International

ഡേവിഡ് കാമറണ്‍, ഇനിയും സ്വയം വിഡ്ഢിയാവണോ ?

(ബ്രിട്ടനില്‍ പുതുതായി കൊണ്ടുവന്ന ഭീകരവിരുദ്ധനിയമത്തിനെതിരെ പ്രതിഷേധം അറിയിച്ച് മുസ്‌ലിംലേഡിഡോക്ടര്‍ എഴുതിയ തുറന്ന കത്ത്)

ഡിയര്‍ മിസ്റ്റര്‍ കാമറണ്‍,

കഴിഞ്ഞയാഴ്ച നിങ്ങള്‍ നടത്തിയ റാഡിക്കലൈസേഷനെതിരെയുള്ള പ്രസംഗം എന്നെപ്പോലെയുള്ളവരെയും ഉദ്ദേശിച്ചാണോയെന്ന് സംശയിക്കുന്നു. മാഞ്ചസ്റ്റര്‍ നഗരത്തില്‍ ജനിച്ച് ലിവര്‍പൂള്‍ക്ലബ് ആരാധികയായി ജീവിക്കുന്ന എനിക്ക് 37 വര്‍ഷത്തിനിടക്ക് ആദ്യമായാണ് താന്‍ ബ്രിട്ടീഷുകാരിതന്നെയല്ലേയെന്ന സംശയം പിടികൂടിയത്. അതേ,ഞാന്‍ ബ്രിട്ടീഷ് മുസ്‌ലിമാണ്.

‘ഈ നാട്ടില്‍  തനിക്കും തന്റെ മക്കള്‍ക്കും നല്ല ഒരു ഭാവിയുണ്ടാകും. തികഞ്ഞ സമാധാനത്തോടെ അല്ലലും അലട്ടലുമില്ലാതെ കഴിയാം’ബ്രിട്ടനിലുള്ള മുസ്‌ലിംസമൂഹത്തിന്റെ ചിന്താഗതിയെപ്പറ്റി കാലങ്ങളായി എന്റെ മനസ്സിലുള്ള ചിത്രം ഇതായിരുന്നു. പക്ഷേ, ഇപ്പോള്‍ ചിത്രം മാറിയിരിക്കുന്നു. അവര്‍ ഏറെ തെറ്റുധരിക്കപ്പെട്ട സമുദായമായിമാറി. തങ്ങളുടെ മതവിശ്വാസങ്ങളെപ്പറ്റി എപ്പോഴും ക്ഷമാപണത്തിന്റെ ഭാഷയില്‍ സംസാരിക്കേണ്ടിവരുന്ന, ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാവുന്ന ഭീതിതസമുദായം.

താങ്കളുടെ പ്രസംഗത്തിന് പലരീതിയിലുള്ള പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. അവയില്‍ചിലത് അക്കാദമികസ്വഭാവത്തിലുള്ളതാണ്. പക്ഷേ, എന്നെപ്പോലെയുള്ളവരുടെ പ്രതികരണങ്ങളും താങ്കള്‍ കേള്‍ക്കണമെന്നാണ് പറയാനുള്ളത്.  താങ്കളുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് നിയമരൂപത്തില്‍ അടിച്ചേല്‍പിക്കുന്ന സംഗതികളുടെ ആഘാതമെത്രയെന്ന് ഞാനറിഞ്ഞിരിക്കണമല്ലോ. കാരണം  കുട്ടിയുടെ ഭാവിയെക്കുറിച്ച കരുതലുള്ള രക്ഷിതാവെന്ന നിലയില്‍  ആത്മവിശ്വാസം ഉണ്ടാകാന്‍ അത് ആവശ്യമാണ്.

പാസ്‌പോര്‍ട്ടിന്റെ വിഷയത്തില്‍ താങ്കള്‍ നല്‍കിയ നിര്‍ദ്ദേശം  രസാവഹമാണ്. സിറിയയിലും ഇറാഖിലും ഐസിസിനുവേണ്ടി ഇറങ്ങിത്തിരിച്ചേക്കുമെന്ന് സ്വന്തംമക്കളെപ്പറ്റി ആശങ്കപ്പെട്ടാല്‍ രക്ഷിതാക്കള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാന്‍ അധികാരമുണ്ടായിരിക്കുമെന്ന്  പറഞ്ഞല്ലോ. സത്യത്തില്‍ ഒരു രക്ഷിതാവും തങ്ങളുടെ മക്കളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കാന്‍ ആഗ്രഹിക്കില്ല. അതില്‍ മുസ്‌ലിം-അമുസ്‌ലിംവേര്‍തിരിവില്ല. അപകടകരമായ രീതിയില്‍ ഐസിസ് ചിന്താഗതിയുള്ള മക്കളാണ് തനിക്കുള്ളതെന്ന് ഉത്തരവാദിത്വമുള്ള മാതാപിതാക്കള്‍ക്ക് ആലോചിക്കാന്‍ പോലുമാവില്ല. ഇനി മക്കളുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചുവെന്ന് കരുതുക. അതോടെ അവര്‍ ‘അക്രമാസക്തനല്ലാത്ത തീവ്രവാദി’യെന്ന് പേരുവിളിക്കപ്പെടില്ലെന്നുറപ്പുണ്ടോ? അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് താങ്കള്‍ ആലോചിച്ചിട്ടില്ലെന്നാണോ?

