കൊളംബിയയില്‍ നിന്ന് ഇസ് ലാം സ്വീകരിച്ച അഡ്രിയാന കോണ്‍ട്രിരാസുമായി അഭിമുഖം
കൊളംബിയയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ അഡ്രിയാന ഓക്‌ലഹോമ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് തന്റെ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. യുഎസില്‍ എത്തിയപ്പോള്‍ അവര്‍ക്ക് ഭാഷയുടെ പരിമിതികള്‍ മറികടക്കാനായി. അങ്ങനെ തന്റെ ക്ലാസില്‍ വെച്ച് മുസ്‌ലിംകളുമായി കണ്ടുമുട്ടാനും സംസാരിക്കാനും അവസരം ലഭിച്ചു. കൂട്ടത്തില്‍ മതത്തെപ്പറ്റിയും അവയുടെ സവിശേഷസ്വഭാവങ്ങളെപ്പറ്റിയും ചര്‍ച്ചചെയ്യാനിടവന്നു.
തനിക്ക് ഒട്ടുംതന്നെ പരിചിതമല്ലാത്ത ഭാഷയിലുള്ള ആ മതത്തെക്കുറിച്ച പഠനം അവര്‍ ആരംഭിച്ചു. അതിനായി ഖുര്‍ആനിന്റെ സ്പാനിഷ് വിവര്‍ത്തനം അവര്‍ സംഘടിപ്പിച്ചു. അതോടൊപ്പം ബൈബിളും വായനതുടങ്ങി. രണ്ടുമതങ്ങള്‍ തമ്മിലുള്ള താരതമ്യമായിരുന്നു അവരുടെ ഉദ്ദേശ്യം. അഡ്രിയാന തന്റെ ആ നാളുകളിലെ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുകയാണിവിടെ.
ചോ: താങ്കളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ച ഘടകമെന്താണ്?
അഡ്രിയാന: കത്തോലിക്കാ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കത്തോലിക്കാവിശ്വാസം സ്വയമുണ്ടാക്കിത്തീര്‍ത്ത കുടുക്കുകാരണം ഞാന്‍ അതില്‍നിന്നകലം പാലിച്ചു. ത്രിയേകത്വം എനിക്ക് പിടികിട്ടിയതേയില്ല. അതിനാലാണ് ഇസ്‌ലാമിലേക്ക് തിരിഞ്ഞത്. അത് ലളിതവും യുക്തിഭദ്രവുമായിരുന്നു.
ചോ: ഇസ്‌ലാമില്‍ താങ്കള്‍ കണ്ടെത്തിയതെന്താണ്?
അഡ്രിയാന: ഏകദൈവത്വമാണ് എന്നെയേറെ ആകര്‍ഷിച്ച സംഗതി. ചിലര്‍കരുതുന്നു യേശു ദൈവമാണെന്ന്. വേറെ ചിലര്‍ അതിനോട് യോജിക്കുന്നില്ല. ഇനിയും വേറൊരു കൂട്ടര്‍ മൂന്നുപേരുണ്ടെന്നും അതെല്ലാംചേര്‍ന്ന് ഒന്നാണെന്നും വിശ്വസിക്കുന്നു. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് ദൈവം ഏകനാണെന്നാണ്. ഖുര്‍ആനില്‍ ത്രിയേകത്വത്തെക്കുറിച്ച പരാമര്‍ശം കണ്ടപ്പോള്‍ ഞാനത്ഭുതപ്പെട്ടു.
ചോ: ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും തെറ്റുധാരണപുലര്‍ത്തുന്നവരെപ്പറ്റി എന്തുതോന്നുന്നു?
അഡ്രിയാന: ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് അത്രമാത്രം തെറ്റുധാരണ ആളുകള്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല; പ്രത്യേകിച്ചും തങ്ങളുടേതല്ലാത്ത മറ്റൊന്നിലും വിശ്വസിക്കാത്ത കത്തോലിക്കരും ക്രിസ്ത്യാനികളും ഉള്ളപ്പോള്‍. വാസ്തവത്തില്‍ നമ്മുടെ ലേബലല്ല, മറിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങളാണ് പ്രധാനം. ദൈവത്തിന്റെ അടുക്കല്‍ നമ്മുടെ അവസ്ഥയെന്തായിരിക്കും എന്നതാണ് മുഖ്യം. അല്ലാതെ ജനിച്ച മതം ഏതാണെന്നതല്ല.
ചോ: പരിവര്‍ത്തനത്തിന് നിങ്ങളെ പ്രേരിപ്പിച്ച സംഗതിയെന്താണ്?
