ഈ അധ്യായത്തിലെ ആദ്യആറ് സൂക്തങ്ങള്‍ ഖുര്‍ആനെ മഹത്വപ്പെടുത്തുകയും എല്ലാ മനുഷ്യരില്‍നിന്നും ഉന്നതസ്ഥാനത്ത് മുഹമ്മദുനബിയെ പ്രതിഷ്ഠിക്കുകയുംചെയ്തു. അങ്ങനെ അത് സന്ദേശവും സന്ദേശവാഹകനും ചേര്‍ന്ന മാര്‍ഗദര്‍ശനത്തിനുള്ള പൂര്‍ണപാക്കേജാകുന്നു. തങ്ങള്‍ക്കുചുറ്റുമുള്ള ജനതയെ ഉദ്ബുദ്ധരാക്കാനും സംസ്‌കൃതചിത്തരാക്കാനും ഖുര്‍ആന്റെ സന്ദേശവും നബിജീവിതവും സത്യത്തിന്റെ വക്താക്കള്‍ക്ക് ശക്തമായ പിന്‍ബലമേകുന്നു.
പക്ഷേ, സത്യത്തെ ബോധ്യപ്പെടുത്താന്‍ എത്ര ശക്തമായ തെളിവുകള്‍ മുന്നോട്ടുവെച്ചാലും അധികമാളുകളും അത് നിഷേധിക്കുകയാണ് ചെയ്യുക. അത്തരത്തിലുള്ള ആളുകളുടെ മനസ്സും ഹൃദയവും ഏറ്റവും നല്ല രീതിയില്‍ ചിത്രീകരിക്കുന്നതാണ് തുടര്‍ന്നു നമുക്ക് കാണാനാകുന്നത്.
7. لَقَدْ حَقَّ الْقَوْلُ عَلَىٰ أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ
അവരിലേറെ പേരും ശിക്ഷാവിധിക്കര്‍ഹരായിരിക്കുന്നു. അതിനാല്‍ അവരിതു വിശ്വസിക്കുകയില്ല.
തന്റെ ജീവിതകാലത്ത് മുഹമ്മദ് നബി ജനങ്ങളെ ഏകദൈവവിശ്വാസത്തിലേക്കും അല്ലാഹുവിനുള്ള കീഴ് വണക്കത്തിലേക്കും ക്ഷണിച്ചു. മേല്‍സൂക്തം നബിയുടെ ജനതയെക്കുറിച്ച പരിഛേദമാണ് നല്‍കുന്നത്. എന്നിരുന്നാലും അവരില്‍ ന്യൂനപക്ഷം തങ്ങളുടെ അശ്രദ്ധയില്‍നിന്ന് ഉണര്‍ന്ന് എല്ലാ അജ്ഞതകളുടെയും ചങ്ങലക്കെട്ടുകളും പൊട്ടിച്ച് സത്യംസ്വീകരിക്കാന്‍ തയ്യാറായി. സത്യസന്ദേശത്തിന്റെ ആഹ്വാനം കേട്ടപ്പോള്‍ അതില്‍വിശ്വസിക്കാന്‍ അവര്‍ ധൈര്യം കാട്ടി. പക്ഷേ, ഭൂരിപക്ഷജനത കുഫ്‌റിലും ശിര്‍ക്കിലും അടിയുറച്ചുനിന്നു. അല്ലാഹു തന്റെ പ്രവാചകനോട് നീ എത്രതന്നെ ആഗ്രഹിച്ചാലും അധികമാളുകളും വിശ്വസികളാവുകയില്ലെന്ന് (യൂസുഫ് 103)മറ്റൊരിടത്ത് പറയുന്നു. അങ്ങനെയുള്ള ആളുകളെ സംബന്ധിച്ചാണ് മേല്‍സൂക്തത്തിലെ സൂചന. അവര്‍ സത്യത്തെ നിഷേധിക്കുന്നതുകൊണ്ട് അവരില്‍ ശിക്ഷ അനിവാര്യമാകുകയാണ്.