ഇനി ഭീകരതയുടെ പിന്നിലുള്ള ആദര്‍ശത്തെപ്പറ്റി, സത്യത്തില്‍ ആദര്‍ശം എന്നെ ഒട്ടുംതളര്‍ത്തുന്നില്ല. ആദര്‍ശമല്ല ഒരാളെ ഭീകരവാദിയാക്കുന്നത്. ഇസ്‌ലാമോഫോബിയ, വിദേശനയം, നിലപാടുകളിലെ ഇരട്ടത്താപ്പ് ഇതെല്ലാം എന്നെ തളര്‍ത്തുന്നു. സത്യത്തില്‍ അവയാണ് ഒരാളെ ഭീകരവാദിയാക്കുന്നത്.

മുസ്‌ലിംകളും ഇസ്‌ലാമുമല്ല, അക്രാമകജിഹാദാണ് രാജ്യത്തിന്റെ പ്രശ്‌നം എന്ന് ടോണിബ്ലെയറെപ്പോലുള്ള മുന്‍ഗാമികളെ പിന്തുടര്‍ന്ന് താങ്കളുംനാഴികയ്ക്കുനാല്‍പതുവട്ടം ആവര്‍ത്തിക്കുന്നുണ്ട്.  ഇസ്‌ലാമിന്റെ ചില വീക്ഷണങ്ങള്‍ തീവ്രമാണെന്ന് ആക്ഷേപിക്കുംവിധം സമൂഹമനസ്സാക്ഷിയെ രൂപപ്പെടുത്തിയശേഷം താങ്കള്‍ ആത്മാര്‍ഥതയില്ലാത്ത വാചാടോപങ്ങളില്‍ ട്രപീസുകളിക്കുന്നു.

ഇന്ന് സമൂഹത്തില്‍ മുസ്‌ലിംകളും ഇസ്‌ലാമും പൈശാചികവത്കരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ തെളിവാണ് ഇസ്‌ലാമികചിഹ്നങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുയായികള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍. തട്ടംധരിക്കാതെ തനി പടിഞ്ഞാറന്‍ മോഡല്‍ വേഷവിതാനം സ്വീകരിക്കുന്ന ഞാന്‍ ഇസ്‌ലാമോഫോബിയയ്ക്ക് ഇതുവരെ ഇരയായിട്ടില്ലെന്നുകരുതി ഇനി അത്തരം ആക്രമണം ഉണ്ടാകില്ലെന്ന് ആത്മവിശ്വാസംകൊള്ളുന്നില്ല. ലോകത്തിന്റെയോ രാജ്യത്തിന്റെയോ വിദൂരകോണില്‍ ഭീകരാക്രമണമുണ്ടാവുകയും അതിന് ഞാന്‍ മറുപടിപറയേണ്ടിവരികയും ചെയ്യുമോ എന്ന് ആശങ്കിച്ചുകൊണ്ടാണ് ഓരോ പ്രഭാതത്തിലും ന്യൂസ് ആപ് തുറക്കുന്നത്.

ഇസ് ലാമോഫോബിയയെപ്പറ്റി താങ്കള്‍ പരാമര്‍ശിച്ചത് എനിക്കിഷ്ടപ്പെട്ടു. പക്ഷേ, അതിനെ ചെറുക്കാന്‍ എന്താണ് ഇതുവരെയായി ചെയ്തത് ? ഇനി ഞാനത് അറിയാതെ പോയതാണോ ഡേവിഡ് ? അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്‌ലാമോഫോബിയ ക്രിമിനല്‍കുറ്റമായി പ്രഖ്യാപിക്കണമെന്ന് തെരേസ മേ (ബ്രിട്ടീഷ് എംപി) ആവശ്യപ്പെട്ടിരുന്നല്ലോ? അതുണ്ടാകുമോ?

