രണ്ടായിരത്തി ഏഴില്‍ ഗാര്ഡിയന് പത്രത്തിന്റെ പ്രതിവാര കോളത്തില്‍ ഡേവിഡ് കാമറണ്‍ എഴുതിയത് ഒരു മുസ്്ലിം കുടുംബത്തെക്കുറിച്ചായിരുന്നു. പ്രധാനമന്ത്രിയാകുന്നതിന് മൂന്നുവര്‍ഷം മുമ്പായിരുന്നു അത്. ബെര്‍മിങ്ഹാമിലെ അബ്ദുല്ലയോടും ഭാര്യ ശാഹിദ റഹ്്മാനോടുമൊപ്പം അദ്ദേഹം രണ്ടു ദിവസം ചെലവിട്ടു. മുസ്്ലിംകളെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതില്‍നിന്നു വ്യത്യസ്തമായ അനുഭവമായിരുന്നു അദ്ദേഹത്തിനത്. അബ്ദുല്ലയുടെ മൂന്നു മക്കളും ജൂത സ്കൂളിലാണ് പഠിക്കുന്നതെന്ന വസ്തുത അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.
ഇസ് ലാമിക കര്മാനുഷ്ഠാനങ്ങളെല്ലാം പാലിച്ചുകൊണ്ട് യഥാര്‍ത്ഥ മുസ്ലിംകളായി ജീവിച്ചിട്ടും മക്കളെ ജൂത സ്കൂളിലേക്ക് അയക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് അബ്ദുല്ല നല്കിയ മറുപടി കാമറണിനെ അല്പംകൂടി അമ്പരപ്പിച്ചു. അച്ചടക്കവും അധ്യയന മികവുമായിരുന്നു അദ്ദേഹം അതിന് കണ്ട ഗുണം. ധാര്‍മിക ശിക്ഷണവും അവിടെയുണ്ടെന്ന് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. അമുസ്്ലിമിനെതിരെ വാളോങ്ങിനില്‍ക്കുന്ന ആളുകളാണ് മുസ് ലിംകളെന്ന തെറ്റായ ചിത്രം കാമറണിന്റെ മനസ്സില്‍ നിന്ന് മായ്ച്ചുകളഞ്ഞ സംഭവമായിരുന്നു അത്.
വര്‍ഷങ്ങള്‍ പിന്നിട്ടു. 2010ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ(ടോറികളെ) പ്രതിനിധീകരിച്ച് കാമറണ്‍ പ്രധാനമന്ത്രിയായി. അതോടെ സാമൂഹിക പരിജ്ഞാനം ഒട്ടുമില്ലാത്തവനെപ്പോലെയാണ് അദ്ദേഹം പെരുമാറിയത്. ബെര്‍മിങ്ഹാമില്‍ തന്നെ വിരുന്നൂട്ടിയ അബ്ദുല്ലയെയും കുടുംബത്തെയും അദ്ദേഹം മറന്നു. ബ്രിട്ടീഷ് മുസ് ലിംകളെ മുഴുവന്‍ തീവ്രവാദികളായി മുദ്രകുത്തുന്ന അവസരവാദിയായി കാമറണ്‍ മാറി. ബ്രിട്ടീഷ് മുസ് ലിംകള്‍ക്ക് രാജ്യത്ത് അപരിചിതത്വം തോന്നിയ നാളുകളായിരുന്നു കാമറണിന്റെ ഭരണകാലം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒറ്റക്ക് ഭൂരിപക്ഷം നേടി രണ്ടാമതും അധികാരത്തിലെത്തുമ്പോള്‍ മുസ്്ലിംകള്‍ക്ക് ആശങ്ക ഇരട്ടിയായിരിക്കുന്നു. ഒന്നാമൂഴത്തില്‍ ലിബറല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയോടെ ഭരിക്കേണ്ടിവന്ന കാമറണിന് മാരകമായ പല നിലപാടുകളും ശക്തമായി നടപ്പാക്കാന്‍ കഴിഞ്ഞെങ്കില്‍ ഇത്തവണ ഒറ്റക്കു ഭൂരിപക്ഷം ലഭിച്ചതിനാല്‍ എളുപ്പം സാധിക്കും.
തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത മാസങ്ങളില്‍ പോലും മുസ്്ലിംകളെ മിതവാദം പഠിപ്പിക്കുന്ന തിരക്കിലായിരുന്നു പ്രധാനമന്ത്രിയും സംഘവും. ഇസ്്ലാമിനെ തീവ്രവാദ മുക്തമാക്കാന്‍ വേണ്ടതു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ 1,100 ഇമാമുമാര്‍ക്കും മുസ്്ലിം നേതാക്കള്‍ക്കും കത്തയക്കാന്‍ ഭരണകൂടം ധൈര്യംകാട്ടി. പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അതെന്നതാണ് ഏറെ വിചിത്രം. ഫ്രാന്‍സിലെ സംഭവങ്ങള്‍ക്ക് ബ്രിട്ടീഷ് മുസ്്ലിംകള്‍ എന്തുപിഴച്ചുവെന്ന് പലരും ചോദിച്ചു. ബ്രിട്ടീഷ് മുസ്്ലിം കൗണ്‍സില്‍ കത്തിനെ വിമര്‍ശിച്ചു ശക്തമായി രംഗത്തെത്തി.
