ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ 129 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ ഫേസ്ബുക്ക് പുതിയൊരു സംവിധാനം ഏര്‍പ്പെടുത്തി. സേഫ്റ്റി ചെക്ക് ഫീച്ചര്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സുരക്ഷിതരാണോ എന്ന് പരിശോധിക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. കൂടാതെ പ്രൊഫൈല്‍ പിക്ചറില്‍ ഫ്രഞ്ച് പതാക പുതപ്പിച്ച് ലോകത്തെ നടുക്കിയ ദുരന്തത്തില്‍ ഫേസ്ബുക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുംചെയ്തു. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ഘട്ടത്തില്‍ ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഭീകരാക്രമണ സമയത്ത് അത്തരമൊരു സംവിധാനം അവതരിപ്പിച്ചത് ആദ്യമാണെന്നുമാത്രം.
ദൈനംദിന ജീവിതത്തെ സോഷ്യല്‍ മീഡിയകള്‍ അടക്കിവാഴുന്ന ഇക്കാലത്ത് ജനോപകാരപ്രദമായ നീക്കങ്ങള്‍ ഫേസ്ബുക്കില്‍നിന്നുണ്ടാകുന്നത് അഭിനന്ദനീയമാണ്. എങ്കിലും ഫേസ്ബുക്ക് ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരും സേഫ്റ്റി ചെക്ക് ഫീച്ചറിന്റെ മറുവശത്തെക്കുറിച്ച് ആലോചിക്കാതിരുന്നില്ല. കാരണം ഐ.എസ് ഭീകരര്‍ പാരീസില്‍ ആക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ലബനാന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനമുണ്ടായിരുന്നു. 41 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബെയ്‌റൂത്ത് ആക്രമണത്തിനു പിന്നിലും ഐ.എസായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം നിരപരാധികള്‍, സാധാരണക്കാര്‍. അവര്‍ക്കുമുണ്ട് കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെ. പക്ഷേ, അവര്‍ക്കുവേണ്ടി ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് സംവിധാനം ഏര്‍പ്പെടുത്തിയില്ല.
ഫേസ്ബുക്ക് മാത്രമല്ല, അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ബെയ്‌റൂത്തിനെ അവഗണിക്കുകയായിരുന്നു. ബെയ്‌റൂത്തില്‍ അത്തരമൊരു ആക്രമണമുണ്ടായ വിവരം തന്നെ ലോകത്ത് ചര്‍ച്ചയായത് പാരീസ് സംഭവത്തിനുശേഷമാണ്. ബെയ്‌റൂത്തിന്റെ കാര്യത്തിലുണ്ടാകാത്ത ഒരു സേഫ്റ്റി ചെക്ക് പാരിസില്‍ മാത്രം എന്തിനാണെന്ന് ഫേസ്ബുക്ക് ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരും ചോദിച്ചു. ചോദ്യങ്ങളും മറുപടികളുമായി വലിയൊരു സംവാദത്തിലേക്ക് നീങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ഇടപെട്ടു. പ്രകൃതി ദുരന്തങ്ങള്‍ക്കു മാത്രമാണ് ഇതുവരെ സേഫ്റ്റി ചെക്ക് ഏര്‍പ്പെടുത്തിയിരുന്നതെന്നും ഇനിമുതല്‍ ഭീകരാക്രമണങ്ങള്‍ക്കും സംവിധാനം ആക്ടിവേറ്റ് ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫേസ്ബുക്കിന്റെയും അതിന്റെ മേധാവിയുടെയോ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യംചെയ്യുകയല്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുബോധത്തില്‍ ഉണ്ടായിരിക്കുന്ന ചില പുഴുക്കുത്തുകളിലേക്കാണ് ഫേസ്ബുക്കിന്റെ അശ്രദ്ധ വിരല്‍ ചൂണ്ടുന്നത്.
