കുടുംബം-ലേഖനങ്ങള്‍

കുട്ടികളില്‍ നന്‍മയൊഴുക്കുന്ന ലുഖ്മാനി(അ)ന്റെ ഉപദേശങ്ങള്‍ – 2

ദൈവം ലുഖ്മാന് യുക്തിജ്ഞാനവും തത്ത്വചിന്തയും പകര്‍ന്നുനല്‍കി. ഏകദൈവത്തിലേക്ക് ക്ഷണിച്ച പ്രവാചകന്‍മാരുടെ പാത പിന്തുടരുന്നതായിരുന്നു ആ യുക്തിജ്ഞാനം. ഓരോരുത്തരും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് മുഖ്യം. തന്റെ മകന് ജീവിതത്തില്‍ ഏറ്റവും ഉത്തമമായത് ലഭിക്കണമെന്ന് ലുഖ്മാന്‍ ആഗ്രഹിച്ചു. അതിനായി, മകന് ഇഹ-പരലോകത്ത് ഗുണകരമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി. അതില്‍ ഏതാനും കാര്യങ്ങള്‍ മുന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബാക്കിയുള്ളവ ഇവിടെ വിശദീകരിക്കുകയാണ്.

4.’എന്റെ കുഞ്ഞുമോനേ, നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. (ലുഖ്മാന്‍ 17)

നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കണമെന്ന് അദ്ദേഹം തന്റെ മകനെ ഉപദേശിക്കുന്നു. എല്ലാ രക്ഷിതാക്കളും മക്കളെ നമസ്‌കരിക്കാന്‍ മാത്രമല്ല, അവ മുറപ്രകാരം സമയത്തുതന്നെ നിലനിറുത്താനും പഠിപ്പിക്കണം. മാത്രമല്ല, എന്തിനാണ് അങ്ങനെ നമസ്‌കരിക്കുന്നതെന്നതിന്റെ വിശദീകരണം നല്‍കുകയുംവേണം. നമസ്‌കാരത്തിന് അറബിയില്‍ സ്വലാത് എന്നാണ് പറയുക. അതിന് ‘ബന്ധം’ എന്ന് അര്‍ഥമുണ്ട്. ദൈവവുമായി നമ്മുടെ ബന്ധം സ്ഥാപിക്കുകയും നിലനിറുത്തുകയുംചെയ്യുന്ന  ഒന്നാണ് നമസ്‌കാരം. കൃത്യനിഷ്ഠയോടെയുള്ള നമസ്‌കാരം  ഈ ലോകത്ത് നിര്‍വഹിക്കാനുള്ള നമ്മുടെ ദൗത്യത്തെ സദാ ഓര്‍മിപ്പിക്കുന്നു. നമ്മുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും തിന്‍മയുടെ പരിസരങ്ങളില്‍നിന്ന് ബഹുദൂരം അകറ്റിനിര്‍ത്തുന്നു.

5. നന്മ കല്‍പിക്കുക. തിന്മ വിലക്കുക.(ലുഖ്മാന്‍ 17)

നന്‍മയെ  പ്രോത്സാഹിപ്പിക്കുകയും  തിന്‍മയെ തടുത്തുനിറുത്തുകയും ചെയ്യുകയെന്ന ഉത്തരവാദിത്വം ഓരോ വിശ്വാസിയുടെയും മേല്‍ അര്‍പ്പിതമാണ്. അവര്‍ ഭരണാധികാരിയോ ഭരണീയരോ, സ്ത്രീയോ പുരുഷനോ ആരുംതന്നെ ആയിക്കൊള്ളട്ടെ, തങ്ങളുടെ കഴിവിന്റെ പരമാവധി അത് പൂര്‍ത്തീകരിക്കണം. നബിതിരുമേനി ഇപ്രകാരം അരുളി:’നിങ്ങളിലാരെങ്കിലും ഒരു തിന്‍മകണ്ടാല്‍ അവനത് തന്റെ കൈകൊണ്ട് മാറ്റിക്കൊള്ളട്ടെ, ഇനി അവനതിന് കഴിയുന്നില്ലെങ്കില്‍ നാവുകൊണ്ട് അതിനെ മാറ്റട്ടെ(സംസാരത്താല്‍). അതിനുംകഴിയുന്നില്ലെങ്കില്‍ ഹൃദയം കൊണ്ട് അതിനെ വെറുക്കട്ടെ(അത് തെറ്റാണെന്ന ചിന്ത ശക്തമാക്കുക) അതാണ് ഏറ്റവും ദുര്‍ബലമായ ഈമാന്‍.’

