ജനസംഖ്യാപരമായി ബഹുമുഖമാണ് ആഫ്രിക്കന്‍ രാജ്യമായ അംഗോളയുടേത്. 2014ലെ കണക്കുപ്രകാരം 2.5 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ഭൂരിപക്ഷം ക്രിസ്ത്യാനികളാണ്95 ശതമാനം. മുസ്ലിംകള് ന്യൂനപക്ഷമാണ്. ഒരു ലക്ഷത്തിനു താഴെയാണ് ഇസ്ലാംമത വിശ്വാസികളുടെ എണ്ണം. അതായത് ജനസംഖ്യയില്‍ മൂന്നു ശതമാനം മാത്രം. ഇവരില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് കുടിയേറിയവരാണ്. മാത്രമല്ല, ലബനീസ് വംശജരുമാണ് അവര്‍. ചുരുക്കം പേര് മതപരിവര്‍ത്തനം ചെയ്തവരാണ്. ഭരണഘടനയില്‍ എല്ലാ പൗരന്മാര്ക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ഒരു മതത്തോടും വിവേചനം പാടില്ലെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്.
മനോഹരമായ അത്തരം വാഗ്ദാനങ്ങളെല്ലാം ഏട്ടില്‍ മാത്രം ഒതുങ്ങുന്നുവെന്നതാണ് അംഗോളയില്നിന്നുള്ള പുതിയ വാര്‍ത്ത. ഭരണകൂടം തന്നെയാണ് ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യം നല്കുന്ന രാജ്യമാണ് തങ്ങളുടേതെന്ന് അംഗോളക്കാരന്‍ പറയും. അതൊരു വെറുംവാക്കാണെന്ന് ഓരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുന്നു. അംഗോളയുടെ ഭരണകൂടത്തിന് എല്ലാ മതങ്ങളും സ്വീകാര്യമാണ്; ഇസ്ലാമൊഴികെ. മുസ്ലിം വിരോധം പല ഭരണകൂടങ്ങളുടെയും മുഖമുദ്രയാണ്. എന്നാല്‍ അംഗോളന്‍ ഭരണകൂടത്തിന്റെ മുസ്ലിം വിദ്വേഷം ഇസ്ലാമിനെ നിരോധിക്കുന്ന ഘട്ടത്തില്‍ വരെ എത്തിയിരിക്കുന്നു.
ലോകത്ത് ഇസ്ലാം മതത്തെ നിരോധിച്ച ആദ്യ രാജ്യമെന്ന കളങ്കവുമായി നില്ക്കുന്നയാണ് അംഗോള ഇപ്പോള്‍. 2012 മുതലാണ് ഭരണകൂടത്തിന്റെ ഇസ്ലാം വിരോധം മറനീക്കി പുറത്തുവന്നത്. പള്ളി നിര്‍മാണത്തിനും മുസ്ലിം കൂട്ടായ്മകളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണമേര്പ്പെടുത്തിക്കൊണ്ടായിരുന്നു അതിന്റെ തുടക്കം. മുസ്ലിം പക്ഷ വാര്‍ത്തകള്‍ക്കും അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. 2013 അവസാനത്തോടെ അംഗോളയുടെ ഇസ്ലാം വിരുദ്ധ സമീപനങ്ങള്‍ വാര്‍ത്തയായി. രാജ്യത്ത് ഇസ്ലാം നിരോധിച്ചെന്നും പള്ളികള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പ്രചരിച്ചു. തലസ്ഥാനമായ ലുവാന്‍ഡയില്‍ രണ്ടു പള്ളികള്‍ മാത്രമാണുള്ളത്. ഇതില്‍ ഒരു പള്ളിയുടെ മിനാരം അധികൃതര്‍ തകര്‍ത്തു. നൂറുല്‍ ഇസ്ലാം പള്ളി അടച്ചുപൂട്ടാനും ഭരണകൂടം തീരുമാനിച്ചു.
