ജന്മംകൊണ്ട് ഞാന്‍ ഹിന്ദുവായിരുന്നു. ആര്യവൈശ്യജാതിയിലാണ് പിറന്നത്. ഹിന്ദുമതവിശ്വാസപ്രകാരം പദവിയില്‍ ബ്രാഹ്മണരുടെ തൊട്ടുതാഴെയാണ് അക്കൂട്ടര്‍. ചെറിയ കുട്ടിയായിരിക്കെത്തന്നെ എനിക്കൊട്ടേറെ സംശയങ്ങളുണ്ടായിരുന്നു. ഞാനാരാണ്, എവിടെനിന്നുവന്നു, എന്റെ രൂപം എന്തുകൊണ്ട് ഇങ്ങനെയായി, ആരാണെന്നെ സൃഷ്ടിച്ചത്, എന്റെ അസ്തിത്വത്തിന്റെ ഉദ്ദേശ്യമെന്ത് ഇങ്ങനെ തുടങ്ങി പലതും. ഏതാണ്ട് 5 വയസ്സുമുതല്‍ ഇത്തരത്തില്‍ ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നുവന്നിരുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുകപോലുമില്ല. എന്തോ കാരണത്താല്‍ ഞാന്‍ ഈ സംശയങ്ങള്‍ ആരോടും ഉന്നയിക്കാതെ മനസ്സില്‍ സൂക്ഷിച്ചു.
സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏത് ദൈവത്തെയാണ് ആരാധിക്കേണ്ടതെന്ന ആശയക്കുഴപ്പം എന്റെ മനസ്സില്‍ ഉയര്‍ന്നുവന്നു. ഹിന്ദുക്കള്‍ക്കും,ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും ഒക്കെ ദൈവങ്ങളുണ്ടല്ലോ. ഒരു പ്രത്യേകഘട്ടത്തില്‍ ദൈവമില്ലെന്നും എനിക്ക് തോന്നിപ്പോയി. ആ കാലത്ത് ശാസ്ത്രീയസിദ്ധാന്തങ്ങളിലും തത്ത്വചിന്തകളിലും ആയിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്. പരീക്ഷയാകുമ്പോള്‍ പക്ഷേ , ദൈവത്തില്‍ തന്നെ വിശ്വസിച്ചു.
ജീവിതത്തില്‍ പ്രതിസന്ധിയോ, പരാജയമോ, നിരാശയോ വന്നുപെട്ടാല്‍ ഞാന്‍ ദൈവത്തെ ആശ്രയിക്കുന്നതെന്തിനെന്ന കാര്യം ആലോചനാമൃതമായി. സന്തോഷവും ജീവിതവ്യവഹാരങ്ങളുടെ തിരക്കും വന്നുകൂടുമ്പോള്‍ ദൈവത്തെ ഓര്ക്കാറേയില്ലെന്നതും ശ്രദ്ധേയമായിരുന്നു. ഏറ്റവും രസകരമായ സംഗതി എനിക്ക് ഒട്ടേറെ മുസ്ലിംസുഹൃത്തുക്കളുണ്ടായിരുന്നുവെന്നതാണ്. പക്ഷേ, ഉള്ളില്‍ എനിക്കവരോട് വെറുപ്പായിരുന്നു. യഥാര്‍ഥത്തില്‍ അവരെയായിരുന്നില്ല, മുസ്ലിം എന്ന പദാവലിയോടാണ് വെറുപ്പുണ്ടായിരുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പത്രമാധ്യമങ്ങളിലെ മുസ്ലിംകളെക്കുറിച്ച മോശം പരാമര്‍ശങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ സമ്മിശ്രചിന്തകളും മറ്റുമായി എന്റെസ്കൂള്‍ ദിനങ്ങള്‍ കഴിഞ്ഞുപോയി. ആള്ക്കാര് എന്തൊക്കെ ചെയ്തുകൊണ്ടിരുന്നോ അത് അനുകരിച്ച് ഞാനുംചെയ്തുപോന്നു.