ചില ആക്രമണങ്ങളും മരണങ്ങളും നമുക്ക് വിഷയമേ ആകുന്നില്ല. ബോംബ് സ്‌ഫോടനങ്ങളില്‍ കുട്ടികളടക്കം എത്രപേര്‍ കൊല്ലപ്പെട്ടാലും സ്വാഭാവിക മരണത്തിനു കൊടുക്കുന്ന ഗൗരവം പോലും വാര്‍ത്താ ലോകത്ത് അതിന് ലഭിക്കുന്നില്ല. ഒരുപക്ഷേ, ഭീകരാക്രമണങ്ങള്‍ക്ക് തടയിടാന്‍ അന്താരാഷ്ട്ര സമൂഹത്തിന് സാധിക്കാത്തതും ഈ ഇരട്ടത്താപ്പിന്റെ ഫലമായിരിക്കാം. ഓരോ ഭീകരാക്രമണവും പുതിയ ആക്രമണങ്ങള്‍ക്ക് വിത്തിട്ടാണ് അവസാനിക്കുന്നത്. ഭരണകൂടങ്ങളുടെ നിലപാടുകള്‍ ഭീകരര്‍ക്ക് വെള്ളവും വളവും നല്‍കുകയാണ്. നൈജീരിയന്‍ ഭീകരസംഘടനയായ ബോകോഹറം 200ലേറെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയിട്ട് ഒരുവര്‍ഷം പിന്നിട്ടു. അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാന്‍ ആര്‍ക്കും വേവലാതിയില്ല. അവരില്‍ ചിലരെ ഭീകരവാദികള്‍ ലൈംഗിക അടിമകളാക്കിവെച്ചെന്നും പല കുട്ടികളെയും ചാവേറുകളാക്കി ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ബോകോഹറമിന്റെ തടവറയില്‍ കഴിയുന്ന അവരെ മോചിപ്പിക്കാനും അതിനുവേണ്ടി തെരച്ചില്‍ നടത്താനും ലോകത്തിന് എന്തുകൊണ്ടാണ് വ്യഗ്രതയില്ലാത്തത് ? നൈജീരിയയിലെ സ്‌കൂളില്‍ പഠിക്കുന്നതും അമ്മമാര്‍ പെറ്റ കുട്ടികള്‍ തന്നെയല്ലേ ? ഔദ്യോഗിക ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ അവിവേകവും അപക്വവുമാണ്. അതിനുകൂടി മറുപടി ലഭിക്കുന്നതോടെയാണ് ഭീകരവിരുദ്ധ പോരാട്ടം പൂര്‍ണമാകുന്നത്. തീവ്രവാദത്തെയും കൂട്ടക്കുരുതികളെയും രണ്ടു കണ്ണോടെ കാണുന്നതുകൊണ്ടാണ് ഭീകരതയെ തടുത്തുനിര്‍ത്താന്‍ പ്രയാസമുണ്ടാകുന്നതെന്ന് വ്യക്തം.
ഭീകരതയുടെ ബ്രാന്‍ഡ് നെയ്മുകളിലുമുണ്ട് ചില ആശയക്കുഴപ്പങ്ങള്‍. ഇതുവരെ ലോകത്തിന്റെ സമാധാനം കെടുത്തിയിരുന്നത് അല്‍ഖാഇദയായിരുന്നു. ആളെക്കിട്ടാത്ത സ്‌ഫോടനങ്ങളെല്ലാം അവരുടെ പേരിലായിരുന്നു ചാര്‍ത്തിയിരുന്നത്. ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതോടെ അല്‍ഖാഇദയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചോ ? അവരെക്കുറിച്ച് യു.എസ് ഭരണകൂടം ഇപ്പോള്‍ പരാതി പറയാറേയില്ല. ഉസാമക്കുശേഷം അല്‍ഖാഇദയുടെ നേതൃസ്ഥാനം ഏറ്റെടുത്ത സവാഹിരി ഇപ്പോള്‍ ജോലിയൊന്നുമില്ലാതെ വെറുതെയിരിക്കുകയാണെന്ന് തോന്നുന്നു. ഐ.എസാണ് ഇപ്പോള്‍ താരം. ലോകത്തെ ഭീകരവാദികളെല്ലാം മുമ്പ് അഫ്ഗാനിലേക്കായിരുന്നു പരിശീലനത്തിനു പോയിരുന്നത്. ഇപ്പോള്‍ സിറിയയിലേക്കാണ്. അഫ്ഗാനില്‍ തീവ്രവാദികള്‍ കടയടച്ച് സിറിയിലേക്ക് താമസം മാറ്റിയതായി തോന്നുന്നു. ഐ.എസിനെ സൃഷ്ടിച്ചത് ആരാണെന്ന തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. ആരാണ് ഇത്തരം ഭീകരസംഘടനകള്‍ക്ക് ഒത്താശ നല്‍കുന്നതെന്നും അവ്യക്തം.