കത്ത് തയാറാക്കിയ മന്ത്രി എറിക് പിക്ക്ള്സിനല്ല, മുസ്്ലിം കൗണ്‍സിലിനാണ് കുഴപ്പമെന്നായിരുന്നു കാമറണിന്റെ മറുപടി. പാരിസ് സംഭവത്തെ അപലപിച്ചു ബ്രിട്ടീഷ് മുസ്്ലിംകള്‍ നടത്തിയ പ്രതികരണത്തെ കത്തില്‍ അഭിനന്ദിക്കുന്നുണ്ട്. അതോടൊപ്പം തീവ്രവാദത്തിനെതിരെ ഇനിയും കൂടുതല്‍ നീക്കങ്ങള്‍ ആവശ്യമാണെന്ന് എറിക് ചൂണ്ടിക്കാട്ടുന്നു. തീവ്രവാദത്തിന് മുസ്്ലിംകള്‍ മുഴുവന്‍ ഉത്തരവാദിയാണെന്നായിരുന്നു കത്തിന്റെ ആകെത്തുക.
ഭരണകൂട ഭീകരതയുടെ വികൃതമുഖം ബ്രിട്ടീഷ് മുസ്്ലിംകള്‍ നേരില്‍കണ്ട നാളുകളാണ് കഴിഞ്ഞുപോയത്. സംശയത്തിന്റെ പേരില്‍ മുസ്്ലിം യുവാക്കളെയും നേതാക്കളെയും പിടിച്ചുകൊണ്ടുപോയി ചോദ്യംചെയ്തു. മുസ്്ലിമായതുകൊണ്ടു മാത്രം അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്ക് ജോലികള്‍ നിഷേധിക്കപ്പെട്ടു. ഇസ്്ലാമോഫോബിയ ആളിക്കത്തിച്ച് കാമറണ്‍ പരമാവധി മുതലെടുപ്പിന് ശ്രമിച്ചു. തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുസ്്ലിം മാനേജ്മന്റുകള്ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ചരടുവലികള്‍ നടത്തി.
പാഠ്യപദ്ധതിയിലൂടെ തീവ്രവാദം കുത്തിവെക്കുന്നുവെന്നായിരുന്നു മുസ്്ലിം സ്കൂളുകള്‍ക്കെതിരെ അധികൃതര്‍ ഉന്നയിച്ച ആരോപണം. മുസ്്ലിം വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ പ്രത്യേകം കണ്ണുവേണമെന്ന് പബ്ലിക് സ്കൂളുകളുടെ മേലധികാരികള്‍ക്ക് രഹസ്യനിര്‍ദേശം നല്കി. മസ്ജിദുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി മുസ്്ലിംകള്ക്കുകീഴിലുള്ളതെല്ലാം നിരന്തര നിരീക്ഷണത്തിനു കീഴില്കൊണ്ടുവന്നു. 2013ല്‍ 748 മുസ്്ലിം യുവാക്കളെ ചോദ്യംചെയ്തിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് പൗരാവകാശ സംഘടന ‘കേജി’ന്റെ കണക്ക്. ചികിത്സ തേടിയെത്തുന്ന മുസ്്ലിംകളില്‍ തീവ്രവാദികളുണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് അറിയുമ്പോള്‍ കാമറണ്‍ ഭരണകൂടത്തിന്റെ മുസ്്ലിം വിരുദ്ധ മനസ്സ് അതിവേഗം മനസിലാകും.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മുസ്്ലിം വോട്ടുകള്‍ വേണ്ടെന്ന വ്യാജേനയാണ് കാമറണ്‍ പെരുമാറിയത്. സിഖ്, ഹിന്ദു ആരാധനാലയങ്ങളിലെല്ലാം പത്നി സാമന്തയോടൊപ്പം അദ്ദേഹം കയറി ഇറങ്ങി. മുസ്്ലിം സ്ഥാപനങ്ങളിലേക്ക് എത്തിനോക്കിയതുപോലുമില്ല. ഗസ്സയെ കൂടുതല്‍കാലം തടങ്കല്‍പാളയമാക്കാന്‍ അനുവദിക്കില്ലെന്ന് 2010ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ഉടന്‍ കാമറണ്‍ പ്രഖ്യാപിച്ചിരുന്നു. ഫലസ്തീന് പ്രവര്‍ത്തകരില്‍ പ്രതീക്ഷ നിറച്ച പ്രസ്താവന പക്ഷേ, കുറഞ്ഞകാലം കൊണ്ട് വിഴുങ്ങി. അന്താരാഷ്ട്ര വേദികളിലെല്ലാം ഇസ്രായേലുമായി കൈകോര്‍ത്തുപിടിച്ചു.