അഡ്രിയാന: തികഞ്ഞ ആശയക്കുഴപ്പം തന്നെ. അത്തരമൊരു അവസ്ഥയില്‍ ഖുര്‍ആനിന്റെ തെളിമ എന്നെ ആകര്‍ഷിച്ചു. പ്രഭാതങ്ങളില്‍ ഖുര്‍ആനും ബൈബിളും സ്ഥിരമായി വായനതുടര്‍ന്നു. ജനങ്ങളുടെ അസൂയയില്‍നിന്ന് എങ്ങനെ രക്ഷതേടാം എന്ന് പഠിപ്പിക്കുന്ന ചെറിയ അധ്യായം എന്റെ ശ്രദ്ധയില്‍പെട്ടു. നിങ്ങളറിയണം, എനിക്ക് അറബിയെഴുതാന്‍ കഴിയാതിരുന്ന ഘട്ടത്തില്‍ പെട്ടെന്ന് ഞാന്‍ അറബിയെഴുതാനാരംഭിച്ചു. എന്തെന്നറിയില്ല എന്റെ കൈകള്‍ വിറകൊണ്ടു. വളരെ പരിശുദ്ധമായ എന്തോ ഒന്ന് ഞാന്‍ എഴുതുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അത് വളരെ മനോഹരമായിരുന്നു. അറബിയില്‍ ഞാനെഴുതിയ ദിനം , അന്നാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നത്. ഏതാണ്ട് നാലുവര്‍ഷം മുമ്പായിരുന്നു അത്.
ചോ: താങ്കള്‍ പറഞ്ഞു, ഒരേസമയം ഖുര്‍ആനും ബൈബിളും വായിച്ചുകൊണ്ടിരുന്നുവെന്ന്. ഒരു പുസ്തകംതന്നെ വായിക്കാന്‍ അര്‍പ്പണമനോഭാവം കാട്ടുന്നവര്‍ ഇക്കാലത്ത് വളരെ ക്കുറവാണ്. താങ്കളുടെ അപ്പോഴത്തെ അനുഭവം എന്തായിരുന്നു.?
അഡ്രിയാന: എന്നും രാവിലെയെഴുന്നേറ്റ് ഖുര്‍ആനും ബൈബിളും വായിക്കാന്‍ തുടങ്ങും. അപ്പോഴാണ് ഇസ്‌ലാമിനെക്കുറിച്ച അജ്ഞതയുടെ ആഴമെനിക്ക് മനസ്സിലായത്. മുസ്‌ലിംകള്‍ക്ക് യേശുവിലും മര്‍യമിലും മറ്റുപ്രവാചകരിലും വിശ്വാസമുണ്ടെന്ന കാര്യം എനിക്കറിയില്ലായിരുന്നു. രണ്ടുവേദങ്ങളും ഒട്ടേറെ കാര്യങ്ങളില്‍ സാമ്യംപുലര്‍ത്തുന്നുവെന്ന് അന്നാണ് മനസ്സിലായത്.
ചോ: കുടുംബത്തിന്റെ പ്രതികരണമെന്തായിരുന്നു?
അഡ്രിയാന: എന്റെ മമ്മി ഉള്‍പ്പെടെ വീട്ടുകാരെല്ലാം ദുഃഖിച്ചു. ഞാന്‍ ഉടനെ വിവാഹംകഴിച്ച് അവരില്‍നിന്നെല്ലാം വേര്‍പിരിയുകയാണെന്ന് അവര്‍ ധരിച്ചു. ഇനിയൊരിക്കലും എന്നെക്കാണാന്‍ കഴിയില്ലെന്നോര്‍ത്താണ് അവര്‍ വിഷമിച്ചത്. ഭര്‍ത്താവ് എന്നെ അടിക്കുമല്ലോയെന്ന് അവര്‍ സങ്കടപ്പെട്ടു. പക്ഷേ, എനിക്കുണ്ടായ മാറ്റം അവരെ അമ്പരപ്പിച്ചു. അതിനാല്‍ അവര്‍ എന്റെ പരിവര്‍ത്തനത്തെ സ്വീകരിച്ചു.
ചോ: ആളുകളെ എങ്ങനെയാണ് ഇതറിയിച്ചത്?