6. വിപത്തു വന്നാല്‍, ക്ഷമിക്കുക. (ലുഖ്മാന്‍ 17)

ലുഖ്മാന്‍ മകനോട് നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കാനും നന്‍മ കല്‍പിക്കാനും പ്രോത്സാഹിപ്പിക്കാനും തിന്‍മയെ മാറ്റിമറിക്കാനും തടുക്കാനും  ജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളിലും ക്ഷമയവലംബിക്കാനും ഉപദേശിക്കുകയാണ്. അല്ലാഹുവിന്റെ സഹായം ആവശ്യപ്പെടുന്നതാണ് ക്ഷമയെന്നു മുഹമ്മദ് നബിയുടെ മരുമകനും പിതൃവ്യപുത്രനുമായ അലിയ്യുബ്‌നുഅബീത്വാലിബ്  വിശേഷിപ്പിക്കുകയുണ്ടായി.

ദൈവത്തെ ഓര്‍ക്കുന്നതും അവന്റെ മഹത്ത്വത്തെ വാഴ്ത്തുന്നതും ക്ഷമയുടെ താക്കോലാണ്. അത് അനശ്വരസ്വര്‍ഗത്തിന്റെ താക്കോലാണ്. അതിനാല്‍ ഏറ്റവും ബുദ്ധിപരമായ ഉപദേശമാണിത്.

7. നീ ജനങ്ങളുടെ നേരെ(അഹന്തയാല്‍) മുഖം കോട്ടരുത്. (ലുഖ്മാന്‍ 18)

മറ്റെല്ലാവരെക്കാളും താന്‍ കേമനും ഉത്തമനുമാണെന്ന നാട്യത്തില്‍ മുഖം വെട്ടിത്തിരിച്ച് അഹങ്കാരം പ്രകടിപ്പിച്ച് നടക്കുന്ന ആളുകളുണ്ട്. അത്തരക്കാരെ പിന്‍പറ്റരുത് എന്നാണ് മകനെ ഉപദേശിച്ചത്. വിനയം വിശ്വാസിയുടെ ഏറ്റവും നല്ല സ്വഭാവഗുണമാണ്. അത് സ്വര്‍ഗത്തിലേക്ക് വഴിനടത്തുന്നു. അതിന്റെ മറുവശത്താകട്ടെ, അഹന്ത നരകത്തിലേക്ക് മനുഷ്യനെ നയിക്കുന്നു. പിശാചിന്റെ അഹന്തയും വിനയമില്ലായ്മയും അവനെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാന്‍ വഴിയൊരുക്കുകമാത്രമല്ല, അവനെയും പിന്നീട് വരുന്ന അനുയായികളെയും നരകത്തില്‍ പ്രവേശിപ്പിക്കുകയുംചെയ്തു. മുഹമ്മദ് നബി(സ) ഒരിക്കലും  താന്‍ എല്ലാവരിലും ശ്രേഷ്ഠനാണെന്ന ഭാവേന ആരോടും പെരുമാറിയിട്ടില്ല.  അഹന്തയാല്‍ കായികവൃത്തികളില്‍നിന്ന് ഒഴിഞ്ഞുനിന്നിട്ടുമില്ല. തന്റെ സേവകരോടും പരിചാരകരോടും ഒപ്പം സസന്തോഷം പ്രവാചകന്‍ ജോലിയെടുത്തിരുന്നതായി അനുയായികളിലൊരാള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

8. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച(ലുഖ്മാന്‍ 18)

പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കുന്നത് അഹന്തയുടെ മറ്റൊരു ഭാഗമാണ്. വിനയത്തോടെ ഭൂമിയില്‍ നടക്കേണ്ടതിന്റെ പ്രാധാന്യത്തെ ലുഖ്മാന്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ഇവിടെ. ദൈവത്തിന്റെ കണ്ണില്‍ എല്ലാ മനുഷ്യരും തുല്യരാണ്.  എന്തെങ്കിലും മഹത്വം ആര്‍ക്കെങ്കിലും അവകാശപ്പെടാനാകുമെങ്കില്‍ അത് ദൈവഭയത്തിന്റെ പേരില്‍ മാത്രമാണ്. മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ അനുയായികളും  വിനയമെന്ന ആശയത്തെ മനസ്സിലാക്കിയിരുന്നു.  അങ്ങനെ, അഹങ്കാരം ലവലേശമില്ലാതെ ഭൂമിയില്‍ നടന്ന ഒരു മനുഷ്യന്റെ കഥ കേട്ടോളൂ:

ഉമര്‍ബിന്‍ ഖത്ത്വാബിന്റെ ഭരണകാലം. അദ്ദേഹം സൈന്യത്തെ ദമാസ്‌കസിലേക്ക് നയിക്കുകയാണ്. അബൂഉബൈദ(റ)യും അദ്ദേഹത്തോടൊപ്പമുണ്ട്. ഉമര്‍ (റ) തന്റെ ഒട്ടകപ്പുറത്തുനിന്നിറങ്ങി.  പാദരക്ഷകള്‍ പരസ്പരം കൂട്ടിക്കെട്ടി അത് തോളില്‍ തൂക്കിയിട്ടു. ശേഷം ഒട്ടകത്തിന്റെ മൂക്കുകയര്‍ അഴിച്ച് ഒട്ടകത്തെയും കൂട്ടി വെള്ളത്തിന്റെ അടുത്തേക്ക് പോയി.

തന്റെ സൈനികദളത്തിന്റെ മുന്നിലിരുന്ന് ഇതെല്ലാം വീക്ഷിക്കുകയായിരുന്ന അബൂ ഉബൈദ(റ) അമ്പരപ്പോടെ മൊഴിഞ്ഞു:’ അല്ലയോ വിശ്വാസികളുടെ നേതാവേ, ഈ ആളുകളുടെ മുമ്പില്‍ ഇത്രമാത്രം വിനയാന്വിതനാകാന്‍ താങ്കള്‍ക്കെങ്ങനെ കഴിയുന്നു?!..’  ഉമര്‍(റ) മൊഴിഞ്ഞു:’എന്താണിത് ഉബൈദാ..താങ്കളല്ലാത്ത മറ്റാരെങ്കിലുമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു. ഇത്തരത്തില്‍ ചിന്തിക്കുന്നത് മുസ്‌ലിംകളുടെ നാശത്തിന് വഴിവെക്കും. നാം വളരെ അധമരായിരുന്ന മനുഷ്യരായിരുന്നുവെന്നത്  താങ്കള്‍ മറന്നുപോയോ?. അല്ലാഹുവാണ് ഇസ്‌ലാമിലൂടെ നമ്മുടെ അന്തസ്സും മഹിമയും ഉയര്‍ത്തിയത്. നമ്മുടെ ഭൂതകാലവും,  ഇസ്‌ലാമിലൂടെയുള്ള  ഉയര്‍ച്ചയും നാം വിസ്മരിച്ചാല്‍ നമ്മെ ഉയര്‍ത്തിയവന്‍ തീര്‍ച്ചയായും താഴ്ത്തിക്കളയുക തന്നെചെയ്യും.’