ബഹുഭൂരിപക്ഷം ജനതയും ഇസ്‌ലാമിന്റെ സന്ദേശം സ്വീകരിക്കാന്‍ മടിക്കുന്നത് കാണുമ്പോള്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് ഈ ആയത്ത് നല്‍കുന്ന പാഠം. അബൂഹുറൈറ (റ)യുടെ നിവേദനം അനുസരിച്ച് നൂറില്‍ 99 പേരും നരകത്തില്‍ കടക്കുമെന്നാണ്. അതിനര്‍ഥം ശരിയായ മാര്‍ഗം പിന്തുടരുന്നവര്‍ ന്യൂനാല്‍ ന്യൂനപക്ഷംആയിരിക്കുമെന്നല്ല, മറിച്ച് ഭൂരിപക്ഷം ജനത സത്യത്തില്‍നിന്ന് വഴിമാറി നടക്കുമെന്നാണ്. അവരുടെ ബാഹുല്യത്തെ സൂചിപ്പിക്കുകയാണ് അബൂഹുറൈറ(റ) എന്നുമാത്രം. നിഷേധികളായ ജനം ഭൂമിയില്‍ പിറവികൊള്ളുംമുമ്പേ തന്നെ തങ്ങള്‍ക്കുനല്‍കപ്പെട്ടിട്ടുള്ള വിവേചനാധികാരം ഉപയോഗപ്പെടുത്തി സത്യത്തെ ധിക്കരിക്കുമെന്ന് അല്ലാഹുവിനറിയാം. തങ്ങളുടെ അധാര്‍മികവൃത്തികള്‍ക്ക് പ്രതിഫലമായി അതിനാല്‍തന്നെ നരകം അവര്‍ക്ക് വിധിക്കപ്പെടുകയുംചെയ്യും. നമ്മുടെ കയ്യാല്‍ ആളുകള്‍ സത്യം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യട്ടെ, നമുക്ക് ചെയ്യാനുള്ളത് സത്യം പ്രചരിപ്പിക്കുകയെന്നതുമാത്രമാണ്.’എന്തായാലും നമ്മുടെ സന്ദേശം എത്തിക്കേണ്ട ചുമതല മാത്രമേ നിനക്കുള്ളൂ. കണക്കുനോക്കുന്ന പണി നമ്മുടേതാണ്.'(അര്‍റഅ്ദ് 40)
8. إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلَالًا فَهِيَ إِلَى الْأَذْقَانِ فَهُمْ مُقْمَحُونَ
അവരുടെ കണ്ഠങ്ങളില്‍ നാം കൂച്ചുവിലങ്ങണിയിച്ചിരിക്കുന്നു. അതവരുടെ താടിയെല്ലുകള്‍ വരെയുണ്ട്. അതിനാലവര്‍ക്ക് തല പൊക്കിപ്പിടിച്ചേ നില്‍ക്കാനാവൂ.
അവരുടെ നിഷേധം കാരണമായി അവര്‍ക്കുണ്ടാകുന്ന വേദനാജനകമായ അവസ്ഥയെ ചിത്രീകരിച്ചിരിക്കുകയാണ് ഇവിടെ. ഭാരമേറിയ ചങ്ങലകള്‍ അവരുടെ കഴുത്തില്‍ ചുരുട്ടിണിയിച്ചിരിക്കുകയാണ്. അതിനാല്‍ താടിയെല്ലുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടി വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ താഴോട്ട് നോക്കാന്‍ സാധ്യമേയല്ല. എന്തെങ്കിലും നന്‍മചെയ്യാന്‍ സാധിക്കാത്തവിധം ചങ്ങലക്കിട്ടിരിക്കുകയാണവരെയെന്നാണ് ഇതെപ്പറ്റി പണ്ഡിതന്‍മാര്‍ പറയുന്നത്.
നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ഒരുക്കിത്തരുന്ന അല്ലാഹുവിന്റെ തൗഫീഖ് എന്ന ഇസ്‌ലാമിന്റെ പ്രധാനാശയത്തെപ്പറ്റിയാണ് ഇപ്പറഞ്ഞത്. ആളുകള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുണ്ട്. പക്ഷേ അതിന് സഹായിക്കുന്നത് എന്താണ് ? അതിനെപ്പറ്റി നാം പറയുക അല്ലാഹുവിന്റെ തൗഫീഖ് എന്നാണ്. അതിന്റെ വിപരീതാശയമാണ് ഹിര്‍മാന്‍. അല്ലാഹുവിനെ തൃപ്തിപ്പെടുത്താന്‍ കഴിയുംവിധം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതാവുക എന്നതാണ് ആ അവസ്ഥ. അല്ലാഹുവിന്റെ തൗഫീഖ ്‌ലഭിച്ച ആളുകള്‍ക്ക് അല്ലാഹു എങ്ങനെ സാധ്യമാക്കുന്നുവെന്നത് സംബന്ധിച്ച ഖുദ്‌സിയായ ഒരു ഹദീസ് ഉണ്ട്….’ആര്‍ എന്നിലേക്ക് നടന്നടുക്കുന്നുവോ ഞാനവരിലേക്ക് ഓടിയടുക്കും . ആര്‍ ശിര്‍ക്കൊഴിച്ച്, ഭൂമിയോളം പാപവുമായി എന്നിലേക്ക് വരുന്നുവോ അതിനേക്കാള്‍ വലിയ പാപമോചനവുമായി ഞാനവരെ അഭിമുഖീകരിക്കും. ‘
നല്ല കര്‍മങ്ങളില്‍നിന്ന് തടയപ്പെട്ടവര്‍ ‘മുഖ്മഹൂനി’ല്‍പെടുന്നു. അതെപ്പറ്റി ഖുര്‍ആന്‍ വ്യാഖ്യാതാവായ മുജാഹിദ് പറയുന്നത് കാണുക:
അവരുടെ തലകള്‍ ഉയര്‍ത്തപ്പെട്ടിരിക്കും, അവരുടെ കൈകള്‍ വായ്കള്‍ പൊത്തിപ്പിടിക്കും അങ്ങനെ നല്ലകാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് അവര്‍ വിലക്കപ്പെട്ട അവസ്ഥയിലായിരിക്കും.’
9. وَجَعَلْنَا مِنْ بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَاهُمْ فَهُمْ لَا يُبْصِرُونَ
നാം അവരുടെ മുന്നിലൊരു മതില്‍ക്കെട്ടുയര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാമവരെ മൂടിക്കളഞ്ഞു. അതിനാലവര്‍ക്കൊന്നും കാണാനാവില്ല.
അല്ലാഹു അവരുടെ ദുഷ്‌കര്‍മങ്ങളെയും ദുശ്ശീലങ്ങളെയും അധമവൃത്തികളെയും സ്വയം അലങ്കാരമായും പ്രശംസനീയമായും ആക്കി ത്തീര്‍ത്തിരിക്കുകയാണ്. അതിനാല്‍ സത്യവും മാര്‍ഗദര്‍ശനവും തമ്മില്‍ വേര്‍തിരിച്ചറിയാനാകാതെ അതെല്ലാം കണ്ട് അത്ഭുതപരതന്ത്രരായിരിക്കുന്നു. അവിശ്വാസികളെക്കുറിച്ച അല്ലാഹുവിന്റെ ചിത്രീകരണം നോക്കുക. വഴികേടിനെ വെറുക്കുകയും സന്‍മാര്‍ഗദര്‍ശനത്തെ കൊതിക്കുകയുംചെയ്യുംവിധം ഖുര്‍ആന്റെ ആളുകളെ അത് സ്വാധീനിക്കുന്നു. വളരെ തെളിഞ്ഞ സത്യമാണെന്നറിഞ്ഞിട്ടും അതിനെ തള്ളിപ്പറയാനും ധിക്കാരപൂര്‍വം അവഗണിക്കാനും മുതിരുന്നവരെ സംബന്ധിച്ച് അനുയോജ്യമായ വിവരണമാണിതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാവായ ഖുര്‍തുബി അഭിപ്രായപ്പെടുന്നു.