കടുത്തമുന്‍വിധികളോടെയുള്ള ‘ഭീകരത’യുടെ പ്രയോഗത്തിലൂടെ മുസ്‌ലിംകളെയും ഭീകരതയെയും പരസ്പരം ബന്ധിപ്പിച്ചുനിര്‍ത്താനാണ് മാധ്യമവിശകലനങ്ങള്‍ ശ്രമിക്കുന്നത്. അതുവഴി ജനതയുടെ മനസ്സില്‍ മുസ്‌ലിംകളുടെ നേര്‍ക്ക് വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കാന്‍ അവര്‍ക്കായി. വംശീയവാദിയായ ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രെവിക് മുസ്‌ലിമല്ലാതിരുന്നതുകൊണ്ട് അയാളെ ഭീകരനായി മുദ്രകുത്തുവാന്‍ ആര്‍ക്കും താല്‍പര്യമുണ്ടായില്ല. പകരം ‘കൂട്ടക്കൊലയാളി’ എന്ന് വിളിക്കുകയാണ് ചെയ്തത്. ഏറ്റവുമൊടുവില്‍ യുഎസിലെ ചാള്‍സ്ടണ്‍ ചര്‍ച്ചില്‍ വെടിവെപ്പുനടത്തിയ ഡിലന്‍ റൂഫ് ‘വെടിവെപ്പുകാരന്‍’മാത്രമായി മാറി. അവര്‍ രണ്ടുപേരും മുസ് ലിംകളായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ ഭീകരവാദികളായേനെ. എന്റെ മക്കള്‍ പത്രംവായിക്കുന്നതും ന്യൂസുകള്‍ കാണുന്നതും വിലക്കണമെന്ന് ഞാനാഗ്രഹിക്കുന്നതിന്റെ കാരണമെന്തെന്നോ! വിവരമില്ലാത്ത ഏതോ മുസ്‌ലിംനാമധാരിചെയ്ത എന്തെങ്കിലും അവിവേകം ലോകത്തെ 1.6 ബില്യണ്‍ മുസ്‌ലിംകളുടെ തലയില്‍ ചാര്‍ത്തി അവരെ ഒന്നടങ്കം ഭീകരരെന്ന് ആക്ഷേപിക്കാന്‍ മാധ്യമങ്ങള്‍ വെപ്രാളംകൊള്ളുന്നതുകൊണ്ടുതന്നെ. അതിനാല്‍ പത്ര-ചാനല്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കാന്‍ താങ്കള്‍ വേണ്ടതുചെയ്യണം.

രാജ്യത്തിന്റെ വിദേശനയത്തെപ്പറ്റി താങ്കള്‍ ഒന്നുംപറഞ്ഞുകണ്ടില്ല. നമ്മുടെ അടുക്കല്‍ ഗുരുതരമായ തെറ്റുള്ളതായി താങ്കള്‍ കാണുന്നില്ലേ? എണ്ണമറ്റ ബോംബാക്രമണങ്ങളുടെ പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ ഞാനാളല്ല. പക്ഷേ കഴിഞ്ഞവര്‍ഷം ഫലസ്തീനില്‍ 519 കുട്ടികള്‍ കൊല്ലപ്പെട്ടതെന്തിന്റെ പേരിലാണെന്ന് ഞാന്‍ എങ്ങനെ മക്കള്‍ക്ക് വിശദീകരിച്ചുകൊടുക്കും. അതേപോല ഇല്ലാത്ത കൂട്ടനശീകരണായുധത്തിന്റെ പേരില്‍ ഇറാഖില്‍ അഞ്ചുലക്ഷം ആളുകള്‍ കൊല്ലപ്പെട്ടത് എങ്ങനെ മറക്കാനാകും.അതില്‍ ബ്രിട്ടന്‍ രചനാത്മകമായി ഒന്നുംചെയ്തില്ല. താങ്കള്‍ വീട്ടില്‍ വന്ന് എന്റെ മക്കള്‍ക്ക് അതിന്റെ കാരണങ്ങള്‍ വിശദീകരിച്ചുകൊടുക്കുമോ? 