കോളേജ് ദിനങ്ങളിലാണ് മാറ്റം പ്രകടമാകാന്‍ തുടങ്ങിയത്. ഒരു പ്രൊഫഷണല്‍ കോഴ്സിനാണ് ഞാന്‍ ചേര്‍ന്നത്. എനിക്ക് അവിടെ വലിയ സുഹൃദ് വലയം തന്നെയുണ്ടായി. അക്കൂട്ടത്തില്‍ ഒരു സുഹൃത്തിന്റെ കയ്യില്‍ വേദ് പ്രകാശ് ഉപാധ്യായിന്റെ ‘മുഹമ്മദ് നബി ഹൈന്ദവവേദങ്ങളില്‍(Muhammed in Hindu Scripture)’ എന്ന പുസ്തകം കണ്ടു. അതുകണ്ട് ഞാന്‍ അമ്പരന്നു. ഒരു മുസ്ലിംഎങ്ങനെ ഹൈന്ദവവേദഗ്രന്ഥങ്ങളില് പരാമര്‍ശിക്കപ്പെട്ടു? ഈ വിഷയം ബ്രാഹ്മണനായ ഗ്രന്ഥകാരന്റേതുതന്നെയോ? അല്‍ഹംദുലില്ലാഹ്! എന്റെ പഠനം അവിടെനിന്ന് ആരംഭിക്കുകയായിരുന്നു. ആ കൂട്ടുകാരനോട് ഞാന്‍ പുസ്തകം ചോദിച്ചുവാങ്ങി വായനയാരംഭിച്ചു. അതിലെ ഓരോ അക്ഷരവും പിന്തുടര്ന്നാണ് ഞാന്‍ വായിച്ചത്. അതിലെ ചില പദാവലികളും മറ്റുമൊന്നും എനിക്ക് തീരെ മനസ്സിലാകുന്നുണ്ടായിരുന്നില്ല.
വായനയ്ക്കിടയില്‍ ഒരു ദിവസം കൂട്ടുകാരന് എന്നോട് വിശേഷങ്ങള്‍ തിരക്കി. വായിച്ചിട്ട് വല്ലതും മനസ്സിലായോ എന്നവന് ചോദിച്ചു. അവന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനാകാതെ കുഴങ്ങിയപ്പോള്‍ എനിക്കുമനസ്സിലായി ഒന്നും മനസ്സിലായില്ലെന്ന്. അന്നുമുതല്‍ ഞങ്ങളിരുവരും ചര്‍ച്ച നടത്തുകപതിവായി. സിഡികളും ഇതരഇസ്ലാമികപുസ്തകങ്ങളും ചിന്താലോകത്തേക്ക് കടക്കാന്‍ എന്നെ പ്രേരിപ്പിച്ചു.
കുട്ടിക്കാലത്തെ എന്റെ സംശയങ്ങള്‍ക്ക് ഖുര്‍ആനിലൂടെ മറുപടി ലഭിച്ചു. അല്ലാഹു എന്നെ വഴിനടത്തുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ ഞാന്‍ 2004 ല്‍ ഇസ്ലാം സ്വീകരിച്ചു. ഭവിഷ്യപുരാണത്തില്‍ നാമെല്ലാവരും മുഹമ്മദി(സ)നെ പിന്തുടരണമെന്ന് പറയുന്നുണ്ട്. ഹിന്ദുമതത്തില്‍ അങ്ങന പറഞ്ഞിരിക്കുന്നതിനാല്‍ ഞാനപ്രകാരം ചെയ്യുന്നു. യഥാര്ഥഹിന്ദുമതത്തില് ഒരാള്‍ വിശ്വസിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ഇസ്ലാമിലേക്ക് തിരിഞ്ഞേ മതിയാകൂ. കുറഞ്ഞ നാളുകള്‍ക്കകം എന്റെ സഹോദരനും ഇസ്ലാമിലേക്ക് കടന്നുവന്നു. അവനും ഇസലാമിനെക്കുറിച്ച പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോഴത്തെ എന്റെ പേര് അബ്ദുല്ല അരുണ്‍ എന്നാണ് . മുമ്പ് അത് അരുണ്‍ കുമാര്‍ എന്നായിരുന്നു. ഹൈന്ദവനാമം എന്താണ് നിലനിര്‍ത്തിയിരിക്കുന്നതെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഒരേസമയം എനിക്ക് ഹിന്ദുമതത്തെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും സംസാരിക്കാന്വേണ്ടിയാണെന്നാണ് അതിനുള്ള മറുപടി. മുസ്ലിംകള് മരിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് വേദന തോന്നാറില്ല. ഒരു നാള് തീര്‍ച്ചയായും അവരെ കണ്ടുമുട്ടുമല്ലോ. അതേസമയം അമുസ്ലിംസഹോദരങ്ങള് മരിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ വിഷമംതോന്നാറുണ്ട്. വിചാരണാനാളില്‍ അവരുടെ പരിണതി എന്തായിരിക്കുമെന്നോര്‍ത്താണ് അത്.
എന്റെ സഹോദരി-സഹോദരന്മാരോട് പറയാനുള്ളത് ഇതാണ്: മരണം ഏതുനിമിഷവും വന്നെത്താം. അതിനുമുമ്പ് ഈ സന്ദേശം അനുസരിച്ച് ജീവക്കുകയും അത് എല്ലാവര്ക്കും എത്തിക്കുകയും ചെയ്യുക. എന്റെ മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. അവരിതുവരെയ്ക്കും ഇസ്ലാമിലേക്ക് കടന്നുവന്നിട്ടില്ല. ഒരു നാള് അവര്‍ ഇസ്ലാമില്‍ ശാന്തികണ്ടെത്തും ,തീര്‍ച്ച.
Add Comment