ഇസ്ലാമിനെ നിരോധിച്ചുവെന്ന വാര്‍ത്തയോട് ഭരണകൂടം ആദ്യമൊക്കെ മൗനംപാലിക്കുകയാണു ചെയ്തത്. അന്താരാഷ്ട്ര സമൂഹത്തില്‍ തങ്ങള്‍ ഒറ്റപ്പെടുമെന്നായപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. മതസ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണ് അംഗോളയെന്നും ഇസ്ലാമിനെ നിരോധിച്ചിട്ടില്ലെന്നും അമേരിക്കയിലെ എംബസിയില്‍ നിന്ന് പ്രസ്താവന വന്നു. അപ്പോഴും ഭരണകൂടം ഔദ്യോഗികമായി ഒന്നും മിണ്ടിയില്ല.
ഇസ്ലാമിന് വിലക്കേര്‍പ്പെടുത്തിയതായുള്ള വാര്‍ത്ത ഇന്റര്‍നെറ്റില്‍നിന്നാണ് തങ്ങള്‍ അറിഞ്ഞതെന്നും അത്തരം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്ന അറിയിപ്പൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അമേരിക്കയിലെ അംഗോളന്‍ നയതന്ത്ര പ്രതിനിധികള്‍ അറിയിച്ചു. പ്രസിഡണ്ട് ജോസ് എഡൂര്‍ഡോ രാജ്യത്തിനു പുറത്താണെന്നുമായിരുന്നു അവരുടെ വിശദീകരണക്കുറിപ്പിലുണ്ടായിരുന്നത്.
വിഷയം അതോടെ കെട്ടടങ്ങിയിരുന്നില്ല. എങ്കിലും അന്താരാഷ്ട്ര സമൂഹം അല്പം സമാധാനിച്ചിരിക്കുമ്പോഴാണ് ഈ വര്‍ഷം വീണ്ടും നിരോധന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പ്രസിഡണ്ട് ജോസ് എഡൂര്ഡോയെ ഉദ്ധരിച്ചുകൊണ്ട് ഒരു വാര്‍ത്താ വെബ്സൈറ്റ് നല്കിയ വാര്‍ത്ത ലോകസമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നു. ആഗസ്ത് 31ഓടെ രാജ്യത്ത് ഇസ്ലാമിനെ നിരോധിച്ചതായി എഡൂര്‍ഡോ അറിയിച്ചു. അംഗോളയില്‍ ഇസ്ലാമിന്റെ സ്വാധീനത്തിന് അതോടെ അന്ത്യംകുറിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. സാമൂഹിക മലിനീകരണത്തിനും അവസാനമായെന്ന് എഡൂര്‍ഡോ പറഞ്ഞു.
ഇസ്ലാമിനോട് ഇത്രമാത്രം ശത്രുത തോന്നാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് ഭരണകൂടത്തിന് പ്രത്യേക മറുപടിയൊന്നുമില്ല. ഇസ്ലാം സമൂഹത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സാംസ്കാരിക മാറ്റങ്ങളെ അധികാരികള്‍ ഭയക്കുന്നുവെന്നതാണ് വസ്തുത. ന്യൂനപക്ഷമായ മുസ്ലിംകള് രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ വിഴുങ്ങിയേക്കുമോയെന്ന് അവര്‍ ആശങ്കപ്പെടുന്നു. സാംസ്കാരിക മന്ത്രി റോസ ക്രൂസെ സില്‍വയുടെ വാക്കുകളില്‍നിന്ന് ഇത് വ്യക്തമാണ്. ‘അംഗോളന്‍ സാംസ്കാരിക രീതികള്‍ക്ക് വിരുദ്ധമാണ് ഇസ്ലാം. അതൊരു അവാന്തര വിഭാഗമാണ്. സാമൂഹിക പൊതുധാരയോട് ചേര്ന്നുനില്ക്കാന് കൂട്ടാക്കാത്ത അവരെ അംഗീകരിക്കാനാവില്ല. നീതിന്യായ, മനുഷ്യാവകാശ മന്ത്രാലയവും ഇതേ നിലപാടിലാണ്. അതുകൊണ്ട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മുഴുവന്‍ പള്ളികളും അടച്ചിടുന്നു’ ക്രൂസെ സില്‍വ പറഞ്ഞു.