എന്റെ മക്കളുടെ ഭാവിയോര്‍ത്ത് കടുത്ത ആശങ്കയിലാണ് ഞാന്‍. ഇപ്പോള്‍ പാസാക്കിയിരിക്കുന്ന നിയമത്തിന്റെ വെളിച്ചത്തില്‍ അവര്‍ക്ക് മതസ്വാതന്ത്ര്യം നിരാക്ഷേപം അനുഭവിക്കാനാകുമോ ? അതല്ല, ഏതെങ്കിലും ടീച്ചര്‍ അത് വെളിപ്പെടുത്തുമോയെന്ന് ഭയന്ന് ഒളിച്ചുംപാത്തും മതത്തെ അനുഷ്ഠിക്കേണ്ടിവരുമോ? അധികാരികള്‍, മതകല്‍പനകളുടെ തുറന്ന അനുഷ്ഠാനം ‘തീവ്രചിന്താഗതി’യുടെ ലക്ഷണമായി വിലയിരുത്തുമോ ? ഇപ്പോള്‍ പാസാക്കുന്ന  പ്രസ്തുതനിയമം തികഞ്ഞ പരാജയമാണെന്ന് തുറന്ന പത്രക്കുറിപ്പിലൂടെ അക്കാദമിരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത് കഴിഞ്ഞ മാസമാണ്. ഏതൊരുവ്യക്തിയും അയാള്‍ അധ്യാപകനോ ഡോക്ടറോ ആയിക്കൊള്ളട്ടെ മറ്റുള്ളവരെ ഉപദ്രവിക്കുന്നതും അപകടപ്പെടുത്തുന്നതും സഹിക്കുകയില്ല. ഒരാള്‍ മറ്റൊരാളെ അപകടപ്പെടുത്തുമെന്ന് പറയാന്‍ നിയമം കൊണ്ടുവരണമെന്ന് ഞാന്‍ പറയില്ല.അത് ആക്ഷേപാര്‍ഹമാണ്. കഴിഞ്ഞ 12 വര്‍ഷത്തെ എന്റെ വൈദ്യവൃത്തിയില്‍ മറ്റുള്ളവരെ അപകടത്തില്‍പെടുത്തുകയായിരുന്നു ഞാനെന്ന് താങ്കള്‍ക്ക് പറയാനാകുമോ?

 ഭാവിയില്‍ എന്റെ മക്കള്‍ക്ക് തൊഴിലിനുള്ള അവകാശം നിലനില്‍ക്കുമോ? തൊഴിലിനോടും സേവനരംഗത്തോടും ആത്മാര്‍ഥതപുലര്‍ത്തി പണിയെടുക്കുന്ന മുസ്‌ലിംകളെപ്പറ്റി ‘അവര്‍ ഗവണ്‍മെന്റില്‍ പിടിമുറുക്കുകയാണെ’ന്ന ചിന്താഗതിവെച്ചുപുലര്‍ത്തുന്ന ചിലരുണ്ടെന്നും അത് ശരിയല്ലെന്നും താങ്കള്‍ അഭിപ്രായപ്പെടുകയുണ്ടായി. പക്ഷേ, തൊഴിലിടങ്ങളില്‍ മുസ് ലിംകള്‍ അനുഭവിക്കുന്ന വിവേചനത്തെ പ്രതിരോധിക്കാന്‍ എന്തെങ്കിലും ചെയ്തതായി താങ്കള്‍ പറഞ്ഞില്ല. തങ്ങളീരാജ്യത്തിന്റെ ഭാഗമാണെന്ന് മുസ്‌ലിംകള്‍ക്ക് അനുഭവവേദ്യമാക്കുന്ന എന്തെങ്കിലും നയപരിപാടികള്‍ അടുത്തെങ്കിലും ആവിഷ്‌കരിക്കുമോ?

മുസ്‌ലിംസമൂഹത്തിലെ മിതവാദി ശബ്ദങ്ങളെ ശാക്തീകരിക്കാന്‍ താങ്കള്‍ ആവശ്യപ്പെടുകയുണ്ടായി. ആ ആഹ്വാനത്തെ ഞാന്‍ സര്‍വാത്മനാ സ്വാഗതംചെയ്യുന്നു. ‘ദ ക്വില്ല്യം ഫൗണ്ടേഷനെ’പ്പോലെ വിശ്വാസസ്വാതന്ത്ര്യത്തിനും സമത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടിപ്രവര്‍ത്തിക്കുന്ന മുസ് ലിംസംഘടനകളെ  പിന്തുണക്കാന്‍ ഗവണ്‍മെന്റ് സത്വരനടപടികളെടുക്കുമോ? മിതവാദനയങ്ങളുമായി ഒട്ടേറെ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ തീവ്രചിന്താഗതിക്കെതിരായി ശക്തമായ പ്രതിരോധംതീര്‍ക്കുന്നവരാണ്.

സമുദായത്തെ അലട്ടുന്ന പ്രയാസങ്ങളും വിഷമങ്ങളും അനന്തമായി നീളുന്നു. നിലവിലെ സാഹചര്യത്തില്‍ മുസ്‌ലിംസമൂഹത്തിന്റെ അവസ്ഥയിതാണ്. ഭീകരവാദം അമര്‍ച്ചചെയ്യുന്നതിന് താങ്കള്‍ വേറിട്ട എന്തെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍  എന്നാശിക്കുകയാണ്. താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു.

പിന്‍കുറി: മുസ്‌ലിംകളെ അടിച്ചമര്‍ത്താന്‍ നിയമങ്ങളുമായി ജനാധിപത്യത്തെ വ്യഭിചരിക്കാനൊരുങ്ങുന്ന രാഷ്ട്രത്തലവന്‍മാര്‍ക്ക് ഓര്‍മക്കുറിപ്പാണീ കത്ത്.

 

 

 

Topics