അഡ്രിയാന: കുടുംബം കൊളമ്പിയയിലായിരുന്നതിനാല്‍ ഫോണിലൂടെ ഞാനെല്ലാകാര്യങ്ങളും പങ്കുവെച്ചിരുന്നു. ആദ്യമായി ഞാനക്കാര്യം പറഞ്ഞപ്പോള്‍ മമ്മി പൊട്ടിത്തെറിച്ചു. ചീത്തവിളിച്ചു. തമാശപറഞ്ഞതാണെന്നമട്ടില്‍ ഞാനവരെ സമാധാനിപ്പിച്ചു. രണ്ടുമാസംകഴിഞ്ഞ് കൊളമ്പിയയിലെ വീട്ടില്‍ചെന്ന് അമ്മയെക്കണ്ടു സംസാരിച്ചു. അപ്പോഴേക്കും കാര്യങ്ങളെല്ലാം വിശദമായിപറഞ്ഞിട്ടുണ്ടായിരുന്നു.
ചോ: സത്യത്തിലേക്ക് മാര്‍ഗദര്‍ശനംചെയ്യാനും പിന്തുണനല്‍കാനും ആരെങ്കിലും ഉണ്ടായിരുന്നോ? അവരുടെ പങ്ക് എത്രമാത്രമായിരുന്നു?
അഡ്രിയാന: പ്രധാനമായും രണ്ടുപേരെപ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഒന്നാമതായി, എന്റെ ഭര്‍ത്താവുതന്നെ. മറ്റൊന്ന് എന്റെ കൂട്ടുകാരി സ്റ്റെഫാനിയാണ്. സ്റ്റെഫാനിയും എന്റെ അതേയവസ്ഥയിലായിരുന്നു. അത്രയും നല്ല വ്യക്തിത്വമുള്ള കൂട്ടുകാരിയെ നല്‍കിയതില്‍ ദൈവത്തിന് നന്ദിപറയുന്നു. തുടക്കം മുതലേ എനിക്കുള്ള പ്രതിബന്ധങ്ങളെ ഭര്‍ത്താവ് തിരിച്ചറിഞ്ഞ് പിന്തുണനല്‍കി. എന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ അതിയായി കൊതിച്ച സന്ദര്‍ഭത്തില്‍ ഭര്‍ത്താവായിരുന്നു കൂടെയുണ്ടായിരുന്നത്.
ചോ: താങ്കള്‍ ഹിജാബ് ധരിക്കാറുണ്ടോ?
അഡ്രിയാന: ഞാനിപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും വാരാന്ത്യത്തില്‍ ഞാന്‍ സ്‌കാര്‍ഫ് ധരിക്കാറുണ്ട്. മാന്യത കാത്തുസൂക്ഷിക്കാന്‍ പര്‍ദ ധരിക്കേണ്ടതില്ലെന്ന ധാരണയാണ് എന്റെ പ്രശ്‌നം. എന്നാല്‍ അല്ലാഹു അത് കല്‍പിക്കുന്നുവെന്നറിയാം. നമ്മുടെ വിശ്വാസത്തെയും മതത്തെയും ശരിയായി പ്രകാശിപ്പിക്കേണ്ടതുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അധികംവൈകാതെ ഞാന്‍ സ്ഥിരമായി അത് ധരിക്കുകതന്നെചെയ്യും.
ചോ: ലാറ്റിനമേരിക്കന്‍ മുസ്‌ലിംവനിതയെന്ന നിലയില്‍ നിങ്ങളെങ്ങനെ സ്വന്തത്തെ നോക്കിക്കാണുന്നു?
അഡ്രിയാന: അത് വളരെ ബുദ്ധിമുട്ടായിരുന്നു. ഇവിടെ അമേരിക്കയില്‍ എനിക്കത്ര ബുദ്ധിമുട്ടുകളില്ല. നാട്ടില്‍ പോകുമ്പോള്‍ പരിചയക്കാര്‍ കളിയാക്കി പറയും’വാ നമുക്ക് ക്ലബ്ബിലേക്ക് പോകാം’ എന്ന്. ഞാനത്തരക്കാരിയല്ലെന്ന് അറിഞ്ഞിട്ടും ബോധപൂര്‍വമാണാ വര്‍ത്തമാനം.
ചോ: മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ?