അംഗോള ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധ നീക്കം ഏറെ തന്ത്രപരമായിരുന്നു. എല്ലാ മതവിഭാഗങ്ങളും ഔദ്യോഗിക അംഗീകാരത്തിന് അപേക്ഷിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. നിയമാനുമതി ലഭിക്കാന്‍ അവര്‍ മറ്റൊരു നിബന്ധനകൂടി മുന്നോട്ടുവെച്ചു. ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ളതും 18 പ്രവിശ്യകളില്‍ 12 എണ്ണത്തില്‍ സാന്നിധ്യമുള്ളതുമായ മതത്തിനു മാത്രമേ അംഗീകാരം ലഭിക്കൂ. മുസ്ലിം ജനസംഖ്യ 90,000 മാത്രമാണെന്ന വസ്തുത മനസ്സില്‍ വെച്ചുകൊണ്ടു മാത്രമാണ് അവര്‍ അത്തരമൊരു ഉപാധിവെച്ചത്. 83 മതവിഭാഗങ്ങള്‍ക്ക് നിയമാനുമതി ലഭിച്ചപ്പോള്‍ മുസ്ലിം വിഭാഗങ്ങളില്‍ ഒന്നിനുപോലും അംഗീകാരം കിട്ടിയില്ല. ഒരു ലക്ഷത്തിനു താഴെ അനുയായികളില്ലാത്ത മതങ്ങളൊന്നും മതങ്ങല്ലെന്ന വിചിത്ര വാദമാണ് അന്താരാഷ്ട്ര സമൂഹത്തെ അമ്പരപ്പിച്ചത്.
രജിസ്ട്രേഷന് ലഭിക്കാന്‍ പര്യാപ്തമായ നിബന്ധനകള്‍ മുസ്ലിം വിഭാഗങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമപ്രക്രിയകള്‍ പൂര്‍ത്തിയാകുന്നതുവരെ അവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്കാന് സാധിക്കില്ലെന്നും 2013 നവംബറില്‍ അംഗോള വിദേശകാര്യ മന്ത്രി ജോര്‍ജസ് ചികോതി വ്യക്തമാക്കുകയുണ്ടായി. മുസ്ലിം ജനസംഖ്യയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന വര്‍ധനവാണ് അധികാരികളെ ഇസ്ലാമിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. 21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജ്യത്ത് നിരവധി പേര് ഇസ്ലാമിലേക്ക് പരിവര്‍ത്തനംചെയ്തു. അംഗോളന്‍ ആഭ്യന്തര യുദ്ധത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ പരിവര്‍ത്തനം നടന്നത്. മുസ്ലിം സ്വാധീനം കൂടുതലുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്ത ഏറെപ്പേരും ഇസ്ലാമില്‍ ആകൃഷ്ടരായി. പുതിയ സാംസ്കാരിക മുഖവുമായാണ് സ്വന്തം നാട്ടിലേക്ക് അവര്‍ മടങ്ങിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇസ്ലാമിനെതിരായ നീക്കങ്ങള്‍ അംഗോളന്‍ അധികാരികള്‍ ആരംഭിച്ചിരുന്നു. അംഗോളയില്‍ മുസ്ലിംകള് നേരിടുന്ന കടുത്ത വിവേചനങ്ങളെക്കുറിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മുസ്ലിം ആരാധനാലയങ്ങളും സ്കൂളുകളും കമ്യൂണിറ്റി സെന്ററുകളും അംഗോളന്‍ ഭരണകൂടം തെരഞ്ഞുപിടിച്ച് അടച്ചുപൂട്ടുകയാണെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. 2010 ജൂലൈയില്‍ ഹുവാംബോയിലെ ഒരു മസ്ജിദിന് അജ്ഞാതര്‍ തീവെച്ചു. അധികാരികളുടെ അറിവോടെയും ഒത്താശയോടെയുമാണ് അത് ചെയ്തതെന്ന് വ്യക്തം. ഹുവാംബോയില് പള്ളി നിര്‍മിക്കരുതെന്നും മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും അധികൃതര്‍ ആവശ്യപ്പെട്ട് തൊട്ടടുത്ത ദിവസമാണ് തീപിടിത്തമുണ്ടായത്.