ഇക്കാലത്ത് ഈ സ്വഭാവത്തെ പലതരത്തില്‍ എമ്പാടും നമുക്ക് കാണാനാകും. പൂര്‍ണാര്‍ഥത്തില്‍ ഇസ് ലാമിനെ നിഷേധിക്കുന്നവരെക്കുറിച്ചാണ് ഇവിടത്തെ പ്രഥമപരാമര്‍ശം. എന്നിരുന്നാലും സത്യത്തില്‍നിന്ന് വഴിതെറ്റിപ്പോയ മുസ് ലിംകളെയും ഈ ഗണത്തില്‍ പെടുത്തേണ്ടിവരില്ലേയെന്ന സംശയം അങ്കുരിക്കുന്നു. അത്തരത്തില്‍ ചിന്താപരമായി പിന്നാക്കം നില്‍ക്കുന്ന ചിലരെങ്കിലും സുവ്യക്തമായ സത്യമായി ബോധ്യപ്പെട്ട ഇസ് ലാമിന്റെ മൂല്യങ്ങളെ അംഗീകരിക്കാന്‍ അംഗീകരിക്കാന്‍ മടികാട്ടാറുണ്ട്. ഇസ്‌ലാമിനെ കേവലം മതമായി കാണുന്ന വീക്ഷണമാണ് പ്രശ്‌നംസൃഷ്ടിക്കുന്നത്. അവര്‍ ഇക്കാലത്തെ നവലിബറല്‍ വാദങ്ങളെ നെഞ്ചേറ്റിയിരിക്കുന്നു. പൊതുബോധത്തെ തൃപ്തിപ്പെടുത്താത്ത ഇസ്‌ലാമികനിയമങ്ങളും ജീവിതരീതികളും വിശദീകരിക്കാന്‍ കഴിയാതെവരുമ്പോള്‍ അതിനെ നിഷേധിക്കാനും തള്ളിക്കളയാനും അവര്‍ തയ്യാറാകുന്നു. ആളുകളുടെ ചിന്താരീതിയില്‍നിന്നും മാറി ചിന്തിക്കാനാകാതെ ബുദ്ധിപരമായ അടിമത്തം സ്വീകരിച്ചതിന്റെ ഫലമാണത്.
അല്ലാഹുവിന്റെയും അവന്റെ ശരീഅത് ഉള്‍പ്പെടെയുള്ള ചിഹ്നങ്ങളുടെയും മഹത്ത്വം, വലിപ്പം, ആദരണീയത എന്നിവയെക്കുറിച്ച ധാരണയെ പുനര്‍നിര്‍മിക്കുകയെന്നതാണ് ചികിത്സാമാര്‍ഗങ്ങളിലൊന്ന്. അതായിരുന്നല്ലോ പ്രവാചകദൗത്യങ്ങളിലൊന്ന്. അല്ലാഹുവിങ്കല്‍നിന്നുള്ള സന്ദേശത്തെക്കുറിച്ച് പക്ഷപാതരഹിതമായി ചിന്തിക്കാന്‍ ഉപയുക്തമായ രീതിയില്‍ ചിന്താശേഷി ഉള്ളവരെ സംബന്ധിച്ചിടത്തോളം അത്തരം ദൂതന്‍മാര്‍ വേണ്ടതുണ്ട്.
10 .وَسَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ
നീ അവര്‍ക്കു താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ്. എന്തായാലും അവര്‍ വിശ്വസിക്കുകയില്ല.
അല്ലാഹുവില്‍ അവിശ്വസിക്കുന്നവരുടെ നിഷേധത്തിന്റെയും വഴികേടിന്റെയും കാരണം എന്തെന്ന് വ്യക്തമാക്കി പ്രവാചകന്റെ ഉത്കണ്ഠക്ക് വിരാമമിടുകയാണ് ഈ സൂക്തത്തില്‍. അതായത്, താങ്കള്‍ അക്കൂട്ടരെ താക്കീതുചെയ്താലും ഇല്ലെങ്കിലും അവര്‍ അവര്‍ ഒരിക്കലും വിശ്വസിക്കില്ല. അതിനാല്‍ പ്രവാചകന്‍ അവരെന്തുകൊണ്ട് തന്റെ ക്ഷണത്തിനുത്തരംനല്‍കുന്നില്ലെന്ന് ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. അല്ലാഹുവില്‍നിന്ന് പിന്തിരിഞ്ഞതുകൊണ്ട് വഴികേടാണ് അവരെ പൊതിഞ്ഞുനില്‍ക്കുക. അവര്‍ നന്‍മചെയ്യുന്നതില്‍നിന്നും സന്‍മാര്‍ഗത്തിലാകുന്നതില്‍നിന്നും തടയപ്പെടും.
