ബെര്‍ലിന്‍: ഇസ്രായേലിന്റെ കണ്ണിലെ കരടായിരുന്നു ഗുന്തര്‍ഗ്രാസ്. ജൂതരാഷ്ട്രത്തിന്റെ നിഷ്ഠുരമായ അതിക്രമങ്ങളെ രൂക്ഷമായ ഭാഷയിലാണു കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും തലയെടുപ്പുള്ള ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ഗ്രാസ് വിമര്‍ശിച്ചത്. 2012ല്‍ പ്രസിദ്ധീകരിച്ച വാട്ട് മസ്റ്റ് ബി സെഡ് എന്ന കവിത വിവാദത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഇറാന്റെ ആണവ പരിപാടിക്കെതിരേ ശത്രുതാപരമായ ഭാഷയില്‍ സംസാരിക്കുന്ന ഇസ്രായേലിനു ലഭിച്ച കനത്ത പ്രഹരമായിരുന്നു ആ കവിത. അതോടെ ഇസ്രായേലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അദ്ദേഹത്തിന് വിലക്കും ഏര്‍പ്പെടുത്തി.
ഇറാന്‍ ആണവ ഭീഷണി ഉയര്‍ത്തുന്നു എന്നു പെരുമ്പറകൊട്ടി, ആ രാജ്യത്തെ ആക്രമിക്കാന്‍ ഇസ്രായേല്‍ ന്യായീകരണം കണ്ടെത്തിയേക്കുമെന്നാണു ഗുന്തര്‍ഗ്രാസ് തുറന്നടിച്ചത്. കവിതയുടെ പേരില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുതന്നെ അദ്ദേഹത്തിനെതിരേ രംഗത്തിറങ്ങി. എന്നാല്‍ താന്‍ ജൂത ജനതയെ ഒന്നടങ്കം വിമര്‍ശിച്ചതല്ലെന്നും, ഇസ്രായേല്‍ സര്‍ക്കാരിന്റെ മനുഷ്യവിരുദ്ധ സ്വഭാവത്തോടാണ് തന്റെ വിമര്‍ശനമെന്നും ഗ്രാസ് വ്യക്തമാക്കി.
ഗ്രാസ് വെറും എഴുത്തുകാരന്‍ മാത്രമല്ല. സാമൂഹികവിമര്‍ശകനും, സാഹിത്യത്തിലും ജീവിതത്തിലും ഇടതുപക്ഷ മൂല്യങ്ങളുടെ ശക്തനായ വക്താവുമായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ വിസ്മരിക്കപ്പെട്ട മുഖമാണു തന്റെ പ്രഥമ നോവലായ തകരച്ചെണ്ട (ദി ടിന്‍ഡ്രം)യില്‍ ഗ്രാസ് വരച്ചുകാണിക്കുന്നത്. ഈ മൂല്യങ്ങളാണ് നാസികളുടെ സേനയില്‍ ചേരാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് 2006ല്‍ വെളിപ്പെടുത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. എന്നാല്‍ ആ പ്രഖ്യാപനം ജര്‍മന്‍കാരില്‍ നടുക്കമുണ്ടാക്കി.
നാസി സേനയില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെ, അദ്ദേഹം കുറ്റം ചെയ്തതായി ആരോപണമുയര്‍ന്നിട്ടില്ല. യുദ്ധകാലത്ത് അമേരിക്കയുടെ തടവിലുമായി. ജര്‍മനികളുടെ ഏകീകരണത്തിനും ഗ്രാസ് എതിരായിരുന്നു. ഐക്യജര്‍മനി ഒരിക്കല്‍ക്കൂടി ലോകസമാധാനത്തിനു ഭീഷണിയാവുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്നു. അതിനു ഫലമൊന്നുമുണ്ടായില്ല. ജര്‍മനികള്‍ ലയിക്കുകതന്നെ ചെയ്തു. തന്റെ യുദ്ധകാല അനുഭവങ്ങള്‍ അദ്ദേഹം ദി ന്യൂയോര്‍ക്കറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
50 കളിലാണു ഗ്രാസ് എഴുത്തിന്റെ ലോകത്തേക്കു കടക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ മാനങ്ങളുള്ള കൃതികളാണ് അദ്ദേഹത്തിന്റേത്. ദി ടിന്‍ഡ്രം, ക്യാറ്റ് ആന്റ് മൗസ്, ഡോഗ് ഇയേഴ്‌സ് എന്നീ നോവലുകളില്‍ നാസിസത്തിന്റെ ഉയര്‍ച്ചയും യുദ്ധാനുഭവങ്ങളുമാണ് ഗ്രാസ് വായനക്കാരുമായി പങ്കുവയ്ക്കുന്നത്.
Add Comment