അതേവര്‍ഷം സെപ്തംബര്‍ നാലിന് കാസെന്ഗായിലെ ഒരു പള്ളി മുന്‍കൂട്ടി വിവരമൊന്നും നല്‍കാതെ അടച്ചുപൂട്ടി. പള്ളി നിര്‍മാണത്തിനുള്ള അപേക്ഷകളെല്ലാം ആവര്‍ത്തിച്ച് തള്ളുന്ന അനുഭവമാണ് മുസ്ലിംകള്ക്കുള്ളത്. 2012ല്‍ ഡുന്ഡോ നഗരത്തില്‍ ലൈസന്സുണ്ടായിട്ടുകൂടി പള്ളി നിര്‍മിക്കാന്‍ അനുമതി ലഭിച്ചില്ല. ഇസ്ലാമിക് കമ്യൂണിറ്റി ഓഫ് അംഗോളയുടെ കണക്കുപ്രകാരം 2013ല്‍ തലസ്ഥാനമായ ലുവാന്ഡക്കു പുറത്തുള്ള 60 പള്ളികള്‍ അടച്ചുപൂട്ടിയിട്ടുണ്ട്.
മുസ്ലിം സന്നദ്ധ സംഘടനകളുടെ മറവില്‍ അല്‍ഖാഇദയെപ്പോലുള്ള തീവ്രവാദസംഘടനകള്‍ രാജ്യത്ത് കാലുറപ്പിക്കുന്നുവെന്നാണ് ഇസ്ലാമിനെ നിരോധിക്കാന്‍ കാരണമായി അംഗോളന്‍ ഭരണകൂടം പറയുന്ന പുതിയ വാദം. അന്താരാഷ്ട്ര വിമര്‍ശനത്തില്‍നിന്ന് രക്ഷപ്പെടാനുള്ള പുതിയ അടവായി മാത്രമേ അതിനെ കാണാന്‍ സാധിക്കൂ. സമാധാനപൂര്‍വം ജീവിക്കുന്ന മുസ്ലിംകളെ അനാവശ്യമായി പ്രകോപിപ്പിച്ച് തീവ്രവാദ സംഘടനകള്‍ക്ക് വളംവെച്ചുകൊടുക്കുന്നത് ഭരണകൂടം തന്നെയാണ്. മുഖ്യധാരയില്‍നിന്ന് അടര്ത്തിമാറ്റപ്പെടുന്നുവെന്ന് ഒരുവിഭാഗത്തിന് തോന്നലുണ്ടാകുമ്പോള്‍ വിധ്വംസക ശക്തികള്‍ക്ക് അതിവേഗം വേരോട്ടം ലഭിക്കും. എല്ലാ രാജ്യങ്ങളിലും ഭീകരസംഘടനകള്‍ മുതലെടുപ്പ് നടത്തുന്നത് ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളുടെ ബലത്തിലാണ്.
അംഗോളയിലും തീവ്രവാദം മുളപൊട്ടുന്നുവെന്ന് അധികാരികള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മുഴുവനും അവര്‍ക്കു തന്നെയാണ്. ഫാസിസ്റ്റ് മനസ്സുമായി നടക്കുന്ന ഇത്തരം രാജ്യങ്ങളെ നിലയ്ക്കുനിര്‍ത്താനുള്ള ബാധ്യത അന്താരാഷ്ട്ര സമൂഹത്തിനുമുണ്ട്. നിരോധനമേര്‍പ്പെടുത്തിയും ആരാധനാലയങ്ങള്‍ തച്ചുടച്ചും ഒരു പ്രത്യേക മതവിഭാഗത്തെ വേട്ടയാടുന്നതില്‍ ഹരം കാണുന്ന ഭരണകൂട ഭീകരതയെ കണ്ടില്ലെന്ന് നടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
കടപ്പാട് : chandrikadaily.com
Add Comment