുട്ടിയാണ് അഹ്മദെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഒന്നര കോടി ഡോളര്‍ നഷ്ടപരിഹാരം ചോദിച്ച് കേസ് ഫയല്‍ ചെയ്യുന്നു ‘കുട്ടി’യാണെന്നായിരുന്നു മറുപടി. ഒരുപാട് പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവും ടെലിവിഷന്‍, റേഡിയോ പരിപാടികളില്‍ സ്ഥിര സാന്നിധ്യവുമായ

ഡോക്കിന്‍സില്‍നിന്ന് അത്തരമൊരു അപക്വമായ ടീറ്റ് വന്നതിന്റെ രഹസ്യം ദുരൂഹമാണ്. ബ്രിട്ടനില്‍ മുസ്‌ലിംകള്‍ക്കെതിരെ ശക്തമായിക്കൊണ്ടിരിക്കുന്ന ‘ഇസ്‌ലാമോഫോബിയ’ പ്രചാരണങ്ങള്‍ക്ക് കൊടിപിടിക്കുകയാണ് അദ്ദേഹം. ഇസ്‌ലാമിക വേഷവിധാനത്തോടെ മുസ്‌ലിം സ്ത്രീകള്‍ക്ക് ബ്രിട്ടീഷ് തെരുവുകളില്‍ ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. റെയില്‍ സ്റ്റേഷനില്‍ മൊബൈല്‍ ഫോണില്‍ മുഴുകി നില്‍ക്കുന്ന മുസ്‌ലിം യുവതിയെ ട്രെയിനു മുന്നിലേക്ക് തള്ളിവീഴ്ത്തുന്ന വീഡിയോ ദൃശ്യം അന്താരാഷ്ട്ര രോഷത്തിന് കാരണമായിരുന്നു. അസഹിഷ്ണുത സാധാരണക്കാരെപ്പോലും കീഴ്‌പ്പെടുത്തി തുടങ്ങിയിരിക്കുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

ഡോക്കിന്‍സ് ജീവിക്കുന്ന രാജ്യത്ത് മറ്റൊരാളുണ്ട്. പേര് ജെറമി കോര്‍ബിന്‍. ബ്രിട്ടീഷ് പ്രതിപക്ഷ നേതാവായ കോര്‍ബിന്റെ മഹത്വം അറിയണമെങ്കില്‍ അദ്ദേഹം ഇരിക്കുന്ന കസേരയില്‍ മുമ്പുണ്ടായിരുന്ന മറ്റൊരാളെ പരിചയപ്പെട്ടാല്‍ മതി. പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ കൈവശം സംഹാരായുധങ്ങളുണ്ടെന്ന് ആരോപിച്ച് ഇറാഖിനെ ആക്രമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറാണത്. മുസ്‌ലിംകള്‍ക്കെതിരെ ബ്രിട്ടനില്‍ അക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കോര്‍ബിന്റെ നിലപാടുകള്‍ പ്രതീക്ഷക്ക് വകനല്‍കുന്നതാണ്. ഇറാഖിലെയും അഫ്ഗാനിസ്താനിലെയും യുദ്ധങ്ങളെ തുടക്കം മുതലേ ശക്തമായി എതിര്‍ത്ത ലേബര്‍ പാര്‍ട്ടി നേതാവാണ് അദ്ദേഹം. അതിലൂടെ സ്വന്തം പാര്‍ട്ടിയില്‍ അനഭിമതനായി മാറിയിരുന്ന

കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയിരിക്കുന്നു. പാശ്ചാത്യ ലോകത്തെ ആശയമുരടിപ്പ് ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെപ്പോലുള്ള ജനാധിപത്യവാദികള്‍ രാഷ്ട്രീയനേതൃത്വം ഏറ്റെടുക്കുന്നത് ക്രിയാത്മക ഫലങ്ങളുണ്ടാക്കും. ഐ.എസിനെതിരെ സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പാര്‍ലമെന്റിന്റെ അനുമതി ചോദിച്ചപ്പോള്‍ കോര്‍ബിന്റെ സ്വരം ഉറച്ചതായിരുന്നു. ഐ.എസ് ഭീകരവാദത്തിന് വ്യോമാക്രമണം മറുപടിയല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ ഭൂരിഭാഗം പേരും വ്യോമാക്രണത്തെ അനുകൂലിക്കുമ്പോള്‍ അവരോട് എതിര്‍ത്തുനില്‍ക്കണമെങ്കില്‍ രാഷ്ട്രീയ ചങ്കുറപ്പു തന്നെ വേണം. തത്വങ്ങളും മൂല്യങ്ങളും തല്‍ക്കാലം മാറ്റിവെക്കാനാണ് പാര്‍ട്ടി നേതാക്കളില്‍ പലരും അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന ഉപദേശം.

എന്നിട്ടും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ആദര്‍ശങ്ങള്‍ ബലികഴിക്കാന്‍ കോര്‍ബിന്‍ ഇതുവരെയും തയാറായിട്ടില്ല. ആക്രോശങ്ങളും വെല്ലുവിളികളും നടത്തി ഭരണകൂടങ്ങള്‍ സമാധാനം സാധ്യമാക്കാമെന്ന സ്വപ്‌നവുമായി വന്‍ശക്തികള്‍ മുന്നോട്ടുപോകുമ്പോള്‍ അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്ന വലിയൊരു ജനവിഭാഗം ലോകത്തുണ്ട്. തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയക്കുന്ന രാജ്യങ്ങള്‍ മതാന്തര സംവാദത്തിന് വേദിയൊരുക്കണമെന്നാണ് അവരുടെ ആഗ്രഹം. മതങ്ങള്‍ മുന്നോട്ടുവെക്കുന്ന മാനുഷിക മൂല്യങ്ങള്‍ സജീവമായി ചര്‍ച്ചചെയ്യുന്നത് അക്രമവാസനകളെ കെടുത്തിക്കളയും. ഐ.എസിനെപ്പോലുള്ള ഭീകരസംഘങ്ങളുടെ റിക്രൂട്ടിങ് തന്ത്രങ്ങള്‍ പരാജയപ്പെടുകയായിരിക്കും അതിന്റെ ഫലം. പകരം ഒറ്റപ്പെട്ട അക്രമങ്ങളുടെ പേരില്‍ ഏതെങ്കിലും പ്രത്യേക സമൂഹത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലേറ്റാനും കടന്നാക്രമിക്കാനുമുള്ള ശ്രമങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് വളമാകുകയാണ് ചെയ്യുക.

കടപ്പാട്: chandrikadaily.com

Topics