2014 ജൂലൈയില്‍ ഇസ്രാഈല്‍ സേന ഗസ്സയില്‍ കുട്ടികളെയും സ്ത്രീകളെയുമടക്കം ആയിരക്കണക്കിന് നിരപരാധികളെ ബോംബിട്ട് കൊന്നൊടുക്കിയപ്പോഴും സയണിസ്റ്റ് ഭരണകൂടത്തെ ന്യായീകരിക്കാനാണ് കാമറണ്‍ ശ്രമിച്ചത്. ഹമാസിന്റെ റോക്കറ്റുകളെ തടുക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കൂട്ടക്കുരുതിയെ ന്യായീകരിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കാമറണ്‍ മന്ത്രിസഭയിലെ ഏക മുസ്്ലിം അംഗം സഈദ വാഴ്സി രാജിവെച്ചിരുന്നു. ദേശീയ താല്പര്യങ്ങള്ക്കു വിരുദ്ധവും രാജ്യത്തിന്റെ സല്‍പേരിന് ഹാനികരവുമാണ് അതിക്രമത്തെ അനുകൂലിക്കുന്ന സര്‍ക്കാര്‍ നയമെന്ന് കാമറണിന് നല്കിയ രാജിക്കത്തില്‍ വാഴ്സി തുറന്നടിച്ചു.
ഇസ് ലാമോഫോബിയയെ കഠിനമായി വിമര്‍ശിച്ചിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് പ്രധാനമന്ത്രിയാകണമെന്നായിരുന്നു ബ്രിട്ടീഷ് മുസ് ലിംകളില്‍ ഏറെപ്പേരുടെയും ആഗ്രഹം. കുടിയേറ്റക്കാരെയും മറ്റും അനുഭാവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഒത്താശചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ മുസ്്ലിം അനുകൂലികള്‍ ഇടക്കാലത്തേക്ക് അകന്നിരുന്നു.
കണ്‍സര്‍വേറ്റീവ് ഭരണകൂടത്തിനുകീഴില്‍ കടുത്ത വിവേചനം അനുഭവിക്കേണ്ടിവന്നതുകൊണ്ട് ഇത്തവണ മുസ് ലിംകളില്‍ 75 ശതമാനം പേരും ലേബര്‍ പാര്‍ട്ടിക്കാണ് വോട്ടുചെയ്യുകയെന്ന് ബ്രിട്ടീഷ് ഇലക്ഷന് സ്റ്റഡി അഭിപ്രായപ്പെട്ടിരുന്നു. പുതിയ പാര്‍ലമെന്റില്‍ 13 മുസ്ലിം എം.പിമാരുണ്ട്. ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ മുസ്്ലിംകള്‍ പാര്‍ലമെന്റില്‍ എത്തുന്നത്. ഏറ്റവും കൂടുതല്‍ മുസ്്ലിംകളെ പാര്‍ലമെന്റിലേക്ക് അയച്ചതും ലേബര്‍ പാര്ട്ടിയാണ്ഒമ്പതു പേര്. ഇവരില്‍ ആറു പേര് വനിതകളാണ്. കണ്‍സര്‍വേറ്റീവ് ടിക്കറ്റില്‍ മൂന്നു മുസ്്ലിംകള്‍ പാര്‍ലമെന്റിലെത്തി. ഒരാള്‍ എസ്.എന്‍.പിയെ പ്രതിനിധീകരിക്കുന്നു.
ബ്രിട്ടനില്‍ അതിവേഗം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന മതമാണ് ഇസ് ലാം. 2011 സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 4.8 ശതമാനം മുസ് ലിംകളാണ്. ഇതില്‍ പകുതിയും 25 വയസിന് താഴെയുള്ളവരാണ്. 2001ല്‍ മുസ് ലിം ജനസംഖ്യ മൂന്നു ശതമാനത്തിന് താഴെയായിരുന്നു. 2001നും 2009നുമിടക്ക് മുസ് ലിംകളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ബ്രിട്ടനില്‍ മതപരിവര്‍ത്തനം കൂടുതല്‍ നടക്കുന്നത് ഇസ് ലാമിലേക്കാണ്. 2011ല്‍ ഇസ്്ലാം ആശ്ലേഷിച്ചവരില്‍ 66 ശതമാനം സ്ത്രീകളായിരുന്നു. ഈ കണക്കുകളൊന്നും വലതുപക്ഷ തീവ്രവാദത്തോട് ആഭിമുഖ്യമുള്ള കാമറണ്‍ ഭരണകൂടത്തിന് രുചിക്കുന്നതല്ല. അതുകൊണ്ടു തന്നെ മുസ്്ലിം സമൂഹത്തെ പാര്‍ശ്വവത്കരിക്കുന്ന നയങ്ങളായിരിക്കും തുടര്‍ന്നും പിന്തുടരുക. പാര്‍ലമെന്റില്‍ ഒറ്റക്കു ഭൂരിപക്ഷം നേടി കാലുറപ്പിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും കാമറണ്‍ കൂടുതല്‍ അന്ധനായേക്കും.
കടപ്പാട്: chandrikadaily.com
Add Comment