ലോകത്ത് ആദ്യമായി തീവ്രവാദത്തെ നല്ലതും ചീത്തയുമായി വേര്‍തിരിച്ചത് അമേരിക്കയും പാശ്ചാത്യ ശക്തികളുമാണ്. ഐ.എസിനെ തട്ടിച്ചുനോക്കുമ്പോള്‍ അല്‍ഖാഇദ ഇപ്പോള്‍ പഴയതുപോലെ അപകടകാരികളല്ലെന്ന വിധത്തിലാണ് പ്രചാരണം കൊഴുക്കുന്നത്. സിറിയയില്‍ പ്രസിഡണ്ട് ബഷാറുല്‍ അസദിനെ പുറത്താക്കാന്‍ ആയുധങ്ങളെടുത്തവര്‍ പടിഞ്ഞാറിന്റെ കണ്ണില്‍ ‘മോഡറേറ്റ്’ തീവ്രവാദികളാണ്. അവര്‍ക്ക് ആയുധവും പരിശീലനം നല്‍കാന്‍ വന്‍ശക്തികള്‍ മത്സരിക്കുന്നു. കോടിക്കണക്കിന് ഡോളര്‍ അവര്‍ക്കുവേണ്ടി ഒഴുക്കിക്കൊടുക്കുന്നു. ഒരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണുന്നതിനുപകരം അതില്‍ തലയിട്ട് കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കാനാണ് പലര്‍ക്കും താല്‍പര്യം. അസദ് സ്വേച്ഛാധിപതിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, സിറിയയെ മുഴുവന്‍ ചുട്ടെരിച്ച് വേണം അയാളെ പുറത്താക്കാനെന്ന് കരുതുമ്പോഴാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നത്. ഇനി അസദ് പുറത്തുപോയാല്‍ തന്നെ സിറിയയെ പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ വന്‍ ശക്തികളില്‍ ആരെങ്കിലുമുണ്ടാകുമോ?
ലിബിയയുടെ ഗതി തന്നെ ഉദാഹരണം. കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ ഭരണകാലത്ത് ലിബിയക്കാര്‍ക്ക് സ്വസ്ഥമായി ഉറങ്ങാമായിരുന്നു. വ്യവസ്ഥാപിത ഭരണകൂടമോ കെട്ടുറപ്പുള്ള സൈനിക സംവിധാനമോ ഇപ്പോള്‍ അവിടെയില്ല. നഗരങ്ങളും പ്രവിശ്യകളും സായുധ സംഘങ്ങള്‍ കൈയടക്കിവെച്ചിരിക്കുന്നു. ജനങ്ങള്‍ മുഴുപട്ടിണിയിലാണ്. ദാരിദ്ര്യം ജീവിതത്തെ കാര്‍ന്നു തിന്നു തുടങ്ങിയപ്പോള്‍ ലിബിയക്കാര്‍ യൂറോപ്പിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പലായനം ചെയ്തു തുടങ്ങിയിരിക്കുന്നു. ഖദ്ദാഫി അധികാരഭ്രഷ്ടനാവുകയും കൊല്ലപ്പെടുകയും ചെയ്തതോടെ ലിബിയക്കാരുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നാണോ ഇതിന്റെ അര്‍ത്ഥം. വിമതര്‍ക്ക് അനുകൂലമായി ഖദ്ദാഫിക്കെതിരെ വ്യോമാക്രമണം നടത്തിയ ഫ്രാന്‍സ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇതിന് മറുപടി നല്‍കേണ്ടതുണ്ട്.
