കുടുംബം-ലേഖനങ്ങള്‍

സ്‌നേഹവചനങ്ങള്‍ പെയ്തിറങ്ങട്ടെ

പുറത്തേക്കുപോയ തന്റെ ഇണ വരുന്നതും കാത്തിരിക്കുന്ന ഭാര്യ എല്ലാ കുടുംബത്തിലും ഒരു പോലെ പരിചിതമാണ്. ഹൃദയങ്ങളും ശരീരങ്ങളും പരസ്പരം അകന്ന, ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാര്‍ത്ഥത കടന്നുവന്ന ഇക്കാലത്തും ഈ പതിവിന് യാതൊരു മാറ്റവുമില്ല. തന്റെ ഇണയില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹവചനങ്ങളും, മധുരവാക്കുകളും മാത്രമാണ് എല്ലാ ഭാര്യമാരുടെയും ആഗ്രഹവും, അഭിലാഷവും. പ്രണയം കത്തിനില്‍ക്കുന്ന കാത്തിരിപ്പും, അകല്‍ച്ച സൃഷ്ടിച്ച വേദനക്കും ഇടയില്‍ സ്ത്രീയുടെ മനസ്സില്‍ കുളിരായി പെയ്തിറങ്ങുന്നത് ഇണയുടെ സ്‌നേഹപ്രകടനങ്ങളും അനുരാഗവും തന്നെയാണ്. ഇത്രമാത്രം നമ്മെ ആഗ്രഹിക്കുന്ന, തീവ്രമായ ആവേശത്തോടെ ഉറ്റുനോക്കുന്ന നമ്മുടെ നല്ലപാതിയെ സ്‌നേഹിക്കുന്നുവെന്ന് അവളുടെ മുന്നില്‍ പ്രഖ്യാപിക്കാന്‍ നാമെന്തിന് മടിക്കണം?

നാം സ്‌നേഹിക്കുന്നുവെന്ന് നമ്മുടെ തുണയെ ബോധ്യപ്പെടുത്താനും, അതവരുടെ മുന്നില്‍ പ്രകടിപ്പിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ സ്‌നേഹവും ആദരവും തന്നെയാണ് ഉല്‍ക്കടമായ ആഗ്രഹത്തോടെ അവര്‍ തേടികൊണ്ടിരിക്കുന്നത്. യാതൊരു കൃത്രിമത്വവുമില്ലാതെ നമ്മുടെ സ്‌നേഹം വളരെ സരളവും മനോഹരവുമായി തുറന്നുവിടാനും അനുരാഗ നിമിഷങ്ങള്‍ സൃഷ്ടിച്ച് അവള്‍ക്ക് കുളിരുപകരാനും നാം ശ്രമിക്കേണ്ടിയിരിക്കുന്നു. വൈകാരികമായി സ്ഥിരത പുലര്‍ത്തുന്ന ഭര്‍ത്താക്കന്മാര്‍ക്ക് കുടുംബ പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാനും, ആനന്ദകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കാനും കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

സന്താനങ്ങളുള്ള ഇണകള്‍ക്കാണ് ദാമ്പത്യജീവിതത്തിന്റെ ആനന്ദവും പ്രസരിപ്പും നഷ്ടപ്പെട്ടുപോവുന്നതെന്ന് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയ മനശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നു. തങ്ങളുടെ ജീവിതം സന്താനങ്ങളുടെ സന്തോഷത്തിനായി നീക്കിവെക്കുകയാണ് അവര്‍ ചെയ്യുക. എന്നാല്‍ സുസ്ഥിരമായ കുടുംബജീവിതത്തിലൂടെ മാത്രമേ സന്താനങ്ങള്‍ക്ക് ആനന്ദം ലഭിക്കുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം  വിസ്മരിക്കുകയാണ് അവര്‍ ചെയ്യുന്നത്. കാരണം ഭദ്രമായ ദാമ്പത്യ ജീവിതത്തില്‍ മാത്രമെ സന്താനങ്ങള്‍ ആഗ്രഹിക്കുന്ന സ്‌നേഹവും, ലാളനയും, വാല്‍സല്യവും അവര്‍ക്ക് ലഭിക്കുകയുള്ളൂ. കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തിന്റെ വളര്‍ച്ചക്കും ഈ അന്തരീക്ഷം അനുകൂലമായി വഴിയൊരുക്കുന്നു. 

