പാരീസ്: സെക്യുലറിസത്തിന് ജനാധിപത്യപരമായ നിര്‍വചനം നല്‍കാനാകാതെ ഫ്രാന്‍സ് കുഴങ്ങുന്നു. കഴിഞ്ഞദിവസം, കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാനെത്തിയ മുസ്‌ലിംസ്ത്രീയെ തീവ്രദേശീയവാദികള്‍ തടഞ്ഞുനിര്‍ത്തി സ്‌കാര്‍ഫ് അഴിക്കാന്‍ നിര്‍ബന്ധിച്ച സംഭവം വന്‍വിവാദമായിക്കഴിഞ്ഞു. പേടിച്ചരണ്ട കുട്ടികള്‍ മാതാവിനെ കെട്ടിപ്പിടിച്ച് കരയുന്ന ചിത്രങ്ങള്‍ രാജ്യത്ത് സെക്യുലറിസത്തെക്കുറിച്ച ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സില്‍ മസ്ജിദിനുമുമ്പില്‍ നില്‍ക്കുകയായിരുന്ന രണ്ട് മുസ്‌ലിംകളെ തീവ്രവലതുപക്ഷക്കാരനായ ഒരാള്‍ വെടിവെച്ചതിന് തൊട്ടുപിന്നാലെയാണ് സ്‌കാര്‍ഫ് വിവാദവും പൊട്ടിപ്പുറപ്പെട്ടത്. നോത്ര്ദാം കത്തീഡ്രലിലെ തീവെപ്പിന് പ്രതികാരമായാണ് താന്‍ വെടിവെച്ചതെന്ന് പിടിയിലായ പ്രതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. എല്ലാ മതങ്ങളോടും തുല്യപരിഗണനയെന്ന ഭരണഘടനയിലെ പ്രസ്താവന മതചിഹ്നങ്ങളെ അനുവദിക്കുന്നതോ അതോ നിരാകരിക്കുന്നതോ എന്നതാണ് തര്‍ക്കവിഷയം. തീവ്രവലതുപക്ഷനേതാവായ മറീന്‍ ലീ പെന്‍ ഹെഡ് സ്‌കാര്‍ഫ് രാഷ്ട്രീയആയുധമാണെന്ന് ഈയിടെ വിമര്‍ശനമുന്നയിച്ചിരുന്നു.
ഫ്രാന്‍സില്‍ സെക്യുലറിസം അപകടത്തിലാണെന്ന് എണ്‍പത് ശതമാനം ആളുകളും കരുതുന്നുവെന്നും ഇസ്‌ലാമോഫോബിയ പൊതുബോധമായി പരിണമിച്ചുവെന്നും സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം മുസ്‌ലിംചിഹ്നങ്ങള്‍ ഫ്രാന്‍സിലെ പൊതുസമൂഹത്തിലുടനീളം മുമ്പത്തേതിനേക്കാള്‍ ദൃശ്യമാണെന്ന് റിപോര്‍ട്ടുകളുണ്ട്.
Add Comment