ആളുകള്‍ക്ക് സന്ദേശം എത്തിച്ചുകൊടുക്കാതെ അല്ലാഹുവിന്റെ ആഹ്വാനത്തെക്കുറിച്ച് അറിയാനാകില്ലല്ലോ. ഒരിക്കല്‍ കേട്ടുകഴിഞ്ഞാല്‍ അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് അവര്‍ക്ക് തീരുമാനിക്കാം. മാത്രമല്ല, സത്യസന്ദേശത്തിലേക്കുള്ള ആഹ്വാനംകേട്ടുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും യാതൊരുവിധ ഒഴികഴിവും അവര്‍ക്ക് പറയാനാകില്ല. അല്ലാഹു പറയുന്നത് കാണുക: ‘ഇവരൊക്കെയും ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാനില്ലാതിരിക്കാനാണിത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.'(അന്നിസാഅ് 165)
ഭാഷാമുത്തുകള്‍
മുഖ്മഹൂന്‍ എന്ന വാക്ക് ശക്തമായ ചിത്രീകരണമാണ്. പരലോകത്ത് സത്യനിഷേധികള്‍ക്ക് ഉണ്ടാകുന്ന പരിണതിയെസംബന്ധിച്ച വിവരണമാണിതെന്നാണ് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ
അഭിപ്രായം. എന്നാല്‍ മറ്റുചില പണ്ഡിതരുടെ വീക്ഷണത്തില്‍ അത് നന്മ പ്രവര്‍ത്തിക്കാന്‍ ഉതവി നല്‍കപ്പെടാതിരിക്കുന്നതിനെക്കുറിച്ച ആലങ്കാരികവര്‍ത്തമാനം മാത്രമാണ്. അതായത്, അവര്‍ പിശുക്കന്‍മാരാണ്. യഥാര്‍ഥത്തില്‍ അവരുടെ കൈകള്‍ ബന്ധിക്കപ്പെടുകയും മറ്റുള്ളവരില്‍നിന്ന് അഹങ്കാരത്താല്‍ മുഖംതിരിച്ചതുകാരണത്താല്‍ തല മുകളിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. അത്തരം നിഷേധനിലപാട് അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നതില്‍നിന്ന് അവരെ തടയുകയായിരുന്നു.
നബിയുടെ ശത്രുവായിരുന്ന അബൂജഹ് ലിനെസംബന്ധിച്ച് അവതരിച്ച സൂക്തമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മുഹമ്മദ് സുജൂദില്‍ പോകുമ്പോള്‍ കഴുത്തില്‍ വളയം എറിയുമെന്ന് തന്റെ രണ്ടുകൂട്ടുകാരോട് അയാള്‍ വീമ്പിളക്കിയിരുന്നു. അങ്ങനെ അതിനുള്ള അവസരം ഒത്തുവന്നഘട്ടത്തില്‍ പ്രവാചകന്റെ അടുക്കലെത്തിയ അബൂജഹ് ല്‍ വളയം ഇടാന്‍ കയ്യുയര്‍ത്തിയെങ്കിലും അത് കഴുത്തിലേക്ക് ബന്ധിക്കപ്പെടുകയും വളയം താഴെവീഴുകയുംചെയ്തുവെന്നാണ് പറയപ്പെടുന്നത്.
നീ അവര്‍ക്കു താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ്. എന്തായാലും അവര്‍ വിശ്വസിക്കുകയില്ല.
Add Comment