സ്‌നേഹവചനങ്ങള്‍ക്ക് അങ്ങേയറ്റത്തെ പ്രാധാന്യമാണുള്ളത്. സിഹ്‌റിന് സാധിക്കാത്ത കാര്യങ്ങള്‍ വളരെ ലളിതമായി, മനോഹരമായി പ്രണയം നിറഞ്ഞ വാക്കുകളിലൂടെ പൂര്‍ത്തീകരിക്കാനാവുന്നതാണ്. ഇണയുടെ സ്‌നേഹത്തെ രാകി മൂര്‍ച്ചകൂട്ടാനും, പ്രണയസ്വപ്‌നങ്ങള്‍ നട്ടുവളര്‍ത്താനും, ദാമ്പത്യജീവിതത്തിന് ഭീഷണിയായേക്കാവുന്ന മാരകവൈറസുകളെ നശിപ്പിച്ചുകളയാനും ഇവക്ക് വളരെ എളുപ്പത്തില്‍ സാധിക്കുന്നു. 

അവളെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നു താങ്കളെന്ന് നിങ്ങള്‍ എന്തു കൊണ്ട് പറയുന്നില്ല? നിന്നെക്കാണാന്‍, എത്രയും വേഗം വൈകുന്നേരമായെങ്കിലെന്ന് ഞാന്‍ കൊതിച്ചു എന്ന് നീ തുറന്നുപറയണം. നമുക്ക് അവളുടെ കൈ പിടിച്ച് കണ്ണിലേക്ക് നോക്കി ചോദിക്കാം ‘നീയെന്ന കാണാന്‍ കൊതിച്ചുവോ?’

ഇത്രയും പറഞ്ഞശേഷം നമ്മുടെ എല്ലാ പ്രയാസങ്ങളും അവളുമായി പങ്കുവെക്കാവുന്നതാണ്. ‘ഞാന്‍ ക്ഷീണിതനാണ്, എനിക്ക് സംസാരിക്കാന്‍ പോലും വയ്യ, എനിക്ക് ഉറക്കം വരുന്നു’ തുടങ്ങിയ ആവശ്യങ്ങളൊക്കെ യാതൊരു പ്രശ്‌നവുമില്ലാതെ ഉന്നയിക്കാന്‍ സാധിക്കുന്നതാണ്. അവള്‍ കൂടെവന്ന് ആശ്വസിപ്പിക്കുകയും, വേണ്ടതൊക്കെ നല്‍കുകയും, ഉറങ്ങുന്നതുവരെ തൊട്ടുതലോടുകയും ംചെയ്യുന്നതായി നിനക്കവളെ കാണാവുന്നതാണ്. 

നമ്മുടെ സ്‌നേഹവും, താല്‍പര്യവും, ആഗ്രഹവും എന്തൊക്കെയെന്നറിയുന്നതുതന്നെ ഇണയെ സന്തോഷിപ്പിക്കും. കാരണം എത്ര തന്നെ സ്‌നേഹമുണ്ടെങ്കില്‍ പോലും ദമ്പതികള്‍ക്കിടയില്‍ മൗനമാണ് നിലനില്‍ക്കുന്നതെങ്കില്‍ അവിടെ പിശാച് കടന്നുകയറുകയും പ്രണയതീരത്ത് കൊടുങ്കാറ്റ് വിതക്കുകയും ചെയ്‌തേക്കും. പവിത്രമായ സഹവര്‍തിത്വമാണ് വിവാഹം. നിരന്തമായ പരിപാലനവും, സൂക്ഷ്മമായ ഇടപെടലുകളുമാണ് അതിനെ ഊഷ്മളമായി നിലനിര്‍ത്തുന്നത്. ഏറ്റവും ഉത്തമരായ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമേ അവ മനോഹരമായി സൂക്ഷിക്കാനാവൂ എന്നതാണ് യാഥാര്‍ത്ഥ്യം. 

Topics