അഡ്രിയാന: കൊളമ്പിയയിലെ എന്റെ നാട്ടില്‍ കടുത്ത ചൂടാണ്. അവിടെ പര്‍ദ ധരിക്കാറില്ലെങ്കിലും ആകെ മറയുന്ന രീതിയില്‍ വസ്ത്രം ഉടുക്കുന്നു. എന്റെ സഹോദരങ്ങളും കസിനും ചോദിക്കും: ‘കടുത്ത ഈ ചൂടില്‍ എന്തിനിങ്ങനെയൊക്കെ ധരിക്കുന്നു.’ എന്നെ വെറുതെ വിട്ടേക്കൂ എന്ന് ഞാനവരോട് പറയും. അവിടെ ഞാന്‍ ഇതുവരെ പര്‍ദ ധരിച്ചിട്ടില്ല. എനിക്കാഗ്രഹമുണ്ട്. അതുപക്ഷേ വേറിട്ട ഒരു കാഴ്ചയായിരിക്കും. എന്തെന്നാല്‍ ആ പട്ടണത്തില്‍ രണ്ടേ രണ്ടുപേരേ പര്‍ദ ധരിക്കുന്നവരുള്ളൂ.
ചോ: എന്താണ് താങ്കളങ്ങനെ ചിന്തിക്കുന്നത്?
അഡ്രിയാന: മറ്റൊന്നുമല്ല, ശരീരം മറക്കുകയെന്നത് നാം സ്വന്തത്തെ ആദരിക്കുന്നതിന് തുല്യമാണ്. അതുപക്ഷേ കൊളമ്പിയയില്‍ നേരെ തിരിച്ചാണ്. നിങ്ങളെ ആളുകള്‍ വിലമതിക്കണമെങ്കില്‍ എല്ലാം പ്രദര്‍ശിപ്പിക്കണം. എന്റെ സഹോദരന്‍ പോലും ചോദിക്കാറുണ്ട്,’ഇനിയും കൂടുതല്‍ ആകര്‍ഷകമാംവിധം പുറത്തുകാണിച്ചുകൂടേയെന്ന്’. എന്റെ സഹോദരനാണ് അത്തരത്തില്‍ സംസാരിക്കുന്നതെന്നോര്‍ക്കണം.
ചോ:പരിവര്‍ത്തിതമുസ്‌ലിം എന്ന നിലയില്‍ എന്തുതോന്നുന്നു?
അഡ്രിയാന: മുസ്‌ലിമായതില്‍ വളരെയധികം സന്തോഷിക്കുന്നു. നാം ദൈവത്തോട് അടുത്തുവെന്നതോ, അവനാണ് നമുക്കീ ജീവിതത്തിലെ അനുഗ്രഹങ്ങള്‍ നല്‍കിയതെന്നതോ അല്ല, മറിച്ച് നാം നമ്മെത്തന്നെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്ന യാഥാര്‍ഥ്യം മുന്‍നിര്‍ത്തിയാണത്. ജനങ്ങള്‍ ചിന്തിക്കുന്നതില്‍നിന്ന് വ്യത്യസ്തമാണത്. പരിവര്‍ത്തനം മനോഹരമായ ആശയമാണ്. കാരണം അതോടെ നിങ്ങള്‍ ഒരു പാട് ചോദ്യങ്ങളുന്നയിക്കും. അതിനെല്ലാം യുക്തിഭദ്രമായ മറുപടിയും നിങ്ങള്‍ക്ക് ലഭിക്കും. അതിലൂടെ പാരമ്പര്യമുസ്‌ലിംകളെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ആത്മാവലോകനം നടത്താന്‍ പ്രേരിപ്പിക്കുകയാണ് നിങ്ങള്‍. അവരോട് സ്വയം പഠിക്കാന്‍ ആവശ്യപ്പെടുകയാണ്. എനിക്ക് ഹൃദയശാന്തി പ്രദാനംചെയ്തത് ഇസ്‌ലാമാണ്. അതിനാല്‍തന്നെ എന്റെ ജീവിതത്തില്‍ ഉണ്ടായ പ്രധാനപ്പെട്ടസംഗതിയായിരുന്നു ഇസ്‌ലാമാശ്ലേഷണം.
ചോ: ഇസ്‌ലാമിനെക്കുറിച്ച് നിങ്ങള്‍ തിരുത്താനാഗ്രഹിക്കുന്ന തെന്താണ്?
അഡ്രിയാന: ഇസ്‌ലാമിനെക്കുറിച്ച് ആളുകള്‍ക്ക് വികലമായ കാഴ്ചപ്പാടാണുള്ളത്. മുസ്‌ലിം എന്നാല്‍ അറബിയെപ്പോലെയാവുകയെന്നവര്‍ കരുതുന്നത്. ഹിജാബ് അടിമത്തത്തിന്റെ ചിഹ്നമായി കാണുന്നു. അതിനാല്‍ ഞാന്‍ കൊളമ്പിയന്‍ മുസ്‌ലിമാണെന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
Add Comment