9. നീ നിന്റെ നടത്തത്തില്‍ മിതത്വം പുലര്‍ത്തുക.(ലുഖ്മാന്‍ 19)

പിന്നിട്ട പാതകളെ മറക്കരുതെന്ന് ഒരു അമേരിക്കന്‍ പഴഞ്ചൊല്ലുണ്ട്. ഈ ഭൂമിയില്‍ പാദരക്ഷധരിച്ച് ചവിട്ടിപ്പൊളിച്ച് നടക്കാതെ മയത്തില്‍ നടക്കാന്‍ ലുഖ്മാന്‍ തന്റെ മകനെ ഉപദേശിക്കുന്നു. ക്ഷമയും വിനയവും ഒരു വ്യക്തിയുടെ സ്വാഭാവികഗുണവിശേഷത്തില്‍പെട്ടതാണ്. അത് മുറുകെപ്പിടിക്കണമെന്ന് അദ്ദേഹം മകനെ ഉപദേശിച്ചു. എന്തെന്നാല്‍, വിശ്വാസികള്‍ വിനയത്തിന്റെയും മൃദുലഭാവത്തിന്റെയും കാരുണ്യത്തിന്റെയും പേരിലാണ് അറിയപ്പെടേണ്ടത്.

10. ശബ്ദത്തില്‍ ഒതുക്കം പാലിക്കുക. തീര്‍ച്ചയായും ഒച്ചകളിലേറ്റം അരോചകം കഴുതയുടെ ശബ്ദം തന്നെ (ലുഖ്മാന്‍ 19)

മകനോട് ശബ്ദം കുറച്ച് സംസാരിക്കാനാണ് ലുഖ്മാന്റെ അവസാന ഉപദേശം. ഉച്ചത്തില്‍ സംസാരിക്കുന്നതും അലറുന്നതും കഴുത ഓരിയിടുന്നതിന് സമാനമാണെന്ന് അദ്ദേഹം പറയുന്നു. അലര്‍ച്ചകൊണ്ട് ആരുടെയും ഹൃദയം കവരാനാകില്ല. മറിച്ച് അത് ആളുകളില്‍ വെറുപ്പുണ്ടാക്കുകയും അവരെ നമ്മില്‍നിന്ന് അകറ്റുകയുമാണ് ചെയ്യുക.

ലുഖ്മാന്‍ തന്റെ മകന് നല്‍കിയ ഉപദേശങ്ങളാണ് നാം ഇതുവരെ കണ്ടത്. ആ ഉപദേശങ്ങള്‍ എങ്ങനെ തുടങ്ങിയെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തൗഹീദ് ആണ് അടിസ്ഥാനമായി ഊന്നിയത്. അല്ലാഹുവില്‍ മറ്റാരെയെങ്കിലും പങ്കുചേര്‍ക്കുന്നത് ഗുരുതരപാപമാണെന്ന് അദ്ദേഹം വ്യക്തമാക്കിക്കൊടുക്കുന്നു. പിന്നീട് വിശ്വാസകാര്യങ്ങളുടെ അടിസ്ഥാനശിലകളായി സ്വഭാവഗുണങ്ങള്‍ ആര്‍ജിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ്. അഹന്തയും ധിക്കാരവും ഉപേക്ഷിക്കാനും സദ്ഗുണങ്ങള്‍ ആര്‍ജിക്കാനും പരിശ്രമിക്കണമെന്ന് ഉണര്‍ത്തുന്നു. ഈ പത്ത് ഉപദേശങ്ങളെ രക്ഷിതാക്കള്‍ ശരിയാംവണ്ണം മക്കളെ പരിശീലിപ്പിച്ചാല്‍ അതുവഴി സന്തോഷകരമായ ജീവിതത്തിന് തറക്കല്ലിടാനാകും. ഇത്തരം  സ്വഭാവഗുണങ്ങളുടെ  മാതൃക നമ്മില്‍നിന്ന് സന്താനങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അത് കൂടുതല്‍ ഫലവത്താകുമെന്ന് പറയേണ്ടതില്ലല്ലോ.

Topics