സിറിയയില്‍ സമാധാനപരമായ പരിഹാരം സാധ്യമാകുമായിരുന്നു. തുനീഷ്യയിലേതുപോലെ വലിയ രക്തചൊരിച്ചിലില്ലാതെ ഒതുക്കാമായിരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ആഭ്യന്തര യുദ്ധമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും തലയൂരാനാവില്ല. സിറിയയില്‍ ഐ.എസിനെതിരെ റഷ്യ വ്യോമാക്രമണം തുടങ്ങിയപ്പോള്‍ പാശ്ചാത്യ ശക്തികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഐ.എസിനെ ആക്രമിക്കാന്‍ തങ്ങള്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്ന ധാര്‍ഷ്ട്യത്തോടെയായിരുന്നു അവരുടെ തുടര്‍ പ്രസ്താവനകള്‍. പാശ്ചാത്യ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ റഷ്യ ആക്രമിക്കുന്നുവെന്നായിരുന്നു അമേരിക്കയുടെ പരാതി. അസദിനെ എതിര്‍ക്കുന്നവരെല്ലാം നല്ലവരാണെന്നും അല്ലാത്തവര്‍ മോശക്കാരാണെന്നുമുള്ള മുടന്തന്‍ ന്യായം വലിയ ദുരന്തങ്ങള്‍ക്കു കാരണമാകും.
പാരീസിലെ ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍ ബോംബു പൊട്ടിച്ചും വെടിവെച്ചും ലോകത്തെ ഏറ്റവും വലിയ ഭീരുക്കള്‍ തങ്ങളാണെന്ന് ഐ.എസ് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. പാവപ്പെട്ടവരുടെ ചോര കൊണ്ട് കളിക്കുന്ന ഭീകരരെ നേരിടാന്‍ ഫ്രാന്‍സ് പ്രഖ്യാപിച്ചിരിക്കുന്ന നടപടികള്‍ ഐ.എസിന് കൂടുതല്‍ ഉത്തേജനം പകരുന്നതാണ്. തീവ്രവാദത്തെ പ്രതിരോധിക്കുന്നതിന് രാജ്യത്തെ പള്ളികള്‍ അടച്ചുപൂട്ടുമെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍നാഡ് കാസന്യുവിന്റെ പ്രഖ്യാപനം. ഐ.എസ് ഭീകരര്‍ ലക്ഷംകണ്ടിരിക്കുന്നുവെന്ന് വേണം അദ്ദേഹത്തിന്റെ പ്രസ്താവനയില്‍നിന്ന് അനുമാനിക്കാന്‍. ചാവേര്‍ സ്‌ഫോടനങ്ങളിലൂടെയും വെടിയുണ്ടകളിലൂടെയും വിദ്വേഷത്തിന്റെ വിത്ത് വിതച്ച് പുതിയ തീവ്രവാദികളെ ഉണ്ടാക്കാനാണ് ഐ.എസ് ശ്രമിക്കുന്നത്. ഐ.എസിന്റെ അവിവേകങ്ങള്‍ക്ക് ഫ്രാന്‍സിലെ മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം ശിക്ഷിക്കുന്നത് രാജ്യം അരക്ഷിതമാകാന്‍ കാരണമാകും.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഫ്രാന്‍സ്. ഫ്രഞ്ച് ജനസംഖ്യയില്‍ 7.5 ശതമാനം മുസ്‌ലിംകളാണ്. അവരെ ഒറ്റപ്പെടുത്തി സമാധാനം സ്ഥാപിക്കാമെന്ന് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍ ഐ.എസിനെപ്പോലുള്ള സംഘടനകള്‍ക്ക് കൂടുതല്‍ സൗകര്യമാകും. ഫ്രാന്‍സിലെ ജയിലുകളില്‍ 70 ശതമാനം തടവുകാരും മുസ്‌ലിംകളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ന്യൂനപക്ഷ സമുദായം ജയിലില്‍ ഭൂരിപക്ഷമാകുന്ന സ്ഥിതി. മുസ്‌ലിംകളെ മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഫ്രാന്‍സ് നടത്തുന്ന ഭീകരവിരുദ്ധ പോരാട്ടത്തിന് തിരിച്ചടിയാകും. എല്ലാ ജനവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ കെട്ടുറപ്പുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനാവൂ.
കടപ്പാട്: chandrikadaily.com
Add Comment